sections
MORE

വല്ലാതിഷ്ടാകും മീൻവല്ലം; പുഴയറിഞ്ഞ്, സ്വിമിങ് പൂളിൽ നീരാടി, വേനലിനെ തോൽപിക്കാനൊരു യാത്ര!

meenvallom-trip7
SHARE

നിങ്ങൾ വരുന്ന വഴിയിൽ ആനയെ കണ്ടില്ലേ? മീൻവല്ലം വെള്ളച്ചാട്ടത്തിനടുത്ത  കല്ലുപാലം ചിൽഡ്രൻസ് പാർക്ക് ആൻഡ് സ്വിമ്മിങ് പൂളിലെ തങ്കച്ചൻ ചേട്ടന്റെ ചോദ്യം. ഇല്ലായെന്നു നിഷ്കളങ്കമായി ഞങ്ങൾ പറഞ്ഞു. അല്ലെങ്കിലും ആന വരുന്നത് എങ്ങനെയറിയാനാണ്? ചെറിയ റോഡിനപ്പുറം ഈറ്റക്കാടുകളുടെ വേലി. അതിനുതാഴെ ആനകളെപ്പോലെ കറുത്തിരുണ്ട കല്ലുകൾ. അവയ്ക്കിടയിലൂടെയൊഴുകുന്ന മീൻവല്ലം പുഴ. മണ്ണാർകാട് കല്ലടിക്കോട്ടിലെ സുഹൃത്ത്  അജിയേട്ടന്റെ ആ മഹീന്ദ്ര ഫോർ വീൽ ഡ്രൈവ് ജീപ്പിൽ നിന്നാണെങ്കിൽ പാർട്സുകളുടെ ശിങ്കാരിമേളം.  ഇതിനിടയിൽ ഗജമേള നടന്നാലും അറിയില്ല. പക്ഷേ, അന്ന് രാത്രി ആന വന്നു. പുതിയൊരു കൊമ്പൻ.

meenvallom-trip9

  േവനലിനെ മറികടക്കാൻ പാലക്കാട്ടേക്കു പോയാലോ എന്ന് ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറത്തിന്റെ ചോദ്യം. സമാധാനം കിട്ടാൻ പുലിമടയിലേക്കു പോകുന്ന പോലെയാകില്ലേ എന്നാരോ ചോദിച്ചു. പക്ഷേ, ഈ യാത്ര നമ്മളറിയാത്ത പാലക്കാടൻ ഭംഗി തേടിയാണ്. വേനലിനെ തോൽപ്പിക്കാൻ ഒരു വെള്ളച്ചാട്ടത്തിന്റെയും സ്വിമ്മിങ് പൂളിന്റെയും സാമീപ്യമുണ്ട്. ധൈര്യമായി വന്നോളൂ.  സൈലന്റ്‍‌വാലിയുടെ കാടിനാൽ പാലക്കാടൻ ചൂടിനെ തോൽപ്പിക്കുന്ന കാർഷികഗ്രാമമാണു കരിമ്പ. അവിടെ കാടിനുള്ളിലേക്കു കടന്നുചെന്നാൽ മീൻവല്ലം വെള്ളച്ചാട്ടമുണ്ട്. കാർ തിരിക്കാം? 

meenvallom-trip13

തൃശ്ശൂർ–പാലക്കാട്– വഴി മണ്ണാർക്കാട് എത്തുന്നതിനു മുൻപുള്ള ചെറിയ അങ്ങാടിയാണ് കല്ലടിക്കോട്. അവിടെനിന്ന് മീൻവല്ലത്തിലേക്കു പോകാം. മീൻവല്ലം ഒരു വെള്ളച്ചാട്ടമാണ്. മുൻപ് ഈ കാട്ടിൽ നായാട്ടിനെത്തിയവർ വെറുതേ വെള്ളത്തിൽ കോരിയപ്പോൾ  ഒരു വല്ലം മീൻ കിട്ടിയത്രേ. കൃഷിക്കാർ വിത്തുസൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുളകൊണ്ടുള്ള പാത്രത്തെ വല്ലം എന്നു പറയും. മീൻവല്ലത്തിന്റെ അർഥം ഇതാണ്. 

meenvallom-trip12

 റബറും മറ്റും അതിരിടുന്ന ചെറുവഴി താണ്ടി ചെക്ക്പോസ്റ്റിലെത്താം. ടിക്കറ്റെടുക്കാം. മീൻവല്ലത്തിലേക്കു നടക്കാം. മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതിപ്രദേശമാണ്. വലതുവശത്തു നദി അഥവാ അരുവിയൊഴുകുന്നു. അങ്ങോട്ടിറങ്ങിയാൽ വേനൽച്ചൂട് പമ്പ കടക്കും. മരത്തണൽ. വൻപാറകൾ. കുളിർജലം തീർക്കുന്ന ചെറു കുളങ്ങൾ. അവയിൽ നിറയെ മീനുകൾ.  ഒന്നു നടന്നിറങ്ങിയാൽ ഒരു ചെറുകാടിലെത്തിയ പ്രതീതി.  യുവമിഥുനങ്ങൾക്കിത് ഇഷ്ടവഴിയാകാതിരിക്കുവതെങ്ങനെ? 

meenvallom-trip8

ടാറിട്ട വഴിയിലൂടെ മുന്നോട്ടുതന്നെ നടക്കാം. ജലവൈദ്യുതപദ്ധതിയെത്തും മുൻപേ നദി റോഡിനെ മുറിച്ചുകടക്കുന്നിടമുണ്ട്. ആ ചപ്പാത്തിലൂടെ പളുങ്കുവെള്ളം തട്ടിത്തെറിപ്പിച്ച് കുരുന്നുകൾ ഓടിക്കളിക്കുന്നു. ഇടതുവശത്തായി  വൻമരങ്ങളുമായി മത്സരിച്ചു വളരുന്ന കാട്ടുപനകൾ,  എന്തൊരു സൗമ്യതയാണീ മീൻവല്ലം നദിക്ക് എന്നു കരുതിയാൽ നിങ്ങൾക്കു തെറ്റി. പുഴയിൽ വെള്ളം എപ്പോഴും  കൂടാം എന്നൊരു ബോർഡുണ്ട് കരയിൽ. ഇനിയങ്ങോട്ട് വഴിയിലൂടെതന്നെ നടക്കാം. ചപ്പാത്തിനു താഴെയൊരു കമുകിൻ പാലം. അൽപം ഭൂതകാലക്കുളിർകൊള്ളണമെന്നുള്ളവർക്ക് ആ പാലത്തിലൂടെ സാഹസികയാത്രയാകാം. 

meenvallom-trip4

 മീൻവല്ലം ഒരു ചെറിയ വെള്ളച്ചാട്ടമാണ്. ചപ്പാത്തിനപ്പുറം മാറിനോക്കിയാൽ അതിന്റെ മുകളറ്റം കാണാം.  വൈദ്യുതപദ്ധതി ഓഫീസിന്റെ അരികിലൂടെ നടന്നിറങ്ങിയാൽ വെള്ളച്ചാട്ടത്തിന്റെ താഴെയെത്താം. ഏറെ അപകടമരണങ്ങൾ നടന്നതിനാൽ നദിയിലിറങ്ങാൻ പറ്റില്ല. അകലെ തിളങ്ങുന്ന പാറകളിൽ ഇണചേർന്നു പറക്കുന്ന തുമ്പികൾ. ചിറകുകൾ കാണിച്ചു മോഹിപ്പിച്ചു പറക്കുന്ന ശലഭങ്ങൾ, ഗാനം മൂളുന്ന പക്ഷിക്കൂട്ടങ്ങൾ... അൽപനേരം ആ വെള്ളച്ചാട്ടത്തിനടുത്ത് ഇരുന്നാൽ കാഴ്ചകളുടെ വേറൊരു ലോകമാണു തുറക്കുക. 

meenvallom-trip5

വെള്ളച്ചാട്ടത്തിൽ ഈ വേനലിൽ അധികവെള്ളമില്ല. പക്ഷേ, ഞായറാഴ്ച വെള്ളമുണ്ടാകും. വിനോദസഞ്ചാരികൾക്കു വേണ്ടി  ഡാമിലെ വൈദ്യുതിയുൽപാദനം നിർത്തിവയ്ക്കും. ഡാം നിറഞ്ഞുകവിഞ്ഞ് ഒഴുകുമ്പോൾ വെള്ളച്ചാട്ടത്തിനു ജീവൻ വയ്ക്കും. അതുകൊണ്ട് ജലപാതം കാണണമെങ്കിൽ ഞായറാഴ്ച വരാം. എന്നാൽ കാടറിഞ്ഞു, പുഴയറിഞ്ഞു നടക്കണമെങ്കിൽ എല്ലാദിവസവും മീൻവല്ലം തയാർ. 

തിരിച്ചു നടക്കുമ്പോൾ വിയർത്തിരുന്നു. ഒന്നു തണുപ്പിച്ചാലോ എന്നാലോചിക്കുമ്പോഴാണ് ആ നീലജലം കണ്ണിൽപെട്ടത്. കല്ലുപാലം സ്വിമ്മിങ് പൂൾ. ടിക്കറ്റെടുത്തു ചാടിയതേ ഓർമയുള്ളൂ. കാടിനോടു ചേർന്നു നീരാടാമെന്നതാണു ആകർഷകം.  മരത്തലപ്പുകളിൽനിന്നൊരു   വള്ളി ആ ജലത്തിലേക്കു നീണ്ടുനിൽക്കുന്നു. ഒന്നു ചാടിനോക്കി…  ആ വേരുപടലത്തിൽ പിടി  കിട്ടിയില്ല. പിന്നെ കുളത്തിലേക്കു ചാടി.  വേനലിൽ ഈ സ്വിമ്മിങ് പൂൾ അനുഗ്രഹമാണ്. കുട്ടികൾക്ക് നീന്തൽപഠനത്തിനുള്ള സൗകര്യവും കല്ലുപാലത്തിലുണ്ട്. 

meenvallom-trip6

ആ കുളത്തിൽ നീരാടുമ്പോഴാണ് പത്തുമീറ്റർ ദൂരത്ത് ഈറ്റക്കാടിനപ്പുറം ആ പുതിയ കൊമ്പൻ വന്നുനിന്നത്. ആനയുടെ സന്ദർശനത്തിനു മുന്നോടിയായി ചില അകമ്പടിശബ്ദങ്ങൾ കേട്ടിരുന്നു.  ഇല്ലിക്കാടുകൾ പൊട്ടിക്കുന്നതിന്റെയും ചവിട്ടിയൊതുക്കുന്നതിന്റെയും ശബ്ദം കേട്ട് ഞങ്ങൾ നിശബ്ദരായി ഇരുന്നു. നേരമിരുട്ടിയിരുന്നു.  കുളത്തിൽനിന്നു കയറി ക്യാമറ കയ്യിലെടുക്കുന്നതിനു മുൻപേ ആ കൊമ്പൻ മറഞ്ഞുപോയി. ഇല്ലിക്കാടുകൾക്കിടയിലൂടെ ശരീരത്തിൽ നിറയെ പൊടിയുമായി ആ ഭീമൻ ശരീരം  കാണുന്നതിനിടയിൽ പടമെടുക്കാൻ മറന്നുംപോയി. പുതിയ കൊമ്പനാണ്, ഇവിടെയെങ്ങും കണ്ടിട്ടില്ലെന്ന് സുഹൃത്തും സ്ഥലവാസിയുമായ അജിയേട്ടൻ പറയുന്നുണ്ട്. ഇവിടെ നാട്ടിലിറങ്ങുന്ന ഓരോ ആനയെയും നാട്ടുകാർ തിരിച്ചറിയും.  

അലപ്പൻ മലയുടെ താഴെയാണ് കല്ലുപാലം സ്വിമ്മിങ് പൂൾ. കുത്തനെയുള്ള മലമുകളിൽനിന്ന് ഒരു വെള്ളച്ചാട്ടം പതിക്കും. ഭയങ്കര അലപ്പാണ് ആ വെള്ളച്ചാട്ടത്തിന്. അലപ്പ് എന്നു പറഞ്ഞാൽ ഒടുക്കത്തെ ശബ്ദം എന്നാണു നാട്ടുമൊഴി.  മലമുകളിൽ റയിൽപ്പാളങ്ങളുണ്ടെന്നും കുതിരപ്പാതയുണ്ടെന്നും കഥകളുണ്ട്. അല്ല, അതെല്ലാം കണ്ടവരുണ്ട്.  ടിപ്പുവിന്റെ കാലത്തുള്ളവയാണെന്നും ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നും നാട്ടുകാർ പറയുന്നു.  

meenvallom-trip

മീൻവല്ലം  ഒരനുഭവമാണ്. നല്ല തണലിൽ സൊറ പറഞ്ഞിരിക്കാം. ഭാഗ്യമുണ്ടെങ്കിൽ ആനയെ കാണാം. കല്ലുപാലം കുളത്തിൽ കുളിപാസാക്കാം. വേനൽച്ചൂടിനോട് വിടപറഞ്ഞൊരു ദിനം ചെലവിടാൻ ഇനി മീൻവല്ലത്തിലെത്താം. 

റൂട്ട്

എറണാകുളം-തൃശ്ശൂർ-വടക്കഞ്ചേരി-ആലത്തൂർ- മുണ്ടൂർ-മീൻവല്ലം 155 km

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA