sections
MORE

പുലിമുരുകന്റെ നാട്ടിൽ ഒരുനാൾ

Pooyamkutty-trip-1
SHARE

 പുലിമുരുകന്റെ നാടെന്ന് പൂയംകുട്ടിയെ വിശേഷിപ്പിക്കാൻ കാരണം, ലാലേട്ടന്റെ പുലിമുരുകൻ സിനിമ തന്നെയാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് പൂയംകുട്ടി കാട്ടിലും പ്രദേശങ്ങളിലുമാണ്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന വനത്താൽ ചുറ്റപ്പെട്ട കൊച്ചുഗ്രാമമാണ് പൂയംകുട്ടി. 

Pooyamkutty-trip-2

നാട്ടിലെ പൊള്ളുന്ന ചൂടിൽ നിന്നു മാറി കാട് കണ്ട് കാട്ടാറിൽ കുളിച്ചുതിമിർക്കാനും കഥകൾ പറഞ്ഞിരിക്കാനും ഇത്തവണ ഞങ്ങൾ ഒത്തുകൂടിയത് കാട്ടാനകളുടെയും കിളികളുടെയും നിത്യവിഹാര കേന്ദ്രമായ പൂയംകുട്ടി പുഴയോരത്താണ്. ഉച്ചതിരിഞ്ഞ് പല ജില്ലകളിൽ നിന്നുള്ള സഞ്ചാരിക്കൂട്ടം മണികണ്ഠംച്ചാൽ ചപ്പാത്ത് കടന്ന് പൂയംകുട്ടി പുഴയോരത്തെ ഹട്ടിൽ  ഒത്തുകൂടി. യാത്ര ക്ഷീണം ഇറക്കിവച്ച് വിശേഷങ്ങൾ പറഞ്ഞ് ഇരിപ്പായി. മുളകൊണ്ട് ഉണ്ടാക്കിയ ഹട്ടിലിരുന്നാൽ പുഴയ്ക്ക് അക്കരെ ഇല്ലിക്കാടിന്റെ ഇടയിലൂടെ പുഴയിലേക്ക് ഇറങ്ങി കിടക്കുന്ന ആനത്താരകൾ ഇഷ്ടംപോലെ കാണാം. വെയിലാറിക്കഴിയുമ്പോൾ കാട്ടിലെ കുറുമ്പന്മാർ വെള്ളം കുടിക്കാൻ പുഴയിലേക്ക് ഇറങ്ങുന്ന സമയമാണ്.

 അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കവേ പുഴയ്ക്ക് അക്കരെ മുള ഓടിക്കുന്ന ശബ്ദവും  ഇല്ലിക്കാട് ഇളകിവരുന്ന കാഴ്ചയും കൊമ്പന്മാർ വെള്ളം കുടിക്കാൻ കാടിറങ്ങി വരുന്നെന്ന കാര്യം തീർച്ചപ്പെടുത്തി. ആനക്കൂട്ടത്തെ കാണാൻ ഓരോരുത്തരായി പുഴയ്ക്ക് ഇക്കരെ ഇല്ലിക്കാട്ടിൽ പാറപ്പുറത്ത് ക്യാമറയും തയാറാക്കി ശ്വാസമടക്കി ഇരിക്കുന്ന സമയം. പെട്ടെന്നാണ് തൊട്ടപ്പുറത്ത് 4,5 തോട്ട അടുപ്പിച്ച് പൊട്ടുന്ന ശബ്ദം, പാറപ്പുറത്ത്  ഇരുന്ന ഞങ്ങൾ ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോൾ ആനക്കൂട്ടം വന്നപാടെ കാട് കേറി. പാറപ്പുറത്ത് ആനക്കൂട്ടത്തെ കാണാൻ ഇരുന്ന് ഞങ്ങളുടെ ശ്രമം വിഫലമായി. 

Pooyamkutty-trip4

പിന്നീട് പൂയംകുട്ടി പുഴയിൽ ചാടി തിമിർത്തുള്ള കുളിയായിരുന്നു. പശുക്കൾ മേഞ്ഞു നടക്കുന്ന പുഴയോരവും ചങ്ങാടത്തിൽ ചൂണ്ടയിടുന്ന നാട്ടുകാരൻ ചേട്ടനും പുഴയുടെ തൂവെള്ള മണൽ തിട്ടകളിൽ വോളീബോൾ കളിച്ച് രസിക്കുന്ന കൂട്ടുകാരുമൊക്കെയായി വൈകുന്നേരത്തെ സായാഹ്നം ചിലവിടുന്ന ഗ്രാമക്കാഴ്ചകൾ ഒന്ന് വേറെ തന്നെ. പുഴയിലെ വെള്ളത്തിൽ തിമിർത്തപ്പോൾ സമയം പോയതറിഞ്ഞില്ല. അതുകൊണ്ട് നല്ലൊരു സൂര്യാസ്തമനം കാണാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടമായി. ഇരുട്ട് വീണു തുടങ്ങി. ഭക്ഷണം കഴിച്ച് എല്ലാവരും ക്യാമ്പ് ഫയറിന്റ ചൂടിൽ കൊച്ച് വർത്തമാനവും തമാശകളും പറഞ്ഞ് നേരം പോയതറിഞ്ഞില്ല. 

Pooyamkutty-trip

ഇരുട്ടിന്റെ കാഠിന്യം കൂടി വന്നപ്പോൾ കുറച്ചുപേർ ടെന്റിലേയ്ക്ക് മടങ്ങി.പാതിരാത്രിയായതോടെ കാടിന്റെ മൂകതയിൽ പൂയംകുട്ടി പുഴയിലെ പാറപ്പുറത്ത് മാനം നോക്കി നക്ഷത്രങ്ങൾ എണ്ണി തമാശകൾ പറഞ് ഞങ്ങൾ കിടന്നു. ആഹാ എന്താ വൈബ്. കൂരിരുട്ടിൽ  മിന്നാമിനുങ്ങുകൾ മിന്നി തിളങ്ങുന്ന കാഴ്ച്ച മനസിനെ കുളിരണിയിപ്പിച്ചു. ഇടയ്ക്ക്  മാനത്തൂടി കൊച്ചിക്കുള്ള ഫ്ലൈറ്റുകൾ മിന്നി മിന്നി പോകുന്ന കാഴ്ചയും മിഴിവേകുന്നതായിരുന്നു.

Pooyamkutty-trip-3

     രാത്രി വൈകി മയക്കത്തിലേക്ക് വീണു. അതിരാവിലെതന്നെ കിളിനാദങ്ങൾ കേട്ടാണ് ഉണർന്നത്. ടെന്റിനുള്ളിൽ നിന്ന് നോക്കിയാൽ കാണാം പുഴയിൽ ചൂട് പൊങ്ങുന്ന കാഴ്ച്ച ഒപ്പം കോടമഞ്ഞും, പേരറിയാത്ത അനേകം കിളികൾ ചിലച്ചുകൊണ്ട് പുഴക്കുമീതെ പറന്നുയരുന്നു.രാവിലെ തന്നെ കാട് കയറാൻ ഇറങ്ങി പൂയംകുട്ടി കാട്ടിലെ നിത്യ താമസക്കാരാണ് മലയണ്ണാനും മലമുഴക്കി വേഴാമ്പലും. പോകുന്ന വഴിയെല്ലാം ഒട്ടുംതന്നെ ജാഡയില്ലാതെ  ക്യാമറയ്ക്ക് പോസ് ചെയ്ത് തന്ന മലയണ്ണാന്മാർ വേറിട്ട കാഴ്ച്ച ആയിരുന്നു.കാട് കണ്ട് ഇറങ്ങി, കാട്ടാറിൽ മുങ്ങി തിമിർത്ത് നല്ല അസ്സല് കുളിയും പാസാക്കി നേരെ ക്യാമ്പിലോട്ട്. ഭക്ഷണം കഴിഞ്ഞ് എല്ലാവരും പന്തപ്ര ആദിവാസി കോളനിയും കണ്ട്, അടുത്ത യാത്രയിൽ കണ്ട്മുട്ടുമെന്ന പ്രതീക്ഷയിൽ യാത്ര പറഞ്ഞിറങ്ങി.

പൂയംകുട്ടിയിലെ കാട്ടാറും  സായാഹ്നവും കിളികളും കാടും എന്നെന്നും മനസ്സിൽതങ്ങി നിൽക്കുന്ന ഒരു പിടി നല്ല ഓർമ്മകൾ തന്നു. യാത്രകളെ സ്നേഹിക്കുന്ന കുറേ  കൂട്ടുകാരെയും കിട്ടി.

റൂട്ട് :ആലുവ -പെരുമ്പാവൂർ -കോതമംഗലം -തട്ടേക്കാട് -കുട്ടമ്പുഴ -പൂയംകുട്ടി 

Pooyamkutty-trip-5
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA