sections
MORE

മല കേറി, തണുപ്പാസ്വദിച്ച് ഒരു ബുള്ളറ്റ് യാത്ര!

SHARE

ചില യാത്രകൾ നമ്മെ തേടി വരുന്നതാണ്. വേനൽ ആയതുകൊണ്ട് നാൾ എങ്ങും പോകാതിരിക്കുവായിരുന്നു. എന്നാൽ മനസു വീണ്ടും യാത്രകൾ പോകാൻ കൊതിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് അനന്ദു ചേട്ടന്റെ സമ്മർ റൈഡ് 2019 എന്ന പോസ്റ്റ്‌ കാണുന്നത്. ലൊക്കേഷൻ സത്രം ആയിരുന്നു. കുറച്ചു നാളുകളായി മനസിൽ ഇടംനേടിയ സ്ഥലങ്ങളിലൊന്നായിരുന്നു സത്രം. ഒട്ടും താമസിച്ചില്ല ഞാനും യാത്രയ്ക്കായി ഉണ്ടെന്ന് അറിയിച്ചു. റൈഡ് തീരുമാനിച്ചതും ആ ദിവസത്തിലേക്കുള്ള കാത്തിരിപ്പിലായിരുന്നു. തലേ ദിവസം തന്നെ റൈഡിങ് ഗിയരെല്ലാം പുറത്തെടുത്തു ഇട്ടതിനാൽ അമ്മക്ക് കാര്യം മനസിലായി. അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി.

Mian-Image

മണർകാട്, നാലുമണി കാറ്റായിരുന്നു നമ്മുടെ സ്റ്റാർട്ടിങ് പോയിന്റ്. 7 മണിയോടുകൂടി എല്ലാവരും അവിടെ എത്തിച്ചേർന്നു. 20 ഓളം റൈഡേഴ്‌സ് ഉണ്ടായിരുന്നു. എല്ലാവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. ഐപ്പു ചേട്ടന്റ റൈ‍ഡേഴ്സ് ഹട്ട് ബുള്ളറ്റ് ഗ്യാരേജിൽ എല്ലാവരും വാഹനത്തിന്റെ അവസാന ചെക്കപ്പും നടത്തി റൈഡിനു റെഡിയായി. 15ഓളം വണ്ടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും  റൈഡിന്റെ അടിപൊളി ടീ ഷർട്ട്‌ ഉണ്ടായിരുന്നു.കൂടാതെ വാഹനത്തിൽ ഒട്ടിക്കാൻ റൈഡിന്റെ സ്റ്റിക്കറും. എന്റെ ബ്ളാക്ക് പേളിൽ ആദ്യത്തെ റൈഡ് സ്റ്റിക്കറാണിത്.

image1

2013 ൽ തുടങ്ങിയ ബുള്ളറ്റ് കവാലിയേഴ്‌സ് ആയിരുന്നു ഞങ്ങളുടെ റൈഡിന്റെ ഓർഗനൈസർ. 2013 മുതൽ 2015 വർഷങ്ങളിൽ ഒരു മാസം മൂന്നോളം റൈഡുകൾ വരെ ബുള്ളറ്റ് കവാലിയേഴ്‌സ് നടത്താറുണ്ട്. ചില റൈഡിൽ 50-55 വാഹനങ്ങൾ വരെ ഉണ്ടായിരുന്നു. ഇൗ കാഴ്ചകളൊക്കെയും കാണുമ്പോൾ വർഷങ്ങൾക്കു മുൻപ് എനിക്ക് വാഹനം ഇല്ലാതിരുന്ന കാലത്തു ബുള്ളറ്റ് കാവലിയേഴ്സിന്റെ ഒരു ആർട്ടിക്കിൾ പത്രത്തിൽ വായിച്ചത് എന്റെ ഓർമയിൽ തെളിഞ്ഞു, 

ഒരു കൂട്ടം യാത്രികർ അതിരാവിലെ ഗ്രാമങ്ങളിലൂടെയും നാട്ടുവഴികളിലൂടെയും നടത്തുന്ന യാത്രയെക്കുറിച്ച്, ബ്രേക്ക് ഫാസ്റ്റ് റൈഡ്, ലഞ്ച് റൈഡ്, ഡിന്നർ റൈഡ് അങ്ങനെ നീളുന്നു. അന്നു മനസിൽ ആഗ്രഹിച്ചതാണ് അവരുടെക്കൂടെ റൈഡ് പോകണമെന്ന്.കാലം എന്നെ അവരുടെകൂടെ എത്തിച്ചു. അതെ ചില യാത്രകൾ നമ്മെ തേടി വരുന്നതുതന്നെയാണ്. ടീം 2 വർഷത്തെ ഇടവേളക്ക് ശേഷം നടത്തുന്ന ഒരു റൈഡാണിത്,-  സമ്മർ റൈഡ് 2019.

image2

8 മണിയോടെ റൈഡ് സ്റ്റാർട്ട്‌ ചെയ്തു. ഏറ്റവും മുന്നിലും പിന്നിലും സപ്പോർട്ടിങ് വാഹനങ്ങൾ. അതിന് പിന്നിലായി അനന്ദു ചേട്ടന്റെ ഹിമാലയൻ, പുറകെ നിരയായി മറ്റു വാഹനങ്ങളും നിരന്നു. മണർകാട് - പാമ്പാടി - കാഞ്ഞിരപ്പള്ളി - മുണ്ടക്കയം - കുട്ടിക്കാനം വഴി നേരെ പരുന്തുംപറയിലേക്ക്. പരുന്തുംപാറ എത്തുന്നത് വരെ ‌കിടുക്കന്‍ റോഡുകളായിരുന്നു. വെട്ടി തിളങ്ങുന്ന റോഡുകൾ. ഗട്ടറുകളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. റോഡിനിരുവശവും  പൂത്തു നിൽക്കുന്ന വാകമരങ്ങൾ,  പൂവിടർത്തി നിക്കുന്ന കാഴ്ച മനോഹരം തന്നെയായിരുന്നു. കാനന പാതയിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ശരിക്കും ആസ്വദിച്ചു.

ഞങ്ങളുടെ ബ്രേക്ക്‌ ഫാസ്റ്റ് മുണ്ടക്കയത്തു നിന്നായിരുന്നു. കാപ്പി കുടിച്ചപ്പോൾ ഐപ്പേട്ടന്റെ വക കമന്റ്  രണ്ടു അപ്പം കൂടുതൽ കഴിച്ചോളൂ, ഇനി അങ്ങോട്ട്‌ കുറച്ചു കഷ്ടപെടാനുള്ളതാണ്.അപ്പോഴൊന്നും മനസിലായില്ലെകിലും ഓഫ്‌ റോഡ് കഴിഞ്ഞു ഉച്ച ഉൗണിന് വൈകിയപ്പോള്‍ കാര്യം പിടികിട്ടി. മുണ്ടക്കയം കഴിഞ്ഞതും കാലാവസ്ഥ ശരിക്കും മാറി. തണുത്ത കാറ്റേറ്റുള്ള യാത്രയായിരുന്നു. കുറച്ചു കൂടി മുന്നോട്ടുള്ള യാത്രയിൽ കുട്ടിക്കാനത്തിന് തിലക കുറിയായ തലയെടുപ്പോടെ നിൽക്കുന്ന മരിയൻ കോളേജിന്റെ കണ്ടു. പിന്നെയുള്ള യാത്ര തേയില തോട്ടങ്ങൾക്കും കാപ്പി തോട്ടങ്ങൾക്കും ഇടയിലൂടെ കുന്നിൻ ചെരുവുകളിലൂടെയായിരുന്നു.  റൈഡ് ചെയ്യുമ്പോൾ ഒരിക്കൽ പോലും ചൂട് അനുഭവപെട്ടില്ല. അത്രയ്ക്ക് നല്ല കാലാവസ്ഥയായിരുന്നു.

image3

10.30 യോട് കൂടി ഞങ്ങൾ പരുന്തുംപാറയിൽ എത്തിചേർന്നു. എന്റെ ആദ്യ സന്ദർശനം ആണിവിടെ. പ്രകൃതിയുടെ ഒരു മടിത്തട്ടാണിവിടം. പ്രകൃതി ഭൂമിയിലേക്ക് ഇറങ്ങിവന്നതു പോലെ. ഈ മെയ്മാസ ചൂടിലും ഇവിടെ ചെറിയ തണുപ്പുണ്ട്. ആദ്യകാഴ്ചയിൽ തന്നെ പരുന്തുംപാറ എനിക്ക് ഒരുപാട് ഇഷ്ടമായി. ആരവത്തോടെ ആര്‍ത്തിരമ്പിയെത്തുന്ന കാറ്റും ഇവിടത്തെ ഒരു പ്രത്യേകതയാണ്. ചുറ്റിലും പച്ചപ്പണിഞ്ഞ മലകളും മൊട്ടകുന്നുകളും സഞ്ചാരികള്‍ക്ക് നല്ലൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

പരുന്തുംപാറയിൽ നിന്നും ഞങ്ങൾ പോയത് അണക്കല്ലു മൗണ്ട് കൊക്കയിലേക്കാണ് അവിടുന്നങ്ങോട്ട് ഓഫ്‌ റോഡ് തുടങ്ങുകയായിരുന്നു. എന്റെ ആദ്യത്തെ  ഓഫ്‌ റോഡ് റൈഡായിരുന്നു. കുറച്ചു വഴികൾ മനസിൽ നിന്നും മായുന്നില്ല. ഒരു സൈഡിൽ തേയില തോട്ടങ്ങൾ അപ്പുറത്തെ സൈഡിൽ നിവർന്നു കിടക്കുന്ന തടാകം, അങ്ങനെ കുറച്ചു മുന്നോട്ടു പോകുമ്പോൾ തടാകം കടക്കാൻ ചെറിയൊരു പാലം.ആ കാഴ്ച മനോഹരമായിരുന്നു.

image4

കുണ്ടുകളിലൂടെയും കുഴികളിലൂടെയും വണ്ടി ഓടിച്ചു  ഞങ്ങൾ മൗണ്ട് കൊക്കയുടെ ടോപിലെത്തി. ചിലയിടത്തു ഒറ്റ ലൈൻ മാത്രമേ ഉണ്ടായിരുന്നുള്ളു വാഹനത്തിന് പോകാൻ. ഒരു സൈഡിൽ അഗാധമായ കൊക്കെയും. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പണിപാളും. മൗണ്ട് കൊക്കെയുടെ ടോപ്പിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു. മുകളിൽ ഒരു മല ഉണ്ടായിരുന്നു. ഐപ്പ് ചേട്ടന്റെ ഓഫർ മലയുടെ മുകളിലുള്ള മരത്തിൽ തൊടുന്നയാൾക്ക് ഒരു ഐസ്ക്രീം.. കേട്ടപാടെ അലീഷയും നന്ദുവും മുകളിലേക്ക് ഓടി.

image5

മുകളിൽ നിന്നുളള വ്യൂ കാണാൻ എനിക്കും കൊതിയായി. പുറകെ ഞാനും മനോജേട്ടനും സുനിൽ ചേട്ടനും ഏറ്റുമാനൂർകാരനും കൂടി കയറി. കയറാൻ പ്രേത്യകിച്ചു വഴി ഒന്നുമില്ല. പാറയിലും പുല്ലിലും മൊക്കെ ചവിട്ടി മുകളിൽ കയറി. മുകളിൽ എത്തിയപ്പോൾ മനോജ്‌ ചേട്ടൻ പറഞ്ഞു നമുക്ക് പേരക്ക പറിക്കാമെന്നു. ആ മല മുകളിൽ കുറച്ചു വീടുകൾ ഉണ്ടായിരുന്നു. കുറെ പേര മരങ്ങളും.  പുള്ളി ഒരു വണ്ടി പെരിയാറുകാരനാണ് പുള്ളിക്ക് അവിടുത്തെ ഓരോ വഴിയും കാണാപ്പാഠമാണ്, അങ്ങനെ ഞങ്ങൾ ഒരു വിട്ടിൽ ചെന്ന്  അനുവാദം ചോദിച്ചു കുറെ പേരക്ക പറിച്ചു കഴിച്ചു. കൂട്ടിനു പനിനീർ ചാമ്പങ്ങയും.

അവിടെ നിന്നും ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ സത്രം ആയിരുന്നു. ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ്  ബോർഡറാണ് സത്രം. ശബരിമലയിലേക്കുള്ള ഒരു കാനനപാത കൂടിയാണീവിടം. പെരിയാർ ടൈഗർ റിസോർട്ടിന്റെ ഒരു ഭാഗമാണിവിടം. ചുറ്റും പച്ച വിരിച്ച പുൽമേടുകൾ മാത്രം. പ്രകൃതി ഭംഗി കവിഞ്ഞൊഴുകുന്ന ഇവിടെ നിന്നാൽ വന്യ മൃഗങ്ങളെ കാണാം. ഏതു സമയത്തു കോട വന്നു പൊതിയുമെന്നുള്ളതും സഞ്ചാരികളെ അങ്ങോട്ട്‌ ആകർഷിക്കുന്നു. ഞങ്ങളും കണ്ടു അങ്ങ് ദൂരെ കാട്ടു പോത്തുകളും മ്ലാവുകളും മേയുന്നത്. സത്രത്തിൽ നിന്നിറങ്ങി ഞങ്ങൾ ലഞ്ച് ബ്രേക്ക്‌ എടുത്തു.

image6

ആഹാരത്തിന് ശേഷം  4 മണിയോട് കൂടി അവസാന ഡെസ്റ്റിനേഷനായ പൊന്നാംക്കൂടി എസ്റ്റേറ്റിന്റെ ഭാഗമായ ഒരു ഹയർ സ്റ്റേഷനിലേക്ക്... പെരിയാറിലെ ഏറ്റവും വലിയ ടോപ് സ്റ്റേഷൻ ആണിത്. ഇതൊരു പ്രൈവറ്റ് പ്രോപ്പർട്ടിയാണ്. സാധരണ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം സാധ്യമല്ല. മനോജ്‌ ചേട്ടന്റെ പരിചയം വച്ചു കിട്ടിയ ഒാഫറാണ് അങ്ങോട്ടുള്ള യാത്ര. നല്ല കിടിലൻ ഓഫ്‌ റോഡ് ആയിരുന്നു. നല്ല ഉരുളൻ കല്ലുകളും, കുഴികളും പത്തോളം ഹെയർപിൻ വളവുകളും. ശരിക്കും ഒരു അഡ്വാഞ്ചർ റൈഡ് ആയിരുന്നു. ടോപ് വരെ ടു വീലർ കയറ്റാൻ സാധിക്കില്ലത്തതിനാൽ ഇടക്ക് വാഹനം ഒതുക്കി ടോപ്സ്റ്റേഷനിലേക്ക് ജീപ്പിലാണ് പോയത്, ജീപ്പിലെ യാത്രയും വളരെ ത്രിൽ ആയിരുന്നു. കുത്തനെയുള്ള കയറ്റം. പുൽ കാടുകൾക്കിടയിലൂടെ ഉള്ള വഴി.. ജീപ്പ് മുകളിലേക്ക് കയറുംന്തോറും ആകാശം താഴേക്ക്‌ വരുന്നപോലെയായിരുന്നു. ജീപ്പ് മുന്നോട്ടു ചെന്നപ്പോൾ അതാ കാടിനുള്ളിൽ ഒരു ഒറ്റ കൊമ്പൻ .. ആദ്യമായാണ് ട്രിപ്പിൽ ഞാൻ കാട്ടാനയെ കാണുന്നത്. അവനു പകുതി വാൽ ഇല്ലായിരുന്നു.

അവൻ പോകുന്നത് വരെ ഞങ്ങൾ നോക്കി നിന്നു. വളരെ വിശാലമായ ഒരു കുന്നിൻ ചെരുവ്. നോക്കാത്ത ദൂരത്തോളം മലനിരകൾകളും കുന്നുകളും. ഒരു മലക്കപ്പുറം തമിഴ്നാട് ആണ്. നല്ല തണുത്ത കാറ്റു വീശികൊണ്ടിരിക്കുന്നു. ആ കുന്നിൻ ചെരുവ് മുഴുവനായും വേലി കെട്ടി മറച്ചിരിക്കുന്നു. അവിടിവിടെ ഓരോരുത്തരെയും കാണാം.

image7

പെട്ടന്നാണ് ഞങ്ങൾ വഴിയിൽ കണ്ട ഒറ്റകൊമ്പനെ അവിടെയും നിൽക്കുന്നത് കണ്ടത്. ആന നിൽക്കുന്നത് അവിടെ കാഴ്ച കണ്ടു നിന്നിരുന്ന നിപ്പോൺ അറിഞ്ഞേ ഇല്ല. മനോജ്‌ ചേട്ടൻ ഉടനെ നിപ്പോണെ തിരിച്ചു വിളിച്ചു. സംഭവത്തിന്റെ അപകടം അറിയാഞ്ഞിട്ടാണോ എന്തോ നിപ്പോൺ ഉത്സവത്തിന് ആനയെ കാണുന്നത് പോലെ ഭംഗി ആസ്വദിച്ചു നിൽക്കുവാണ്, അത്രക്ക് ഉണ്ട് അവന്റെ രണ്ടു കൊമ്പുകളുടെ ഭംഗി, അവൻ ഞങ്ങളെ കണ്ടു, തുമ്പികൈ പൊക്കി മുറി വാലും കൂർപ്പിച്ചു വേലിക്കടുത്തേക്ക് നടന്നു. ആനയെ കണ്ട ത്രില്ലിൽ ഞാനും കുറച്ചു മുന്നിലേക്ക് ചെന്ന് അവന്റെ  വീഡിയോ എടുക്കുവായിരുന്നു. നിമിഷ നേരം കൊണ്ട് വേലി ചാടി കടന്നു. ഞങ്ങൾ എല്ലാവരും പേടിച്ചു ഓടാൻ തുടങ്ങി. എന്തോ ഭാഗ്യത്തിന് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നില്ല എതിർ ദിശയിലേക്ക് പോയി. ആ കുറച്ചു നിമിഷത്തേക്ക് എല്ലാവരും ചെറുതായൊന്നു പേടിച്ചു.

പേടിതോന്നിയെങ്കിലും വളരെ നല്ല നിമിഷങ്ങളായിരുന്നു. ഞങ്ങൾ ആനയെ കണ്ടെന്നു കേട്ടപ്പോൾ താഴെ നിന്നിരുന്നവർക്ക് കൂടി മുകളിലേക്ക് വരണമെന്നായി. ഞങ്ങൾ താഴേക്കു പോയി ബാക്കിയുള്ളവർ മുകളിൽ എത്തി. അവർ എത്തിയപ്പോൾ അകലെ കുന്നിൻ ചെരിവിൽ കുറെ ആനകൾ മേയുന്നുണ്ടായിരുന്നു.

താഴെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നിടത്തു ഒരു ഗസ്റ്റ് ഹൗസും  അതിനടുത്തു ഒരു കുളവും ഉണ്ടായിരുന്നു. കുറച്ചു പേർ കുളത്തിൽ നിന്നും ചൂണ്ടയിട്ടു മീൻ പിടിച്ചു. ഞാൻ പോയി ഒരു കുളിയൊക്കെ പാസ്സാക്കി വന്നപ്പോൾ അലീഷ എല്ലാവർക്കും ചായ ഇട്ടു തന്നു. ചായയൊക്കെ കുടിച്ചു കഴിഞ്ഞപ്പോൾ മുകളിൽ പോയവർ തിരിച്ചെത്തി. പിന്നെ ചെറിയൊരു ഗ്രൂമിങ് സെക്ഷനോക്കെ നടത്തി. അപ്പോഴെക്കും സമയം അതിക്രമിച്ചിരിന്നു. പിരിയുവാനുള്ള സമയം ആയി .. തിരിച്ചുള്ള മലയിറക്കം ഇരുട്ടത്തുള്ള ഓഫ് റോഡ് ആയിരിന്നു. അതും നല്ലൊരു അനുഭവം ആയിരുന്നു. അങ്ങനെ വണ്ടിപെരിയാറിൽ നിന്നും നേരെ നാലു മണി കാറ്റിലേക്ക് തിരിച്ചു. യാത്രയും കാഴ്ചകളും ശരിക്കും ആസ്വദിച്ചെങ്കിലും റൈഡ് അവസാനിക്കുമ്പോഴും സങ്കടമായിരുന്നു. ഇനി അടുത്ത റൈഡിനായുള്ള കാത്തിരിപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA