sections
MORE

അതിരപ്പിള്ളി–വാഴച്ചാൽ, മലക്കപ്പാറ, മരോട്ടിച്ചാൽ, ചിമ്മിണി... കാഴ്ചകളാൽ സമ്പന്നമാണ് തൃശ്ശൂർ ജില്ല

athirapally-waterfall
SHARE

മൂന്ന് നാല് ദിവസത്തെ നീണ്ട ഉല്ലാസയാത്ര ആനന്ദകരമാണെങ്കിലും ചിലര്‍ക്ക് മടുപ്പ് തോന്നും യാത്രാ സൗകര്യം ഉള്‍പ്പടെ നീണ്ട യാത്രയ്ക്ക്  ചിലവഴിക്കേണ്ട പണം വരെ കാരണമായേക്കാം. ചുരുങ്ങിയ ദിവസം കൊണ്ട് കൂടുതൽ കാഴ്ചകൾ ആസ്വദിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്ലാൻ ചെയ്താൽ യാത്ര രസകരമാകും.

കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പൂരപ്പെരുമയുടെ നാടാണ്. ഗജവീരന്മാരുടെ എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടൽത്തീരവും ഉൾപ്പെടുന്ന തൃശ്ശൂർ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാൽ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂർ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സിൽ വിരിയുന്ന കാഴ്ചകൾക്ക് കൗതുകം ഒരുക്കി തൃശ്ശൂർ തയാറായി നിൽപ്പാണ്. 

അതിരപ്പിള്ളി–വാഴച്ചാൽ

മണ്‍സൂണിന്റെ ആഗമനത്തിൽ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി–വാഴച്ചാൽ. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.

thrissur-athirappally

അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂർവങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലം താണ്ടിയാൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ നീർതുള്ളികളും ഭൂപ്രകൃതിയും കാടും സന്ദർശകരെ അവിസ്മരണീയമാക്കുന്നു.

മനം കുളിർപ്പിക്കുന്ന വശ്യതയുമായി മലക്കപ്പാറ

പ്രക്യതിയെ തൊട്ടറിയുന്ന മനോഹാരിത തുളുമ്പുന്ന വിസ്മയമാണ് മലക്കപ്പാറ. ജൈവസാന്നിദ്ധ്യം കൊണ്ട് മനം മയക്കുന്ന കാഴ്ചകൾ. പശ്ചിമഘട്ട മഴക്കാടുകളില്‍ വാഴച്ചാല്‍ വനമേഖലയിലൂടെ മലക്കപ്പാറയിലെത്താം.സഞ്ചാരികളെ സൗന്ദര്യത്തിൽ വശീകരിക്കുന്ന ഇടകലർന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ജലനീലിമയും കൂടികുഴഞ്ഞ മലക്കപ്പാറ. കേരള തമിഴ്‌നാട് അതിര്‍ത്തിയാണ്  മലക്കപ്പാറ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും ഇടതൂർന്ന തേയിലത്തോട്ടങ്ങളുടെ ഹരിതഭംഗി ആരെയും ആകർഷിക്കും.

Malakkapara,_Thrissur_

∙ വിശ്രമത്തിനായി അതിരപ്പിള്ളിയിലോ മലക്കപ്പാറയിലോ ക്യാമ്പ് ചെയ്യാം വെള്ളച്ചാട്ടത്തിനു ചുറ്റുമായി ധാരാളം ഭക്ഷണശാലകളുണ്ട്.

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.തൃശ്ശൂരിലെ ജനങ്ങള്‍ക്ക് പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്.

ചെറുതും വലുതും ആയ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഈ വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ഒറ്റയടി കാനന പാതയിലൂടെ നടക്കുമ്പോൾ പലയിടത്തായി ചെറു വെള്ളച്ചാട്ടങ്ങൾ കാണാനാകും .കാഴ്ചയുടെ ശോഭകൂട്ടുന്ന പക്ഷികൂട്ടങ്ങളുടെയും കലവറയാണ് മരോട്ടിച്ചാൽ.

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം

എല്ലാവിധ വന്യജീവികളേയും സുലഭമായി കാണുന്ന വന്യ ജീവി കേന്ദ്രമല്ല ഇവിടം പക്ഷെ എല്ലാത്തരം വന്യജീവികളുടേയും സാന്നിധ്യമുള്ള പ്രദേശമാണിത്. തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. ചിമ്മിണി നദിക്കു കുറുകെ 75മീറ്റർ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.

Chimmony-Wildlife-Sanctuary4

മൂന്ന് ഡാമുകൾ അടങ്ങിയ ഡാം ടു ഡാം ടൂറിസം തന്നെയാണിതിൽ പ്രധാന ഘടകം.‌ പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. സാഹസിക മലകയറ്റക്കാർക്ക് മലകയറുവാനുള്ള നടപ്പാതകൾ ഇവിടെ ഉണ്ട്. ഒരു കാലത്ത് നിബിഢവനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു. എങ്കിലും വന്യസൗന്ദര്യം തുളുമ്പുന്ന ചിമ്മിണി മലയിടിക്കുകൾക്കൊപ്പം ചേര്‍ന്നു കിടക്കുന്ന ജലാശയം അടുത്തുതന്നെ ആവാസവ്യവസ്ഥയുടെ നാഴികകല്ലായ ഹരിത വനം. നിലയ്ക്കാത്ത കിളികളുടെ കളകളാരവം കാടിനെ ഹൃദയഹാരിയാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA