sections
MORE

മ്മടെ തൃശൂര്‍ വേറെ ലവലാ

thrissur-pooram(1)
SHARE

കേരളത്തിലെ ആദ്യത്തെ ആസൂത്രിത പട്ടണം. മലയാളിയുടെ സാംസ്കാരിക തലസ്ഥാനം. വടക്കുംനാഥന്റെ മണ്ണിൽ വർണം വാരിവിതറി പൂരം കുട മാറ്റുന്ന കാഴ്ചകൾ... ശക്തൻ തമ്പുരാൻ വളർത്തിയെടുത്ത തൃശൂരിന്റെ പരമ്പരാഗത കാഴ്ചകൾ തേടിയിറങ്ങാം.

തൃശൂർ സ്വരാജ് റൗണ്ടെന്ന രാജപാതയിലൂടെ നഗരം തിരക്കു പിടിച്ചു പായുകയാണ്. ശക്തന്റെ തട്ടകത്തിലെ കാഴ്ചകളിലൂടെ ഓട്ടപ്രദക്ഷിണത്തിനിറങ്ങിയപ്പോൾ ഇത്രയും കരുതിയില്ല. കുംഭത്തിൽ തന്നെ വേനൽ തീമഴ പെയ്യിച്ചു തുടങ്ങിയിരിക്കുന്നു. വെയിൽ കനംവച്ചു വരുന്നതോടെ ആൾത്തിരക്കു കുറഞ്ഞു വന്നു.

വിയർത്തു കുളിച്ചു, ഇനി ഒരടി മുന്നോട്ടു വയ്ക്കാൻ വയ്യ. പച്ചപ്പിന്റെ കുട നിവർത്തി പൂരപ്പറമ്പ് മാടി വിളിക്കുന്നു. റോഡിന്റെ തിരക്കിൽ നിന്ന് മതിൽ കടന്നു പൂരപ്പറമ്പിലേക്കു കാലെടുത്തു വച്ചപ്പോൾ തന്നെ കാഴ്ചയുടെ ആദ്യ കുടമാറ്റം. പരക്കം പായുന്ന നഗരത്തിരക്കിൽ നിന്ന് ഒരു നാടൻ അമ്പലപ്പറമ്പിലേക്ക്. തിരക്കടങ്ങി, കുംഭച്ചൂടിനെ പിടിച്ചു കെട്ടി മാവും പ്ലാവും ഇലഞ്ഞിമരവും തണൽ വിരിച്ചു. മരച്ചുവടുകളിൽ നേരത്തെ സ്ഥാനം പിടിച്ചവരുമുണ്ട്. പൂരപ്പറമ്പിന്റെ ഈ സ്വച്ഛത തൃശൂരിന്റെ സൗഭാഗ്യമാണ്. അധികം നഗരങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത ആഡംബരം.

തിരുവമ്പാടി ക്ഷേത്രം

56 ഏക്കറാണ് തേക്കിൻകാട് മൈതാനത്തിന്റെ  വിസ്തൃതി. മൂന്നു കിലോമീറ്റർ വരും പ്രദക്ഷിണവഴിയായ സ്വരാജ്റൗണ്ടിന്റെ ദൈർഘ്യം. ഈ 56 ഏക്കർ വരുന്ന പൂരപ്പറമ്പിനെ ചുറ്റിയാണ് തൃശൂർ നഗരം. പൂരപ്പറമ്പ് ചിലർക്ക് തേക്കിൻകാടാണ്, മറ്റുചിലർക്കത് വടക്കുന്നാഥന്റെ തട്ടകം.

thiruvambadi

ആസൂത്രിത നഗരം

കൊടും കാടായിരുന്ന തേക്കിൻകാട്  വെട്ടിത്തെളിച്ച് കൊച്ചിരാജാവ് ശക്തൻ തമ്പുരാ ൻ അതിനു ചുറ്റും നഗരം സ്ഥാപിക്കുകയായിരുന്നു. ലോകത്ത് പൈതൃക പദവിയുള്ള രണ്ടോ മൂന്നോ പ്രകൃതിദത്ത നഗര മൈതാനങ്ങളിൽ ഒന്നാണ് തേക്കിൻകാട്. കൾചറൽ ഹെറിറ്റേജ് സിറ്റി എന്ന പെരുമയും തൃശൂരിന് സ്വന്തം. താൻ പടുത്തുയർത്തിയ നഗര വളർച്ചയ്ക്കായി ക്രിസ്ത്യ ൻ, മുസ്‌ലിം വ്യാപാര കുടുംബങ്ങളെ ശ ക്തൻ തമ്പുരാൻ തൃശൂരിൽ എത്തിച്ചു. ഇത്തരത്തിൽ 52 ക്രിസ്ത്യൻ കുടുംബങ്ങളെ അരണാട്ടുകരയിലും പടിഞ്ഞാറെ കോട്ടയിലുമായി പാർപ്പിച്ചു. ഇവർക്ക് ഇന്നും തൃശൂരിന്റെ വ്യാപാരമേഖലയിൽ പ്രമുഖ സ്ഥാനത്തുണ്ട്.

തൃശിവപേരൂർ എന്നാണ് തൃശൂർ അറിയപ്പെട്ടിരുന്നത്. തിരു–ശിവ–പേരൂരാണ് തൃശിവപേരൂരായതെന്നും അതല്ല ത്രി–ശിവ–പേരൂരിൽ നിന്നാണ് പേരു വന്നതെന്നും വാദമുണ്ട്. നഗരത്തിന്റെ കേന്ദ്ര ബിന്ദുവായി നിലകൊള്ളുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണെന്നതിനാലാണ് ഈ നിഗമനങ്ങൾ.

തേക്കിൻകാടിന്റെ ഒത്ത നടുക്ക് കുന്നിൻ മുകളിലാണ് വടക്കുന്നാഥക്ഷേത്രം. കേരളത്തിന്റെ ശ്രീമൂലസ്ഥാനമാണിവിടമെന്നാണ് വിശ്വാസം. പത്തേക്കർ വരും ക്ഷേത്രവളപ്പ്. ക്ഷേത്രത്തിൽ മൂന്ന് മൂർത്തികൾ– വടക്ക് ശിവൻ, തെക്ക് ശ്രീരാമൻ, നടുവിൽ ശങ്കരനാരായണൻ. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം വടക്കുന്നാഥ ക്ഷേത്രത്തിലാണ്. വടക്കും നാഥന്റെ തിരുനടയിലാണ് പ്രസിദ്ധമായ തൃശൂർ പൂരം.

തൃശൂർ പൂരത്തില്‍ തുല്യപങ്കാളിത്തത്തിലുണ്ട് തിരുവമ്പാടി ക്ഷേത്രവും പാറമേക്കാവ് ക്ഷേത്രവും. സ്വരാജ് റൗണ്ടിൽ നിന്ന് ഷൊർണൂർ റോഡിലേക്കു ഏതാനും മീറ്റർ നീങ്ങി റോഡരികിൽ തന്നെയാണ് തിരുവമ്പാടി ക്ഷേത്രം. ഭഗവതി ക്ഷേത്രമായാണ് അറിയപ്പെടുന്നതെങ്കിലും മുഖ്യ പ്രതിഷ്ഠ ഉണ്ണിക്കണ്ണനാണ്. ഉപദേവതയാണു ഭഗവതി. സ്വരാജ് റൗണ്ടിന്റെ പടിഞ്ഞാറെ ഗോപുരത്തിന് അഭിമുഖമായാണ് പാറമേക്കാവ് ക്ഷേത്രം. പാറമേൽ ക്ഷേത്രം പണിതിരിക്കുന്നതിനാലാണത്രെ ആ പേരു വന്നത്. ദുർഗാദേവിയാണ് പാറമേക്കാവിലെ മുഖ്യപ്രതിഷ്ഠ.

പൂരങ്ങളുടെ പൂരം

മേട മാസത്തിലെ പൂരം നാളിൽ ‘പൂരം’ എത്തുന്നതോടെ തേക്കിൻകാടിന് ഈ ഭാവമായിരിക്കില്ല. ആളും ആനയും മേളവും. മലയാളക്കര കണ്ട ഏറ്റവും വലിയ ശബ്ദവർണഘോഷമാകും പൂരം നാളിൽ ഇവിടെ അരങ്ങേറുക. 36 മണിക്കൂർ നീളും തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ.തൃശൂർപൂരത്തിനു തുടക്കമിട്ടതു കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ (രാമവർമ) ആണെന്നു വിശ്വസിക്കപ്പെടുന്നു. അന്നോ ളം പ്രൗഢിയിൽ മുന്നിട്ടു നിന്ന ആറാട്ടുപുഴ പൂരത്തിൽ പ ങ്കെടുക്കാൻ പോയ തൃശൂർക്കാരെ അവിടുത്തെ തന്ത്രി വിലക്കിയതിനെത്തുടർന്ന് ഇനി പൂരം തൃശൂരിൽ തന്നെ മതിയെന്ന് ശക്തൻ തമ്പുരാൻ തീരുമാനിക്കുകയായിരുന്നത്രേ. ഒരു പൂരക്കാലത്ത് കനത്ത വെള്ളപ്പൊക്കം മൂലം മഹാരാജാവിന് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയെന്നും അന്നുമുതൽ തൃശൂരിൽ പൂരത്തിനു തുടക്കമിടുകയായിരുന്നെന്നും പൂരത്തെ സംബന്ധിച്ച മറ്റൊരു കഥയുണ്ട്.നായ്ക്കനാലിലെ ആൽത്തറയിലേയ്ക്കു മാറിയിരുക്കാം. കാതോർത്തു നോക്കൂ, മഠത്തി ൽവരവ് പഞ്ചവാദ്യത്തിന്റെ പെരുക്കം ഇവിടെ ഇപ്പോഴും തളംകെട്ടി നിൽക്കുന്നുണ്ട്.

തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ് ബ്രഹ്മസ്വം മഠത്തിൽ ഇറക്കിയതിനു ശേഷമുള്ള എഴുന്നള്ളിപ്പാണ് മഠത്തിൽ വരവ്. വടക്കുന്നാഥ ക്ഷേത്രത്തി ന്റെ പടിഞ്ഞാറെനടയിൽ പാറമേക്കാവ് വിഭാഗം ഒരുക്കുന്ന ഇലഞ്ഞിത്തറ മേളം, പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ ചേർന്നുള്ള കുടമാറ്റം, ശബ്ദതീവ്രതയിലും വർണപ്പകിട്ടിലും മൽസരിക്കുന്ന വെടിക്കെട്ടുമാണ് പൂരത്തിന്റെ മുഖ്യ ആകർഷണങ്ങൾ.

trissur

വടക്കേച്ചിറ–പള്ളിക്കുളം

ചിറകളുടെ നഗരമാണ് തൃശൂർ. അതും ശക്തൻ തമ്പുരാന്റെ ആസൂത്രണ മികവിന്റെ സാക്ഷ്യം. ചെറുതും വലുതുമായ നാൽപതോളം ചിറകളും കുളങ്ങളും നഗരത്തിലുണ്ടായിരുന്നു. വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, പള്ളിക്കുളം, ഇരട്ടച്ചിറ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. കാലത്തിന്റെ കടന്നു കയറ്റത്തിനിടയിലും ഇവയിൽ ചിലത് ഇന്നും നഗരത്തിനു കുളിർമയായി നിലനിൽക്കുന്നു.  ശക്തൻ കൊട്ടാരത്തോടു ചേർന്നാണു വടക്കേച്ചിറ. കൊട്ടാരത്തിന്റെ ഉള്ളിൽ നിന്ന് പടവിറങ്ങിയാണ് തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും ചിറയിൽ കുളിക്കാനെത്തിയിരുന്നത്. പടിപ്പുര ഇന്നുമുണ്ട്. വശങ്ങളിൽ കോർപറേഷൻ നടപ്പാതയും വഴിവിളക്കുകളും സ്ഥാപിച്ചു.

ശക്തൻ തമ്പുരാൻ നിർമിച്ച പടിഞ്ഞാറെച്ചിറ ഇന്ന് വടക്കേമഠത്തിന്റെ ഭാഗമാണ്. മികച്ച രീതിയിൽ ഇത് സംരക്ഷിക്കപ്പെടുന്നു. നഗരത്തിലേക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ ഉപയോഗത്തിനായി നിർമിച്ചതാണ് പള്ളിക്കുളം. വലിയപള്ളിക്കും പുത്തൻപള്ളിക്കും കിഴക്കായാണ് ഇത്. കോർപറേഷൻ മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും കുളം മാലിന്യം കൊണ്ടു മൂടാറുണ്ട്. ശക്തൻ ബസ്‌സ്റ്റാൻഡ് ഇരുന്ന സ്ഥലത്തെ ചതുപ്പിലാണ് ഇരട്ടക്കുളങ്ങൾ ഉണ്ടായിരുന്നത്. ബസ്‌സ്റ്റാന്റും ശക്തൻമാർക്കറ്റുകളും വന്നതോടെ ഇവ അപ്രത്യക്ഷമായി.

തൃശൂരെ  പള്ളികൾ

ക്രിസ്ത്യൻ വ്യാപാരികളെ നഗരത്തിൽ താമസിപ്പിച്ച  ശക്ത ൻ തമ്പുരാൻ അവർക്ക് പ്രാർഥനയ്ക്കു പള്ളി പണിയാൻ അനുമതിയും സ്ഥലവും നൽകി. അങ്ങനെ മർത്ത്മറിയംപള്ളി സ്ഥാപിതമായി. വലുപ്പം കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിച്ചതിനാൽ അത് വലിയ പള്ളിയെന്ന് അറിയപ്പെട്ടു. ഹൈ റോഡിന്റെ ഓരത്താണ് പള്ളിയുടെ സ്ഥാനം.

ലൂർദ്മാതാ കത്തീഡ്രലാണ് തൃശൂർ അതിരൂപതയുടെ ആസ്ഥാനദേവാലം. ഭൂമിക്കടിയിലുള്ള ചെറുപള്ളിയാണ് ഇവിടെ മുഖ്യ ആകർഷണം. അൾത്താരയ്ക്കു സമീപത്തെ പടികളിലൂടെ താഴോട്ടിറങ്ങി അടിപ്പള്ളിയിലെത്താം. ഇന്തോ–യൂറോപ്യൻ ശൈലിയിൽ തീർത്ത പള്ളിയുടെ ഉയരത്തിലുള്ള ഗോപുരവും പ്രത്യേകതയാണ്. പടിഞ്ഞാറെ കോട്ടയ്ക്കു സമീപം പാലക്കാട് റോഡിലാണ് പള്ളി.

പുത്തൻപള്ളിയും ബൈബിൾ ടവറും

വലിയ പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച് ക ൽദായ സഭയും കത്തോലിക്ക സഭയും തമ്മി ൽ തർക്കം ഉടലെടുത്തു. കോടതി വിധിയോടെ വലിയ പള്ളി കൽദായർക്കു സ്വന്തമായി. ഇതോടെ വലിയ പള്ളിക്ക് അധികം അകലെയല്ലാതെ മറ്റൊരു പള്ളി പണിയാൻ കത്തോലിക്ക വിശ്വാസികൾക്ക് രാജാവ് അനുമതി നൽകി. ഗോഥിക് ശൈലിൽ നിർമിച്ച വ്യാകുല മാതാവിൻ ബസിലിക്ക എന്നറിയപ്പെടുന്ന ഈ പള്ളിക്ക് ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പള്ളിയെന്ന ഖ്യാതിയുണ്ട്. ആംബ്രോസ് ഗൗണ്ടറാണ് പുത്തൻ പള്ളിയെന്ന് വിളിക്കപ്പെടുന്ന ബസിലിക്കയുടെ ശിൽപി. 1925 ലാ ണ് പള്ളി ഇന്നത്തെ രീതിയിൽ നിർമിച്ചത്.

പുത്തൻപള്ളിയുടെ 260 അടി ഉയരം വരുന്ന ഗോപുരം 2007ലാണ് പൂർത്തിയാക്കിയത്. ഗോപുരത്തിനു മുകളിലെത്തിയാ ൽ തൃശൂർ നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ചയാണ് മുന്നിൽ. കിഴക്ക് മലനിരകളും പടിഞ്ഞാറ് കണ്ണെത്താദൂരം പച്ചപ്പും കണ്ണുകളിൽ വിസ്മയം നിറയ്ക്കും. ബൈബിൾ ടവർ എന്നറിയപ്പെടുന്ന ഗോപുരത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ചുമർച്ചിത്രങ്ങളും കാണാം. ലിഫ്റ്റിലൂടെയും പടികയറിയും ടവറിനു മുകളിലെത്താം. പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.

thrissur-zoo

സാംസ്കാരിക തലസ്ഥാനം

കൊച്ചി രാജകുടുംബാംഗമായ രാമവർമ അപ്പൻ തമ്പുരാൻ1907ൽ തൃശൂർ അയ്യന്തോളിൽ താമസമാക്കിയതോടെയാണ് തൃശൂരിന്റെ സാംസ്കാരിക ഉന്നതിക്കു ഗതിവേഗം കൂടിയത്. സംസ്കൃതത്തിലും അഷ്ടാംഗഹൃദയത്തിലും അവഗാഹം നേടി. സാഹിത്യ പ്രേമിയായ അദ്ദേഹം രസികരഞ്ജിനി എന്ന മാസിക തുടങ്ങി. സാഹിത്യ പരിഷത്തിന്റെ രണ്ടാം സമ്മേളനം തൃശൂരിൽ നടന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ഇതിന്റെ ഭാഗമായി സാഹിത്യ കലാപ്രദർശനവും സംഘടിപ്പിച്ചു. നാൽപത്തൊന്നാം വയസ്സിൽ മരിച്ച അദ്ദേഹത്തിന്റെ സ്മാരകമായാണ് അയ്യന്തോളിൽ അദ്ദേഹം താമസിച്ചിരുന്ന കുമാരമന്ദിരം 1976ൽ കൈരളി ഗ്രാമമാക്കിയത്.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാണ് തൃശൂർ അറിയപ്പെടുന്നത്. കേരള സാഹിത്യ അക്കാദമി (ചെമ്പുക്കാവ്), സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി (ചെമ്പുക്കാവ്), സ്കൂൾ ഓഫ് ഡ്രാമ (അരണാട്ടുകര), അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ കൈരളി ഗ്രാമം), രാമവർമ സംഗീത വിദ്യാലയം... നീളുന്നു ഈ പെരുമയുടെ മേൽവിലാസങ്ങൾ.

ശക്തൻതമ്പുരാൻ കൊട്ടാരം

കൊച്ചി രാജകുടുംബത്തിന്റെ വേനൽക്കാല വ സതിയായിരുന്നത്രേ. തൃശൂരിലെ കൊട്ടാരം.  ശ ക്തൻ തമ്പുരാൻ അടിത്തറയിട്ട തൃശൂർ നഗരത്തിന്റെ ചരിത്രവും രാജഭരണത്തിന്റെ ഓർമകളും വടക്കേ സ്റ്റാൻഡിനോടടുത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ കാണാം. കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങൾ, നാണയങ്ങൾ, ചീനഭരണികൾ, മരപ്പാത്രങ്ങൾ, നന്നങ്ങാടി  എന്നിവയൊക്കെ സന്ദർശകർക്ക് കാണാം. ശക്തൻതമ്പുരാന്റെ ശവകുടീരവും വളപ്പിലുണ്ട്. കേരള– ഡച്ച് ശൈലിയിൽ നാലുകെട്ട് മാതൃകയിലാണ് നിർമാണം. 1795 ലാണ് ഇന്നു കാണുന്ന കൊട്ടാരം പൂർത്തിയാക്കിയത്. പിന്നീട് പുരാവസ്തുവകുപ്പ് കൊട്ടാരം നവീകരിച്ച് മ്യൂസിയമാക്കി. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. 

മൃഗശാല – മ്യൂസിയം

രാജ്യത്തെ പഴക്കം ചെന്ന മൃഗശാലകളിലൊന്നാണ് തൃശൂലിലേത്. പതിമൂന്നര ഏക്കർ വിസ്തൃതി. ചെമ്പുക്കാവിൽ1885ൽ തുടക്കം. മൃഗശാല വളപ്പിൽത്തന്നെ ബൊട്ടാണിക്കൽ ഗാർഡനും ആർട്മ്യൂസിയവും ഉണ്ട്. ഏറ്റവും വലിയ ആനയുടെ അസ്ഥികൂടം ഇവിടെയാണ്. നഗരത്തിൽ നിന്ന് പത്തു കിലോമീറ്റർ അകലെ പുത്തൂരിൽ 336 ഏക്കർ പ്രദേശത്തേക്ക് മൃഗശാല മാറ്റി സ്ഥാപിക്കുകയാണ്. രാജ്യാന്തര നിലവാരത്തിൽ രാജ്യത്തെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാകും പുത്തൂരിൽ ഉയരുക. മൃഗശാലയിൽ തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് ആറര വരെ പ്രവേശനം.

കോൾപാടം

നഗരത്തിനു പടിഞ്ഞാറേക്കു പരന്നു കിടക്കുന്ന കോൾപാടങ്ങളിലേക്കൊരു സൈക്കിൾ സവാരി പോകാം. വെയിൽ വീഴും മുൻപോ വൈകിട്ടു വെയിലിനു കാഠിന്യ കുറഞ്ഞു കഴിയുമ്പോഴോ ആയാൽ നന്ന്. കോഴിക്കോട് റൂട്ടിൽ പുഴയ്ക്കൽ പാടത്ത് ആമ്പക്കാട് നിന്ന് ഇടത്തേക്കു തിരിഞ്ഞാൽ കോൾമേഖലയിലേക്കു കടക്കാം. പാടങ്ങൾക്കിടയിലെ ബണ്ട് റോഡിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കാം. നല്ല വയൽ കാഴ്ച മനസ്സു നിറയ്ക്കും. സൈക്കിൾ സവാരി നല്ല വ്യായാമവും. കൊടുങ്ങല്ലൂർ റൂട്ടിൽ പെരുമ്പിള്ളിശേരിയിൽ നിന്ന് തൃപ്രയാർ റോഡിൽ ചേർപ്പിലെത്തിയാലും കോൾ ബണ്ട് റോഡുകളിലേക്കു കടക്കാം.

Peechi dam

നാവിൽ വെള്ളമൂറുന്ന രുചിക്കൂട്ടുകൾ ഈ നഗരത്തിനു സ്വന്തമായുണ്ട്. വികെഎന്നും സാറാ ജോസഫും അത് അക്ഷരങ്ങളിൽ കുറിച്ചു. പൂരപ്പറമ്പിലെ മരച്ചുവട്ടിലിരുന്നു നോക്കിയാൽ കാണാം പത്തൻസ് ഹോട്ടലിന്റെ തലപ്പൊക്കം. അവടെ നിന്ന് മസാലദോശയുടെയും ചമ്മന്തിയുടെയും കൊതിയൂറുന്ന മണമുയരുന്നില്ലേ. വടക്കോട്ടു ചെവിവട്ടം പിടിച്ചാൽ അമ്പിസ്വാമി മഠത്തിൽ പാലടപ്പായസം ഉരുളിയിൽ തിളയ്ക്കുന്ന ശബ്ദം കേൾക്കാം.  വെളപ്പായ കണ്ണന്റെ പൂങ്കുന്നത്തെ പാചകപ്പുരയിൽ സദ്യവട്ടങ്ങൾ പുലർച്ചെ തന്നെ തയാറായിട്ടുണ്ടാകും. ‘ആലാഹയുടെ പെൺമക്കളിലെ’ കുട്ടികൾ പുത്തൻ പള്ളിക്കു പിന്നിലെ വെള്ളേപ്പക്കടകളിൽ നിന്ന് അപ്പവും കൊണ്ട് വീടുകളിലേയ്ക്ക് ഒാടുന്നുണ്ടാവുമോ?

അപ്പം അങ്ങാടി

പുത്തൻപള്ളിക്കു പിന്നിലെ ഇടവഴികൾ താണ്ടി നടന്നപ്പോൾ ചെറിയ പീടികമുറി പോലെ തോന്നിക്കുന്ന വീട്ടുകോലകളിൽ കളിമണ്ണിൽ തീർത്ത അടുപ്പുകൾ അടുക്കിവച്ചിരിക്കുന്നു. ഇതാണ് തൃശൂരിന്റെ അപ്പം അങ്ങാടി. ഇവിടത്തെ വെള്ളേപ്പത്തിന്റെ കൊതിയൂറും രുചിയാണ് ‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിൽ വായ നക്കാരുടെ നാവിൽ വെള്ളമൂറിച്ചത്. അടുപ്പുകളുടെ രൂപം ത ന്നെ കൗതുകമുണർത്തി. മൂടു പോ യ മൺകലം കമഴ്ത്തി വച്ചതു പോലെ.

ഇതിലേക്കു കനൽ കോരിയിട്ടാണ് വെള്ളേപ്പച്ചട്ടികൾ ചൂടാക്കുന്നത്. ചട്ടിയിൽ മാവൊഴിക്കുന്നതും താളത്തിൽ ചുറ്റിച്ച് മാവ് പരത്തുന്നതുമൊക്കെ കണ്ടു നിൽക്കാൻ രസമാണ്. സ്ത്രീകൾക്കാണ് അപ്പം ചുടീൽ ജോലി. പാകം വേവിൽ കരിവേൽക്കാതെ തൂവെള്ളയായി ഇവർ ഒരേ സമയം നാലും അഞ്ചും ചട്ടിയിൽ അപ്പം ചുട്ടെടുക്കും. വീടുകളിൽ നിന്നുയരുന്ന വെള്ളേപ്പത്തിന്റെ കൊതിയൂറും മണം നഗരത്തിലെത്തുന്ന എല്ലാവർക്കും പ്രിയങ്കരം. കാഴ്ചകളും രുചികളുമറിഞ്ഞുള്ള നഗരക്കാഴ്ചകൾ തീരുന്നില്ല. തൃശൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു മാറി വൈകുന്നേരങ്ങളെ മനോഹര കാൻവാസുകളാക്കാൻ വിലങ്ങൻ കുന്നിലേക്കു പോകാം.

വിലങ്ങൻകുന്നിലെ കാഴ്ചകൾ

തൃശൂർ നഗരത്തിനു സമീപത്തുള്ള മുഖ്യ പിക്നിക് സ്പോട്ടാണ് വിലങ്ങൻകുന്ന്. നഗരത്തിന്റെയും ചുറ്റുമുള്ള പച്ചപ്പിന്റെയും ഉയരക്കാഴ്ച ലഭിക്കുമെന്നതാണ് ആകർഷണം. ഇവിടെ നിന്നുള്ള കോൾപ്പാടങ്ങളുടെ ദൂരക്കാഴ്ച സുന്ദരമാണ്. കോഴിക്കോട് റൂട്ടിൽ അമല മെഡിക്കൽ കോളജിനു സമീപമാണ് ജൈവ വൈവിധ്യം വിരുന്നൊരുക്കുന്ന വിലങ്ങൻകുന്ന്. നട്ടു വളർത്തിയ അശോകവനവും ഇവിടെയുണ്ട്.

ഇവിടേക്ക് നഗരത്തിൽ നിന്ന് ഒൻപതു കിലോമീറ്റർ. കുട്ടികൾക്ക് കളിക്കാൻ കളിയൂഞ്ഞാലും റൈഡുകളും ഒരുക്കിയിട്ടുണ്ട്. വിലങ്ങനിൽ നിന്നു മടങ്ങും വഴി പുഴയ്ക്കലിൽ മൾട്ടിപ്ലക്സടക്കം വിനോദ സംവിധാനങ്ങളുള്ള ശോഭ സിറ്റി മാൾ തൃശൂരിന്റെ പുത്തൻ കാലത്തിന്റെ പ്രതീകമായി നിൽക്കുന്നു. സൂര്യൻ മറഞ്ഞ് ഇരുൾ പടരുമ്പോൾ വടക്കേ സ്റ്റാൻഡും പരിസരവും വൈദ്യുതി വിളക്കുകളും വാഹനങ്ങളുടെ ലൈറ്റുകളും തീർത്ത ഒരു പെയിന്റിങ്ങായി മാറിയിരുന്നു.

മറ്റു കാഴ്ചകൾ ചിമ്മിനി

കാടും മലയും ഡാമും കാട്ടാനയും ചോർന്നൊരു ഇക്കോ ടൂറിസം പാക്കേജാണ് ചിമ്മിനി. ട്രക്കിങ്ങിനും കാട്ടിനുള്ളിൽ താമ സിക്കാനും  അവസരം. വ നം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിക്കു കീഴിലാണ് ഈ സൗകര്യം ഒരുക്കുന്നത്. തൃശൂരിൽ നിന്ന് 37 കിലോമീറ്റർ അകലെ എച്ചിപ്പാറ ഗ്രാമത്തിൽ കരുവന്നൂർപുഴയ്ക്കു കുറുകെയാണ് ചിമ്മിനി ഡാം. കിഴക്ക് നെല്ലായാമ്പതിമലകൾ. കാട്ടിൽ കൂടാരം കെട്ടിയാണ് രാത്രി താമസം. വനംവകുപ്പിന്റെ സഹായികളും ഒപ്പമുണ്ടാകും. വനം വകുപ്പിന്റെ ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും താമസ സൗകര്യമുണ്ട്.ദേശീയ പാതയിൽ ആമ്പല്ലൂരിൽ നിന്നു തിരിഞ്ഞ് പാലപ്പിള്ളി റോഡിൽ‌ പോകണം. 25 കിലോമീറ്ററാണ് തൃശൂരിൽ നിന്നുള്ള ദൂരം.

പീച്ചി ഡാം

നഗരത്തിന്റെ ദാഹമകറ്റുന്നതിനു പുറമേ കാഴ്ചയുമൊരുക്കുന്നു പീച്ചി ഡാം. ചെറിയൊരു ഉദ്യാനവുമുണ്ട്. ഡാമിനെ ചുറ്റി പീച്ചി–വാഴാനി വന്യജീവിസങ്കേതം. വനത്തിനുള്ളിലേക്കു കുറെ ദൂരം നടപ്പാതയുണ്ട്.

നഗരത്തിൽ നിന്ന് പീച്ചിയിലേക്ക് റോഡ്മാർഗം 23 കിലോമീറ്റർ ദൂരം.

പൂമല – ചേപ്പാറ

കുതിരാൻ മലയ്ക്കു താഴെ ചെറിയൊരു ജലസംഭരണിയാണ് പൂമല ഡാം. എന്നാൽ, പ്രകൃതി ഭംഗി കൊണ്ട് മികച്ചൊരു പിക്നിക് സ്പോട്. കുന്നും കാടും സൂര്യാസ്തമയവും മനോഹര കാഴ്ച. തൃശൂർ–ഷൊർണൂർ റൂട്ടിൽ അത്താണിയിൽ നിന്നു തിരിയണം. നഗരത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരം.

രണ്ടു കിലോമീറ്ററോളം നീളമുള്ള പാറക്കെട്ടാണ് ചേപ്പാറ. ഇവിടെ നിന്നാൽ വടക്കാഞ്ചേരി പട്ടണമടക്കം വിശാലമായ ദൂരക്കാഴ്ച കിട്ടും. പൂമലയിൽ നിന്ന് അഞ്ചു കിലോമീറ്ററോളം യാത്രയുണ്ട് ചേപ്പാറയിലേയ്ക്ക്. ഭക്ഷണത്തിന് നാടൻകടകൾ മാത്രം.

കേരളത്തിലെ ആദ്യത്തെ ആസൂത്രിത പട്ടണം. മലയാളിയുടെ സാംസ്കാരിക തലസ്ഥാനം. വടക്കുംനാഥന്റെ മണ്ണിൽ വർണം വാരിവിതറി പൂരം കുട മാറ്റുന്ന കാഴ്ചകൾ... ശക്തൻ തമ്പുരാൻ വളർത്തിയെടുത്ത തൃശൂരിന്റെ പരമ്പരാഗത കാഴ്ചകൾ തേടിയിറങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA