ADVERTISEMENT

തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയിൽ അതിസുന്ദരങ്ങളാകുന്ന കുറച്ചിടങ്ങളുണ്ട്. മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുമ്പോൾ ഇടുക്കിയ്ക്കു പത്തരമാറ്റാണ് ചന്തം. വേനലിൽ മെലിഞ്ഞു പോയ നീർച്ചാലുകളെല്ലാം വീണ്ടും നിറഞ്ഞൊഴുകുന്നത് കാണണമെങ്കിൽ മഴയെത്തണം. മഴ തിമിർത്തു പെയ്തു സുന്ദരിയാക്കിയ ഇടുക്കിയിൽ നിന്നും മഴയാത്ര ആരംഭിച്ചാൽ, അത്രതന്നെ സൗന്ദര്യത്തിലാറാടി നിൽക്കുന്ന നാടാണ് വയനാട്. നിർത്താതെ പെയ്യുന്ന മഴയിൽ ഗവിക്കും അരുവിക്കുഴിക്കുമൊക്കെ വല്ലാത്തൊരു ചേലാണ്. വീശിയടിക്കുന്ന കാറ്റും മാർഗതടസമായി മറിഞ്ഞുവീണ മരങ്ങളെയും പിന്നിട്ടുകൊണ്ട് മഴ നനഞ്ഞ് ഒരു യാത്ര  പോകാം.

ഇടുക്കി

840095498

മലമേലെയാണ് ഇടുക്കിയുടെ സ്ഥാനം അതുകൊണ്ടു തന്നെ മഴയാദ്യമെത്തുമിവിടെ. വർഷം മുഴുവൻ പൊഴിയുന്ന ചെറുമഴത്തുള്ളികൾ പോലെയല്ലാതെ തിരിമുറിയാതെ മഴയങ്ങനെ പെയ്യുമ്പോൾ മൂന്നാറിലെയും  വാഗമണ്ണിലെയുമൊക്കെ കാഴ്ചകളിലും  മഴയുടെ ഒരാവരണം വന്നങ്ങു മൂടും. പച്ചപുതപ്പിനു മേലെ കിന്നാരം പറഞ്ഞുകൊണ്ട് ആ വെള്ളത്തുള്ളികങ്ങനെ അമർന്നുകിടക്കും. വെള്ളച്ചാട്ടങ്ങൾ പുള്ളിമാൻ കിടാവുകളെ പോലെ തെന്നിതെറിച്ച്...ആർത്തിരമ്പി താഴോട്ട് പതിക്കും. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലുണ്ടെന്നാണ് കണക്ക്. തൂവാനവും പള്ളിവാസലും ചെല്ലാർകോവിലും മുതിരപ്പുഴയാറിന്റെ സ്വന്തമായ ശ്രീനാരായണപുരവും തൂവലും കുത്തുങ്കലുമൊക്കെ ജൂണിലെ മഴ തുടങ്ങിയാൽ ഉത്സാഹത്തിമിർപ്പിലാകും. നന്നായി ഉടുത്തൊരുങ്ങിനിൽക്കുന്ന ഒരു പെണ്ണിന്റെ ചേലുകൈവരും. ചെറുചിലങ്കയണിഞ്ഞു കൊണ്ടവർ നിർത്താതെ പെയ്തുകൊണ്ടേയിരിക്കും. മഴ കനക്കുമ്പോഴാണ് ഇടുക്കി ശരിക്കും മിടുമിടുക്കിയാകുന്നത്.

മഴ കൊണ്ടുകൊണ്ടു കണ്ടു വരാൻ ഇനിയുമെത്രെയോയിടങ്ങളുണ്ട് ഇടുക്കിയിൽ. നിർത്താതെ പെയ്യുന്ന മഴയിലെ ട്രെക്കിങും ആ  യാത്രയിൽ ലഭിക്കുന്ന വലിയൊരവസരമാണ്. ചൂട് കട്ടൻ കാപ്പിയും കുടിച്ചുകൊണ്ട് ഒരു കുടപോലുമില്ലാതെ മലകൾ താണ്ടിവരൂ..ഇത്രയധികം ഇനിയൊരു യാത്രയും നിങ്ങളെ ഹരംപിടിപ്പിക്കില്ല.

വയനാട്

സുന്ദരമായ വെള്ളച്ചാട്ടങ്ങളുടെയും മഴയിൽ നനഞ്ഞു നിൽക്കുന്ന പ്രകൃതിയുടെയും നിരവധി നല്ല നിമിഷങ്ങൾ സമ്മാനിക്കാൻ ഇടുക്കിയെ പോലെ തന്നെ കഴിയും വയനാടിനും. മഴ കനത്തുപെയ്യുമ്പോഴാണ് ബാണാസുര മലയുടെയും മീന്മുട്ടിയുടെയും സൗന്ദര്യം വർധിക്കുന്നത്. അന്നേരത്ത ആ കാഴ്ച കാണാൻ  സഞ്ചാരികളുടെ തിരക്കാണ്. ബാണാസുര മലയും ചെമ്പ്രയും മീന്മുട്ടിയുമൊക്കെ കാലവർഷപെയ്ത്തിൽ നനഞ്ഞു കുതിർന്നു നിൽക്കുന്നതും ആർത്തലച്ച് വരുന്നതും ശരിക്കും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്.

ഭീമാകാരമായ പാറക്കെട്ടുകളിൽ തട്ടി താഴോട്ട് പതിക്കുന്ന ജലപാതയ്ക്ക് ശൗര്യം അല്പം കൂടുതലാണ്. പതഞ്ഞൊഴുകുന്ന വെള്ളത്തിനും പാലിനോളം തന്നെ നിറവും ഗുണവും. ചിതറിത്തെറിക്കുന്ന ജലകണികകൾ ദേഹത്തു കുളിരുകോരിയിടും. വയനാട്ടിലെ മലയും കാടുകളും കാട്ടുചോലകളും വര്‍ഷകാലത്താണ് ഉഗ്രരൂപം പ്രാപിക്കുന്നതും കാണാനെത്തുന്നവർക്ക്  അകംനിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്നതും. 

ഗവി

gavi-trip

പച്ചയ്ക്കാണ് ഏറ്റവും സൗന്ദര്യമെന്ന് ഗവിയിലെ മഴ നനഞ്ഞു കഴിയുമ്പോൾ തോന്നും. അത്രയേറെ സുന്ദരമാണ് മഴക്കാലത്തെ ഗവി കാഴ്ചകൾ. ഒരു കുടയുടെ പോലും മറയില്ലാതെ കാട്ടിലെ മഴ നനയാൻ മോഹമുണ്ടെങ്കിൽ അങ്ങോട്ടേയ്ക്ക് വണ്ടി കയറാം. കോരിച്ചൊരിയുന്ന മാരിയുടെ വിശേഷങ്ങൾ പറയുന്ന കിളികളെയും ആനകളെയും കാട്ടുപോത്തുകളെയുമൊക്കെ ആ യാത്രയിൽ കാണാം. വര്ഷത്തിന്റെ സമൃദ്ധി, നിറവ് നൽകിയ കാട്ടരുവികൾ അലതല്ലി ഒഴുകുന്നതും കണ്ണുകളെ കുളിരണിയിക്കും.

അരുവിക്കുഴി

മഴയത്ത് മനോഹരിയാകും കോട്ടയത്തെ അരുവിക്കുഴി. വര്ഷം ആഞ്ഞടിച്ചു പെയ്യുമ്പോൾ, വെള്ളം നിറയും പള്ളിക്കത്തോട്ടിലെ തോടുകളിൽ. ആ കൈതോടുകൾ ആദ്യം പതുക്കെയും പിന്നെ ഇരമ്പിക്കൊണ്ടും പാഞ്ഞുവരും. ആ പാച്ചിലിലൊന്ന് നനയാൻ  ആഗ്രഹിച്ചെത്തുന്ന നിരവധി സഞ്ചാരികളാണ് അരുവിക്കുഴിയെ പ്രശസ്തമാക്കിയത്. കൈയകലത്തിൽ നിന്നു കാണാമെന്നതു തന്നെയാണ് അരുവിക്കുഴിയുടെ പ്രധാന ആകർഷണം. കോട്ടയത്ത് നിന്നും അധികം അകലെയല്ല എന്നതും തികച്ചും ഗ്രാമീണമായ അന്തരീക്ഷവും അരുവിക്കുഴി കാണാനെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. മഴയത്തു നിറഞ്ഞൊഴുകുന്ന ഈ ജലപാത വേനലിൽ അപ്രത്യക്ഷമാകും. മഴ തുടങ്ങുമ്പോൾ വീണ്ടും മനോഹരിയായി പാറകളിൽ തട്ടി പാലരുവി താഴേക്കൊഴുകും.

പറഞ്ഞാലും എഴുതിയാലുമൊന്നും തീരാത്തയത്രയും കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും മഴക്കാലങ്ങളിലെ യാത്രകൾ. ഒരിക്കലൊന്ന് മഴ നനഞ്ഞാൽ ആ മഴയത്തു നിന്നും കയറാതെ നിൽക്കുന്ന ബാല്യങ്ങളെ പോലെയാകും പിന്നെ നാമോരുരുത്തരും. കുട പോലുമില്ലാതെ ഒന്ന് മഴയിലേക്കിറങ്ങി നോക്കൂ...നിങ്ങളെ ഈ മഴയും മഴയാത്രകളും അത്രമാത്രം വശീകരിക്കും...അതുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com