ADVERTISEMENT

സ്ത്രീത്വത്തിന്റെ, അഭിമാനത്തിന്റെ ഓർമച്ചെപ്പുകൾ തേടിയാണ് മഞ്ഞുപെയ്തൊഴിഞ്ഞ പുലർകാലവേളയിൽ ഹോണ്ട സിആർവി യാത്ര തുടങ്ങിയത്. ആ യാത്രയ്ക്ക് കഥകളുടെ കുടുക്ക പൊട്ടിക്കാൻ ഒരു അതിഥി ഉണ്ടായിരുന്നു. എഴുത്തുകാരിയും സിനിമാ സംവിധായകയും കോളമിസ്റ്റും ആയ ശ്രീബാല കെ. മേനോൻ. ഇത്തവണ കഥ തേടിയിറങ്ങിയത് പക്ഷിരാജന്റെ ചെറുത്തുനിൽപിന്റെ ഐതിഹ്യമുറങ്ങുന്ന മണ്ണിലേക്കാണ്... 

ജഡായുമംഗലം

sreebala-travel

സ്ത്രീയുടെ മാനം രക്ഷിക്കാൻ ശ്രമിച്ച പക്ഷിശ്രേഷ്ഠനായിട്ടാണ് ഗരുഡന്റെ അനന്തരവനായ ജഡായു അറിയപ്പെടുന്നത്. കൺമുൻപിൽ വനിതകൾക്കെതിരെ എന്തക്രമം സംഭവിച്ചാലും പ്രതികരിക്കാത്ത സമൂഹത്തിൽ ജീവിക്കുമ്പോഴാണ് ജഡായുവിന്റെ ചെറുത്തുനിൽപ് പ്രസക്തമാകുന്നത്. 

sreebala-travel1

രാമായണത്തിൽ സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണന്റെ പുഷ്പകവിമാനം പക്ഷിഭീമനായ ജഡായു തടയുകയും സീതയെ രക്ഷിക്കാൻ രാവണനുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പരാക്രമിയായ രാവണൻ തന്റെ പ്രശസ്തമായ ചന്ദ്രഹാസം എന്ന വാളുപയോഗിച്ച് ജഡായുവിന്റെ ഇടത‌ു ചിറക് വെട്ടിമാറ്റുന്നു. ചിറകറ്റ് പക്ഷിരാജൻ വീണ പാറയാണ് ജഡായുപാറയായതെന്നാണ് വിശ്വാസം. ജഡായുമംഗലം ലോപിച്ച് ചടയമംഗലമായി മാറി. ഈ പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം ഉയർന്നു വന്നിരിക്കുന്നത്. 

പുരാണ പ്രതിഷ്ഠയെ വന്ദിച്ച്

sreebala-travel3

രാവിലെ ചടയമംഗലത്തിനടുത്തുള്ള  നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടുക്കൽ ഗുഹാ ക്ഷേത്രം കാണാൻ പോയി. ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ് 2500 കൊല്ലം പഴക്കമുള്ള ഈ ഗുഹാ ക്ഷേത്രം. രണ്ടിടത്തു ശിവൻ, രണ്ട് ഗണപതി, രണ്ട് നന്ദിയും ഹനുമാനുമാണ് പ്രതിഷ്ഠ. വിഗ്രഹം പോലും ആ ശിലയിൽ തന്നെ തീർത്തതാണ്. അവിടെ തൊഴുതിറങ്ങി ജഡായുപ്പാറയിലേക്കു തിരിച്ചു.  

ഭീമൻ പക്ഷിരാജൻ

ജഡായു എർത്ത് സെന്ററിന്റെ കവാടത്തിൽ എത്തിയപ്പോൾ എവിടെ നോക്കിയാലും പൊലീസ്. അവിടെ ഞങ്ങളെ കാത്ത് ജഡായു എർത്ത് സെന്റർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് മനു നിൽക്കുന്നുണ്ടായിരുന്നു. ‘ഇതെന്താ ഞങ്ങൾക്ക് ഇത്ര പ്രൊട്ടക്‌ഷനോ?’ എന്നായി ശ്രീബാല.

sreebala-travel4

‘ഹേയ്.. നിങ്ങൾക്കല്ല. മിസോറം ഗവർണർ കുമ്മനം രാജശേഖരനാണ്.’ അദ്ദേഹത്തിന്റെ സന്ദർശനമാണ് പെട്ടെന്നുള്ള പൊലീസ് വലയത്തിനു കാരണമെന്ന് മനു. എന്തായാലും പ്രോട്ടോക്കോൾ ഉണ്ട്. സ്വീകരണമുറിയിൽ നിങ്ങൾക്ക് അൽപം വിശ്രമിക്കാം. സെക്യൂരിറ്റി ചെക്കിങ് എല്ലാം കഴിഞ്ഞ് ലോഞ്ചിൽ എത്തി. ആഡംബര ഹോട്ടലിലോ എയർപോട്ടിലോ കയറിയ പ്രതീതി. മികച്ച സൗകര്യങ്ങൾ.  എർത്ത് സെന്ററിന്റെ സെക്യൂരിറ്റി മുഴുവൻ കൈകാര്യം ചെയ്യുന്നത് പ്രത്യേക പരിശീലനം ലഭിച്ച ഗരുഡ സെക്യൂരിറ്റി ഫോഴ്സ് ആണ്. തിരക്കൊഴിഞ്ഞപ്പോൾ കേബിൾ കാറിൽ കയറി മുകളിലേക്ക്. സ്വിറ്റ്സർലൻഡിൽനിന്നുള്ള കേബിൾ കാർ ഓപ്പറേറ്റിങ് കമ്പനിക്കാണ് ഇതിന്റെ ചുമതല. ഒരു കാറിൽ എട്ടു പേർക്കു കയറാം. ഏകദേശം എട്ടു മിനിറ്റുകൊണ്ട് മുകളിലെത്തും.

sreebala-travel6

പാറയിലെ വിസ്മയം

sreebala-travel7

ആയിരം അടി ഉയരത്തിലുള്ള പാറയുടെ മുകളിൽ നിർമിച്ചിരിക്കുന്ന ശിൽപത്തിന്റെ നീളം 200 അടി. വീതി 150 അടി. ഉയരം 75 അടി. ഇടതു ചിറകറ്റ് മലർന്നു വീണുകിടക്കുന്ന രീതിയിലാണ് നിർമിതി. സിനിമാ സംവിധായകനായും കലാ സംവിധായകനായും ശിൽപിയായും പ്രശസ്തനായ രാജീവ് അഞ്ചലാണ് ജഡായുവിന്റെ സ്രഷ്ടാവ്.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമെന്ന ഗിന്നസ് റെക്കോർഡ് ജഡായു എർത്ത് സെന്ററിന്റെ പേരിലാണ്. കൊച്ചിയിലെ സിയാൽ ഇന്റർനാഷനൽ എയർപോർട്ട് മാതൃകയിൽ നിർമിച്ച കേരളത്തിലെ ആദ്യ ബിഒടി (ബിൽഡ്–ഓപ്പറേറ്റ്– ട്രാൻസ്ഫർ) ടൂറിസം സംരംഭമാണിത്.

sreebala-travel5

പ്രകൃതിക്കു പോറലേൽക്കാതെ ഒരു കഷണം പാറപോലും പൊട്ടിക്കാതെയാണ് ഈ ശിൽപവും അനുബന്ധ സംവിധാനങ്ങളും നിർമിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് ഏറ്റവും അദ്ഭുതം തോന്നുക. വീണുകിടക്കുന്ന ഒരാളുടെ നിസ്സഹായത മുഴുവൻ ആ ശിൽപത്തിന്റ ഭാവങ്ങളിൽനിന്നറിയാം. അത്രയ്ക്കു സൂക്ഷ്മം. തൂവലിലെ ചെറു പുള്ളികൾ പോലും അതേപോലെ പകർത്തിയിരിക്കുന്നു. രാജീവ് അഞ്ചലിന്റെ നീണ്ട പത്തു വർഷത്തെ പ്രയത്നമാണ് ഈ ശിൽപവും അനുബന്ധ ക്രമീകരണങ്ങളും. പ്രകൃതിയുടെ സ്വാഭാവികതയെ ഹനിക്കുന്ന യാതൊരു നിർമാണ പ്രവൃത്തികളും ചെയ്യില്ലെന്ന പ്രതിജ്ഞയോടെയാണ് ശിൽപി പണി തുടങ്ങിയത്. പല നിർമിതികളും സ്വാഭാവികമായ പാറയാണെന്നു തോന്നിപ്പോകും. പക്ഷേ യഥാർഥത്തിൽ അവ കോൺക്രീറ്റ് കൊണ്ടു നിർമിച്ചവയാണെന്നറിയുമ്പോൾ കൗതുകം തോന്നും. 15,000 ചതുരശ്രയടി വിസ്തീർണമുള്ള ശിൽപത്തിന്റെ അകത്ത് ഓഡിയോ–വിഷ്വൽ മ്യൂസിയം, മൾട്ടി ഡയമെൻഷണൽ മിനി തിയറ്റർ തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും.     

ശിൽപത്തിനു ചുറ്റുമായി സാംസ്കാരിക പരിപാടികൾക്കായി തിയറ്റർ സ്റ്റേജ്, രാമക്ഷേത്രം, കോഫി ഷോപ്പ്, ഹെലിപാഡ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 

sreebala-travel11

ജഡായു മോക്ഷം

പാറയിൽ ജഡായുവിന്റെ കൊക്കു കൊണ്ടു മുറിഞ്ഞ് കുഴിയുണ്ടാകുകയും അതിലെ ജലമാണത്രെ രാമൻ വരുന്നതുവരെ ജീവൻ നിലനിർത്താൻ സഹായകമായെന്നുമാണ് വിശ്വാസം ഇതൊരിക്കലും വറ്റില്ലത്രേ. രാമൻ വന്നതിനു തെളിവായി പാറയിൽ രാമപാദം പതിഞ്ഞിരിക്കുന്നതു കാണാം. ശ്രീബാലയൊത്തുള്ള ഫോട്ടോ ഷൂട്ട് നടത്തുമ്പോൾ സന്ദർശകർ ചുറ്റും കൂടി. ‘ചേച്ചിയെ.. ടിവിയിൽ കണ്ടിട്ടുണ്ടല്ലോ?’

sreebala-travel9

‘ആണോ?’

‘ചേച്ചിടെ സിനിമയല്ലേ ലവ് 24x7?’

‘അതേല്ലോ...’

sreebala-travel2

‘ഉം കണ്ടിട്ടുണ്ട്. നല്ല പരിചയം തോന്നുന്നു.’ 

‘ഒരു സെൽഫി എടുത്തോട്ടെ?’ പടംപിടിത്തം കഴിഞ്ഞ് നേരെ കോഫി ഷോപ്പിൽ പോയി എനർജി നിറച്ചു.

‘ഈ എനർജിയൊക്കെ കളയാൻ ജഡായു അഡ്വഞ്ചർ പാർക്കിൽ പോയാലോ?’ മനുവിന്റെ വക ബൂസ്റ്റിങ്. ഞാനെപ്പഴേ റെഡി എന്നു ശ്രീബാല.

തിരിച്ചിറങ്ങി പാർക്കിങ് ഏരിയയിൽ കാത്തുകിടക്കുന്ന സിആർവിയിൽ ചാടിക്കയറി. 

സാഹസികരുടെ പറുദീസ

വിവിധതരം സഹസിക പരിപാടികളുടെ കേന്ദ്രമാണ് ജഡായു അഡ്വഞ്ചർ പാർക്ക്. കൂടുതൽ ഉള്ള എനർജി എരിയിച്ചു കളയാനുള്ള സ്ഥലം. ബാഹുബലി മോഡൽ അമ്പെയ്ത്ത്, ഷൂട്ടിങ്, റോക്ക് ക്ലൈമ്പിങ്, കമാൻഡർ നെറ്റ്, പിന്നെ ടീം ആയി പരസ്പരം യുദ്ധം ചെയ്യൽ, കിടിലൻ ട്രക്കിങ് എന്നിങ്ങനെ ഇരുപതിലധികം അഡ്വഞ്ചർ ആക്ടിവിറ്റീസ് ഇവിടെയുണ്ട്. ഒരു ഗ്രൂപ്പായി വന്ന് ആസ്വദിച്ചു പോകാം.

sreebala-travel8

സാധാരണ എല്ലാവരും ആദ്യം അഡ്വഞ്ചർ പാർക്കിൽ വന്ന് ഇവിടത്തെ ആക്ടിവിറ്റീസ് കഴിഞ്ഞ് വൈകുന്നേരത്തോടെ പാറകൾക്കിടയിലെ വിടവിലൂടെയൊക്കെ ഉള്ള സാഹസിക റൂട്ടിലൂടെ ട്രക്കിങ് ചെയ്താണ് ജഡായു എർത്ത് സെന്ററിലേക്ക് എത്തുന്നത്. പാർക്കിലെ സാഹസങ്ങൾ കഴി‍ഞ്ഞ് ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേക്കും മൂന്നരയായി. അൽപനേരത്തെ വിശ്രമത്തിനുശേഷം ഇന്ത്യൻ ചിത്രകലയുടെ വേരുകൾ തേടി കിളിമാനൂർ ലക്ഷ്യമാക്കി സിആർവി കുതിച്ചു. 

ചിത്രമെഴുത്തിന്റെ കളരിയിലേക്ക്

പുറത്തു കൊടും ചൂടാണെങ്കിലും സിആർവിയുടെ കുളിരിൽ അതൊന്നും അറിഞ്ഞില്ല. രാജാ രവിവർമയുടെ കിളിമാനൂർ കൊട്ടാരം തേടി പോകു

sreebala-travel10

മ്പോൾ ശ്രീബാല ഈയിടെ നടത്തിയ രാജസ്ഥാൻ യാത്രയുടെ കഥകൾ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തുന്ന ഗായകരുടെ സംഘം നടത്തുന്ന സംഗീത സദസ്സുകൾ... സന്ധ്യയ്ക്കു തുടങ്ങി രാവേറെ ചെല്ലും നേരം പാടിപ്പാടി ഭാരതത്തിന്റെ ഹൃദയങ്ങളിൽ മയങ്ങുന്ന ഒരുപറ്റം പച്ച മനുഷ്യ

രുടെ കഥകൾ. അമർചിത്രകഥയിലെ രജപുത്ര ചരിതങ്ങളിലെ നാടോടി ഗായകരെ ഓർമവന്നു. ‘ഇത്തരം മ്യൂസിക് ഫെസ്റ്റിവൽ കേരളീയർക്ക് തികച്ചും അപരിചിതമാണ്. നമുക്ക് അത്തരമൊരു സംസ്കാരം ചിന്തിക്കാൻ കൂടി പറ്റില്ല. ഗ്രാമങ്ങളിൽ ഉള്ള സൗകര്യങ്ങളിൽ ഒന്നിച്ചുണ്ട്, ഉറങ്ങി, പാടി നടക്കുന്ന ആ അനുഭവം... ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സ്നേഹമാണ് ആ യാത്ര. ജയസാൽമീർ മരുഭൂവിലൂടെ പോകുമ്പോൾ മനോഹര

മായ പെയ്ന്റിങ് വരച്ചിട്ടപോലെ തോന്നും...’

വിശേഷങ്ങൾ പറഞ്ഞു പറഞ്ഞ് ചിത്രകലയുടെ കുലപതിയായ രാജാ രവിവർമയുടെ കിളിമാനൂർ കൊട്ടാരമുറ്റത്ത് സിആർവി എത്തി.കേരളീയ വാസ്തുവിദ്യയുടെ തെളിമയാർന്ന കാഴ്ചകളായിരുന്നു അവിടം.രവിവർമ വരയ്ക്കാനായി പണികഴിപ്പിച്ച ആർട്ട് ഗാലറി, പുത്തൻ മാളിക, നാടകശാല, നാലുകെട്ട് എന്നിങ്ങനെ കാണാനേറെയുണ്ട്. കുടുംബചരിത്രം വിശദീകരിച്ചുതന്നതു സംഗിതജ്ഞൻ കൂടിയായ രാമവർമയാണ്. ഇന്നും രാജാ രവിവർമയുടെ കുടുംബാംഗങ്ങൾ ഇവിടെ താമസിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നു.ഇതു മാത്രമല്ല കിളിമാനൂർ കൊട്ടാരത്തിന്റെ പ്രത്യേകത. തിരുവിതാംകൂർ രാജവംശത്തിന്റെ ഉദ്ഭവം തന്നെ ഈ കുടുംബ ബന്ധത്തിൽ നിന്നാണ്. കിളിമാനൂർ കൊട്ടാരത്തിലെ രാഘവവർമയുടെ പുത്രനാണ് തിരുവിതാംകൂർ സ്ഥാപകനായ മാർത്താണ്ഡവർമ എന്നതും ചരിത്ര ചരടുകളിൽ കിളിമാനൂർ കൊട്ടാരത്തെ കോർത്തിണക്കിയിരിക്കുന്നു. 

sreebala-travel11

അവിടെനിന്നു തിരിച്ചിറങ്ങുമ്പോൾ ഒരു കാർന്നോര് ശ്രീബാലയെ പരിചയപ്പെടാൻ വന്നു. പേരു പറഞ്ഞപ്പോൾ കക്ഷി ചോദിച്ചതിതാണ്:‘പണ്ട് ഒരു മാസികയിൽ 19 കനാൽ റോഡ് എന്നൊരു കോളം എഴുതിയിരുന്നില്ലേ?’ഇപ്പോൾ ഞെട്ടിയത് ബാലയാണ്.പത്തിരുപതു വർഷം കഴിഞ്ഞിട്ടും വായനക്കാർ അതോർക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ടല്ലോ... സന്തോഷം!ത്രിസന്ധ്യയിൽ ത്രിമൂർത്തികൾ ഒന്നിച്ചൊരു ഫോട്ടോഷൂട്ട്. ജഡായുവും സിആർവിയും ശ്രീബാലയും ഹെലിപ്പാഡിൽ ലെനിന്റെ ക്യാമറയ്ക്കു വിരുന്നായി. കൂടെ ശിൽപി രാജീവ് അഞ്ചലും. ഇരുട്ടിത്തുടങ്ങിയപ്പോൾ ജഡായുമംഗലത്തോട് വീണ്ടും വരാമെന്നു വാക്കു നൽകി വിടപറഞ്ഞു. സിആർവിയുടെ മടിയിലേക്ക് ഊളിയിടുമ്പോൾ നേരം നന്നേ ഇരുട്ടിത്തുടങ്ങിയിരുന്നു.

ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.

www.jatayuearthscenter.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com