മൺട്രോതുരുത്തിലൂടെ ഒരു തോണി യാത്ര

5mundrothuruthu1
SHARE

എന്റെ ഗ്രാമത്തിനക്കരെ അഷ്ടമുടിക്കായലിന്റെ ജലവിതാനങ്ങളിൽ കാണപ്പെടുന്ന കുഞ്ഞു കുഞ്ഞു തുരുത്തുകൾ കുറേയുണ്ട്. അതിലൊന്നാണ് മൺട്രോതുരുത്ത്. പണ്ടു കാലങ്ങളിൽ പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിരുന്ന പ്രദേശമായിരുന്നെങ്കിലും ഇപ്പോൾ റോഡൊക്കെ നല്ല നിലയിൽ സാധ്യമായിരിക്കുന്നു. മുൻപ് ഒരുപാടു തവണ പോയിട്ടുണ്ടെങ്കിലും ആ ശാന്തതയും സൗന്ദര്യവും ഗ്രാമീണതയും ഓരോ വരവിലും മനസ്സിനെ മാടി വിളിക്കും. വീട്ടിൽ നിന്നും കുറച്ചകലെ പെരുമണിൽ നിന്നും ജങ്കാർ സർവീസുണ്ടെങ്കിലും പുലർച്ചെ അതിനുള്ള സാധ്യത കുറവായതിനാല്‍ ഒരല്പം ചുറ്റേണ്ടി വന്നു.

1Mundrothuruthu7
Image Source : Facebook

പകലിന്റെ തണുപ്പും കാറ്റും മഞ്ഞും മണവും ഒക്കെ കൂടെ വന്നു. മനസ്സൊന്നു തുറന്നു പിടിച്ചാൽ എല്ലാം കൂടെ കേറി അകത്തിരുന്നു പുളകം കൊള്ളിക്കും വെളിച്ചം വീണപ്പോൾ ഞങ്ങൾ അവിടെയെത്തി. മഞ്ഞനിറമുള്ള വെയിലുകൾ തട്ടി തിളങ്ങിയ ചായ ഗ്ലാസ് ചുണ്ടോടു ചേർത്ത് ആ പകലിനെ നല്ല കടുപ്പത്തോടെ നുണഞ്ഞിറക്കി. ശാന്തമായൊഴുകുന്ന ഓളപ്പരപ്പിലൂടെ വള്ളം ഞങ്ങളെയും കൊണ്ട് തെന്നി നീങ്ങി, പുലർകാല സൗന്ദര്യത്തിന്റെ മാറ്റ്  ഒട്ടും കുറയാതെ കണ്ണുകളിൽ കാഴ്ചകളായി തിളങ്ങി. മൂന്നാൾ പൊക്കമുള്ള മുളയെടുത്തു നീട്ടി ചരിച്ചു കായലിന്റെ അടിപ്പരപ്പിലേക്ക് കുത്തിയിറക്കി വള്ളക്കാരൻ തന്റെ അഭ്യാസം തുടങ്ങിക്കഴിഞ്ഞിരുന്നു.

4mundrothuruthu4
Image Source : Facebook

തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഗവർണറായിരുന്ന കേണൽ ജോൺ മൺട്രോ എന്ന സായിപ്പ് കല്ലടയാറ് അഷ്ട മുടിക്കായലിൽ ചേരുന്ന ഈ ഭൂപ്രദേശത്തെ ജനവാസയോഗ്യ മാക്കി തീർത്തതിലൂടെയാണ് ഇവിടെ അറിയപ്പെട്ടു തുടങ്ങിയത്. ജലനിരപ്പിൽ നിന്നും അൽപ്പം താണു കിടക്കുന്ന ഭൂഘടനയായതിനാൽ വേലിയേറ്റ സമയത്തു മിക്ക പ്രദേശങ്ങളിലും വെള്ളം കയറും. അതുകൊണ്ടു തന്നെ ഞരമ്പുകൾ പോലെ നീണ്ടും നിവർന്നും വളഞ്ഞും പുളഞ്ഞും ചുറ്റിപ്പിണഞ്ഞും കിടക്കുന്ന തോടുകൾ ഒട്ടാകെ നമുക്ക് ഇവിടെ കാണാന്‍ കഴിയും . അത്തരം തോടുകളിലൂടെയാണ് ഞങ്ങളുടെ യാത്ര. 

ഇരു കരകളെയും ബന്ധിപ്പിക്കുന്ന കുഞ്ഞു  പാലങ്ങള്‍ക്കിടയിലൂടെ താഴ്ന്നിറങ്ങി വളഞ്ഞു തിരിഞ്ഞ് അടുത്ത തോടിലേക്ക്. വെള്ളത്തിലേക്കു ചാഞ്ഞു കിടക്കുന്ന ചീലാന്തി മരങ്ങൾക്കിടയിലൂടെ തല തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കുനിഞ്ഞും കിടന്നും കണ്ണടച്ചും കടന്നുപോകുമ്പോൾ നവ്യാനുഭൂതിയാൽ ഹൃദയം തരളിതമാകും. പ്രദേശവാസിക ളുടെ  ഉപജീവനമാർഗമായ പരമ്പരാഗത തൊഴിലുകൾ, കയറുണ്ടാക്കലും മത്സ്യ കൃഷിയും കള്ളു ചെത്തും എല്ലാം ഏറെക്കു റെ അന്യം നിന്നു പോകാതെ നിലനിൽക്കുന്നുണ്ടിവിടെ. ഒരു പക്ഷേ, ടൂറിസത്തിന്റെ ഭാഗമായെന്നോണം ഇത്തരം മേഖലകളെ പരിപോഷിപ്പിക്കുന്നുണ്ടാകണം.

യാത്രയിലുടനീളം ധാരാളം ചെമ്മീൻ കെട്ടുകളും കരിമീൻ കെട്ടുകളും കാണാൻ കഴിയും. ഇവിടത്തുകാരുടെ ഒരു പ്രധാന വരുമാനമാർഗം തന്നെയാണ് മത്സ്യകൃഷി. ചുറ്റുപാടും നിറയെ തെങ്ങുകൾ സമൃദ്ധമായി വളർന്നു നിൽപ്പുണ്ട്.  ആകാശത്തിന്റെ നീലിമയും ഭൂമിയുടെ പച്ചപ്പും ചേർന്ന് നിറമുള്ള നിഴലുകൾ വീണു തിളങ്ങുന്ന ജലാശയത്തിലൂടെ സ്വച്ഛശാന്തമായൊഴുകുന്ന തോണിയിൽ അൽപനേരം മൗനമായിരുന്നാൽ ഒരു കുളിര് ഉള്ളിലേക്കിറങ്ങി രക്തത്തിൽ അലിഞ്ഞു ചേരും. 

7mundrothuruthu2
Image Source : Facebook

നമ്മളറിയാ തെ തന്നെ പ്രകൃതി നമ്മളെ വശീകരിച്ചെടുക്കുന്ന ഒരു മാന്ത്രി കത അനുഭവവേദ്യമാകും. ചുരുങ്ങിയ ചെലവിൽ രണ്ടു മണി ക്കൂർ നേരം ഞങ്ങൾ വള്ളത്തിൽ കറങ്ങി മിണ്ടിയും പറഞ്ഞും മിണ്ടാതിരുന്നും ഇറങ്ങി നടന്നും കിടന്നും മനോഹരമായൊരു പുലർകാലം ചെലവഴിച്ചു തിരികെ ജങ്കാറിൽ മടങ്ങുമ്പോൾ മറ്റൊരു വരവിൽ വീണ്ടും കാണണമെന്ന് ഉള്ളിലിരുന്നാരോ പറയുന്നുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA