sections
MORE

തനി ഇല്ലം; കുളിർമ പകരും ഒരു ഹോംസ്റ്റേ അനുഭവം

HIGHLIGHTS
  • പാരമ്പര്യപ്പെരുമയുള്ള കെട്ടിടം
thani-illam-homestay
SHARE

‘‘പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കണം, മദ്യം കൊണ്ടു വരാനേ പാടില്ല. ഭക്ഷണം സസ്യാഹാരമേ കിട്ടൂ.’’ ഒരു ഹോംസ്റ്റേയിലേക്കു ചെല്ലുന്നതിനു മുൻപേ ഇത്രയും നിബന്ധനകൾ കേട്ടാലോ? തീർന്നില്ല, അവിടെ റൂം സർവീസ് ഇല്ല, എയർ കണ്ടീഷനിങ് ഇല്ല, ഫ്രിജ് ഇല്ല, മെനു ഇല്ല... നിങ്ങൾ പ്രതീക്ഷിക്കുന്ന ഉപചാരങ്ങളൊന്നും ലഭിക്കുന്നുണ്ടാവില്ല. പക്ഷേ, ഒന്നുണ്ട്; ചെല്ലുന്നവർക്ക് യാതൊരു ഔപചാരികതയുടെയും ഭാരമില്ലാത്ത സ്നേഹവും ഇഷ്ടം പോലെ ഭക്ഷണവും മലയാളിത്തമുള്ള ഒരു ജീവിതാനുഭവവും കിട്ടും. ഞെട്ടണ്ട, നമ്മുടെ കേരളത്തിലാണ് അത്തരത്തിൽ ഒരു ഹോം സ്റ്റേ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവയിൽ സ്ഥിതി ചെയ്യുന്ന ‘തനി ഇല്ലം’ ആണ് ഈ സവിശേഷമായ വീട്ടനുഭവം സമ്മാനിക്കുന്നത്.

പാരമ്പര്യപ്പെരുമയുള്ള കെട്ടിടം

അധ്യാപകനായിരുന്ന ടിഎസ്പി നമ്പൂതിരിയും വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ ശാരദാമ്മാളും ശുദ്ധ വായു ശ്വസിച്ച്, ശുദ്ധജലവും കുടിച്ചു തന്നെ വേണം ജീവിതം എന്നെന്നും മുന്നോട്ട് കൊണ്ടു പോകാൻ എന്ന ആഗ്രഹത്തിലാണ് പെരുമ്പാവൂർ–കോടനാട് റൂട്ടിലെ തോട്ടുവ എന്ന കൊച്ചുഗ്രാമത്തിൽ ഒരു കെട്ടിടവും മുപ്പതു സെന്റ് സ്ഥലവും കൂടി മേടിക്കുന്നത്. തോട്ടുവ ഹിന്ദു വിശ്വാസപ്രകാരം ഔഷധങ്ങളുടെയും ചികിത്സ ശാസ്ത്രത്തിന്റെയും ദേവനായ ധന്വന്തരിയുടെ ക്ഷേത്രമുള്ള അപൂർവ സ്ഥലം, തൊട്ടടുത്ത് പെരിയാർ ഒഴുകുന്നു. മലയാറ്റൂർ, കാലടി തുടങ്ങിയ തീർഥാടന സ്ഥലങ്ങളും ഏറ്റവും സമീപം. അതുപോലെ തന്നെ ആകർഷകമായിരുന്നു ആ വീടിന്റെ പ്രത്യേകതയും...

thani-illam-homestay1

നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം, മലയാള സാഹിത്യത്തിലെ അതികായനായ മലയാറ്റൂർ രാമകൃഷ്ണന്റെ കുടുംബവീട്, അദ്ദേഹത്തിന്റെ  ഏറെ പ്രശസ്തമായ ‘വേരുകൾ’ എന്ന നോവലിലെ ഹൃദയഹാരിയായ പല രംഗങ്ങളുടെയും പശ്ചാത്തലമൊരുക്കിയ ഇടം അങ്ങനെയാണ് കാലങ്ങളായി തമിഴ്ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്ന കെട്ടിടം ഒരു മലയാള ബ്രാഹ്മണ കുടുംബത്തിന്റെ പക്കൽ എത്തുന്നത്.  

