sections
MORE

തിരുനെല്ലി യാത്ര ഒന്നൊന്നര സംഭവമാണേ

1Wayanad_Urban_Bus
SHARE

വയനാട്ടിലേക്കുള്ള യാത്രകളിൽ എല്ലായ്പ്പോഴും തിരുനെല്ലി കടന്നു വരാറുണ്ട്. വയനാട് അല്ലെങ്കിലും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ തന്നെയാണ്. കാണാൻ കാഴ്ചകളേറെ, സഞ്ചരിക്കാൻ ദൂരമേറെ. അതിലൊന്ന് തന്നെയാണ് തിരുനെല്ലിയും. തണുപ്പിന്റെ താഴ്്വരകളിലൂടെ കാടിനെ തൊട്ടു കാറ്റ് മൃഗങ്ങളെ കണ്ടു മനസ്സിനെ തിരഞ്ഞൊരു യാത്ര. വയനാട്ടിലെ തോൽപ്പെട്ടി കാടുകൾ കാടിനെ അന്വേഷിച്ചിറങ്ങുന്നവർക്ക് മികച്ചൊരു യാത്ര വഴിയാകുമ്പോൾ അവിടെ നിന്ന് തിരിച്ചുള്ള വഴിയിൽ തിരുനെല്ലിയും ധൈര്യമായി ഉൾപ്പെടുത്താം.

തോല്‍പ്പെട്ടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് തിരിയുന്നിടത്താണ്, കുട്ടേട്ടന്‍റെ ചായക്കട. വളരെ സ്വാദേറിയ ഉണ്ണിയപ്പത്തിന് പേരുകേട്ടതാണ് ഈ കട. പൊതുവെ ഈ വഴിയിൽ പോകുന്നവർ അറിഞ്ഞും കെട്ടും ഈ കടയ്ക്കരുകിൽ വണ്ടി നിർത്തുകയും ഈ കാടിന്റെ സ്വാദ് രുചിക്കുകയും ചെയ്യുന്നു. ഈ കട കണ്ടെത്താനും അത്ര ബുദ്ധിമുട്ടില്ല.

2Thirunelli_Temple_frontview

പോകുന്ന വഴിയിൽ ഇരുവശവും മുളങ്കാടുകളും അകത്തേക്ക് പേരു പോലും കണ്ടെത്താൻ കഴിയാത്ത വയനാടൻ കാടിന്റെ ആഴവുമുണ്ട്. ഇടയ്ക്കിടയ്ക്ക് മ്ലാവുകളും കുരങ്ങുകളും കാടിന്റെ അരികുകളിൽ അവയുടെ ഭക്ഷണം ആസ്വദിച്ച് നിൽക്കുന്നതും കാണാം. ലേശം സന്ധ്യ തുടങ്ങിയ ശേഷമാണ് യാത്രയെങ്കിൽ സംഭവം സീനാകും. കണ്ടാൽ തന്നെ ഭയം തോന്നുന്ന കാട്ടു പോത്തുകൾ കൂട്ടത്തോടെ വഴിയരികിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. ചിലപ്പോൾ ആനകളുടെ സ്വൈര്യ വിഹാരത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഈ വഴിയിൽ കാട്ടിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കാൻ വന സംരക്ഷണ വകുപ്പ് ഇടയ്ക്കിടയ്ക്ക് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

വാഹനം നിർത്തി ഇറങ്ങാതെയിരിക്കുക, ഹോൺ അടിക്കാതെയിരിക്കാൻ ശ്രദ്ധിക്കുക, സൂക്ഷിച്ചു ഡ്രൈവ് ചെയ്യുക, മൃഗങ്ങളെ മനഃപൂർവ്വം ഉപദ്രവിക്കാതെയിരിക്കുക, ഏറ്റവും പ്രധാനം ഇത്തരം വഴികളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക എന്നതാണ്. കാരണം ഇതേ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്ന മൃഗങ്ങളുടെ പിന്നീടുള്ള അവസ്ഥ അതിമാരകം തന്നെയാണ്. കുടിച്ച ശേഷം വലിച്ചെറിയുന്ന ബിയർ കുപ്പികൾ ആനകളുടെ കാലുകളിൽ കൊണ്ട് കയറി ദിവസങ്ങൾക്കു ശേഷം അത് പൊട്ടി പഴുത്തു വൃണമായി ദിവസങ്ങളോളം ഭക്ഷണം പോലും തേടാനാകാതെ വിശന്നു പൊരിഞ്ഞ് കാലിൽ പുഴുകയറി അവ മരിച്ചു വീഴുമ്പോൾ ഇതൊന്നുമറിയാതെ മനുഷ്യൻ വീണ്ടും ബിയർ കുപ്പികൾ കുടിച്ചു തീർത്തവ കാട്ടിലേക്ക് വലിച്ചെറിയുന്നു. അലക്ഷ്യമായിപ്പോലും അത്തരം കുപ്പികൾ കാട്ടിലേക്ക് വലിച്ചെറിയരുത്. ഒരുപക്ഷെ കാട്ടിലേക്കുള്ള യാത്രയിൽ മനുഷ്യൻ ഏറെ ശ്രദ്ധിക്കേണ്ടതും ഈ മാലിന്യം ഒഴിവാക്കാൻ തന്നെയാണ്.

1Thirunelly_Temple_-_panoramio_(1)

തിരുനെല്ലിയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും കൗതുകം ഉളവാക്കുന്നയൊന്ന്. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന ഈക്ഷേത്രം തണുപ്പിന്റെ സുഖകരമായ ആലസ്യം നൽകും. കല്ലുപാകിയ നടകൾ കടന്നു വേണം മുകളിലെ ക്ഷേത്രത്തിലെത്താൻ. സർവ്വാഭരണ വിഭൂഷിതനായ മഹാവിഷ്ണു തിരുനെല്ലി കാഴ്ചയെ സൗവർണ്ണ ദീപ്തിയുള്ളതാക്കുന്നു. ബ്രഹ്മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്നു ഐതിഹ്യം പറയപ്പെടുന്നു. എന്നാൽ ഈ ക്ഷേത്രത്തിനു പിന്നിൽ വളരെ ദീപ്തമായ ഒരു ചരിത്രവുമുണ്ട്. കാസർകോട് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരും ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. തിരുനെല്ലിയുമായി ബന്ധപ്പെട്ട ഗ്രാമത്തിൽ പണ്ട് പകർച്ച വ്യാധികൾ ഉണ്ടാവുകയും ഇവിടങ്ങളിൽ ഉള്ള ആളുകൾ വേറെ ഓരോ ഇടങ്ങളിലേക്ക് കുടിയേറി പാർക്കുകയും ചെയ്തിട്ടുണ്ടെന്നും കഥകളുണ്ട്. ആത്മാക്കൾക്ക് ബലിയിടാനാണ് കൂടുതൽ പേരും ഇവിടെ ഈ ക്ഷേത്രത്തിലേക്കെത്തുന്നത്. വാവ് ദിവസവും അല്ലാതെയും ബലിയിടാൻ ഇവിടെ വരുന്നവർ നിരവധിയാണ്.

തിരുനെല്ലി ക്ഷേത്രം കാണാൻ വരുന്നവർ പാപനാശിനി എന്ന അരുവി കാണാതെ പോകാറില്ല. ക്ഷേത്രത്തിൽ നിന്ന് മാറി തെല്ലു അകത്തേക്ക് നടന്നാൽ പാപനാശിനി മുന്നിൽ ഏറ്റവും മെലിഞ്ഞു ഒഴുകുന്നത് കാണാം. ഒരിക്കലും ഈ അരുവിയിലെ ഒഴുക്ക് നിലയ്ക്കാറില്ല എന്നാണ് പറയപ്പെടുന്നത്, പക്ഷെ അങ്ങേയറ്റം മെലിഞ്ഞു നീണ്ട അരുവിയാണിത്. കാലു മുട്ടിച്ചാൽ കാലിൽ നിന്നും കയറി തുടങ്ങുന്ന തണുപ്പ് തലച്ചോറിൽ വരെയെത്തി നിൽക്കും. മനുഷ്യന്റെ പാപങ്ങൾ തീർക്കാൻ ഈ അരുവിയ്ക്ക് കഴിയും എന്നാണു ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിശ്വാസം. ജന്മാന്തര പാപങ്ങളുടെ വരുന്നവർ പാപനാശിനിയിൽ വന്നു മുങ്ങി കുളിച്ചിട്ടു പോകുന്നതും പതിവാണ്. ഇവിടെ തന്നെയാണ് പഞ്ച തീർത്ഥ കുളവും.

നടുവിൽ വലിയൊരു പറയുമായി കുളം ശാന്ത ഗംഭീരമായി കിടക്കും. പണ്ട് ശ്രീരാമൻ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാൽപ്പാടുകളിൽ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നുമാണ് പറയപ്പെടുന്നത്. ആ വിശ്വാസത്തിന് ബലമേകാൻ എന്നവണ്ണം പാറയിൽ രണ്ടു കാൽപ്പാദത്തിന്റെ അടയാളങ്ങളും കാണാനാകും. പലരും ഇവിടെയും പുഷ്പം അർപ്പിച്ച് ആരാധിക്കുന്നു.

പലയിടത്തും അരുവിയുടെ വലിപ്പമേ ഉള്ളൂവെങ്കിലും പാപനാശിനി ഒരു നദിയാണ്. ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന നദിയാണിത്. ബ്രഹ്‌മാവിന്റെ സാന്നിധ്യമാണ് ഈ മലനിരകൾക്ക് ബ്രഹ്മഗിരി എന്ന പേര് വരാൻ കാരണമെന്നു പറയപ്പെടുന്നു. എന്ത് തന്നെ ആയാലും കാടിനേയും തണുപ്പിനെയും നിശ്ശബ്ദതയെയും ആസ്വദിയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരുനെല്ലി നൽകുന്ന അനുഭവം അത്ര ചെറുതല്ല. മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ ഏറ്റവും അനുഭൂതി ദായകമായ ഒരു ആനന്ദ നിമിഷത്തിൽ നാം പ്രകൃതിയോട് അത്രമേൽ ഇണങ്ങിയത് പോലെ തിരുനെല്ലി നമ്മെ അതിശയിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA