ADVERTISEMENT

നർമംനിറഞ്ഞ സംസാരശൈലി കൊണ്ടും കുറിക്കു കൊള്ളുന്ന കൗണ്ടറുകൾ കൊണ്ടും പ്രേക്ഷകരെ ചിരിപ്പിച്ചു ‘കൊല്ലുന്ന’ സൂപ്പർ കോമഡി താരം- സാജു നവോദയ. പാഷാണം ഷാജി എന്ന പേരിലാണ് പ്രേക്ഷകർക്കു സാജുവിനെ പരിചയം. മിമിക്രി സ്റ്റേജില്‍നിന്ന് മിനിസ്‌ക്രീനിലേക്കും അവിടെനിന്നു മെഗാ സ്‌ക്രീനിലേക്കും കടന്നുവന്ന സാജുവിന് ആരാധകരേറെയുണ്ട്. മികച്ച അഭിനയം തന്നെയാണ് സാജുവിനെ ഇവിടം വരെ എത്തിച്ചത്. അഭിനയത്തിലും ജീവിതത്തിലും എപ്പോഴും ചിരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്ന ഇൗ താരത്തിന്റെ യാത്രാ വിശേഷങ്ങളറിയാം.

saju-travel

ഷൂട്ടിങ്ങും പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാകുമ്പോഴും തന്റേതായ ഇഷ്ടങ്ങളെ മാറ്റിനിർത്താന്‍ സാജു ഒരിക്കലും ശ്രമിച്ചിട്ടില്ല. യാത്ര പോകുവാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രകൃതിസ്നേഹിയായ സാജു. യാത്രകളിലൂടെ പ്രകൃതിയെ ആഴത്തിൽ മനസ്സിലാക്കുവാൻ സാധിക്കുമെന്നും സാജു പറയുന്നു. ഭാര്യ രശ്മിയെ കൂട്ടാതെ ഒരു യാത്ര സാജുവിനില്ല. ‘ഭാര്യയൊടൊത്ത് തമാശകൾ പറഞ്ഞ്, കളിയാക്കി, സ്നേഹം പ്രകടിപ്പിച്ച് ആർത്തുല്ലസിച്ചൊരു യാത്ര. അതൊക്കെയാണ് എന്റെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നത്. അവനവനിലേക്കു നടത്തുന്ന യാത്രയാണ് സഞ്ചാരം എന്നു പറയാറുണ്ടെങ്കിലും കുടുംബയാത്രകളിൽ നമ്മൾ‍ പ്രിയപ്പെട്ടവരിലേക്കാണ് സഞ്ചരിക്കുന്നത്. എന്നെപ്പോലെ പ്രകൃതിയെയും കാടിനെയും സ്നേഹിക്കുന്നയാളാണ് എന്റെ രശ്മിയും’. സാജു പറയുന്നു.

കാട്ടിലേക്കുള്ള യാത്ര

യാത്രകളിൽ ഞങ്ങൾ രണ്ടാളും തിരഞ്ഞെടുക്കുന്നത് കാട്ടിലേക്കുള്ള യാത്രയാണ്. പുൽമേടുകളും കാട്ടരുവികളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും വന്യതയുമൊക്കെ ആസ്വദിച്ചുള്ള യാത്ര. ഒഴിവു സമയമൊക്കെ യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. മരങ്ങള്‍ കണ്ട്, പുഴകള്‍ കടന്ന്, മല കയറി, കുന്നിറങ്ങി, കാട്ടിലൂടെ ഒരു സവാരിയും മരമുകളിൽ താമസവുമൊക്കെ ഒരിക്കലും മറക്കാനാവില്ല. കാട് നൽകുന്ന കാഴ്ചകൾ വർണിക്കാനാവില്ല. കാടിന്റെ ഉള്ളിലേക്കുള്ള യാത്രയാണ് എനിക്ക് ഇഷ്ടം. വന്യമൃഗങ്ങളെ കണ്ടുള്ള യാത്രയാവണം. നാട്ടിലെ മനുഷ്യരെക്കാളും കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം. മൃഗങ്ങൾക്കു ശല്യം ഉണ്ടാക്കാത്തവിധം എത്രദൂരം വേണമെങ്കിലും ഉൾക്കാട്ടിലേക്കു പോകാം.

മസിനഗുഡിയും ചിന്നാറും ഉൗട്ടിയുമൊക്കെ എത്രതവണ പോയാലും മടുക്കില്ല. കാട് എപ്പോഴും പുതുമകൾ നിറഞ്ഞയിടമാണ്. ഒരുപക്ഷേ കാടിനോടുള്ള അമിതാവേശം കൊണ്ടാകാം. കാടിന്റെ സൗന്ദര്യം നുകരാന്‍ മസിനഗുഡിയോളം വരില്ല മറ്റൊരിടവും. എവിടെത്തിരിഞ്ഞാലും കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് വനത്തിലാണ്. തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി.

ചിന്നാറിലെ ഏറുമാടത്തിൽ ഒരു രാത്രി

saju-travel1

ഒരിക്കൽ ഞാനും രശ്മിയും നടി പ്രിയങ്കയുമൊക്കെയായി ഒരു യാത്ര പോയി. കേരളത്തിന്റെ മഴനിഴൽകാട്ടിലേക്ക്; ചിന്നാർ. പ്രിയങ്കയും യാത്രയെ അത്രമേൽ ഇഷ്ടപ്പെടുന്നയാളാണ്. മറയൂരിൽനിന്ന് തമിഴ്നാട്ടിലെ ഉഡുമൽപേട്ടയിലേക്കുള്ള കാട്ടുവഴിയിലാണ് കേരളത്തിന്റെ മഴനിഴൽസുന്ദരിയായ ചിന്നാര്‍. സാഹസിക സഞ്ചാരികള്‍ക്കും സകുടുംബ യാത്രികർക്കുമൊക്കെ ഒരേപോലെ ഇഷ്ടമാകും ചിന്നാറിന്റെ സൗന്ദര്യം. കാടിന്റെ തുടിപ്പറിയാനും വന്യജീവികളെ അടുത്തുകാണുവാനുമായി ഞങ്ങൾ രാത്രിയിൽ ഏറുമാടത്തില്‍ താമസമാക്കി. വല്ലാത്തൊരു അനുഭൂതിയായിരുന്നു ആ താമസം. കറുത്തിരുണ്ട കാട്, മുകളിൽ കണ്ണുചിമ്മി ഞങ്ങളെ നോക്കിയിരിക്കുന്ന നക്ഷത്രക്കൂട്ടങ്ങൾ, കാടിന്റെ ശബ്ദം. മരവീട്ടിലെ താമസം രസകരമായിരുന്നു.

ആനയെ കാണാം

saju-travel3

ഗവിയിൽ പോയിരുന്നു. അപ്പോൾ രസകരമായൊരു സംഭവമുണ്ടായി. കാഴ്ചകളൊക്കെ കണ്ട് മടക്കയാത്ര അതിരപ്പിള്ളി വാൽപാറ വഴിയായിരുന്നു. നേരം ഇരുട്ടി. ഒരു കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോൾ ആനയിറങ്ങിയിട്ടുണ്ട്. അങ്ങോട്ട് ഇൗ രാത്രിയിലുള്ള യാത്ര അപകടമാണെന്ന് അറിഞ്ഞു. എനിക്ക് പിറ്റേദിവസം ഷൂട്ട് ഉള്ളതുകൊണ്ട് അന്നുതന്നെ പോകണമായിരുന്നു. എന്തുവന്നാലും കുഴപ്പമില്ല, എന്റെ ഇഷ്ടപ്രകാരം പോകുന്നു എന്ന് വനപാലകർക്ക് എഴുതിക്കൊടുത്ത് യാത്ര തിരിച്ചു. എനിക്ക് യാതൊരു പേടിയും തോന്നിയില്ല. കുറേ ദൂരം സഞ്ചരിച്ചു. വഴിയിൽ ആന പോയിട്ട് പൂച്ചയെ പോലും കാണാൻ പറ്റിയില്ല. നിരാശ തോന്നി. അപ്പോഴതാ ഭാര്യ രശ്മി പറയുന്നു, ആന വരാതിരിക്കാൻ ഒരുകുല വാഴപ്പഴം ഭഗവാന് നേർന്നിരുന്നുന്ന്. ഞാനാകെ പ്ലിങ്ങായി. ആനയെ കാണാനുള്ള ചാൻസും പോയി.

അടുത്ത യാത്ര

കുടുംബസമേതം ഒാസ്ട്രേലിയയിലേക്ക് അടുത്തു തന്നെ പോകും. എന്റെ കുടുംബസുഹൃത്ത് അവിടെയുണ്ട്. ഞങ്ങളുടെ സ്വന്തം ഡാലിയ ചേച്ചി. കഴിഞ്ഞ ദിവസം ഒരു യാത്രയിലായിരുന്നു. മൂന്നാർ, ആനക്കുളം ഒക്കെ കറങ്ങി. ഏതു യാത്രയിലും എന്റെ രശ്മിയും കൂടെയുണ്ടാകുമെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com