ADVERTISEMENT
Banasura-Sagar-Dam-Travel3

വേനലിന്റെ കാഠിന്യത്തിൽ ബാണാസുര സാഗർ ഡാം ഏറെ ശുഷ്കിച്ചിരിക്കുന്നു. കഴി‍ഞ്ഞ മഴക്കാലത്ത് ഭീതിജനിപ്പിക്കുംവിധം നിറഞ്ഞുകിടന്നിരുന്ന ഡാമാണ് ഇപ്പോൾ വരണ്ട് ചെമ്മണ്ണു തെളിഞ്ഞു കിടക്കുന്നത്. ബാണാസുരൻ മലയിലുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഡാമിനു സംഭരിക്കാനാകുന്നതിലുമേറെ വെള്ളം നിറച്ചു. ഒടുവിൽ, പെരുമഴ തിമിർത്തു പെയ്യുന്ന ഒരു രാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടേണ്ടി വന്നു. നേരം വെളുത്തപ്പോഴേക്കും പലരുടെയും വീടുകൾ വെള്ളത്തിൽ മുങ്ങി. റോഡും പാലവുമെല്ലാം വെള്ളം മൂടിയതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. അത്രയേറെ ജലസമൃദ്ധമായിരുന്ന അണക്കെട്ടാണ് ഇപ്പോൾ ശുഷ്കിച്ചത്. വെള്ളമിറങ്ങിയതോടെ പഴയ ഒരു ഗ്രാമത്തിന്റെ ഭാഗങ്ങൾ അങ്ങിങ്ങു തെളിഞ്ഞുകാണാം. കരിങ്കൽ ക്വാറികളും റോഡുകളും വരെ വേനൽ കടുത്തതോടെ തെളിഞ്ഞുനിൽക്കുന്നു.

വയനാട്ടിലേക്കു കുടിയേറിയവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു തരിയോട്. ആ ഗ്രാമം ഇന്നില്ല. ടാർ റോഡും ബസ് സർവീസുമെല്ലാം ഉണ്ടായിരുന്ന ആദ്യകാലത്തെ പ്രധാന അങ്ങാടികളിലൊന്ന്. 1979 ൽ ഡാം നിർമാണം ആരംഭിച്ചതോടെ ഇവിടെനിന്ന് ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഫലം കാണാതെ വന്നതോടെ നൂറുകണക്കിനു കുടുംബങ്ങൾ പുതിയ സ്ഥലം േതടിപ്പോയി.

Banasura-Sagar-Dam-Travel4

ആയിരക്കണക്കിനാളുകളുടെ, പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണു ഡാം നിർമിച്ചു. കബനിയുടെ കൈവഴിയായ കരമാൻ തോടാണ് ഡാമിലേക്കു വെള്ളമെത്തിക്കുന്നത്. ബാണാസുരൻമലയുടെ താഴ്‌വാരത്തു നിർമിച്ചതിനാൽ ഡാമിനു ബാണാസുരസാഗർ എന്നു  പേരിട്ടു. മഹാബലിയുെട മകനായ ബാണന്റെ കോട്ടയായിരുന്നുവത്രേ ഈ മല. നാലഞ്ചു മലകൾ നിരന്നു നിൽക്കുന്നതിനാൽ കോട്ട തീർത്തതുപോലെ തോന്നും. പ്രായമായ ആളുകൾ ഇന്നും ബാണാസുരൻമലയെ ബാണാസുരൻ കോട്ട എന്നാണ് പറയുന്നത്. ഈ മലയെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ഒരു സായിപ്പും മദാമ്മയും മലയിൽ താമസിച്ചിരുന്നുവെന്നും കാട്ടിലൊരിടത്ത് മദാമ്മ പുറ്റായി മാറിപ്പോയെന്നുമെല്ലാമുള്ള കഥകൾ. ഡാമിനടുത്ത് ബാണാസുരന്റെ പേരിൽ ക്ഷേത്രവുമുണ്ട്.  

Banasura-Sagar-Dam-Travel6

ഒരു ഗ്രാമമാകെ മുങ്ങിപ്പോയെങ്കിലും നിർമാണം പൂർത്തിയായതോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും ആളുകൾ‌ ഡാം അന്വേഷിച്ചെത്താൻ തുടങ്ങി. ഒരു വശത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ബാണാസുരൻ മല. മഴ പെയ്തതോടെ മലയാകെ പച്ചപ്പു പടർന്നിരിക്കുന്നു. വൻമരങ്ങൾ വളരെക്കുറവാണ്. തെരുവ പോലുള്ള പുല്ലുകളാണ് മല നിറയെ. അതിനാൽ ആ പച്ചപ്പിന് ഭംഗി ഒന്നുവേറെയാണ്. വേനൽക്കാലത്ത് ഈ പുല്ലെല്ലാം ഉണങ്ങി മലയുടെ നിറം മാറും. മിക്കവാറും എല്ലാക്കൊല്ലവും ഇവിടെ കാട്ടുതീ ഉണ്ടാകാറുണ്ട്. ഇക്കൊല്ലത്തെ കാട്ടുതീയിൽ മല ഏറെക്കുറെ പൂർണമായി കത്തി.

Banasura-Sagar-Dam-Travel4

പുതുമഴ പെയ്യുന്നതുവരെ മല കരിഞ്ഞുകിടക്കുകയായിരുന്നു. വെളുത്തമേഘങ്ങൾ ഇടക്കിടെ മലയെ തൊട്ടുതലോടി പോകുന്നു. മലയടിവാരത്ത് നീലനിറത്തിൽ ജലാശയം. അങ്ങിങ്ങായി കുന്നുകൾ തലയുയർത്തി നിൽക്കുന്നു. മണ്ണു നീക്കിയതിന്റെ ശേഷിപ്പായി ചെമ്മണ്ണ് കാണാം. കടപുഴകിപ്പോയ വൻമരങ്ങളുടെ വേരും തടിയും മറിഞ്ഞു കിടക്കുന്നു. കുന്നുകൾക്കിടയിലൂടെ വ്യാപിച്ചുകിടക്കുന്ന ജലാശയം. അതിനടിയിൽ എത്രയോ വീടുകൾ, കിണറുകൾ, പശുത്തൊഴുത്തുകൾ, കളിക്കളങ്ങൾ, റോഡുകൾ, കലുങ്കുകൾ... 

Banasura-Sagar-Dam-Travel1

കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ സ‍ഞ്ചാരിച്ചാൽ പടിഞ്ഞാറത്തറയെത്തും അവിെടനിന്ന് അൽപദൂരം പോയാൽ ഡാമായി. പ്രധാന കവാടം എത്തുന്നതിനു മുമ്പായി ഡാമിന്റെ ഷട്ടർ കാണാം. വെള്ളം നിറഞ്ഞാൽ ചില വർഷങ്ങളിൽ ‍ഷട്ടർ തുറന്നുവിടാറുണ്ട്. അതു കാണാൻ ഒരു ഉത്സവത്തിനുള്ളത്രയും ആളുകൾ എത്താറുണ്ട്. പാൽ പോലെ പതഞ്ഞ് താഴേക്കു വെള്ളം ഒലിച്ചിറങ്ങും. ഷട്ടറിനിടയിലൂടെ ചാടിവരുന്ന ചെമ്പല്ലികളെ പിടിക്കുന്നത് വലിയൊരു ആഘോഷമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സ്ഥിതി മാറി. പല ഗ്രാമങ്ങളെയും മുക്കിയ വെള്ളമത്രയും പാഞ്ഞിറങ്ങിയത് ആ ഷട്ടറിലൂടെയായിരുന്നു. ഡാമിന്റെ ഷട്ടർ ഉയർത്തുന്നത് ആഘോഷമായി കണ്ടിരുന്ന ആളുകൾക്ക് ഇപ്പോൾ ആ വാർത്ത ഭീതിയായിരിക്കും ജനിപ്പിക്കുക. 

ചെറിയൊരു പാലം കടന്നാൽ ഡാമിന്റെ ടിക്കറ്റ് കൗണ്ടറിനടുത്തെത്താം. തൊപ്പികളും കൂളിങ് ഗ്ലാസും ഉപ്പിലിട്ടതുമെല്ലാം സുലഭം. ടിക്കറ്റെടുത്ത് കയറിച്ചെന്നാൽ ആദ്യം കാണുന്നത് പച്ച വിരിച്ച ഒരു കുന്നാണ്. വെള്ളം തടഞ്ഞു നിർത്താനായി കരിങ്കല്ല് കെട്ടിയുണ്ടാക്കിയ കുന്ന്. അതിൽ  തെരുവപ്പുല്ലുകൾ നിറഞ്ഞുനിൽക്കുന്നു. സ്റ്റെപ്പ് നടന്നു കയറി മുകളിലെത്തിയാൽ പിന്നീടങ്ങോട്ട് ജലാശയമാണ്.

Banasura-Sagar-Dam-Travel5

ഡാമിന്റെ ദൂരക്കാഴ്ച കാണുന്നതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിറയെ പ്ലാവുകൾ. അതിലെല്ലാം ഊ​ഞ്ഞാൽ കെട്ടിയിരിക്കുന്നു. എപ്പോഴും തണലുള്ള ഇവിടെ ഡാമിൽനിന്ന് ഒഴുകിയെത്തുന്ന കാറ്റേറ്റ് ഊഞ്ഞാലാടാം. അഞ്ചെട്ടു കൊല്ലം മുമ്പുവരെ തീരെ ആളില്ലാതെ വിജനമായിരുന്ന സ്ഥലമാണ് ഇപ്പോൾ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നത്. നിറയെ ചെടികൾ വച്ചുപിടിപ്പിച്ചു. കുളംനിർമിച്ച് ധാരാളം വളർത്തുമത്സ്യങ്ങളെ ഇട്ടു. കുതിര സവാരി, റോപ്പ് വേ അങ്ങനെ പലതും. കുട്ടികളെ സന്തോഷിപ്പിക്കാനും നിരവധി കളികളുണ്ട്.

കഥകളുറങ്ങുന്ന ജലാശത്തിൽ സഞ്ചരിക്കാൻ ബോട്ടുകളുണ്ട്. അഞ്ചുപേർക്ക് കയറാവുന്ന സ്പീഡ് ബോട്ടും കൂടുതൽ ആളുകൾക്കു കയറാവുന്ന വലിയ ബോട്ടുമുണ്ട്. 15 മിനിറ്റാണ് സ്പീഡ് ബോട്ടിൽ സഞ്ചരിക്കാൻ സാധിക്കുക. അതിവേഗം സഞ്ചരിക്കുന്ന ബോട്ട് കുന്നുകൾക്കിടയിലൂടെ ചീറിപ്പായും. ഉണങ്ങിയ മരക്കുറ്റികൾ വെള്ളത്തിൽ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്നതു കാണാം. അകലെ കാവൽക്കാരനെപ്പോലെ ബാണാസുരൻ മല.

കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന റിസർവോയർ മഞ്ഞൂറ, കുറ്റിയാംവയൽ, പത്താംമൈൽ എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നു. ഈ സ്ഥലങ്ങളിലേക്കുള്ള വഴികളിലൂടെ സഞ്ചരിച്ചാൽ ഡാമിന്റെ മറ്റു ഭാഗങ്ങൾ കാണാം. വേനൽ കനത്ത് വെള്ളം ഇറങ്ങിയതോടെ പലയിടങ്ങളും കുട്ടികൾ കളിക്കളമാക്കി. പുല്ലു നിറഞ്ഞ വിശാലമായ കളിക്കളങ്ങൾ. മഴക്കാലം തുടങ്ങുന്നതോടെ അന്യമാകുന്ന കളിക്കളങ്ങൾ. 

Banasura-Sagar-Dam-Travel

മൺസൂൺ തുടങ്ങി ഒന്നര– രണ്ടു മാസമെങ്കിലും പെയ്താലേ ഡാം ഭാഗികമയെങ്കിലും നിറയൂ. മഴക്കാലം കഴിയാറാകുമ്പോഴേക്കും ഡാം നിറഞ്ഞിരിക്കും. ഇപ്പോൾ തെളിഞ്ഞുകാണുന്ന പല കുന്നുകളും വെള്ളത്തിൽ മുങ്ങും. വലിയ ചില കുന്നുകളുടെ അറ്റം മാത്രം ഉയർന്നു നിൽക്കും. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വെള്ളത്തിൽ അങ്ങിങ്ങു ചെറിയ മൊട്ടുകൾ പോലെ കുന്നുകൾ. വേനൽക്കാലത്തായാലും വർഷകാലത്തായാലും ഡാമിനു വശ്യസൗന്ദര്യമാണ്. ഏതു ഋതുവിലും നഷ്ടപ്പെടാത്ത സൗന്ദര്യം. ആ മനോഹാരിത തേടി എങ്ങുനിന്നെല്ലാമാണ് ആളുകൾ എത്തുന്നത്. 

ബാണാസുര മലയുടെ അടിവാരത്തുള്ള തരിയോടായിരുന്നു ആളുകൾ ആദ്യമെത്തിയത്. അവർ ഇവിടെ കൃഷി ചെയ്യുകയും വീടുവെയ്ക്കുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു. അവിടൊരു ഗ്രാമവും അങ്ങാടിയുമുണ്ടായി. എന്നാൽ ഡാം വന്നതോടെ അതെല്ലാം വെള്ളത്തിലാണ്ടുപോയി.ഇപ്പോൾ ആളുകൾ എത്തുന്നത് ആ ജലാശയത്തിന്റെ ഭംഗി ആസ്വദിക്കാനാണ്. അവർക്കാർക്കും ഇവിെട അധികനാൾ താമസിക്കാനാകില്ല. എങ്കിലും ജലാശയത്തിന്റെ പരിസരത്തായുള്ള ചെറുതും വലുതുമായ റിസോർട്ടുകളിൽ അൽപനാൾ തങ്ങാം. 

തരിയോട് എന്ന ഗ്രാമത്തിന്റെ കുടിയേറ്റ ചരിത്രം ജലാശയത്തിൽ മുങ്ങിത്താണെങ്കിലും ആ നാടിന്റെ ഓരങ്ങൾ തേടി ഇന്നും പല ദേശത്തുനിന്നും ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. അപ്പോഴെല്ലാം, വെൺമേഘങ്ങൾ പാറിനടക്കുന്ന നീലാകാശത്തിനു കീഴെ നിറഞ്ഞും മെലിഞ്ഞും മനോഹാരിതയുടെ പുതിയ കാഴ്ചകളൊരുക്കുകയാവും ബാണാസുരസാഗർ ഡാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com