ADVERTISEMENT

കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവായി ആചരിക്കുന്നത്. കർക്കിടകവാവ്‌ ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. നാം ഇന്ന് സുന്ദരമായ ഈ ഭൂമിയിൽ ജീവിക്കുവാൻ കാരണക്കാരായ മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ സ്മരിക്കുവാനും അവരുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനകളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കുവാനും അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും ,സ്നാനഘട്ടങ്ങളിലും,കടൽത്തീരങ്ങളിലും  ബലിതർപ്പണത്തിനായി എത്തുന്നത്. 

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇതിനുള്ള സൗകര്യം ഒരുക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം തന്നെ പ്രായഭേദമന്യേ തങ്ങളുടെ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യാവുന്നതാണ്. ബലിതർപ്പണം ചെയ്യുന്നവർ വാവുദിനത്തിന്റെ തലേനാൾ ഒരിക്കൽ എടുക്കേണ്ടതാണ് (ഒരു നേരം മാത്രം അരി ആഹാരം).വാവ് ദിനത്തിൽ കുളിച്ചു ഈറനുടുത്ത് മരിച്ചു മണ്മറഞ്ഞു പോയ പൂർവ പിതൃക്കളെ മനസ്സിൽ സങ്കല്പിച്ച് ക്ഷേത്ര പൂജാരിയുടെ അല്ലങ്കിൽ കർമ്മിയുടെ നിർദേശമനുസരിച്ച് ബലിതർപ്പം നടത്തണം. ,ദർഭപുല്ലു കൊണ്ട് പവിത്രമുണ്ടാക്കി മോതിരവിരലിൽ അണിഞ്ഞ ശേഷം വാഴയിലയിൽ എള്ള് ,ചെറുപൂള (ചെറൂള ),ദർഭപുല്ല് ,ചന്ദനം,ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങൾ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തിൽ സമർപ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതർപ്പണം പൂർണമാകുന്നു.

മരണശേഷം ആത്മാവ് പിതൃലോകത്തെത്തുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.അവിടെ നിന്ന് പിന്നീട് അവർ പുനർജനിക്കുകയോ മറ്റുലോകങ്ങളിലേക്കു പോകുകയോ മോക്ഷം ലഭിച്ചു ഭഗവൽ സന്നിധിയിൽ എത്തുകയോ ചെയ്യുന്നു എന്നാണ് വിശ്വാസം .ജനുവരി പകുതി മുതൽ ആറുമാസം  ഉത്തരായനവും പിന്നീടുള്ള ആറ് മാസം ദക്ഷിണായനവും ആണ് അതിൽ ഉത്തരായനം ദേവന്മാർക്കും ദക്ഷിണായനം പിതൃക്കൾക്കും ഉള്ളതാണെന്ന് ശാസ്ത്രം. ഉത്തരായനത്തിന്റെ ആരംഭമാണ് കർക്കിടകമാസം. ഈ മാസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃക്കൾ ഉണരുന്നു എന്നാണ് വിശ്വാസം.

പൂജാദ്രവ്യങ്ങൾ കൊണ്ട് ബലി ഇടുന്നു ശേഷം ഇലയോടു കൂടി നദിയിലോ,കുളത്തിലോ ഇറങ്ങി ജലത്തിൽ സമർപ്പിച്ചു മുങ്ങി നിവരുന്നതോടെ ബലിതർപ്പണം പൂർണമാകുന്നു. ഭൂമിയിലെ ഒരുമാസം പിതൃക്കൾക്ക് ഒരു ദിവസമാണ് അങ്ങനെ നോക്കുമ്പോൾ പന്ത്രണ്ടു മാസം എന്ന് പറയുന്നത് അവർക്കു പന്ത്രണ്ടു ദിനങ്ങളാണ്. ഈ പന്ത്രണ്ടു ദിവസങ്ങളിൽ ഒരിക്കൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ മണ്മറഞ്ഞുപോയ പൂർവ പിതൃക്കൾക്കുള്ള അന്നം നല്കണമെന്ന് പറയപ്പെടുന്നു. പിതൃലോകത്ത് വാസു ,രുദ്ര ആദിത്യ  എന്നീ ദേവതകളുണ്ടെന്നും ഇവർ നമ്മൾ നടത്തുന്ന തർപ്പണം സ്വീകരിച്ചു അതാതു പിതൃക്കൾക്ക് എത്തിച്ചു കൊടുക്കുന്നു എന്നും സ്വർഗത്തിലേക്കുള്ള യാത്രയിൽ അവർക്കു അത് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസമുണ്ട്.

ബലിതർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം ഇത് ലഭിക്കാതെ വന്നാൽ പിതൃക്കൾ മോക്ഷം ലഭിക്കാതെ മറ്റു ജന്മങ്ങൾ എടുക്കുമെന്നും അവരുടെ ശാപം പിൻതലമുറകളെ കൂടി ബാധിക്കുമെന്നും ഇത് മുടങ്ങിയാൽ പിതൃക്കൾ കോപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കർക്കിടകവാവ്‌ ദിവസം മൺമറഞ്ഞുപോയ പൂർവികരുടെ ആത്മാക്കൾ അവരവരുടെ വീട് സന്ദർശിക്കുമെന്നും വിശ്വസിക്കുന്നു. അതിനാൽ അവരെ സ്വീകരിക്കുന്നതിനായി വീടുകളിൽ അരികൊണ്ട് വാവട (വാവ് അട)   ഉണ്ടാക്കാറുണ്ട്. വാവിന് പ്രധാനമായുണ്ടാക്കുന്നത് വാവടയാണ്. അരി, ശർക്കര, തേങ്ങ, ഏലക്ക, ചുക്ക്, ചെറുപയർ എന്നീചേരുവകളുപയോഗിച്ചാണ് വാവട തയാറാക്കുന്നത്.

കേരളത്തിൽ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കാറുണ്ട് തിരുവന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം ,വർക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം ,ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നവാമുകുന്ദക്ഷേത്രം,തിരുനെല്ലി പാപനാശിനി ,കണ്ണൂർ ശ്രീ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല ,ആറന്മുള ,കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com