ആനവണ്ടിയിലേറി വയനാട്ടിലേക്ക്

wayanad-story.jpg.image.784.410
SHARE

യാത്രകൾ എന്നും ഒരു ലഹരിയാണ്. വീഞ്ഞിനേക്കാൾ വീര്യം കൂടിയ ലഹരി. എത്ര സഞ്ചരിച്ചാലും ഒരിക്കലും ഇനി മതി എന്ന ചിന്ത വരാത്ത ഒരു ലഹരി. അഴകുള്ള യാത്രയും, ആഴമുള്ള സൗഹൃദവും. വയനാട് – പലതവണ ആ മണ്ണിൽ ചവിട്ടിയിട്ടുണ്ടെങ്കിലും ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത് എന്റെ ഒരു സുഹൃത്ത് മുഖേനയാണ്. ഞങ്ങൾ എല്ലാവരും കൂടി 10 പേരുണ്ടായിരുന്നു. അതിൽ 4 കോഴിക്കോട്ടുകാരും 6 മലപ്പുറംകാരും.

ഞങ്ങൾ നാലുപേർ രാവിലെതന്നെ വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചു. കാരണം ഇത് എന്റെ മറ്റൊരു മോഹയാത്രയും കൂടിയാണ് – ആനവണ്ടി യാത്ര. ഉച്ചവെയിലിന്റെ ശക്തികൊണ്ട് റോഡിൽ അധികനേരം തിരിഞ്ഞു കളിക്കാതെ കൊടുവള്ളിയിൽ നിന്നും ഞങ്ങൾ യാത്ര തുടങ്ങി. നേരേ കൽപ്പറ്റയ്ക്കും അവിടെ നിന്നു പടിഞ്ഞാറേതറയ്ക്കും. അവിടെ എത്തുമ്പോഴേയ്ക്കും സമയം വൈകുന്നേരം 5 മണി.

കോടയിൽ നിറഞ്ഞ ചെറിയ മാനം, ചന്ദ്രന്റെ നിലാവിൽ കൂടണയാൻ തിരക്കു കൂട്ടുന്ന പക്ഷികൾ, ഒരു പുഷ്പം വിരിയുന്നതുപോലെ മാനത്തു മനുഷ്യന്റെ കാഴ്ചകളെ അദ്ഭുതപ്പെടുത്തി. നക്ഷത്രങ്ങളും ഇതിനിടയിൽ രാത്രിയിലെ ഇരുട്ടിന്റെ ഭംഗി കൂട്ടാൻ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും– എല്ലാം കൊണ്ടും കളർഫുൾ.

wayanad-travel

ഇതെല്ലാം കൺകുളിർക്കെകണ്ട് ഒരു കോഴിക്കോടൻ സുലൈമാനിയിൽ യാത്രയോടുള്ള മുഹബത്ത് അലിയിച്ചിരിക്കുമ്പോള്‍ അതാ കയറിവരുന്നു നമ്മുടെ കൂട്ടത്തിലെ മറ്റു വില്ലന്മാർ. എല്ലാവരെയും ആനയിച്ച് അടുത്തിരുത്തി. യാത്രാക്ഷീണം ഒരു കുളിയിൽ അവസാനിപ്പിക്കണം എന്നു പറഞ്ഞ് അവർ നേരെ അങ്ങോട്ട്. ഇതെല്ലാം കഴിഞ്ഞുവന്നു ഞങ്ങൾ കണ്ട നക്ഷത്രങ്ങളെ നോക്കി അവരും കുറച്ചുനേരം സമയം കളഞ്ഞു. അതുകൊണ്ട് അതിന്റെ പവിത്രത ഒരിക്കലും നഷ്ടപ്പെടാത്ത രീതിയിൽ കഴിഞ്ഞു. അതിനു കാരണം ഞങ്ങൾ എല്ലാവരും നേരത്തെ പരിചയം ഉള്ളവരാണല്ലോ. അതാണ് ഈ യാത്രയേ ആയാസവും ആനന്ദകരവും ആക്കിയത്. ഇങ്ങനെ ഒരുപാടു നേരം കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. നാളെ രാവലെ 9 മണിക്കാണ് സ്റ്റാർട്ടിങ്. അതിനു നേരത്തെ എഴുന്നേൽക്കണം എന്നു മോഹൻസാറിന്റെ നിർദേശം ഉണ്ടായിരുന്നു. പിന്നെ ഒട്ടും വൈകാതെ നേരെ മയക്കത്തിലേക്ക്. നാളത്തെ യാത്രയെക്കുറിച്ച് കുറച്ചു സ്വപ്നങ്ങൾ കണ്ട് ഒരു നല്ല മയക്കം.

പിറ്റേന്നു രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ഞങ്ങൾ കുറച്ച് സെൽഫി എടുത്തു കഴിഞ്ഞപ്പോഴെക്കും എല്ലാവരും വന്നു. പിന്നെ സമയം വൈകാതെ പരിപാടികൾ എല്ലാം തീർക്കണം. 8 മണിക്കു സാർ ഫുഡുമായി വരും എന്ന നിർദേശം ഉണ്ടായിരുന്നു.

2065 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ബാണാസുര മലയുടെ തോൾ ചാരി നിൽക്കുന്ന പച്ച പറുദീസ – അതായിരുന്നു ഈ കാഴ്ചയിൽ കണ്ടത്. മുന്നിൽ ഒരു സ്വർഗഭൂമിയെന്നപോലെ തലയുയർത്തി നിൽക്കുന്ന പച്ച പരവതാനി. ഇവിടെ എത്താനുള്ള ആകാംക്ഷയായിരുന്നു പിന്നെ ഞങ്ങളുടെ ലക്ഷ്യവും ചിന്തയും. കുറച്ചു ദൂരം നടന്നു കഴിഞ്ഞ് ഒരു സ്ഥലത്ത് എത്തിയപ്പോൾ മൂപ്പൻ പറഞ്ഞു; ഇനി കുറച്ചു വിശ്രമമെടുക്കാമെന്ന്. ഇനിയങ്ങോട്ടുള്ള വഴിയിൽ കുറച്ചു സാഹസവും. കൂടാതെ അട്ടകൾ ധാരാളം ഉണ്ടെന്നും പറഞ്ഞു. വീണ്ടും നടത്തം തുടങ്ങി. ചെറിയ അരുവിയും പാറക്കെട്ടുകളും. എല്ലാം മറികടന്നു ചെളിയിലും ചതുപ്പിലും ചവിട്ടി നടന്ന് ഒരു സാഹസിക സഞ്ചാരം. വളരെ അതിശയിപ്പിച്ച ഒരു ചെറിയ നടത്തം. ഇതെല്ലാം കടന്നു ചെല്ലുന്നത് കുത്തനെയുള്ള ഒരു കയറ്റമാണ്. ഒറ്റയടി പാത. ആ മഴയത്ത് നടന്നുനീങ്ങി ഞങ്ങൾ. എല്ലാ കാഴ്ചകളും കഴിഞ്ഞ് അവസാനം ഫോറസ്റ്റ് ഓഫീസ് മുറ്റത്ത് എത്തി കുറച്ചു സമയം ഇരുന്നു. സന്തോഷവും ആനന്ദകരവുമായ ഒരു യാത്ര അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA