ADVERTISEMENT

∙ പട്ടികവർഗക്കാർക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴിൽ സംരംഭമാക്കി 

∙ ഓഡിറ്റോറിയം, ഉൽപന്നങ്ങളുടെ പ്രദർശന വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററി തുടങ്ങിയ സൗകര്യങ്ങൾ  

∙ 8 ഷോപ്പുകളിൽ മുളകൊണ്ടുള്ള ഉൽപന്നങ്ങൾ, തടിയിൽ തീർത്ത ശിൽപങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉൽപന്നങ്ങൾ

∙ ഗോത്ര പാരമ്പര്യത്തിന്റെ കയ്യൊപ്പോടു കൂടിയ വിഷാംശമില്ലാത്ത ഉൽപന്നങ്ങളും  

കൊച്ചി ∙ കേരളത്തിലെ പട്ടികവർഗക്കാർ തയാറാക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശന–വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവർഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിർമാണം പൂർത്തിയാകുന്ന ട്രൈബൽ കോംപ്ലക്സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോർഷോർ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബൽ കോംപ്ലക്സ്  2229. 22 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 8 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്. 3 നില കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉൽപന്നങ്ങളുടെ പ്രദർശന വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പട്ടികവർഗക്കാർക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴിൽ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് പട്ടികവർഗ വികസന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ട്രൈബൽ കോംപ്ലക്സ് തുറക്കാനാകുമെന്ന് ജില്ലാ ട്രൈബൽ ഓഫിസർ ജി. അനിൽകുമാർ പറഞ്ഞു.  

പട്ടികവർഗക്കാർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 8 ഷോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള ഉൽപന്നങ്ങൾ, തടിയിൽ തീർത്ത ശിൽപങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും ഷോപ്പുകളിൽ ഒരുക്കും. ഗോത്ര പാരമ്പര്യത്തിന്റെ കയ്യൊപ്പോടു കൂടിയ വിഷാംശമില്ലാത്ത ഉൽപന്നങ്ങളും വാങ്ങാൻ സാധിക്കും. 

കേന്ദ്ര പട്ടികവർഗ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഡെവലപ്മെൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് , പട്ടികവർഗ വികസന വനം വകുപ്പിന് കീഴിൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി കോ–ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി, വയനാട് അമൃത്‌ എന്നീ സ്ഥാപനങ്ങളെ കൂടാതെ പട്ടികവർഗക്കാരുടെ 5 സ്റ്റാളുകളും കോംപ്ലക്സിലുണ്ടാകും. അട്ടപ്പാടി കോ–ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴിൽ ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങി നിരവധി കാർഷിക ഉൽപന്നങ്ങൾ ആണ് തയാറാക്കുന്നത്. ഇതു വിറ്റഴിക്കുന്നതുവഴി അട്ടപ്പാടിയിലെ ഗോത്ര വർഗക്കാർക്ക് വിപണി കണ്ടെത്താൻ സാധിക്കും. കാപ്പിത്തടിയിൽ തീർത്ത ശിൽപങ്ങളാണ് അമൃത് നിർമ്മിക്കുന്നത്. 

ആധുനിക ശബ്ദ സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം ആണ് ട്രൈബൽ കോംപ്ലക്സിന്റെ മറ്റൊരു ആകർഷണം. കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക് ട്രീറ്റ്മെൻറ്, വീഡിയോ പ്രോജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എസി തുടങ്ങിയവ ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. 

ട്രൈബൽ കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നതോടെ അന്യം നിന്ന് പോകുന്ന ഗോത്ര കലാരൂപങ്ങളും, പാരമ്പര്യ അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്കാരിക സായാഹ്നങ്ങൾക്ക് സ്ഥിരം വേദി ഒരുങ്ങും . കിർത്താഡ്സ് വകുപ്പ്, കൊച്ചിൻ ബിനാലെ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സാംസ്കാരികവകുപ്പ്, സംഗീതനാടക അക്കാദമികൾ , ഫോക്‌ലോർ അക്കാദമികൾ തുടങ്ങിയവയുമായി സഹകരിച്ച് വിവിധ കലാ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട് . 

ചെറുകിട റസിഡൻഷ്യൽ ക്യാംപുകൾ, സെമിനാറുകൾ, ശിൽപശാലകൾ തുടങ്ങിയവ നടത്തുന്നതിനും സൗകര്യവും കോംപ്ലക്സിലുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 20 കിടക്കകൾ വീതമുള്ള പ്രത്യേക ഡോർമിറ്ററികളും പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഹാളും തയാറാക്കിയിട്ടുണ്ട്. കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com