sections
MORE

സ്ഥിരം റൂട്ടില്‍ നിന്നു മാറി ഇടുക്കിയിലേക്ക് പുതിയൊരു യാത്ര പാക്കേജ്

1The_beauty_of_Idukki_Dam
SHARE

വർഷങ്ങളായി എല്ലാവരും പോകുന്ന റൂട്ടില്‍ നിന്നു മാറി ഇടുക്കിയിലേക്ക് പുതിയൊരു ടൂർ പാക്കേജ്. അറിയപ്പെടുന്ന സ്ഥിരം ഡെസ്റ്റിനേഷനുകൾ ഒഴിവാക്കി പകരം പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തി. അഞ്ചുരുളി, രാമക്കൽമേട്, കുറവൻ–കുറത്തിമല, കാറ്റാടിപ്പാടം, തൂക്കു പാലം, കുട്ടിക്കാനം, അമ്മച്ചിക്കൊട്ടാരം, പരുന്തുംപാറ, രണ്ടു ദിവസത്തെ സമ്പൂർണ യാത്ര.

Idukki-Anchuruli

ഇടുക്കിയിലേക്ക് പുത്തൻ വഴി തെളിച്ചത് ഒരു ഡയറിയാണ്. രാമക്കൽമേട്ടിലെ ‘ബോർഡർ ബസാർ’ എന്ന കടയിലാണ് ആ ഡയറി സൂക്ഷിച്ചിട്ടുള്ളത്. ഹോളിവുഡ് നടൻ ലിയനാർ ഡോ ഡികാപ്രിയോ മുതൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ വരെയുള്ള പ്രശസ്തരുടെ കുറിപ്പുകളാണ് ഡയറിയുടെ ഉള്ളടക്കം. സുന്ദരിയായ മിടുക്കിയെന്നാണ് ഇവരെല്ലാം ഇടുക്കിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

‘‘മൂന്നാറും തേക്കടിയും കുമളിയും പോലെ ഇടുക്കിയിൽ കാഴ്ചകൾ വേറെയുണ്ടോ?’’ 2012ൽ രാമക്കല്‍മേട്ടിലെത്തി‌യ സാമന്ത എന്ന അമേരിക്കക്കാരി ഡയറിയിൽ ചോദ്യമായി കുറിച്ചിട്ടിരിക്കുന്നു. സാമന്തയെപ്പോലെ ഇടുക്കിയിൽ പുതുവ ഴികൾ തേടുന്ന നിരവധിയാളുകളുണ്ട്. കുടുംബത്തെ കൂട്ടിയും കൂട്ടുകാരോടൊപ്പവും പോകാൻ പറ്റിയ ലൊക്കേഷനുകളാണ് എല്ലാവരും തിരയുന്നത്. മലനാട്ടിൽ പുത്തൻ ഡെസ്റ്റിനേഷനുകൾ തേടുന്നവർക്കു വേണ്ടി പുതിയൊരു പാക്കേജ് പിറ്റേന്നു തന്നെ തയ്യാറാക്കി ശനിയാഴ്ച രാവിലെ കുട്ടിക്കാനത്തു നിന്ന് ട്രിപ്പ് ആരംഭിച്ചു.

anchuruli-tunnel-idukki7

അഞ്ചുരുളി

ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ അലോഷിയെ സഹോദരൻ ആക്രമിക്കാൻ വരുന്ന രംഗം ചിത്രീകരിച്ച അഞ്ചുരിളിയിലെ ടണലിലാണ്. സിനിമ ഇറങ്ങിയ ശേഷം ടണൽ പ്രസിദ്ധമായി. പാറ തുരുന്നുണ്ടാക്കിയ, ഗുഹ പോലെയുള്ള നാലു മീറ്റർ നെടുതായ ടണൽ കാണാൻ അന്നു തൊട്ട് ആളുകൾ വന്നു തുടങ്ങി. മുട്ടോളം വെള്ളം നിറഞ്ഞു നിൽക്കുന്ന ടണലിന്റെ അങ്ങേയറ്റം പപ്പട വട്ടത്തിൽ തെളിഞ്ഞു കാണാം. 

idk-anchuruli-water-force

കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയിലുള്ള അഞ്ചു മലകൾക്കു നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ഈ ക്യാച്ച് ഡാം. ഇരട്ടയാർ റിസർവോയറിന്റെ ടണൽ തുറക്കുമ്പോൾ ക്യാച്ച് ഡാം നിറയും. മഴക്കാലത്ത് അഞ്ചുരിളിയില്‍ പോയാൽ ടണലിനുള്ളിൽ കയറാൻ പറ്റില്ല എന്നാലും അണക്കെട്ടില്‍ നിന്നു തുറന്നു വിട്ട വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടാസ്വദിക്കാം. ടൂറിസം ആഘോഷം നടത്തിയ കാലത്ത് അണക്കെട്ടിൽ സവാരിക്കായി ഒരു ബോട്ട് അഞ്ചുരുളിയിലെത്തിച്ചു. അതിപ്പോൾ ഉണക്കാനിട്ടതു പോലെ വഴിയരികിൽ കമിഴ്ത്തി വച്ചിരിക്കുകയാണ്.

ഏതു സമയത്തും മുട്ടോളം വെള്ളം നിറഞ്ഞു നിൽക്കുന്ന ടണലിന്റെ അങ്ങേയറ്റം പപ്പട വട്ടത്തിൽ തെളിഞ്ഞു കാണാം. ഒരു ലോറിക്ക് കടന്നു പോകാവുന്നത്രയും വിസ്താരമുള്ള ടണലിനുള്ളിൽ അര കിലോമീറ്റര്‍ ദൂരത്തോളമേ വെളിച്ചമുള്ളൂ. സാഹസം കാണിക്കുന്നതിനായി അതിനപ്പുറം പോയാൽ അപകടം ഉറപ്പ്. ടണലിന്റെ അങ്ങേയറ്റം ഇരട്ടയാർ റിസർവോയറിലേക്കു തുറന്നു കിടക്കുകയാണെന്നും ഓർക്കുക. കുത്തൊഴുക്കുള്ള കർക്കടകത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ടു ചെറുപ്പക്കാർ വെള്ളത്തിൽ വീണു മരിച്ചു. മുന്‍പുണ്ടായ അപകടങ്ങൾ മുന്നറിയിപ്പായി തിരിച്ചറിഞ്ഞ് വേണ്ടത്ര ജാഗ്രത യോടെ ടണലിനുള്ളിൽ കയറുക.

അഞ്ചുരുളി: കോട്ടയം– കട്ടപ്പന റൂട്ടിൽ കാഞ്ചിയാർ കക്കാട്ടുകട ജംക്ഷനിൽ നിന്ന് ഇടതു വശത്തേക്ക് 2.5 കി.മീ റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.

രാമക്കല്ല്, കുറവന്റെ ശിൽപ്പം

അഞ്ചുരുളി കണ്ടശേഷം നേരേ രാമക്കൽമേട്ടിലേക്ക്. ശ്രീരാമന്റെ പാദസ്പർശം പതിഞ്ഞ പാറയിൽ കയറാനാണു യാത്ര. തമിഴ്നാടും കേരളവും അതിർത്തി പങ്കിടുന്ന കുറവൻ–കുറത്തി മലയാണ് അവിടത്തെ മറ്റൊരു കാഴ്ച. ബോർഡർ ബസാറിന്റെ ഉടമയും രാമക്കല്‍ മേട് ടൂറിസം സൊസൈറ്റിയുടെ പ്രസിഡന്റുമായ സാബുവിനെ വിളിച്ചു. ഇരുപത്തഞ്ചു വർഷമായി രാമക്കൽമേട്ടിലെ സന്ദർശകര്‍ അഭിപ്രായം കുറിച്ചിടുന്ന ഡയറികളുടെ ഉടമയാണ് സാബു. രാമക്കല്‍മേടിന്റെ ചരിത്രം പറഞ്ഞു കൊണ്ടാണ് സാബു നടന്നത്.

kuravan-kurathimala

‘‘പണ്ട് രാമക്കൽമേടിനപ്പുറം കടലായിരുന്നു. അക്കാലത്താണ് രാവണൻ സീതയെ തട്ടിക്കൊണ്ടു പോയത്. കാട്ടിലൂടെ സീതയെ തിരഞ്ഞു നടന്ന ശ്രീരാമൻ ഒടുവിൽ കടലിനരികിലെത്തി. കടൽതീരത്ത് ഉയർന്നു നിന്ന പാറയുടെ മുകളിൽ കയറിയ രാമൻ ‘‘സീതേ സീതേ... നീയെവിടെ എന്നു വിലപിച്ചു. ‘‘അന്നു രാമൻ കയറി നിന്ന സ്ഥലമാണ് പിന്നീട് രാമക്കല്ലായി അറിയപ്പെട്ടത്. രാമക്കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം രാമക്കൽ മേട് എന്ന് അറിയപ്പെട്ടു.

രാമക്കല്‍മേടിൽ നിന്നൊരു ദൃശ്യം

രാമക്കല്ലിന്റെ പുരാണം പറഞ്ഞു കൊണ്ട് ഇല്ലിമുള്ളു നിറഞ്ഞ കാട്ടു വഴിയിലൂടെ സാബു മുൻപിൽ നടന്നു. കുത്തനെയുള്ള നാലു കയറ്റം കയറി കുന്നിനു മുകളിലെത്തിയപ്പോൾ തമിഴ് നാടിന്റെ ചന്തം തെളിഞ്ഞു. ചായം പൂശിയ കടലാസ് നിലത്തു വീണതു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. തമിഴ്നാട്.

‘‘ഇവിടെ നിന്നാൽ തമിഴ് നാട്ടിലെ പതിനെട്ടു പട്ടണങ്ങൾ കാണാം. പാറയുടെ തൊട്ടു താഴ്ഭാഗത്തു കാണുന്നതു കമ്പം. അതിനപ്പുറം തേനി. കോമ്പെ, തേവാരം, ഉത്തമപ്പാളയം. ബോഡിനായ്ക്കന്നൂർ, വൈഗ എന്നിവയാണ് തെളിഞ്ഞു കാണുന്ന മറ്റു പട്ടണങ്ങൾ’’. വ്യൂ പോയിന്റിലെ ദൃശ്യങ്ങൾ സാബു വിശദീകരിച്ചു.

vagamon-2

പാറയുടെ താഴെ അടിവാരത്തൊരു ക്ഷേത്രമുണ്ട്. രംഗനാഥൻ കോവിൽ എണ്ണൂറാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ അനന്ത ശയനമാണു പ്രതിഷ്ഠ. കന്നി മാസത്തിലാണ് അവിടെ ഉത്സവം നടത്തുന്നത്. രാമക്കൽമേടിൽ നിന്ന് കാട്ടു പാതയിലൂടെ നാലു കിലോമീറ്റര്‍ നടന്നാൽ ക്ഷേത്രത്തിലെത്താം. റോഡി ലൂടെ പോയാൽ നാൽപ്പതു കിലോമീറ്റർ ചുറ്റി വരണം. ബസ് സ്റ്റോപ്പിൽ നിന്ന് അരകിലോമീറ്ററോളം നടന്നാൽ രാമക്കല്ലിനു ചുവട്ടിലെത്താം. മുകളിലെത്താൻ പാറയിൽ അള്ളിപ്പിടിച്ച് നുഴഞ്ഞു കയറണം. ആലുവ യു.സി കോളജിൽ നിന്നുള്ള ഒരു സംഘം വിദ്യാർഥികൾ ഒരുമിച്ച് പാറയുടെ മുകളിൽ കയറി. രാമന്റെ പാദസ്പർശമേറ്റ സ്ഥലത്ത് വട്ടം ചേർന്നു നിന്ന് അവർ സെൽഫിയെടുത്തു.

‘‘താഴേക്കു വീണാൽ പൊടി പോലും കിട്ടില്ല. 650 അടി ഉയരമുള്ള പാറക്കെട്ടിന്റെ അടിവാരം തമിഴ്നാട്ടിലാണ്. ശക്തിയായി കാറ്റു വീശുന്ന സമയത്ത് പാറയുടെ മുകളിൽ നിൽക്കരുത്’’ സാബു മുന്നറിയിപ്പ് നൽകി. രാമക്കല്ലിനു മുകളിൽ നിന്നാൽ തെക്കു ഭാഗത്ത് കുറവൻ–കുറത്തി പ്രതിമ കാണാം. രാമക്കല്ലിലെ രണ്ടാമത്തെ ഡെസ്റ്റി നേഷനാണ് ശിൽപ്പങ്ങളുള്ള മല. രാമക്കല്ലിൽ നിന്നിറങ്ങി പ്രതിമയുള്ള മലയിലേക്കു നടന്നു കയറി. മുകൾഭാഗം വരെ വണ്ടി കയറിച്ചെല്ലും. നടന്നു കയറാൻ പടവുകളുണ്ട്. സിമന്റ് പടിയിൽ കുത്തിയിരുന്നു.

വർത്തമാനം പറയുന്ന സ്റ്റെഫാ നോ, ഗോലിയ എന്നിവരെ പരിചയപ്പെട്ടു. ‘‘ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപു തന്നെ സന്ദർശി ക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ രാമക്കൽമേട് ഉൾപ്പെടുത്തിയിരുന്നു’’ ഗോലിയ പറഞ്ഞു. ലിയനാർഡോ ഡികാപ്രി യോ സന്ദർശിച്ച സ്ഥലം എന്ന പ്രശസ്തിയാണ് സ്റ്റെഫാനോ യേയും ഗോലിയയേയും രാമക്കൽമേട്ടിലെത്തിച്ചത്. കുറവൻ– കുറത്തി ശില്‍പ്പങ്ങളുടെ ചുവട്ടിലിരുന്ന് അവർ കുറേ ഫോട്ടോയെടുത്തു. തമിഴ്നാട്– കേരള അതിർത്തിയിലാണ് പ്രതിമകൾ നിൽക്കുന്നതെന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് ഗോലിയ ചൂണ്ടിക്കാട്ടി.

‘‘പ്രതിമയുടെ പതിനഞ്ച് അടി അപ്പുറം തമിഴ്നാട്. റാണി ലക്ഷ്മി ഭായിയുടെ കാലത്ത് സ്ഥാപിച്ച രാജമുദ്രയുള്ള കല്ലുകൾ അതിർത്തിയിൽ സ്ഥാപിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ വെള്ളം അപ്പുറത്തേക്ക് ഒലിച്ചിറങ്ങുന്നത്രയും സ്ഥലം തമിഴ്നാടിന്. ഇപ്പുറത്തേക്ക് വെള്ളമൊഴുകുന്ന ഭൂമി കേരളത്തിന്.’’ റാണി ലക്ഷ്മീഭായിയുടെ ഭരണ കാലത്ത് അതിർത്തി നിശ്ചയിച്ചത് ഇങ്ങനെയാണ്. കുറവൻ–കുറത്തി ശിൽപ്പത്തിനടുത്തു നിന്ന് അൽപ്പം നീങ്ങിയാൽ മൊബൈൽ ഫോണിന്റെ സിഗ്നലിൽ റോമിങ് തെളിയും.

മുപ്പത്തിയേഴ് അടി ഉയരമുള്ള ശിൽപ്പത്തിന്റെ പേരിലാണ് ഈ മല പ്രസിദ്ധമായത്. കുറവന്റെയും കുറത്തിയുടെയും വേഷത്തിൽ അവതരിച്ച ശിവപാർവ്വതിമാരാണ് ശിൽപ്പത്തിന്റെ പ്രമേയം. പോരു കോഴിയെ കയ്യിലേന്തിയ കുറവൻ. കൈക്കു ഞ്ഞിനെയെടുത്ത കുറത്തി. ഇവർക്കൊപ്പം ചെറുമകൻ. കാടി നു സമർപ്പിച്ച മനസ്സുമായി സി.ബി.ജിനൻ എന്ന കലാകാരനാണ് മുപ്പത്തേഴ് അടി ഉയരമുള്ള ശിൽപ്പം നിർമ്മിച്ചത്. കേര ളത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇരട്ട ശിൽപ്പമാണിത്.

കുറവന്‍ കുറത്തി മലയുടെ മുകളിൽ നിന്നാൽ അതിമനോഹരമായ സായാഹ്നം കാണാം. സൂര്യൻ പടിഞ്ഞാറേ ചെരുവിലേക്കു നീങ്ങുന്നതു ശിൽപ്പത്തിന്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്താം. ഇരുട്ടു പരന്നാല്‍ ‘തമിഴ്നാട് ലൈറ്റ്’ തെളിയും. തമിഴ്ഗ്രാമങ്ങളിലെ വീടുകളിൽ വിളക്കു തെളിയുന്നത് ഇവിടെ നിന്നു നോക്കിയാല്‍ അതിമനോഹരമായ കാഴ്ചയാണ്. ഉത്സവപറമ്പിൽ ദീപാലങ്കാരം നടത്തിയതു പോലെ രസകരമായ ദൃശ്യം രാമക്കൽ മേട്ടിലെത്തുന്നവർ ലൈറ്റ് കണ്ടതിനു ശേഷമേ മടങ്ങാറുള്ളൂ. വിളക്കു കാണാൻ ഇരിക്കുന്ന മലയോരത്ത് ബാരിക്കേഡില്ല. കനത്ത മഞ്ഞുള്ള വൈകുന്നേരങ്ങളിൽ വഴി കാണാനാവില്ല. കാറ്റിന്റെ ശക്തിക്കനുസരിച്ച് തണുപ്പിന്റെ ശക്തി കൂടും. ഏഴു മണിക്കു ശേഷം മലയുടെ മുകളിൽ തങ്ങുന്നത് സുരക്ഷിതമല്ല. കട്ടപ്പന–രാമക്കൽമേട് 23 കി.മീ.

അയ്യപ്പൻ കോവിൽ തൂക്കുപാലം കാറ്റാടിപ്പാടം

നെടുങ്കണ്ടത്ത് മുറിയെടുക്കുന്നതാണ് ഈ യാത്രയിൽ ബുദ്ധിപരമായ പ്ലാനിങ്. രണ്ടാമത്തെ ദിവസം കാറ്റാടിപ്പാടത്തേക്ക് നീങ്ങി. വൈദ്യുതി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന കൂറ്റൻ കാറ്റാടികൾ നിൽക്കുന്ന സ്ഥലത്തേക്ക് വാഹനം കടന്നു ചെല്ലും. ബാലൻപിള്ള സിറ്റിയിൽ നിന്നു നാലു കിലോമീറ്റർ അപ്പുറത്ത് കുരുവിക്കാനത്തിനടുത്താണ് കാറ്റാടിപ്പാടം. തൂക്കുപാലമാണ് അടുത്ത ലക്ഷ്യം. അയ്യപ്പന്‍–കോവിൽ കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ ടൂറിസം സാധ്യത തെളിയുന്നതേയുള്ളൂ. രണ്ടു കോടിയിലേറെ രൂപ ചെലവാക്കി 2013 ലാണ് ഇരുനൂറു മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തെ കൂട്ടിക്കെട്ടിയ കയർ പോലെ തൂങ്ങിയാടുന്നു അയ്യപ്പൻ കോവിലിലെ തൂക്കു പാലം. അയ്യപ്പൻ കോവിൽ തൂക്കുപാലം: കട്ടപ്പനയിൽ നിന്നുള്ള മടക്ക യാത്രയിൽ മാട്ടുക്കട്ടയിൽ നിന്ന് വലത്തേക്ക് 5 കി.മീ

തൂക്കു പാലത്തിൽ കയറിയ ശേഷവും പൂക്കൾ വരിയൊരുക്കിയ വഴിയിലൂടെ മടക്ക യാത്ര ആരംഭിച്ചു. വരും വഴി തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതിയായിരുന്ന തായ് കൊട്ടാരത്തിൽ കയറി. അമ്മച്ചിക്കൊട്ടാരമെന്ന് അറിയപ്പെടുന്ന മാളിക കുട്ടിക്കാനത്താണ്. ടൗണിൽ നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ വലത്തോട്ടു മാറി കാടിനുള്ളിലാണ് കൊട്ടാരം. ഇടിഞ്ഞു പൊളിയാറായ പഴയ മാളിക ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണ്. കൊട്ടാരത്തിനു ള്ളിലേക്ക് പ്രവേശനമില്ല.

പരുന്തുംപാറ

കുട്ടിക്കാനത്തു നിന്നു കുമളിയിലേക്കുള്ള റോഡിൽ വലതു ഭാഗത്തായി പരുന്തുംപാറയിലെക്കു തിരിയുന്ന കവാടം കാണാം. വഴി ചെന്നവസാനിക്കുന്ന സ്ഥലമാണു പരുന്തും പാറ. വാഗമണ്ണിന്റെ പകർപ്പു പോലെ മനോഹരമാണ് പരുന്തും പാറ. പടിഞ്ഞാറു ഭാഗം അഗാധമായ കൊക്കയാണ്. കൈവരി കെട്ടി സുരക്ഷിതമാക്കിയ വ്യൂപോയിന്റ്, വോക് വേ എന്നിവയൊരുക്കി വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു ദിക്കിലും ഉയർന്നു നിൽക്കുന്ന മൊട്ടക്കുന്നുകളാണ് പരുന്തുംപാറയുടെ സൗന്ദര്യം. ഓഫ് റോഡ് ട്രെക്കിങ്ങി നു പറ്റിയ മലഞ്ചെരിവിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങൾ നിറയും. സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാനാണ് എല്ലാവരും പരുന്തുംപാറയിലെത്തുന്നത്. പരുന്തുംപാറയിൽ റസ്റ്ററന്റുകളോ മറ്റു സ്ഥാപനങ്ങളോ ഇല്ല. ഭക്ഷണ സാധനങ്ങൾ പ്രവേശന കവാടത്തിൽ നിന്നു വാങ്ങണം. പരുന്തുംപാറ: കുട്ടിക്കാനത്തു നിന്നു 12 കി.മീ

vagamon-1

ഇടുക്കി യാത്ര അവസാനിപ്പിക്കുന്നതിനു മുൻപ് മലനാടിന്റെ തണുത്ത കാറ്റിനെ പുണരാൻ അൽപ്പനേരം പൈൻമരക്കാടി നരികെ വണ്ടി നിർത്തി. ഭംഗിയിൽ ഡിസൈൻ ചെയ്ത പാർക്ക് പോലെ പ്രകൃതിയൊരുക്കിയ മേടാണ് കുട്ടിക്കാന ത്തെ പൈൻമരക്കാട്.

ഇടുക്കി യാത്രയുടെ ഓർമച്ചിത്രങ്ങളിൽ ചേർത്തു വയ്ക്കാൻ കുറച്ചു സെൽഫികളുമായി മലയിറങ്ങി. ഇടുക്കിയെ വകഞ്ഞു പുതിയൊരു ടൂറിസം റൂട്ട് തയാറാക്കിയതിന്റെ സംതൃപ്തി യോടെ.

എങ്ങനെ എത്താം

കോട്ടയത്തു നിന്നും കെ. കെ. റോഡിൽ കുട്ടിക്കാനം വരെ 71 കി.മീ

അഞ്ചുരുളി കുട്ടിക്കാനത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കട്ടപ്പന റൂട്ടിൽ പോകുമ്പോൾ ആദ്യം എത്തുന്നുത് അഞ്ചുരുളിയിലേക്കു തിരിയുന്ന സ്ഥലത്താണ്. കാഞ്ചിയാർ കക്കാട്ടു കടയിൽ നിന്ന് ഇടതു വശത്തേക്ക് തിരിയുക (2.5കി.മീ) റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.

രാമക്കൽമേട്, കുറവൻ–കുറത്തിമല: കട്ടപ്പന ടൗണിൽ നിന്ന് 23 കി.മീ രാമക്കൽമേടിൽ നിന്നാൽ നേരെ എതിർ വശത്ത് രണ്ടു കിലോമീറ്റർ എതിർവശത്തായി കുറവൻ– കുറത്തിമല.

കാറ്റാടിപ്പാടം: രാമക്കൽമേട്ടിൽ നിന്നു ബാലൻപിള്ള സിറ്റി വഴി നാലു കിലോമീറ്റർ യാത്ര ചെയ്താൽ കുരുവിക്കാനം. അവിടെയാണ് കാറ്റാടിപ്പാടം. അയ്യപ്പൻ കോവിൽ തൂക്കുപാലം: കട്ടപ്പന– കുട്ടിക്കാനം റൂട്ടി ലുള്ള മാട്ടുകട്ട ജംക്ഷനിൽ നിന്ന് 6 കി.മീ വലത്തോട്ടു യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനടുത്തെത്താം.‌

പൈൻമരക്കാട്: കുട്ടിക്കാനത്തു നിന്നു കുമളിക്കുള്ള റോഡിൽ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനടുത്തെത്താം.

പരുന്തുംപാറ: കുട്ടിക്കാനം–കുമളി റൂട്ടിൽ പന്ത്രണ്ടു കിലോ മീറ്റർ യാത്ര ചെയ്താൽ പരുന്തുംപാറയുടെ പ്രവേശന കവാടം കാണാം. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ പരുന്തുംപാറയിൽ എത്തിച്ചേരാം.

അമ്മച്ചിക്കൊട്ടാരം : കുട്ടിക്കാനം ജംക്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ അമ്മച്ചിക്കൊട്ടാരത്തിലെത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA