പേരുകൊണ്ട് പോലും മോഹിപ്പിക്കുന്ന ഒരിടം

x-default
SHARE

ഇലവീഴാപൂഞ്ചിറ, ചെല്ലാർകോവിൽമെട്ട്, ചതുരംഗപ്പാറ, രാമക്കൽമേട്...ഇടുക്കിയുടെ ഈ പച്ചത്തുരുത്തുകളിലൂടെ ഒരു യാത്ര....

ഇടുക്കിയുടെ വഴികളിലൂടെ കടന്നു പോകുമ്പോഴൊക്കെയും പച്ചപ്പിന്റെ ഒരു സൗഹൃദം  വന്നു തൊടും. കുട്ടിക്കാലത്തിനു ശേഷം കണ്ടിട്ടില്ലാത്ത പൂക്കൾ....എന്നോ മറന്നുപോയ സുഗന്ധങ്ങൾ, എങ്ങനെയായിരുന്നുവെന്ന് ഓർത്തെടുക്കാനിന്നു കഴിയാത്ത, പേരു പോലും മറന്നു പോയ കുഞ്ഞുകുഞ്ഞു ചെടികൾ....ഒരു വേലിപ്പടർപ്പിലേക്കു നോക്കുമ്പോൾ പോലും അദ്ഭുതം തോന്നും, പൂക്കൾക്കിത്രയും കടും നിറമോ എന്ന്! 

x-default

നട്ടുനനയ്ക്കാനാരുമില്ലെങ്കിലും ഈ വഴിയേ കടന്നു പോകുന്ന ഏതോ സഞ്ചാരികൾക്കു വേണ്ടിയാണോ ഈ വേലിപ്പടർപ്പുകളിങ്ങനെ പൂക്കുകയും തളിർക്കുകയും ചെയ്യുന്നത്! നാട് ഓരോ നിമിഷത്തിലും നഗരമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഇടുക്കിയുടെ വഴിയോരങ്ങളിപ്പോഴും കാത്തുവയ്ക്കുന്നുണ്ട്, ചില വറ്റാത്ത ഹരിതഭംഗികൾ. നഗരവും ഓട്ടപ്പാച്ചിലുകളും വ്യർഥമായ തിരക്കുകളും വ്യഗ്രതകളുമൊക്കെ മനസ്സിൽ നിന്ന് കുടഞ്ഞെറിഞ്ഞിട്ട് ഇത്തിരി നേരമെങ്കിലും വന്നു തല ചായ്ക്കാൻ ചില പച്ചത്തുരുത്തുകൾ.

ഇലവീഴാപൂഞ്ചിറയും അങ്ങനെയൊരിടമാണ്. പേരുകൊണ്ട് പോലും മോഹിപ്പിക്കുന്ന ഒരിടം. പ്രത്യേകിച്ച് സങ്കൽപങ്ങളൊന്നും  മെനഞ്ഞെടുക്കാതെ വേണം ഇലവീഴാപൂഞ്ചിറയിലേക്ക് പോകാൻ. അപ്പോഴാവും വിസ്മയം കണ്ണിനെ കൂടുതൽ വിടർത്തുക.

തൊടുപുഴയ്ക്കടുത്ത് കാ‍ഞ്ഞാർ–വാഗമൺ റൂട്ടിലൂടെ പോകുമ്പോൾ നാട്ടിൻ പുറത്തിന്റെ ശാന്തതയാണ്. കാഞ്ഞാർ എത്തുമ്പോൾ വലതു വശത്ത്  ഇലവീഴാപൂഞ്ചിറ ഒമ്പതു കിലോമീറ്റർ എന്ന ബോർഡ്. കുറച്ചു കൂടി കയറ്റം കയറി ചെല്ലുമ്പോൾ ഒരു കൊച്ചു ജംഗ്ക്ഷൻ. കൂവപ്പളളി. ഏതാനും കടകളും കുറച്ച് ജീപ്പുകളും മാത്രം. ജീപ്പുകളിൽ കയറാൻ തിരക്കു കൂട്ടുന്ന സായിപ്പൻമാരെയും മദാമ്മമാരെയും കണ്ടാൽ അദ്ഭുതപ്പെടേണ്ട. ഇലവീഴാപൂഞ്ചിറയെന്ന പേര് ഗൂഗിളിലും  ട്രിപ്പ് അഡ്വൈസറിലും സെർച്ച് ചെയ്ത് തേടി വരുന്ന സഞ്ചാരികളിൽ വലിയൊരു പങ്കും വിദേശികളാണ് ഇപ്പോൾ.

‘‘നന്നായി പിടിച്ചിരുന്നോ. വഴി കുറച്ച് പ്രശ്നമാണ്.’’ ജീപ്പ് സ്റ്റാർട്ടാക്കുമ്പോൾ ഡ്രൈവർ ശ്രീകാന്ത് പറഞ്ഞു. മുന്നറിയിപ്പ് കിട്ടിയെങ്കിലും ഇത്രയും വിചാരിച്ചില്ലായിരുന്നു. കുറച്ചു ദൂരം പോയപ്പോഴേക്കും വഴി അപ്രത്യക്ഷമായി. പാറ  പൊട്ടിക്കുന്നതിന്റെ ചുവട്ടിലൂടെയും കൂട്ടിയിട്ട കല്ലുകളുടെ മേലെയും ജീപ്പ് ചാടിയും മറിഞ്ഞും മുന്നോട്ടു നീങ്ങി. മോഹൻലാൽ ചിത്രം ‘ഭ്രമര’ത്തിലെ  യാത്രയാണ് ഓർമ വന്നത്. വഴിവക്കിലെങ്ങുമുണ്ട്, വിശ്രമിക്കാൻ നേരമില്ലാതെ പണിയെടുക്കുന്ന ജെസിബികൾ. രണ്ടു വർഷത്തിനകം സുന്ദരൻ റോഡാകുമെന്ന് നാട്ടുകാർ സ്വപ്നം കാണുന്ന, താറുമാറായ നിരത്തിലൂടെ ഏഴെട്ടു കിലോ‍മീറ്റർ ‘സാഹസിക’ യാത്ര.

ഒടുവിൽ പച്ചക്കടൽ പോലെ ഒരു കുന്നിൻമേട് തെളിഞ്ഞു തുടങ്ങി. ഇതാണ് ഇലവീഴാപൂഞ്ചിറ. വേണമെങ്കിൽ നീലാകാശത്തെ കൈയെത്തി തൊടാമെന്ന് തോന്നും. ഈ കുന്നിൻ മുകളിലെ പുൽമേട്ടിലൂടെ നടക്കുമ്പോൾ കൂടെയെപ്പോഴും കാറ്റുമുണ്ടാവും. കാറ്റത്ത് ഒരു പാടം പോലെ ഉലയുന്നു, പുൽച്ചെടികളുടെ അറ്റത്തെ പൂത്തണ്ടുകൾ.

x-default

പുൽച്ചുലുണ്ടാക്കുന്ന പുല്ലും ഈ കുന്നിൻപുറത്ത് സമൃദ്ധമാണ്. ഒരൊറ്റ മരം പോലുമില്ല ഈ കുന്നിൻമുകളിൽ. ‘‘ഇവിടെ ഒരിക്കലും ഇല വീഴില്ല. കാരണം, ഇല വീഴുന്ന മരങ്ങളൊന്നും തന്നെ ഈ കാറ്റിൽ വളരില്ല.’’ നാട്ടുകാരനായ  റോജി കുറ്റിയാത്ത് ഈ സ്ഥലപ്പേരിന്റെ  പിന്നിലെ കഥയോർമിപ്പിച്ചു.

‘ഇലവീഴാപൂഞ്ചിറയുടെ മേലേ നിന്നാൽ അഞ്ചു ജില്ലകളിലെ കാഴ്ചകൾ ദൂരത്ത് കാണാം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം..... മലങ്കര ഡാമിന്റെ  കാഴ്ചകളാണ് അങ്ങു ദൂരെ കാണുന്നത്.’’ റോജി വിദൂരതയിലേക്ക് കൈ ചൂണ്ടി. ‘‘ഇവിടെ സിനിമാ ഷൂട്ടിങ്ങും നടക്കാറുണ്ട്. ‘നീലാകാശം പച്ചക്കടലി’ന്റെ  ക്ലൈമാക്സിലെ കുന്നിൻമുകളില്ലേ? അത് ദാ, ആ കുന്നിനു മേലെയാണ് ചിത്രീകരിച്ചത്.’’ കുന്നിൻമുകളിൽ പഴയ തീവണ്ടി ബോഗി കൊണ്ട് സ്ഥാപിച്ച വയർലെസ് സ്റ്റേഷൻ. പൊലീസിന്റെ വാർത്താ വിനിമയ കേന്ദ്രമാണിത്. കാറ്റത്ത് ഇവിടെ പിടിച്ചു നിൽക്കാൻ ഈ തീവണ്ടി ബോഗിക്കേ കഴിയൂ. ടെന്റുകളോ ഷീറ്റുകൾ മേഞ്ഞ കെട്ടിടമോ ഒന്നും ഇവിടുത്തെ കാറ്റിൽ നിലനിൽക്കില്ല. 

‌സിസ്റ്റർ വെറോണിക്കയും മരിയയും കുന്നിന്റെയറ്റത്ത് ഒരു  ധ്യാനത്തിലെന്ന പോലെ സ്വയം മറന്നു നിൽക്കുന്നു. സ്വീഡനിൽ നിന്നു വന്ന ഒരു സ്പിരിച്വൽ ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇവിടുത്തെ റിസോർട്ടിൽ തങ്ങിയിട്ട് രാവിലെ കാഴ്ചകൾ കാണാ‌നിറങ്ങിയിരിക്കുന്നു. ബെംഗളൂരുവിൽ നിന്നു വന്ന ഫാദർ മാത്യുവാണ് ഇവരുടെ ടീമിനെ നയിക്കുന്നത്. ‘‘മിന്നലുളള സമയത്ത് ചിലപ്പോൾ ഈ കുന്നിൻപുറം  അപകടകരവുമാകാം.’’ റോജി രണ്ടു വർഷം മുമ്പത്തെ ഒരു  സംഭവം ഓർത്തെടുത്തു.

x-default

ഇവിടെ അടിച്ചു പൊളിക്കാൻ വന്ന ചെറുപ്പ ക്കാരുടെ സംഘം. പെട്ടെന്ന് ആകാശത്ത് മഴക്കാറുരുണ്ടു കൂടി. മിന്നൽ തെളിഞ്ഞു. എല്ലാവരോടും തിരിച്ചു പോകാൻ നാട്ടുകാർ പറഞ്ഞതാണ്. എന്നിട്ടും കേൾക്കാതെ രണ്ടു ചെറുപ്പക്കാർ ഇവിടെത്തന്നെ തങ്ങി. പിന്നെയുണ്ടായ ഇടിവെട്ട് അവരുടെ ജീവനും  കൊണ്ടാണ് പോയത്.....’’ഒരു നിമിഷം ! സുന്ദരമായ പുൽമേടിന്റെ വിജനത അപകടത്തിന്റെ സ്മരണയുണർത്തി. എവിടെയും, നാട്ടുകാർ തരുന്ന മുന്നറിയിപ്പുകൾ ടൂറിസ്റ്റുകളായി വരുന്നവർ  അവഗണിക്കരുതെന്നന കരുതലിനെ ഓർമിപ്പിച്ചുകൊണ്ട്. അന്ന് ഇടിവെട്ടിൽ ഭൂമി വിണ്ടു കീറിയ പാട് പുൽമേട്ടിലുണ്ടത്രേ. പക്ഷേ എത്ര വേഗം  മഴയ്ക്കു ശേഷം അവിടെ വീണ്ടും പുൽക്കാടുകൾ വളർന്നു പൊങ്ങി. !

ജീപ്പിൽ കുലുങ്ങിയും പാറകൾക്കു മേലേ ചാടിയുമുളള ട്രെക്കിങ് യാത്ര തരുന്നത്  വേറൊരനുഭവമാണല്ലോ. ഇലവീ‍ഴാപൂഞ്ചിറയ്ക്കുമേൽ കാറ്റ് നൃത്തം വച്ചുകൊണ്ടിരിക്കുന്നു. കാറ്റിനോട് വിട പറഞ്ഞ് കുന്നിറങ്ങി. ഇടുക്കിയുടെ സൗന്ദര്യക്കാഴ്ചകൾ മങ്ങുന്നില്ല. നാടുകാണി വ്യൂ പോയിന്റ് , ഉപ്പുകുന്ന് വ്യൂ പോയിന്റ്, ഹിൽവ്യൂ പാർക്കിൽ നിന്നു കാണുന്ന ഇടുക്കി ആർച്ച് ഡാമിന്റെയും ചെറുതോണി ഡാമിന്റെയും കാഴ്ച.... കണ്ണുകളെ കൊതിപ്പിച്ചുകൊണ്ട് ഓരോ  ദൃശ്യവും കടന്നു പോകുന്നു. 

വരൂ, ചെല്ലാർകോവിൽമെട്ടിലേക്ക്

മഞ്ഞും മഴയും ഒളിച്ചു കളിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലുളള പ്രഭാതത്തിലാണ് ചെല്ലാർകോവിൽമെട്ടിലേക്ക് പോകേണ്ടത്. ഒന്നുമറിയില്ല കൂടുതൽ. ആ സ്ഥലപ്പേരിൽ ഒളിഞ്ഞിരിക്കുന്ന മോഹിപ്പിക്കലല്ലാതെ. കോവിലിന്റെ ഗ്രാമീണതയും കാട്ടരുവിയുടെ തണുപ്പുമുളള ഒരിടമാകുമോ? ചെല്ലാർ കോവിലിലേക്കു പോകുമ്പോൾ വിചാരിച്ചു.  കുമളി– മൂന്നാർ റോഡിൽ 16 കിലോമീറ്റർ പോകണം.

chellar-kovilmett

ചെല്ലാർകോവിലിലെത്താൻ. അണക്കര (എട്ടാം മൈൽ)കഴിഞ്ഞ് നാലു കിലോമീറ്റർ കൂടി ചെല്ലുമ്പോൾ എക്കോ ടൂറിസത്തിന്റെ  കരിം പച്ച നിറമുളള ബോർഡ്  സ്വാഗതമോതുന്നു.  താഴ്‌വരയിലേക്കിറങ്ങി ചെല്ലുന്ന റോഡ് ഒരു ചെമ്പകമരച്ചോട്ടിൽ അവസാനിക്കുന്നു. അക്ഷരാർഥത്തിൽ തന്നെ കേരള– തമിഴ്നാട് ബോർഡറിലുളള സ്ഥലം. പേരിൽ ഒരു കോവിലിന്റെ സുഗന്ധം. പക്ഷേ, ചെല്ലാർ കോവിലിലെത്തുമ്പോൾ അങ്ങനെ ഒരു അമ്പലമൊന്നും കാണാനില്ല.

ചില്ലകൾ പടർത്തി നിൽക്കുന്ന ചെമ്പകമരത്തിന്റെ ചോട്ടിൽ തിരിവയ്ക്കുന്ന വലിയ കൽവിളക്ക്. ചുറ്റും വേലികെട്ടി തിരിച്ച് ഷീറ്റ് മേഞ്ഞിട്ടുണ്ട്. അടുത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന്റേതായി ഒരു ടിക്കറ്റ് കൗണ്ടറും വാച്ച്മാനും. അകത്ത്  പൂന്തോട്ടവും ആയുർവേദച്ചെടികളുടെ തോട്ടവും  ഒരു വ്യൂ ടവറും. ഇവിടെ അപൂർവമായ ഔഷധച്ചെടികൾ കാണാം. രുദ്രാക്ഷം, വാതം കൊല്ലി, ചന്ദനം....വ്യൂ ടവറിലേക്കുളള ഗോവണിക്ക് ‘ഗോഡ്സ് ഓൺ ബാൽക്കണി’യെന്നാണ് പേര്.

‘‘ചെല്ലാർകോവിൽമെട്ടിലെ ഏറ്റവും സുന്ദരമായ കാഴ്ച  എന്താണെന്നറിയാമോ?’’വാച്ച്മാനും ഈ നാട്ടുകാരനും കൂടിയായ ജോയി ഉത്സാഹത്തോടെ ചോദിക്കുന്നു. ‘‘വാച്ച് ടവറിന്റെ മേലേ നിന്ന് കാണുന്ന സൂര്യോദയവും അസ്തമയവും....’’

aruvikuzhi-waterfalls

വാച്ച് ടവറിന്റെ മേലേ നിന്നപ്പോൾ തോന്നി, ജോയി പറഞ്ഞത് ശരിയാവുമെന്ന്. സൂര്യനുദിക്കുന്ന നേരം മഞ്ഞിൽ മൂടി നിൽക്കുന്ന ഈ ചെമ്പകമരവും അങ്ങു ദൂരെ  തെളിയുന്ന തമിഴ്നാടൻ ഗ്രാമങ്ങളുമെത്ര സുന്ദരമായിരിക്കും!

ഒരു പാട് ടൂറിസ്റ്റുകളൊന്നും കടന്നു വരാത്തതിന്റെ സ്വച്ഛത, നിശ്ശബ്ദമായ പച്ചപ്പിന്റെ ഭംഗി....അതൊക്കെയാണ് ചെല്ലാർ കോവിലിന്റെ ആകർഷണീയത. ടൂറിസ്റ്റ് ഓഫിസിന്റെ തൊട്ടരി കത്തെ വേലിപ്പടർപ്പിന്റെയപ്പുറം തമിഴ്നാടാണ്. ‘‘പണ്ടൊക്കെ തമിഴ്നാട്ടിലെ ഗ്രാമത്തിൽ നിന്നുളളവർ കുന്നുകയറി ഈ വഴി വന്ന് ഈ ചെമ്പകച്ചോട്ടിൽ തിരി കത്തിക്കുമായിരുന്നത്രേ....’’ ജോയി പഴയ കഥയോർത്തു. ‘‘ഈ ചെമ്പകമരത്തിന് നൂറു വർഷത്തിലും പഴക്കം കാണും. കാരണം, എന്റെ കുട്ടിക്കാലത്തും ഈ ചെമ്പകം ഇങ്ങനെ ഇവിടെയുണ്ടായിരുന്നു. ഇതേ വലുപ്പത്തിൽ. പണ്ട് ഇവിടെ ഒരു കല്ലിൽ കത്തിച്ചു വയ്ക്കുന്ന തിരിയായിരുന്നത്രേ. ഇപ്പോൾ കരിങ്കല്ലിൽ തീർത്ത ത‍ട്ടുകളുളള വലിയ വിളക്കായി.’’ ഏതോ വനദേവത അദൃശ്യസാന്നിദ്ധ്യം പോലെ കാറ്റുവീശു ന്നു. കാറ്റിന് വെളളച്ചാട്ടത്തിന്റെ കുളിര്. ചെല്ലാർകോവിലിനു സമീപമാണ് അരുവിക്കുഴി വെളളച്ചാട്ടം. 

joy

വെളളച്ചാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജോയി മുന്നറിയിപ്പ് തന്നു. ‘‘കാണാൻ ഭംഗിയുളള വെള്ളച്ചാട്ടമാണ്. പക്ഷേ, വളരെ അപകടം പിടിച്ചതുമാണ്. വെളളച്ചാട്ടത്തിന്റെ മുകളിൽ നിന്നുളള വ്യൂ കാണാൻ പോയ  പലർക്കും അപകടം പറ്റിയിട്ടുണ്ട്. ഇത്ര അഗാധമായ കൊക്കയാണെന്നറിയാതെ പലരും വീണു പോകുന്നു ..... ആത്മഹത്യ ചെയ്യാൻ വരുന്നവരുമുണ്ട്.’’ ജോയിയുടെ ഓർമ 20 വർഷം പിന്നിലേക്കു പോയി. അന്ന് വെളളച്ചാട്ടത്തിൽ വീണു മരിച്ച ഒരു പെൺകുട്ടിയുടെ ദേഹം കോരിയെടുത്തതിന്റെ ഓർമ. ‘‘പരീക്ഷയെഴുതാൻ ഹാൾ ടിക്കറ്റ് വാങ്ങിയിട്ട് കൂട്ടുകാരെല്ലാം കൂടി വെളളച്ചാട്ടം കാണാൻ പോയതായിരുന്നു.....’’ ജോയി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ വീണ്ടും ചിരിച്ചു. ‘‘പക്ഷേ, ഇതിലേ വേറൊരു വഴിയേ താഴേക്കു നടന്നാൽ പേടിക്കാനില്ലാതെ ദൂരെ നിന്ന് വെളളച്ചാട്ടം കാണാം...’’

വാച്ച് ടവറിനു താഴെയുളള കാട്ടു വഴിയിലൂടെ കാടും പടർപ്പും മുൾച്ചെടിയും വകഞ്ഞു മാറ്റി നടന്നു.....പത്തു മിനിറ്റ് ചെന്നപ്പോൾ ദൂരെ മഞ്ഞ് പാറുന്ന മലനിരയിൽ നിന്ന് വഴുക്കുന്ന പാറയിലൂടെ കുത്തനെ അഗാധതയിലേക്കു പതിക്കുന്ന വെളള ച്ചാട്ടത്തിന്റെ ഗംഭീരദൃശ്യം! പകൃതിയുടെ രൗദ്രതയും വന്യ സൗന്ദര്യവും ഒരേ സമയം മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നു! ആ കാഴ്ച നോക്കി നിൽക്കുമ്പോൾ‌ അവിടെ നിന്ന് ജീവിതത്തോട്  വിട പറഞ്ഞവരെ കുറിച്ചും ആലോചിക്കാതിരിക്കാനായില്ല.....ഇത്ര മനോഹരമായൊരു സ്ഥലത്തു വച്ച് ജീവിതത്തോട് യാത്ര പറയാൻ തോന്നുന്നതെങ്ങനെയാവും! ഒരു പക്ഷേ, അങ്ങനെ എല്ലാം വിട്ടു പോകുന്നതിനും കാണുമായിരിക്കും യാത്ര പറച്ചിലിന്റെ ഒരു പ്രത്യേക സൗന്ദര്യം!

ചെല്ലാർകോവിലിൽ നിന്ന് മടങ്ങിയിട്ടും പിന്നെയും കുറേ ദൂരം കൂടെ വന്നു, വെളളച്ചാട്ടത്തിന്റെ കുളിരുളള കാറ്റ്.

ചതുരംഗപ്പാറയുടെ വിജനഭംഗി

നെടുങ്കണ്ടത്തു നിന്നും കുമളി– മൂന്നാർ റൂട്ടിലൂടെ വെറുതെ യാത്ര ചെയ്യുന്നതു പോലും അതിമനോഹരമാണ്. കാടിന്റെ യും എസ്റ്റേറ്റുകളുടെയും നിശ്ശബ്ദസൗന്ദര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ചതുരംഗപ്പാറയിലേക്കാണീ യാത്ര. ‘ചോദിച്ചു ചോദിച്ചു’ പോകേണ്ട സ്ഥലമാണിത്.  കാരണം, ‘ചതുരംഗപ്പാറ’യെന്ന പേര് ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം പിടിക്കുന്നതേയുളളൂ. ചതുരംഗപ്പാറയിലേക്കുളള റോഡ് പണി പൂർത്തിയായിട്ട് അധികം നാളായിട്ടില്ല. നെടുങ്കണ്ടം– മൂന്നാർ റോ‍ഡിൽ 16 കിലോമീറ്റർ ചെല്ലുമ്പോൾ രണ്ടു മൂന്ന് പെട്ടിക്കടകളുമായി തമിഴ് നാടൻ ശൈലിയിൽ ഒരു കൊച്ച് ജംക്ഷൻ കാണും. ഇടതു വശത്ത്  ഒരു കൊച്ചു പെട്ടിക്കട പോലെ ചെറുതായി കാണുന്നത് ചതുരംഗപ്പാറ തപാൽ‌ ഓഫിസ് ആണ്. 

kuravan-kurathimala

വഴി ചോദിച്ചപ്പോൾ തമിഴിൽ മറുപടി കിട്ടി. ‘‘അന്തവഴിയിലെ പോണം.’’ ഈ ഭാഗത്ത് താമസക്കാർ കൂടുതലും തന്നെ തമിഴരാണ്. കേരളാ–തമിഴ്നാട് ബോർഡറിലാണ് ചതുരംഗപ്പാറ. ജംക്ഷനിൽ നിന്ന് വലത്തോട്ടുളള വഴിയേ തിരിഞ്ഞു റോഡ് അൽപം മോശമാണെങ്കിലും ചതുരംഗപ്പാറ കാണാനുളള തിടുക്കമായിരുന്നു. കാട്ടുമരങ്ങൾക്കിടയിലൂടെയുളള വഴി പിന്നെയും രണ്ടായി പിരിയുന്നു. രണ്ടും കൽപിച്ച് ഇടത്തു വശത്തുകൂടി പോയി. മരച്ചില്ലകൾ ചുറ്റും വന്നുരുമ്മുന്നു. പച്ച വേലിപ്പടർപ്പിലൂടെ പറന്നു പോകുന്ന കാട്ടുതത്തകൾ. വിജന തയിലൂടെയുളള വഴി കൂടുതൽ നിശ്ശബ്ദമായ കുന്നിൻപുറത്ത് ചെന്നവസാനിച്ചു. മൂടൽ മഞ്ഞിൽ കാറ്റാടികൾ‌ കറങ്ങുന്ന ശബ്ദം. വിശാലമായ പുൽമേട് .

കുന്നിൻപുറത്തുനിന്ന് കാണുന്ന വിദൂരമായ കാഴ്ചകൾ. തമിഴ്നാട്ടിലെ ഗ്രാമങ്ങളു ടെയും കൃഷിയിടങ്ങളുടെയും പച്ചപ്പിന്റെ ചിത്രങ്ങൾ. പച്ചപുൽ പ്പരപ്പ്. ട്രക്കിങ്ങും കുറച്ച് സാഹസികതയും ഇഷ്ടപ്പെടുന്ന വർക്കാകും ഇവിടം ആകർഷകം. അൽപം വിജനമായ സ്ഥല മായതിനാൽ കുറച്ചു പേർ സംഘം ചേർന്നു വരുന്നതാവും നല്ലത്.  ചതുരംഗപ്പാറയിലേക്കു പോകുമ്പോൾ കുമളി– മൂന്നാർ റോഡിനരികിലാണ് ജോളിയുടെ ബേക്കറി. ടൂറിസം  സ്വപ്നങ്ങളാണ് ജോളിയുടെ മനസ്സിൽ. ടൂറിസ്റ്റുകൾക്കായി ചതുരംഗ പ്പാറയിൽ ട്രക്കിങ്ങ് സൗകര്യമൊരുക്കാൻ പ്ലാനുണ്ട് ജോളിക്ക്.

‘‘ഈ നാട്ടുകാർക്ക് നേരത്തേ തന്നെ ഈ സ്ഥലത്തെ കുറിച്ചറിയാം. ഇപ്പോൾ കേട്ടറിഞ്ഞ് ദൂരെ നിന്നും ആളുകൾ വരുന്നുണ്ട്.  ചെറുപ്പക്കാരും  ഫാമിലിയുമൊക്കെ.... ഒരു പാട് ടൂറിസം  വികസിക്കാത്തതാവും  ചതുരംഗപ്പാറയുടെ ഭംഗി. കാരണം, വലിയൊരു  ടൂറിസ്റ്റ് സ്ഥലത്തിന് പകരാനാവാത്ത  എന്തോ എനർജിയാണ് ഇവിടെ കിട്ടുന്നത്.’’ ജോളി പറയുന്നു. ശരിയാണ്, വിജനമായ ഈ കുന്നിൻചെരിവും പുൽമേടുകളും മനസ്സിൽ നിറയ്ക്കുന്നത് മറ്റൊരു അനുഭൂതിയാണ്. 

കാറ്റു താരാട്ടും രാമക്കൽമേട്

രാമക്കൽമേടിന്റെ ഭംഗികളെ മഞ്ഞ് മറച്ചു പിടിക്കുകയായിരുന്നു. ആ മഞ്ഞിലും രാമക്കല്ലിനു മുകളിൽ കയറി നിന്ന് കൂവിയാർക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. കല്ലിന്റെ തുഞ്ചത്ത്  അവർ നിഴലുകൾ പോലെ കൈകോർത്തു നിന്നു. കൂട്ടുകാരുടെ ഒരു സംഘം പുൽമേട്ടിലെ വിശ്രമസങ്കേതത്തിൽ മലർന്നു കിടന്നു. ഒരു കാമുകനും കാമുകിയും പച്ചപ്പുൽപ്പരപ്പിൽ കൈ കോർത്തിരുന്ന് സൊറ പറയുന്നു. രാമക്കൽമേട് എല്ലാത്തരം യാത്രക്കാരെയും തന്റെ മടിത്തട്ടിലേക്ക് ചേർത്തു വയ്ക്കുകയാണ്. വിശ്രമമില്ലാതെ വീശുന്ന കാറ്റിന്റെ  സൗഹൃദക്കൈകളോടെ.  നെടുങ്കണ്ടത്തു നിന്ന് കല്ലാർ, മുണ്ടിയെരുമ, തൂക്കുപാലം വഴിയാണ് രാമക്കൽമേട്ടിലേക്ക് പോകേണ്ടത്. 15 കിലോമീറ്റർ  ദൂരം. ഈ വഴിയേ പോകുമ്പോൾ കാണാം. ഹൈറേഞ്ചിന്റെ  തനി നാടൻ ഗ്രമാക്കാഴ്ചകൾ. ചെറിയ ചായക്കടയുടെ കോണിലിരുന്ന് ചായ ഊതിക്കുടിക്കുന്ന ആണുങ്ങൾ. അലസമായി വീട്ടുവാതിൽക്കൽ‌ നിൽക്കുന്ന പെണ്ണുങ്ങൾ. 

ramakal-tamilnadu-view

രാവിലെ എട്ടു മണി മുതലാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രവേശനം. ടോക്കൺ എടുത്ത് കയറാം. കുന്നിന്റെ മേലേ കുറവന്റെയും കുറത്തിയുടെയും പ്രതിമ. കാനായികുഞ്ഞിരാമന്റെ സർഗാത്മകതയിൽ  വിരിഞ്ഞ ശിൽപം  രാമക്കൽ മേട്ടിലെ കാറ്റിൽ തലയുയർത്തി നിൽക്കുന്നു. രാമക്കല്ലിന്റെ  മുകളിൽ കയറിയാലാണ് വിശാലമായ വ്യൂ കിട്ടുക. കമ്പം–തേനി പ്രദേശങ്ങളിലെ കൃഷിയിടങ്ങളുടെ പച്ചപ്പും ഭംഗിയും. രാമക്കൽമേടിനു  ചുവട്ടിൽ ഒരു കടയുണ്ട്. ‘കേരളത്തിലെ അവസാനത്തെ കട’ എന്നു ബോർഡെഴുതിയ ഈ കടയുടെ ഉടമസ്ഥൻ സാബുവിനെ പരിചയപ്പെട്ടു. കഴിഞ്ഞ 16 വർഷമായി ഇവിടുത്തെ ടൂറിസം സൊസൈറ്റി പ്രസി‍ഡന്റാണ് സാബു. രാമക്കൽ മേട്, സാബുവിന് ഒരു വികാരം പോലെയാണ്. രാമക്കൽമേട്ടിലേക്ക് ഇതു പോലെ ആളുകൾ വന്നു തുടങ്ങുന്നതിനു മുമ്പേ ഈ സ്ഥലത്തിന്റെ ടൂറിസം സാധ്യത തിരിച്ചറിഞ്ഞയാളാണ് ഈ ചെറുപ്പക്കാരൻ.

‘പണ്ടൊക്കെ ടൂറിസം വരുന്നതിന് നാട്ടുകാർ എതിരായിരുന്നു.  പക്ഷേ, ഇപ്പോൾ കാര്യങ്ങൾ മാറി. അവധി ദിവസം 1500 പേരെങ്കിലും വരുന്നുണ്ട് ഇവിടെ..... പക്ഷേ, ടൂറിസത്തിന്റെ പേരിൽ വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി പരിസ്ഥിതി താറുമാറാക്കുന്നതിനും എതിരാണ് ഞങ്ങൾ. ഇപ്പോൾ നാട്ടുകാർ കൂടി പിരിവെടുത്ത്  രാമക്കൽമേട് മാത്രമായി ലോക്കൽ സർവ്വീസ് നടത്താനൊരുങ്ങി ബസ് വാങ്ങി.....പിന്നെ, ഈ സ്ഥലം സന്ദർശിച്ചു പോകുന്നവരുടെയെല്ലാം അഭിപ്രായങ്ങൾ എഴുതാൻ ഒരു ഡയറി സൂക്ഷിക്കുന്നുണ്ട്. വർഷങ്ങളായി. എത്ര പേരാണെന്നോ ഈ ഡയറിയിൽ അങ്ങനെ എഴുതിയിരിക്കുന്നത്! 

‘ടൈറ്റാനിക്’ നായകൻ ലിയൊനാർഡോ ഡി കാപ്രിയോ മുതൽ തമിഴ് ഗാനരചയിതാവ് വൈരമുത്തു വരെ ഇവിടെ വന്നിട്ടു പോയപ്പോൾ എഴുതിയ കുറിപ്പുകളുണ്ട്....’’ സാബു ഒരു നിധി പോലെ സൂക്ഷിക്കുന്ന ഡയറിയുടെ താളുകൾ മറിച്ചു...22 വർഷം പഴയ ആ ‍ഡയറിയിൽ നിറയുന്നു, രാമക്കൽ മേട് എന്ന പച്ചപ്പുൽമേടും കുന്നിൻ പുറവും മനസ്സിലിട്ട് മടങ്ങി പ്പോയവർ വിടപറയാൻ നേരം കുറിച്ചിട്ട ഹൃദ്യവാക്കുകൾ:‘ ഭൂമി യിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്.....രാമക്കൽ മേട്.....എന്നെന്നും മനസ്സിലുണ്ടാവും ഒരു തണുപ്പായി, ഇവിടുത്തെ മഞ്ഞും കുളിരും കാറ്റും പച്ചപ്പും സ്നേഹവും....’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA