ADVERTISEMENT

വിനോദസഞ്ചാരികളിൽ മിക്കവർക്കും വർക്കലയോടുള്ള അടുപ്പം ഒന്നുവേറെയാണ്. പരന്നുകിടക്കുന്ന കടലിന്റെ ഭംഗി നുകരാൻ സ്വദേശികളും വിദേശികളും എത്തുന്നുണ്ട്. വെള്ള മണല്‍ത്തരികൾ വിരിച്ച ബീച്ചും ശാന്തമായ തിരകളും മൂളിയെത്തുന്ന കാറ്റുമൊക്കെ ആരെയും ആകർഷണവലയത്തിലാക്കും. പാദങ്ങളെ തഴുകി പിന്നിലേക്കു മറയുന്ന തിരമാലകൾ എത്ര കണ്ടാലും മതിയാവില്ല. ആ കാഴ്ച കണ്ടുനിൽക്കാനും കാലുകൾ നനയ്ക്കുവാനും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ആവേശം ചെറുതല്ല. ദക്ഷിണ കാശി എന്നറിയപ്പെടുന്ന വർക്കല കടൽതീരത്തേക്ക് ആയിരകണക്കിനു ഭക്തരാണ് എത്തുന്നത്.

റിസോർട്ടുകളും ആയുർവേദ സുഖ ചികിൽസാ കേന്ദ്രങ്ങളുമൊക്കെയുള്ള ഇവിടം ‍ടൂറിസ്റ്റുകളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. വർക്കലയുടെ പേരും പെരുമയുമുണർത്തുന്ന ഒരിടമുണ്ട്. അധികമാരും കടന്നുചെല്ലാത്ത സുന്ദരഭൂമി- പൊന്നുംതുരുത്ത്. പേരു കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ്- പൊന്നുള്ള സ്ഥലമാണോ?. ശരിയാണ്. പൊന്നിൽ കുളിച്ച അതിസുന്ദരകാഴ്ചകളൊരുക്കുന്ന ചെറുദ്വീപ് എന്നുതന്നെ പറയാം. ഒാളം തല്ലുന്ന കായലിന്റെ നടുക്കായി പച്ചപ്പുള്ള മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ തുരുത്ത് ആദ്യകാഴ്ചയിൽ തന്നെ മനം കവരും. ശിവപാര്‍വതിമാരും മഹാവിഷ്ണുവും ഗണപതിയും നാഗദേവതകളും കുടിയിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാകേന്ദ്രവും ഇവിടെയുണ്ട്. വിശ്വാസികള്‍ക്കും സഞ്ചാരികൾക്കും ഒരേപോലെ പ്രിയപ്പെട്ടയിടമാണ് ഇൗ തുരുത്ത്.

‘പൊന്നിൽ ഉൗതിക്കാച്ചിയ’ ദ്വീപിലെത്തിയാൽ കായലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. കാഴ്ചയിൽ ചെറിയ ദ്വീപാണെങ്കിലും സന്ദർശകരെ കാത്ത് മനസ്സുകുളിർപ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്. വർക്കലയിൽനിന്ന് 12 കിലോമീറ്റർ പിന്നിട്ട് നെടുങ്ങണ്ടയിൽ എത്തിയാൽ പൊന്നുംതുരുത്തിലെത്താനുളള വളളം കിട്ടും. അഞ്ചുതെങ്ങ് കായലിലൂടെയാണ് യാത്ര. കായൽപരപ്പിന്റെ ഒാളങ്ങളിലൂടെയുള്ള തോണിയാത്ര രസകരമാണ്.. സൂര്യാസ്തമയവും പ്രകൃതിശോഭയും ആസ്വദിക്കാനെത്തുന്നവർക്ക് ഇതിലും നല്ലയിടം വേറെ കാണില്ല. സ്വച്ഛവും സുന്ദരവുമായ ഭൂമി.

മറ്റൊരു ആകർഷണം തുരുത്തിലെ ക്ഷേത്രമാണ്. െഎതിഹ്യകഥകൾ പേറുന്ന ഇൗ ക്ഷേത്രവും സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. ശിവപാർവതിമാർക്കും മഹാവിഷ്ണുവിനും ഒരുപോലെ പ്രാധാന്യമുളള ക്ഷേത്രമായതിനാലാണ് ഇതിനു പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണു ക്ഷേത്രം എന്നു പേര്. ആധുനിക ശിൽപചാരുതകൾ ഉൾപ്പെടുത്തിയാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പൊന്നുംതുരുത്ത് എന്ന പേരിനു പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. തിരുവതാംകൂർ രാജവംശത്തിലെ റാണിമാരുടെ സ്വർണവും വിലപിടിപ്പുള്ള ആഭരണങ്ങളും ഇൗ ക്ഷേത്രത്തിനു സമീപം ഒളിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ പൊന്നു കാത്തു സൂക്ഷിച്ചയിടം കാലം പിന്നിട്ടപ്പോൾ പൊന്നുംതുരുത്തായി.

കേരളത്തിൽ ഏറ്റവും കുറവു സഞ്ചാരികള്‍ എത്തിച്ചേർന്നിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ് പൊന്നുംതുരുത്ത് ദ്വീപ്. വിവിധ ടൂറിസം പാക്കേജുകളുടെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും അതിന്‍റേതായ ബഹളങ്ങളും മാലിന്യങ്ങളും ഇതിനെ ഇതുവരെയും ബാധിച്ചിട്ടില്ല. വക്കം പണയില്‍ക്കടവില്‍ നിന്നോ നെടുങ്ങണ്ടയില്‍നിന്നോ വഞ്ചിയില്‍ കയറിവേണം പൊന്നുംതുരുത്തിലെത്താന്‍. നെടുങ്ങണ്ടയില്‍നിന്ന് തുരുത്തിലെത്താന്‍ ക്ഷേത്രംവക വഞ്ചിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com