ADVERTISEMENT

കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പലപ്പോഴും പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുവാനും പ്രകൃതിയെ അടുത്തറിയുവാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്ന ഹില്‍സ്റ്റേഷനുകൾ. സ്വദേശീയരും വിദേശീയരുമടക്കമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് മനോഹരങ്ങളായ പല ഹിൽസ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്.

505489992

മൂന്നാർ

കേരളത്തിലെ പ്രസിദ്ധമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. സമുദ്രനിരപ്പിൽ നിന്ന് 5200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയും, തേയിലത്തോട്ടങ്ങളും, വൈവിധ്യമാർന്ന സസ്യജാലങ്ങളും ചേർന്ന മൂന്നാർ സഞ്ചാരികളുടെ പ്രിയഭൂമിയാണ്. വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍, തടാകങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍ തു‍ടങ്ങിയവയും പച്ചവിരിച്ച തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടേയും ഹരിതഭംഗിയും ആസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് മറക്കാനാവാത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

 ട്രക്കിങ്ങിനും മലനിരകളിലൂടെയുള്ള ബൈക്ക് സവാരിയും മൂന്നാറിനെ ശ്രദ്ധേയമാക്കുന്നു. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെയുള്ള സഞ്ചാരം വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. മഞ്ഞുപുതച്ച വഴികളും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗരഭ്യം. കണ്ണിനേയും മനസിനേയും  ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. നയനങ്ങളെ അവിസ്്മരണീയമാക്കുന്ന കാഴ്ചകൾ.

തേക്കടി

thrissur-thekkady

കേരളത്തിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് തേക്കടി. കേരളത്തിലെ ടൂറിസം മേഖലയുടെ ആഴമേറിയ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ തേക്കടി സന്ദർശിക്കണം. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. പെരിയാർ നാഷണൽ പാർക്ക് & ടൈഗർ റിസർവ്വ്, പെരിയാർ തടാകം എന്നിവ തേക്കടിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

 തേക്കടിയിലെ പെരിയാർ തടാകത്തിലെ പ്രധാന ടൂറിസം വിനോദസഞ്ചാര കേന്ദ്രമാണ് ബാംബൂ റാഫ്റ്റിങ്. പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ ഇത് കൂടാതെ മറ്റു നിരവധി ആക്റ്റിവിറ്റികളും ഉണ്ട്. നാച്വറല്‍ വോക്കിംഗ്, ഗ്രീന്‍ വോക്കിംഗ്, ക്ലൗഡ് വോക്കിംഗ് എന്നിവയാണ് ഇവയില്‍ ചില ആക്റ്റിവിറ്റികള്‍. കാടിന്റ  വശ്യത നുകർന്നുള്ള യാത്രയ്ക്കും സാഹസിക യാത്രയ്ക്കും പ്രിയപ്പെട്ടതാണ് തേക്കടി.

പൊന്മുടി

ponmudi

കേരളത്തില്‍ തിരുവന്തപുരത്ത് നിന്ന് 52 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര പ്രദേശമാണ് പൊന്മുടി. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള തുടക്ക സ്ഥലമാണ് പൊന്മുടി. ചുറ്റിവളഞ്ഞു കയറുന്ന പാതകളും തണുപ്പുകൊണ്ടും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനാണിത്. മനോഹരമായ തേയില തോട്ടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ പൊന്മുടി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. 

മഴക്കാടുകളും ചോലവനങ്ങളും തേയിലതോട്ടങ്ങളും മലമടക്കുകയും ചെങ്കുത്തായ മലനിരകളും നല്‍കുന്ന ദൃശ്യവിരുന്ന് ആരെയും മോഹിപ്പിക്കും. ട്രക്കിങിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിവിടം. കാനനഭംഗിയും മൂടല്‍മഞ്ഞിന്റെ കുളിരും അനുഭവിച്ചറിയാൻ നൂറൂകണക്കിന് സഞ്ചാരികളാണ് പൊന്മുടിയിൽ എത്തുന്നത്.

പൈതൽമല

പൈതൽമല അല്ലെങ്കിൽ വൈത്തൽമല സാഹസിക പ്രേമികളുടെ സ്വർഗം എന്നു തന്നെ പറയാം. കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഡവനങ്ങളാണ് മലമുകളിൽ ഉള്ളത്.

 മലയുടെ അടിവാരത്തിൽ  വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ. കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണാം. ഏഴിമലരാജ്യം മൂഷികരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്നത്തെ പൈതല്‍മല എന്നു ചരിത്രം പറയുന്നു. സഞ്ചാരികള്‍ക്കു താമസിക്കാന്‍ വിപുലമായ സൗകര്യമാണ് അടിവാരത്തുള്ളത്.

വാഗമൺ

vagamon

പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. 

നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മഞ്ഞ്, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com