എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന ക്ഷേത്രത്തിലേക്ക് പിതൃക്കൾക്കുവേണ്ടി ഒരു തീർത്ഥയാത്ര

HIGHLIGHTS
  • കേരളത്തിലുള്ള ഏക പരശുരാമസ്വാമി ക്ഷേത്രം
parasurama-temple-trip
SHARE

കേരളത്തിന്റെ ഉൽപത്തിയെ കുറിച്ച് ഒരുപാടു  വിശ്വാസങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനമാണ് പരശുരാമാനുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണമനുസരിച്ചു ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്  പരശുരാമൻ. പരശു എന്ന വാക്കിന്റെ അർഥം മഴു എന്നാണ്.തന്റെ പിതാവിനെ  വധിച്ചതിന് പ്രതികാരം ചെയ്യാനായി പരശുരാമൻ എല്ലാ ക്ഷത്രിയരായ പുരുഷന്മാരെയും കൊന്നൊടുക്കി അവരുടെ രക്തം കൊണ്ട് അഞ്ചു തടാകങ്ങൾ നിറച്ചു. 

ക്ഷത്രിയരെ എല്ലാം കൊന്നൊടുക്കിയ പാപത്തിൽ നിന്ന് മുക്തിനേടുന്നതിനായി  പിടിച്ചെടുത്ത ഭൂമിയെല്ലാം ബ്രാഹ്മണർക്കായി ദാനം നൽകി. ബ്രാഹ്മണരുടെ ഉപദേശമനുസരിച്ചു മനഃശാന്തിക്കായി പരശുരാമൻ ഗോകർണ തീരത്തെത്തുകയും അവിടെ വച്ച് വരുണ ദേവന്റെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുകയുംചെയ്തു. തുടർന്ന് അവിടെ നിന്നും കന്യാകുമാരിയിൽ   എത്തുകയും  അവിടെവെച്ച് മഴു കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ  കടലിൽനിന്നും ഉയർന്നു വന്ന പ്രദേശമാണ് കേരളം എന്നാണ് വിശ്വാസം.

parasurama-temple-trip1
ക്ഷേത്രം

കേരളത്തിലുള്ള ഏക പരശുരാമസ്വാമി ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്താണ്.തിരുവനന്തപുരം ടൗണിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറി കഴക്കൂട്ടം - കോവളം ബെപാസ്  റൂട്ടിലാണ് ക്ഷേത്രം.പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം തിരുവതാം കൂർ ദേവസ്വത്തിന്റെ കീഴിലാണ്.കരമാനയാറിന്റെ തീരത്തു പ്രകൃതി രമണീയമായ ഭൂപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം  വിഷ്ണുഭഗവാന്റെ  ഭകതനായ വില്വമംഗലം സ്വാമികൾ സ്ഥാപിച്ചതാണെന്നു വിശ്വസിക്കുന്നു .തന്റെ തീർഥയാത്രയുടെ ഭാഗമായി സ്വാമികൾ ഈ സ്ഥലം സന്ദർശിക്കുകയും ഇവിടെ പരശുരാമന്റെ സാന്നിധ്യം മനസിലാക്കുകയും തുടർന്ന് ഇവിടെ പ്രതിഷ്ഠനടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

തന്റെ പിതാവിന്റെ ആആ‌ജ്ഞയനുസരിച്ചു മാതാവിനെ വധിച്ച പരശുരാമൻ ആ പാപത്തിനായുള്ള മോചനത്തിനായി ഭഗവാൻ പരമശിവനെ പ്രാർത്ഥിക്കുകയും ഭഗവാന്റെ നിർദേശപ്രകാരം കരമാനയാറിന്റെ തീരത്തുള്ള ഈ സ്ഥലത്തു വന്നു ബലിതർപ്പണം നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. 12,13 നൂറ്റാണ്ടുകളിൽ ചേരരാജാവായിരുന്ന അതിയാമൻ പെരുമാളാണു ക്ഷേത്രം പണികഴിപ്പിച്ചത്. ജഗദ്ഗുരു ആദി ശങ്കരാചാര്യരും ഈ ക്ഷേത്രം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ  മാതാവിന്റെ  മോക്ഷപ്രാപ്തിക്കായി ഇവിടെ ബലിതർപ്പണം നടത്തിയെന്നും ഐതിഹ്യങ്ങൾ പറയുന്നു.

parasurama-temple-trip4
ക്ഷേത്രത്തിലെ ശിൽപ്പചാരുത

തിരുവല്ലം എന്ന സ്ഥലനാമം ശ്രീ അനന്തപദ്മനാഭസ്വാമിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് വല്ലം എന്നതിന് അർഥം തലയെന്നാണ് പത്മനാഭസ്വാമിയുടെ തലഭാഗമാണ് ഇത് എന്നാണ് വിശ്വാസം അതുപോലെ തന്നെ ഉടൽ ഭാഗമാണ് അനന്തൻകാട് എന്നും പാദങ്ങളാണ് തൃപ്പപ്പൂർ   എന്നും വിശ്വസിക്കപ്പെടുന്നു.ഹൈന്ദവ വിശ്വാസമനുസരിച്ചു മരണശേഷം പിതൃലോകത്തെത്തുന്ന ആത്മാവിനു മോക്ഷം ലഭിക്കുന്നത് ബലിതർപ്പണത്തിലൂടെയാണ്.

ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും ബലിതർപ്പണത്തിനു ഉള്ള സൗകര്യം ഉണ്ട് ദിവസേന കേരളത്തിനെ നാനാഭാഗങ്ങളിൽനിന്നും അനേകായിരങ്ങൾ ഈ ക്ഷേത്രത്തിലെത്തി ബലിതർപ്പണം നടത്തുന്നു. കർക്കിടകവാവ്‌ ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഈ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം.നാം ഇന്ന് സുന്ദരമായ ഈ ഭൂമിയിൽ ജീവിക്കുവാൻ കാരണക്കാരായ മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ സ്മരിക്കുവാനും അവരുടെ ഓർമകൾക്കുമുന്നിൽ പ്രാർത്ഥനകളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കുവാനും അനേകായിരങ്ങളാണ് കർക്കിടവാവ് ദിവസം ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ മുകളിൽ കൈകളിൽ മഴുവേന്തിയ പരശുരാമസ്വാമിയുടെ ശിൽപം കാണാം. കവാടം കടന്നാൽ ക്ഷേത്രക്കുളമുണ്ട്.കുളത്തിന്റെ മുൻഭാഗത്തായി ദേവസ്വം ഓഫീസ്  ഉണ്ട് അവിടെ നിന്നും ബലിതർപ്പണത്തിനും  മറ്റുവഴിപാടുകൾക്കുമായി രസീത് എടുക്കാവുന്നതാണ്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന ക്ഷേത്രത്തിന്റെ ഭംഗി അവർണ്ണനീയമാണ് ക്ഷേത്രമുറ്റത്ത് നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഇരു വശത്തുമായി നീളത്തിൽ കരിങ്കല്ലിൽ തീർത്ത ബലിമണ്ഡപങ്ങൾ കാണാൻ സാധിക്കും. ഇവിടെയാണ് ബലിതർപ്പണം നടത്തുന്നത്. ഒരേ സമയം നൂറിലധികം ആളുകൾക്ക് ഒരുമിച്ചു ബലിയിടാനുള്ള സൗകര്യമുണ്ട്.

കരിങ്കൽപാളികൾ പാകിയ ബലിമണ്ഡപത്തിൽ കർമിയുടെ നിർദേശമനുസരിച്ചാണ് ബലിതർപ്പണം നടത്തുന്നത്. കർമി മന്ത്രങ്ങളും ബലിയിടേണ്ട രീതികളും പറഞ്ഞു തരുന്നു.പരശുരാമ  സന്നിധിയിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തിലഭിക്കുമെന്നാണ് വിശ്വാസം.ബലിതർപ്പണത്തിനു ആവശ്യമായ പൂജാദ്രവ്യങ്ങൾ  മണ്ഡപത്തിൽ നിന്നും നൽകുന്നതാണ്. ദർഭപുല്ലുകൊണ്ട് പവിത്രമുണ്ടാക്കി മോതിരവിരലിൽ അണിഞ്ഞ ശേഷം വാഴയിലയിൽ എള്ള് ,പൂവ്,ദർഭപുല്ല് ,ചന്ദനം ,ഉണക്കലരിചോറ് തുടങ്ങിയവ കൊണ്ട് ബലിയിടുന്നു.ശേഷം ഇലയോടുകൂടി എടുത്തു പുറത്തേക്കു വരുന്നു.ക്ഷേത്രത്തിന്റെ മുൻഭാഗത്തായി ഒൻപത് കല്ലുകളുണ്ട്.

parasurama-temple-trip3
ക്ഷേത്രത്തിലെ ഒൻപത് ബലിക്കല്ലുകൾ

ഈ കല്ലുകളിൽ ബലിച്ചോറ് അർപ്പിച്ചു വേണം കടവിലേക്ക് പോകാൻ. ഈ കല്ലുകളിൽ അർപ്പിക്കുന്ന ബലിച്ചോർ പിതൃക്കൾ കാക്കകളുടെ രൂപത്തിൽ വന്നു ഭക്ഷിക്കുന്നു എന്നാണ് വിശ്വാസം തുടർന്ന് കടവിലെത്തി ഇല കടവിലൊഴുക്കി മുങ്ങിക്കുളിച്ചു ദേഹ ശുദ്ധിവരുത്തി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു .പൂർണമായും കരിങ്കല്ലിൽ പണി തീർത്തിരിക്കുന്ന ക്ഷേത്രത്തിലെ വാസ്തുശില്പ ചാരുത നമ്മിൽ അത്ഭുതം ജനിപ്പിക്കുന്നതാണ്. ഉള്ളിലുള്ള തിലഹോമ മണ്ഡപത്തിൽ മരിച്ചയാളുടെ പേരിൽ തിലഹോമം നടത്താവുന്നതാണ്. തുടർന്ന് പരശുരാമ സന്നിധിയിൽ ദർശനം നടത്താം.

കൈകളിൽ മഴുവേന്തിയ പരശുരാമന്റെ പൂർണകായപ്രതിഷ്ഠയാണ് ശ്രീകോവിലിൽ ഉള്ളത്. പ്രധാന പ്രതിഷ്ഠയ്ക്ക് സമീപം ബ്രഹ്മാവ് ,വിഷ്ണു,ശിവൻ എന്നീ ത്രിമൂർത്തികൾക്ക്  പ്രത്യേകം ശ്രീ കോവിലുകളുണ്ട്. ത്രിമൂർത്തികളുടെ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. കൂടാതെ ഗണപതി,ശ്രീ മുരുകൻ,ഭദ്രകാളി(മഹിഷാസുരമർദ്ദിനി ),കൃഷ്ണൻ,വേദവ്യാസമുനി ,മത്സ്യ മൂർത്തി, നാഗങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.

പ്രധാന വഴിപാടുകൾ

പുഷ്പാഭിഷേകം,കുങ്കുമാഭിഷേകം,ഭസ്മാഭിഷേകം എന്നിവയാണ് പരശുരാമ  സന്നിധിയിലെ പ്രധാന വഴിപാടുകൾ ,കൂടാതെ ഗണപതി നടയിലെ അപ്പം മൂടലും ,ഗണപതി ഹോമവും പ്രധാന വഴിപാടുകളാണ്.

പ്രത്യേകതകൾ :കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രം. ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ എന്നീ ത്രിമൂർത്തികളുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ  പ്രധാന  പ്രത്യേകതയാണ്.ശ്രീ പദ്മനാഭ സ്വാമിക്കു അഭിമുഖമായി വടക്കോട്ട് ദർശനമരുളിയാണ് പരശുരാമ പ്രതിഷ്ഠ.ഇവിടെ ശിവൻ ഒരു ഉപദേവതയായല്ല പരശുരാമനോടൊപ്പം തന്നെ പ്രാധാന്യം കൊടുത്തിരിക്കുന്നു. ,കിഴക്കോട്ടു ദർശനമായാണ് ശിവന്റെ  പ്രതിഷ്ഠ.ഈ രണ്ടു മൂർത്തികൾക്കും പ്രത്യേകം കൊടിമരങ്ങളും ഉണ്ട്.ഒരേ ക്ഷേത്രത്തിൽ തന്നെ രണ്ടു കൊടിമരങ്ങളുള്ളത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

മറ്റൊരു പ്രധാന പ്രത്യേകത ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ത്രിവേണി സംഗമ സ്ഥാനത്താണ് ,കരമന ആറ് ,കീള്ളി  ആറ് ,പാർവതി പുത്തനാർ  എന്നീ  മൂന്ന് പ്രധാന നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം നദികളുടെ സംഗമസ്ഥാനം  ബലിതർപ്പണത്തിനു  ഉത്തമമെന്നാണ് പറയപ്പെടുന്നത്.

വിശേഷ ദിവസങ്ങൾ 

പരശുരാമ ജയന്തി :-

പരശുരാമ ജയന്തി അതിന്റെ പ്രധാന്യത്തോടു കൂടി തന്നെ ആഘോഷിക്കുന്നു.

തിരുവോണം ആറാട്ട് :-

തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ  പ്രധാന ഉത്സവമായ  തിരുവോണം ആറാട്ട് തുലാം മാസമാണ് (ഒക്ടോബർ -നവംബർ),അത്തത്തിനു കൊടിയേറി തിരുവോണത്തിന്റെ അന്ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കുന്നു.കരമനയാറിലാണ്  ആറാട്ട് നടക്കാറുള്ളത്.

കർക്കിടക വാവുബലി:

കർക്കിടകത്തിലെ വാവുബലി ഈ ക്ഷേത്രം പരമപ്രാധാന്യത്തോടു കൂടി ആചരിക്കുന്നു.അന്നേ  ദിവസം ആയിരക്കണക്കിന് ആളുകൾ ശ്രീ പരശുരാമ സന്നിധിയിൽ എത്തി മൺമറഞ്ഞു  പോയ തങ്ങളുടെ പൂർവികരായ  പിതൃക്കൾക്ക് മോക്ഷം ലഭിക്കാനായി ബലിതർപ്പണം നടത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA