sections
MORE

അനുമോള്‍ പറയുന്നു... പെരിയാറിന്റെ തീരത്തെ സ്വർഗ്ഗമാണ് ഈയിടം

anumol-travel
SHARE

യാത്രകളെ പ്രണയിക്കുന്ന അഭിനേത്രിയാണ് അനുമോൾ. സിനിമ പോലെ, അത്രയും തന്നെ പ്രാധാന്യം യാത്രകൾക്കും നൽകാറുണ്ട്. യാത്രകളോടുള്ള കടുത്ത പ്രണയം തന്നെയാണ് അനുയാത്ര എന്ന വിഡിയോ ബ്ലോഗിന്റെ പിറവിക്ക് പിന്നിൽ. അനുമോളുടെ ഇഷ്ടങ്ങളും ഓർമകളും എല്ലാം കോര്‍ത്തിണക്കിയാണ് 'അനുയാത്ര'യെന്ന ആശയം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളുമുണ്ട്.

യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തത്തോട് നീതി പുലർത്തും വിധമാണ് ചാനലിലെ ഉള്ളടക്കം. തന്റെ ഇഷ്ടയാത്രകളെക്കുറിച്ചു പറയുമ്പോൾ അനുമോൾടെ മുഖം വിടരും. മനോഹരമായ അനുഭവങ്ങളും അറിവുകളും സമ്മാനിച്ച ഓരോ യാത്രയെക്കുറിച്ചും ആ അഭിനേത്രി വാചാലയാകും. അനുമോളുടെ യാത്രാവിശേഷങ്ങൾ അറിയാം. അനുമോളുടെ യാത്രാ വിഡിയോകളിൽ ഏറെ ശ്രദ്ധേയമായതാണ് പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിന്റെ മനോഹര വിഡിയോ.  

Cranganor-a-perfect-getaway

"തിരക്കുകളിൽ നിന്നു മാറി മനസ്സൊന്നു ഫ്രീയാകാനും ആഴ്ചാവസാനങ്ങളെ സുന്ദരമാക്കുന്നതിനും ഞാൻ പോകുന്നത് ക്രാൻഗനോർ എന്ന റിസോർട്ടിലേക്കാണ്. മനസിനേറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതാണെന്ന ചോദ്യമുയരുമ്പോൾ തന്നെ എന്റെ മനസിലേക്കോടിയെത്തുന്നത് ഇവിടെയാണ്. പെരിയാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെ പുത്തൻവേലിക്കര എന്ന സ്ഥലത്താണ് ഈ പ്രകൃതിരമണീയയിടം. സൂര്യാസ്തമയവും പെരിയാറിന്റെ മനോഹാരിതയും ആസ്വദിക്കാം എന്നതാണ് തന്നെയാണ് എന്നെ അങ്ങോട്ട് വശീകരിക്കുന്നതിലെ പ്രധാന കാരണം. സുഖകരമായ താമസം. ഇവിടുത്തെ താമസം എന്റെ മനസിന് ശരിക്കുമൊരു വിശ്രമവും ആനന്ദവും നൽകാറുണ്ട്." അനുമോൾ പറയുന്നു.

Cranganor-a-perfect-getaway1

പ്രകൃതിയിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കുന്ന ഇൗ റിസോർട്ടിനെയും പ്രളയം ശരിക്കും ബാധിച്ചിരുന്നു. പത്തടിയോളം വെള്ളം കയറിരുന്നു. നാലടിയോളം ചെളിയും നിറഞ്ഞിരുന്നു. പ്രളയം കഴിഞ്ഞുള്ള എന്റെ ആദ്യസന്ദർശനമായിരുന്നു ഇൗ യാത്ര. പ്രളയം ബാധിച്ചിരുന്നുവെങ്കിലും ഏറെകുറെയൊക്കെ പഴയരീതിയിലേക്ക് റിസോർട്ടിനെ മടക്കികൊണ്ടുവന്നിട്ടുമുണ്ട്. ഈ റിസോർട്ട് എനിക്ക് വീട്പോലെയാണ്. മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നൊരിടം. അവിടുത്തെ കാഴ്ചകൾ തുടങ്ങി താമസം വരെ അടിപൊളിയാണ്. ഓരോ തവണയും അവിടെ ചെല്ലുമ്പോൾ ഒാരോ മുറികളാണ് ഞാൻ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ മുറികളുടെയും സൗന്ദര്യവും ആസ്വദിക്കാനായിട്ടുണ്ട്. പഴമയും പുതുമയും കോർത്തിണക്കിയ ദൃശ്യചാരുതയാണ് ഈ റിസോർട്ടിന്.

സന്ദര്‍ശകരെ ഒന്നടങ്കം ആകർഷിക്കുന്നത് അവിടുത്തെ സിമ്മിങ് പൂളാണ്. വിശാലമായി പെരിയാർ തീരത്തോട് ചേർന്നിരിക്കുന്ന പൂൾ. അവിടെയൊരു കുളി പാസാക്കിയാൽ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാം. കൂടാതെ പെരിയാർ തീരത്തോട് ചേർന്നിരിക്കുന്നതിനാൽ പൂളിൽ നീന്തിതുടിക്കുമ്പോൾ ഒറ്റനോട്ടത്തിൽ ആരും കരുതും ഇത് പെരിയാർ തീരമാണെന്ന്. പൂളില്‍ നീന്തിതുടിച്ച് പെരിയാറിന്റെ ഭംഗിയും നുകരാം. അത്രയ്ക്കും മനോഹരം.

Cranganor-a-perfect-getaway2

പുറംമോടിയിലെ കാഴ്ചകളെക്കാൾ അദ്ഭുതപ്പെടുത്തുന്നത് അകത്തളങ്ങളാണ്. താമസത്തിനും കാഴ്ചകൾക്കുമപ്പുറം റിസോർട്ടിന്റെ ഉടമയായ രശ്മിയുടെ ഡിസൈനിൽ സ്റ്റിച്ച് ചെയ്ത കുർത്തകളുടെയും ടോപ്പുകളുടെയും വിപുലമായ ശേഖരവുമുണ്ട്. ഡിസൈൻ വസ്ത്രങ്ങളുടെ ചെറിയ യൂണിറ്റ് റിസോർട്ടിലുണ്ട്. ഡിസൈൻ കണ്ട് ഇഷ്ടപ്പെട്ട് ഒാ‍ർഡർ ചെയ്യുന്ന കസ്റ്റമറും രശ്മിക്കുണ്ട്. അതിലൊരാളാണ് ഞാനും. എന്റെ ഇഷ്ടത്തിനനുസരിച്ച് ഹാൻഡിലൂം ഖാദി തുണിത്തരങ്ങളിലാണ് കുർത്തകളൊക്കെയും ഡിസൈൻ ചെയ്യുന്നത്.

മറ്റൊരു ആകർഷണം അവിടുത്തെ തനിനാടൻ രുചിയുണർത്തുന്ന വിഭവങ്ങളാണ്. മീൻ വിഭവങ്ങളൊക്കെയായി നാവിന്റെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങളൊക്കെയും നമ്മുടെ ആവശ്യാനുസരണം മുന്നിലെത്തും. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഇൗ റിസോർട്ട്. മനസ്സിനു ശാന്തതയും പുത്തനുണർവ്വും സമ്മാനിക്കുന്ന ഇഷ്ടയിടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA