ADVERTISEMENT

അക്കേഷ്യ മരത്തിന്റെ മെലിഞ്ഞ ചില്ലയിൽ നിന്നൊരു മഞ്ഞു തുള്ളി മണ്ണിലേക്ക് ഊർന്നിറങ്ങി. നനഞ്ഞു കുതിർന്ന് രണ്ടു ചോണനുറുമ്പുകൾ കരിയിലയുടെ മുകളിലേക്കു തല നീട്ടി. കറുത്ത മണ്ണിനെ വകഞ്ഞ് അവ വേരുകളിലേക്കു കയറി. പിന്നെ ഒപ്പത്തിനൊപ്പം മുകളിലേക്കു നടന്നു. കൽപ്പടവിലിരുന്ന് രണ്ടു പേർ ആ സുന്ദര മുഹൂർത്തം ക്യാമറയിൽ പകർത്തി. ഓലപ്പുരയ്ക്കു മുകളിൽ പകലിന്റെ വെളിച്ചം പരന്നിട്ടും അവർക്ക് അവിടം വിട്ടെഴുന്നേൽക്കാനായില്ല. കഥയിലേതു പോലെ, സിനിമയിലേതുപോലെ അവരുടെ പ്രണയം ‘കാന്തല്ലൂരിലെ പൂന്തോട്ടത്തിൻ’ മുറ്റത്തു പൂത്തുലഞ്ഞു.

കഴിഞ്ഞ മീനച്ചൂടിൽ പെയ്ത മഴയ്ക്ക് കാന്തല്ലൂരിൽ കനം കുറവായിരുന്നു. മഞ്ഞും കുളിരും ഇരട്ടിയായി. കരിമ്പു പാടങ്ങൾക്കും പഴത്തോട്ടങ്ങൾക്കും അനുഗ്രഹമായി. അതു ശരിക്കും ഗുണം ചെയ്തതു ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതികൾക്കാണ്. സീസൺ ആരംഭിച്ചപ്പോൾ മുതൽ മലയാളികൾ ഈ കാലാവസ്ഥ മുതലെടുക്കുകയും ചെയ്തു. ‘കാന്തല്ലൂർ ഗാർഡൻസി’ൽ വിരുന്നിനു പോയപ്പോഴാണ് മൂന്നാറിലെ ഹണിമൂൺ ടൂറിസം മറയൂരിന്റെ മലമടക്കിലേക്ക് കുടിയേറിയ വിവരം അറിഞ്ഞത്.

കാന്തല്ലൂരിലെ പൂന്തോട്ടം

kanthaloor-garden2
Image From official site Kanthaloor Gardens

കാന്തല്ലൂർ എന്ന മലയോര ഗ്രാമം ‘ഹണിമൂൺ ഡെസ്റ്റിനേഷനായി’ അറിയപ്പെട്ടു തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ‘മൂന്നാറിലേതു പോലെ ജനത്തിരക്കില്ല. അതേസമയം മൂന്നാറിനേക്കാൾ കൂടുതൽ കാഴ്ചകളുണ്ട്’–ദമ്പതികളുടെ പറുദീസയായി കാന്തല്ലൂർ മാറാനുള്ള കാരണം.

Image From official site Kanthaloor Gardens
Image From official site Kanthaloor Gardens

റൂട്ട് മാറ്റിപ്പിടിച്ച് മധുവിധു ആഘോഷിക്കാൻ എത്തുന്നവർക്ക് താമസിക്കാൻ കാന്തല്ലൂരിൽ ഇരുനൂറോളം റിസോർട്ടുകളും ഹോം സ്റ്റേകളുമുണ്ട്. അതിലൊന്നാണു ‘കാന്തല്ലൂർ ഗാർഡൻസ്’. പഴയ തറവാടിന്റെ മാതൃകയിൽ വരാന്തയും ഇടനാഴികളുമൊരുക്കി വിസ്താരമേറിയ മുറികൾ തുറന്നതോടെ ഈ റിസോർട്ട് ദമ്പതികളെ ആകർഷിച്ചു.

പയസ് റോഡു കഴിഞ്ഞ് അൽപം കൂടി മുന്നോട്ടു നീങ്ങിയാൽ കീഴാന്തൂർ സ്കൂളിനടുത്തെത്തും. വിദ്യാലയത്തിൽ നിന്നു അൽപം വിട്ടുമാറി വലതു ഭാഗത്തായി റോഡരികിലാണ് കാന്തല്ലൂർ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്. തെക്കേ പറമ്പ് തട്ടുകളായി വെട്ടിയിറക്കി നട്ടു വളർത്തുന്ന പച്ചക്കറി തോട്ടത്തിന്റെ ഇടതു ഭാഗത്ത് വലിയ മുറ്റം. നീളമേറിയ വരാന്തയിലിരുന്നാൽ കിഴക്കേമാനത്തു സൂര്യനുദിക്കുന്നതു കാണാം. മുറ്റത്തിന്റെ ഇടതുഭാഗത്ത് റിസോർട്ടിനരികെയാണ് ഭക്ഷണശാല. മരത്തടിയിൽ കെട്ടിപ്പൊക്കി പുല്ലും വയ്ക്കോലും മേഞ്ഞ് നാട്ടു ഭംഗിയിൽ അലങ്കരിച്ച മനോഹരമായ ഹാൾ.

റാന്തൽ വിളക്കിന്റെ വെളിച്ചത്തിലിരുന്നുണ്ണാൻ അതിഥികൾ ആവശ്യപ്പെടുന്ന വിഭവം ഒരുക്കിത്തരും. ചോറ്, സാമ്പാർ, കോഴിക്കറി, തോരൻ, കൂട്ടുകറി, അച്ചാർ, തൈര്, പപ്പടം– ഉച്ചയൂൺ ഇങ്ങനെ. പ്രഭാതഭക്ഷണവും അത്താഴവും എന്താണു വേണ്ടതെന്ന് മുൻകൂട്ടി പറയുക. ഇസ്രയേൽ വിഭവങ്ങള്‍ മുതൽ ഇറ്റാലിയൻ ഡിഷ് വരെ തയാറാക്കുന്ന പാചക വിദഗ്ധനാണ് മാനേജർ കൂടിയായ വിശാഖ്.

kanthaloor-waterfall
Image From official site Kanthaloor Gardens

റിസോർട്ടിന്റെ തെക്കുഭാഗത്ത് അക്കേഷ്യ മരത്തോട്ടമാണ്. കൽപടവ് ഇറങ്ങിച്ചെല്ലുന്ന സ്ഥലം ക്യാംപ് ഫയറിനായി മാറ്റിവച്ചിരിക്കുന്നു. വിറകിട്ട് തീ കൂട്ടി അതിനു ചുറ്റുമുള്ള ബെഞ്ചുകളിലിരുന്ന് തണുപ്പകറ്റാം. താളമേള വാദ്യഘോഷ ങ്ങളിൽ താൽപര്യമുണ്ടെങ്കിൽ അതുമാകാം. കാണികൾക്ക് ഇരിക്കാനായി ഗാലറിയുണ്ട്.

ക്യാംപ് ഫയറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന മരങ്ങൾ വെട്ടിത്തെളിച്ചു നിർമിച്ച കളിക്കളമാണ് ഇവിടെയുള്ള മറ്റൊരാകർഷണം. സൂര്യനുദിച്ചാലും തണുപ്പു വിട്ടുമാറാത്ത സ്ഥലത്ത് ശരീരം ചൂടാക്കാൻ വ്യായാമം ചെയ്യാം. കാന്തല്ലൂർ ഗാർഡൻസിൽ എട്ടു മുറികളാണുള്ളത്. വലിയ കട്ടിലും ദിവാൻ കസേരയും ഊണുമേശയും ഓഫിസ് ടേബിളും ചിട്ടയായി ഒരുക്കി വച്ചാണ് മുറിയുടെ ക്രമീകരണം. ആഡംബര മുറിയെന്ന് കണ്ണടച്ചു പറയാം.

മധുവിധു പാക്കേജ്

kanthaloor-garden3
Image From official site Kanthaloor Gardens

കാന്തല്ലൂർ ഗാർഡൻസിൽ നവദമ്പതികൾക്കു പ്രത്യേക പാക്കേജുണ്ട്.രണ്ടു രാത്രിയും രണ്ടു പകലും. രണ്ടു പേർക്ക് താമസം, പ്രഭാതഭക്ഷണം, അത്താഴം – 7500 രൂപ. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയുടെ ചെലവും ഇതിലുൾപ്പെടുന്നു. വാച്ച് ടവർ, ലെമൺ ഗ്രാസ് ഓയിൽ പ്ലാന്റ്, ട്രൈബൽ വില്ലേജ്, പച്ചക്കറി തോട്ടം, വെള്ളച്ചാട്ടം, മറയൂർ ശർക്കര നിർമാണ കേന്ദ്രം, ആനക്കൊട്ടപ്പാറയിലെ മുനിയറ, മ്യൂസിയം എന്നിവിടങ്ങളിലാണ് ട്രിപ്പിൽ ഉൾപ്പെടുന്നത്.  ഹണിമൂൺ ആഘോഷിക്കാനെത്തുന്നവരിൽ ചിലർ ഒറ്റമലയിലെ കറുപ്പാണ്ടവർ ക്ഷേത്രത്തിൽ പോകാറുണ്ട് ഗോത്രവാസികളുടെ ക്ഷേത്രമാണിത്. വലിയൊരു ആലിന്റെ തണലിലാണ് ക്ഷേത്രം. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിൽ സ്ത്രീകൾ കയറാറില്ല. ആണ്ടിലൊരിക്കൽ അന്‍പത് ആടുകളെയും അൻപതു കോഴികളെയും അറുത്ത് നാട്ടുകാർ ക്കു ഭക്ഷണം വിളമ്പുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

മൂന്നാറിലേതു പോലെ കാന്തല്ലൂരിലെ മലനിരകളിലും നീലക്കുറിഞ്ഞിയുണ്ട്. 2018 ജൂലൈയാണ് പൂവിടുന്ന സീസൺ. മൂന്നാർ മാത്രം കണ്ടു മടങ്ങുന്നയാളുകൾ ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല. അതേസമയം, തമിഴ്നാട്ടിലെ യാത്രികർ ഈ സീസണിൽ സംഘങ്ങളായി കാന്തല്ലൂരിൽ വരാറുണ്ട്. മധുവിധു യാത്രികർക്കു മാത്രമായി നീക്കിവച്ച സ്ഥലത്താണു കാന്തല്ലൂർ ഗാർഡൻസെന്നു തെറ്റിധരിക്കരുത്. തണുപ്പു കാലത്ത് അവധിക്കാലം ചെലവഴിക്കാൻ സൗഹൃദ സംഘങ്ങളും കുടുംബങ്ങളും കാന്തല്ലൂരിൽ എത്തുന്നുണ്ട്. ഒറ്റദിവസത്തെ താമസത്തിനും സ്ഥലങ്ങൾ കാണാനും വരുന്നവരാണ് അവരിലേറെയും. ഗ്രീൻ ടെൻഡില്‍ അന്തിയുറങ്ങാനുള്ള സൗകര്യമൊരുക്കിയപ്പോൾ യുവാക്കളുടെ തിരക്കേറിയെന്ന് വിശാഖ് പറയുന്നു.

ഇടക്കടവ്, പെരടികുളം, കോവിൽക്കടവ്–മൂന്നു സ്ഥലങ്ങളാണ് കാന്തല്ലൂരിലെ ജനവാസകേന്ദ്രങ്ങൾ. അതിനു ചുറ്റുമുള്ള പ്രദേശത്തു കൃഷിയും കാടുമാണ്. അവിടെയാണ് കാന്തല്ലൂർ ഗാർഡൻസ്. ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ താമസിച്ച് പ്രകൃതിയെ കണ്ടറിയാൻ അവസരമൊരുക്കുകയാണ് ഈ മനോഹര മന്ദിരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com