ഇരുന്നൂറ് വയസ്സിന്റെ ചെറുപ്പം

തനി ഇല്ലം കെട്ടിടത്തിന് ഇപ്പോൾ വയസ്സ് ഇരുന്നൂറ്. കേരളീയ ശൈലിയിൽ നിന്നു വേറിട്ടു നിൽക്കുന്ന രീതിയിൽ പ്രധാന വാതിലില്‍ക്കൂടി നോക്കിയാൽ നേരെ മറുവശം കാണാവുന്ന വിധത്തിൽ വാതിലുകളും ജനാലകളും നേർക്കു നേർ വരുന്ന അഗ്രഹാരശൈലി ഇപ്പോഴും നില നിർത്തിയിരിക്കുന്നു. ആദ്യം ഓലയോ വൈക്കോലോ മേഞ്ഞിരുന്ന കെട്ടിടം 99 ലെ വെള്ളപ്പൊക്കത്തിനുശേഷമാണ് ഓടുമേഞ്ഞതത്രേ. തിണ്ണയുടെ പുറത്തേക്ക് ഓടിറങ്ങിക്കിടക്കുന്ന സമ്പ്രദായമായതിനാൽ ചുമരുകളിലൊന്നും വെയിലോ മഴയോ അടിക്കില്ല. ഇത്രകാലം നിലനിൽക്കാനുള്ള പ്രധാന കാരണം ഇതുതന്നെയാകും എന്നാണ് സന്തോഷ് താന്നിക്കാടിന്റെ അഭിപ്രായം. 

thani-illam-homestay4

ഓടിറക്കമുള്ളതിനാൽ അകത്തേക്ക് അത്ര വെളിച്ചം കടക്കില്ല, അതുകൊണ്ട് സ്വാഭാവികമായ തണുപ്പ് ഉണ്ടാകും. കൂളിങ് ഇഫക്ട് കൂട്ടാൻ തട്ടടിച്ചിട്ടുണ്ട്. തട്ടിനുമുകളിൽ ഈറ്റയുടെ ഇലയിട്ടിട്ട് ചാണകം മെഴുകിയിട്ടുണ്ട്. അതുകൊണ്ട് വീടിനകത്ത് ചൂട് ഒട്ടുമില്ല. പിന്നീട് ടിഎസ്പി നമ്പൂതിരിക്ക് തന്റെ കുടുംബവീട് ഭാഗം വച്ചപ്പോൾ കിട്ടിയ ഒരു ഭാഗം ഈ കെട്ടിടവുമായി ചേർന്നു നിൽക്കുന്ന രീതിയിൽ ഇവിടെ കൊണ്ടുവന്ന് യോജിപ്പിച്ചു.

മലയാറ്റൂരിന്റെ ഇഷ്ടം

സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ സർവീസിൽ നിന്നു വിരമിച്ചാൽ തന്റെ കുടുംബ വീട്ടിൽ വന്നു താമസിക്കാനാഗ്രഹിച്ചിരുന്നത്രെ. ‘ഓർമകളുടെ ആൽബം’ എന്ന സ്മരണകളിൽ മലയാറ്റൂർ തന്റെ പാട്ടാ രാമനാഥ അയ്യരെയും പാട്ടി ബൃഹന്നായകി അമ്മാളെയും കാണാൻ ഒരു ഓണക്കാലത്ത്  ഈ ‘പുതിയമഠ’ത്തിലേക്ക് വരുന്നത് വികാരവായ്പോടെ കുറിച്ചിട്ടുണ്ട്.

thani-illam-homestay3

അതിനിടയിലാണ് നമ്പൂതിരി മാഷ് ഇത് മേടിച്ചത്. കുടുംബവീട് അന്യരുടെ കൈയ്യിലായതിൽ ആദ്യം മലയാറ്റൂരിന് ആശങ്കയുണ്ടായിരുന്നു.  പിന്നീട് ടിഎസ്പി നമ്പൂതിരി തിരുവനന്തപുരത്ത് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും തങ്ങൾ വീട് പൊളിച്ചു പണിയാനല്ല, അതേപടി സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു. താൻ പേടിച്ചതു പോലെ ഒന്നുമില്ലെന്ന്  മനസ്സിലാക്കിയ മലയാറ്റൂർ പുതിയ മഠത്തിൽ എപ്പോഴും ഇതിരിക്കട്ടെ എന്നു പറഞ്ഞ് ഒരു ഫോട്ടോ കൊടുത്തയച്ചു. ഇന്നും ആ ഫോട്ടോ ഇവിടെ പ്രധാനമുറിയിൽ കാണാം. പിന്നീട് നാലോ അഞ്ചോ തവണ അദ്ദേഹം തോട്ടുവയിൽ വന്നിട്ടുണ്ട്.

‘വേരുകളുടെ’ വേരോടിയ കെട്ടിടം

സർക്കാർ ഉദ്യോഗസ്ഥനായി തലസ്ഥാനനഗരിയിൽ കഴിയുന്ന രഘു സാഹചര്യങ്ങൾ കൊണ്ട് തന്റെ കുടുംബവീട് വിൽക്കാനായി നാട്ടിലെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട ഓർമകൾ തീർക്കുന്ന സംഘർഷങ്ങളാണ് മലയാറ്റൂരിന്റെ വേരുകളുടെ പ്രമേയം. തനി ഇല്ലത്തെ പല സാഹചര്യങ്ങളും നോവലിൽ ആഖ്യാനം ചെയ്യുന്നതു തന്നെയല്ലേ എന്നു നമുക്കു തോന്നും. 

പടിപ്പുരയിൽ നിന്നു പൂമുഖത്തെത്തി അകത്തേക്കു കയ റിയാൽ പ്രധാന മുറി ‘വേരുകളി’ൽ വർണിക്കുന്നതു പോലെ, ‘... സിമന്റു പൂശിയ തറ. മുറിയുടെ ഒത്തനടുക്ക് ഒരു കൂറ്റൻ മരത്തൂണ്.’ തുടർന്ന് വർണിക്കുന്ന സോപ്പ് കലണ്ടറുകളിൽ രണ്ടെണ്ണം ഇപ്പോഴും മറ്റൊരു മുറിയിൽ കാണാനാകും. കാലു കഴുകാനായി കിണറ്റിൻ കരയിലെത്തിയാൽ, ‘ഇരുമ്പുകൊണ്ടുള്ള ചെറിയ കപ്പിക്കു പകരം ചെണ്ടയുടെ വലുപ്പമുള്ള മരത്തിലുണ്ടാക്കിയ ഒരു ചാടായിരുന്നു കിണറ്റിൽ. കട–പട–കട–പട–കപ്പിയുടെ ശബ്ദമുയർന്നു.’ അങ്ങനെ പോകുന്നു സാമ്യങ്ങൾ.

പുതിയമഠം തനി ഇല്ലമാകുന്നത്

ടിഎസ്പി നമ്പൂതിരിയുടെ മകന്‍ സന്തോഷ് താന്നിക്കാട്ട് വിദ്യാഭ്യാസത്തിനു ശേഷം 1990 കളിൽ ആലപ്പുഴയിലെ ടൂറിസം രംഗത്ത് പ്രവർത്തിച്ചു വരവേ ആണ് ഹോംസ്റ്റേ എന്ന ആശയം ഉദിച്ചത്. ഹൗസ് ബോട്ടുകളിൽ വിദേശികളുമായി ആലപ്പുഴയിലെ കൈത്തോടുകളിൽക്കൂടി യാത്ര ചെയ്യവേ ഇരുവശത്തും കാണുന്ന ഗ്രാമീണ ജീവിതരീതികളും ഹൗസ്ബോട്ടിൽ വിളമ്പുന്ന നാടൻ ഭക്ഷണവുമൊക്കെ സഞ്ചാരികൾക്ക് പ്രിയങ്കരമാണ് എന്നു കണ്ടു. ഗവൺമെന്റ് സർവീസിൽ നിന്നു വിരമിച്ച അച്ഛനും അമ്മയും തങ്ങൾക്കു സമയം ചെലവഴിക്കാൻ ഇതു നല്ലൊരു മാർഗമാണെന്ന് മനസ്സിലാക്കി മകനൊപ്പം തന്നെ നിന്നു. അങ്ങനെയാണ് തനി ഇല്ലം ഹോം സ്റ്റേ പ്രവർത്തനം ആരംഭിച്ചത്.

1999ൽ കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ് പുരാതനമായ കെട്ടിടങ്ങൾ അതിന്റെ സ്ഥാനങ്ങളിൽത്തന്നെ അതേപടി സംരക്ഷിക്കുന്നതിനായി ഗൃഹസ്ഥലി എന്നൊരു ഹോം സ്റ്റേ പദ്ധതിക്കു തുടക്കം കുറിച്ചു. തനി ഇല്ലം അതിൽ അംഗത്വമെടുത്തു. പീപ്പിൾ ടു പീപ്പിൾ ട്രാവൽ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയ ചില വെബ് പോർട്ടലുകളിൽ പേരു റജിസ്റ്റർ ചെയ്തു. ഇതോടെ സഞ്ചാരികൾ അന്വേഷിച്ച് വരാൻ തുടങ്ങി. അങ്ങനെ 2002ൽ കേരള സർക്കാരിന്റെ മോസ്റ്റ് ഇന്നൊവേറ്റിവ് പ്രൊജക്ട് അവാർഡിന് തിരഞ്ഞെടുത്തു. അക്കാലത്ത് ഒരു സീസണിൽ 100 പേരൊക്കെ താമസത്തിനായി എത്തിയിരുന്നു.

സുസ്ഥിര വിനോദസഞ്ചാരത്തിൽ 2003–ൽ ഗ്രീൻ ഗ്ലോബ് സർട്ടിഫിക്കേഷന്റെ രാജ്യാന്തര തലത്തിലുള്ള പരിശീലനം നേടിയ സന്തോഷ് പിന്നീട് റസ്പോൺസിബിൾ ടൂറിസം എന്ന ആശയത്തിൽ ബ്രിട്ടനിൽ നിന്ന് സ്കോളർഷിപ്പ് നേടി. പ്രാദേശിക സംസ്കാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള വികസനത്തിനാണ് എന്നും തനി ഇല്ലം ഊന്നൽ കൊടുത്തത്.

എ ഡേ വിത്ത് എ ബ്രാഹ്മിൻസ് ഫാമിലി

പ്രായമേറി വരുന്നതോടെ സന്ദർശകർക്കൊപ്പം കൂടുതൽ സമയം െചലവഴിക്കാൻ ടിഎസ്പി നമ്പൂതിരിക്കും ശാരദാമ്മാളിനും കഴിയാതെ വന്നതോടെ ഇപ്പോൾ ഹോംസ്റ്റേ  എന്ന ആശയത്തിന് ചെറിയൊരു മാറ്റം വരുത്തി. കേരളീയമായ ജീവിതാനുഭവത്തെ മിനിയേച്ചർ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു സംവിധാനമാണ് ഇപ്പോൾ കൂടുതലും പ്രാവർത്തികമാക്കുന്നത്.

ക്രൂയിസ് കപ്പലിലോ ടൂർ ഓപറേറ്റർമാർ മുഖേനയോ കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് പ്രാദേശിക ജീവിതത്തിന്റെ നേരനുഭവം ഒരുക്കിക്കൊടുക്കുന്ന ഏകദിന സന്ദർശനമാണ് ഇപ്പോൾ ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. അതിന് ടൂർ ഓപറേറ്റർമാർ നൽകിയിരിക്കുന്ന പേരാണ് ‘എ ഡേ വിത്ത് എ ബ്രാഹ്മിൻസ് ഫാമിലി.’

രാവിലെ ഒൻപതു മണിയോടെ തനി ഇല്ലത്തിന്റെ പടിപ്പുരയിൽ അതിഥികൾ എത്തുന്നതോടെ ഏകദിന പരിപാടി ആരംഭിക്കും. തനി ഇല്ലത്തെ കാരണവരായ ടിഎസ്പി നമ്പൂതിരി മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബാംഗങ്ങള്‍ക്കൊപ്പം അതിഥികളെ സ്വീകരിക്കും. പടിപ്പുര കടന്നാൽ 200 വർഷം പഴക്കമുള്ള കെട്ടിടം പ്രധാന കൗതുകം, മാത്രമല്ല, മൂന്നു തലമുറയിൽപെട്ട ആൾക്കാരെ ഒരുമിച്ച് കാണുന്നതും വിദേശ സഞ്ചാരികൾക്ക് പലപ്പോഴും അദ്ഭുതമാണ്.

വീടിന്റെ ആദ്യ കാഴ്ചകൾ ആസ്വദിച്ചും ഉള്ളിലെ കുളിർമ അറിഞ്ഞും ഇരിക്കുമ്പോഴേക്ക് പ്രഭാതഭക്ഷണം വിളമ്പിയിട്ടുണ്ടാകും. ഇഡ്‍ഡലിയും സാമ്പാറും പോലെ സാധാരണ മലയാളി വീടുകളിലുണ്ടാക്കുന്ന ഏതെങ്കിലും വിഭവം. അത് ആവശ്യം പോലെ കഴിക്കാം, ഔപചാരികതയുടെ പേരിൽ കഴിക്കാൻ മടിക്കുന്നവരെ നിർബന്ധപൂർവം കഴിപ്പിക്കാനും മടിക്കില്ല!

thani-illam-homestay2

ഭക്ഷണത്തിനു ശേഷം കേരളീയ വസ്ത്രധാരണത്തിനു താൽപര്യമുള്ളവർക്ക് മുണ്ടും വേഷ്ടിയുമൊക്കെ പരീക്ഷിച്ചു നോക്കാം. തുടർന്ന് ധന്വന്തരി ക്ഷേത്രം വരെ നടന്നു നാടു കാണാനുള്ള സമയമാണ്. നാടും അമ്പലവുമൊക്കെ കണ്ടു വരുമ്പോഴേക്കും ഉച്ചഭക്ഷണം തയാറായിരിക്കും. അത് കേരള ശൈലിയിലുള്ള സദ്യയാണ്. ഓരോ വിഭവവും എന്താണെന്ന് പറഞ്ഞു കൊടുത്താണ് വിളമ്പുന്നത്. പരമ്പരാഗതമായ ക്രമത്തിൽ കൈകൊണ്ടു തന്നെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ഹെർബൽ ടാറ്റൂ

തമിഴ് സംസ്കാരത്തിന്റെ ഭാഗമാണ് കോലമെഴുത്ത് എന്ന കല. തനി ഇല്ലം നൂറ്റാണ്ടുകളോളം തമിഴ് കുടുംബത്തിന്റേത് ആയിരുന്നതിനാലും ശാരദാമ്മാളിന് കോലമെഴുതാൻ അറിയാവുന്നതിനാലും ഇന്നും ഇവിടെ അതു തുടർന്നു പോരുന്നു. ഊണിനു ശേഷം അതിഥികൾക്ക് കോലം വരയ്ക്കുന്നതിനെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും സങ്കൽപങ്ങളെപ്പറ്റിയും മനസ്സിലാക്കാം. ചമയങ്ങളിൽ താൽപര്യമെങ്കിൽ കേരളീയ ശൈലിയിൽ മൈലാഞ്ചി പരീക്ഷിക്കാം. ടാറ്റുവിനു പകരം ഹെർബൽ ടാറ്റൂവിങ്! സന്തോഷ് താന്നിക്കാടിന്റെ പത്നി ശ്രീജാ സന്തോഷും എല്ലാത്തിനും സഹായത്തിനുണ്ട്. ചെണ്ടമേളം, ഭരതനാട്യം തുടങ്ങിയ കേരളീയ കലകളുടെ അവതരണവും ആവശ്യപ്പെട്ടാൽ ഇവിടെ ഒരുക്കി കൊടുക്കാറുണ്ട്.

ഇന്ത്യക്കാരെക്കാൾ വിദേശികളാണ് തനി ഇല്ലത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ എത്തിയിട്ടുള്ളത്. ഒരിക്കൽ വന്നു പോയശേഷം ഇപ്പോഴും ഇ–മെയിൽ വഴി ബന്ധം പുലർത്തുന്നവരും ഉണ്ട്. പലരും ഔദ്യോഗികമായ തിരക്കുകളിൽ നിന്നു വേർെപട്ട് സംസാരിച്ചും വായിച്ചും ഏതാനും ദിവസം ചെലവിടാനായി എത്തിയവരായിരുന്നു. നാലു ദിവസത്തേക്ക് വന്ന് മൂന്നു മാസം താമസിച്ചവരും ലോകസഞ്ചാരത്തിനിടയിൽ സ്ഥലം ഇഷ്ടപ്പെട്ടതുകൊണ്ടു മാത്രം ആഴ്ചകളോളം താമസി ച്ചവരും ഒരാഴ്ച നിന്ന് മുപ്പത്തി അഞ്ച് കേരള വിഭവങ്ങളുടെ പാചകം പഠിച്ചിട്ടു പോയവരും ഒക്കെ ഇക്കൂട്ടത്തിൽ പെടുന്നു.

കുളിർമ പകരും അനുഭവം

ഏകദിന സന്ദർശനത്തിനായി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. കെട്ടിടത്തിന്റെ പഴമയും ശൈലിയും കണ്ടറിയാൻ വരുന്നവരും കോളജുകളിൽ നിന്നു പഠന യാത്രകളായി വരുന്നവരും ധാരാളം. നഗരത്തിലെ കോൺക്രീറ്റ് കാടുകളിൽ നിന്നു വരുന്ന പല വിദ്യാർഥികള്‍ക്കും ഓടിട്ട, മച്ചുള്ള, ഫാനിന്റെ ആവശ്യമില്ലാത്ത െകട്ടിടം വേറിട്ട അനുഭവമാണ്. തൊടിയിലും പറമ്പിലും ചുറ്റിക്കറങ്ങി, സദ്യയും കഴിച്ച് മടങ്ങുന്നവരുടെ ഓർമയിൽ ചന്ദനത്തിന്റെ കുളിർമയുള്ള അനുഭവമായിതു നിലനിൽക്കും.

ചിത്രങ്ങൾ: ജോസ്‍‍‍വിൻ പോൾസൺ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA