ADVERTISEMENT

കായൽക്കാഴ്ചകൾ തേടി കുട്ടനാട്ടിലേക്കെത്തുന്ന വിദേശ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഗ്രാമമാണ് കൈനകരി. വാഹനങ്ങളുടെ ബഹളമില്ലാത്ത കൊച്ചുദ്വീപ്. കടത്തുവള്ളം കാത്ത് കൈനകരി ബോട്ട്ജെട്ടിയിലിരിക്കുന്നവരുടെ കൊച്ചുവർത്തമാനങ്ങള്‍ക്കിടയിൽ നിന്നാണ് അന്നത്തെ ചൂടുള്ള വാർത്ത വീണുകിട്ടുന്നത്. ‘അറിഞ്ഞില്ലേ, അക്കരെയിലെ ലാലിച്ചൻ പുതിയ വള്ളം വാങ്ങി’. നിമിഷനേരം കൊണ്ട് നാവുകളിൽ നിന്ന് നാവുകളിലേക്ക് വാർത്ത പരന്നു. അതത്ര രസിക്കാത്തതായി അവിടെയപ്പോൾ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അക്കരെ നിന്ന് ആളെകയറ്റാൻ തിരക്കിട്ടെത്തിയ കടത്തുവള്ളവും വള്ളക്കാരനും. ലാലിച്ചന്റെ പുതിയ വള്ളം തനിക്കുണ്ടാക്കിയ രണ്ടുരൂപ നഷ്ടം സഹിച്ച് വള്ളക്കാരൻ തുഴഞ്ഞുതുടങ്ങി.

കായലോളത്തിന്റെ അലയടിച്ചിലിൽ കടത്തുവള്ളത്തിലെ നാട്ടുവർത്തമാനങ്ങൾ ഇഴുകിച്ചേർന്നു... ബൈക്കും കാറും വാങ്ങാൻ നാം ആഗ്രഹിക്കും പോലെ കൈനകരിയിലെ ഓരോ വീട്ടുകാരുടെയും സ്വപ്നമാണ് സ്വന്തമായൊരു വള്ളം. കാരണം, അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് വള്ളമാണ്. പമ്പയാറിന്റെ കൈവഴികളും വേമ്പനാട്ടുകായലിന്റെ തിരയിളക്കങ്ങളും ചന്തം ചാർത്തുന്ന ‘കൈനകരി’ യെന്ന കുട്ടനാടൻ ഗ്രാമത്തിലെ കാഴ്ചകളിൽ ഒരു ദിവസം.

കൺനിറയെ കായൽപരപ്പ്

Kuttanad-Budget--Trip1

കായലോളങ്ങളും നെൽപാടങ്ങളും കെട്ടുവള്ളങ്ങളും അന്തിക്കള്ളും നാടൻപാട്ടും ഒന്നുചേരുന്ന കുട്ടനാടിന്റെ ചിത്രം മനസ്സിലെത്തുന്നത് ഒരു സിനിമയുടെ തുടക്കം പോലെയാണ്. ഓർമകളിലെവിടെയോ എന്നോ പോറിയിട്ടൊരു നൊസ്റ്റാൾജിയ. കുട്ടനാടിന്റെ കിഴക്ക് എട്ടു കിലോമീറ്റർ അകലെ പമ്പയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെറുതുരുത്താണ് കൈനകരി. വാഹനങ്ങളില്ലാത്ത ഗ്രാമം. പമ്പയാറിനെ തോൽപിച്ച് അക്കരെ വാഹനങ്ങൾ എത്തിക്കാൻ പാലമില്ലാത്തതിനാൽ ട്രാഫിക്കിലെ കാത്തിരിപ്പും നിലയ്ക്കാതെ ഓടുന്ന നഗരജീവിതത്തിന്റെ തിരക്കും കൈനകരിക്കാർക്ക് അപരിചിതമാണ്. ശാന്തമായ ഗ്രാമീണജീവിതത്തിന്റെ നേർപതിപ്പ്.

നെഹ്റു ട്രോഫി വള്ളം കളിയിൽ പതിനാലു തവണ വിജയം നേടിയ ‘യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി’യുടെ നേതാവായിരുന്ന വക്കച്ചായൻ നാട്ടുവിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ‘ആറിന്റെ പല ഭാഗങ്ങളിലായി ബോട്ട് ജെട്ടികളുണ്ട്. രണ്ടു രൂപ കടത്തുകൂലി കൊടുത്താൽ ഇക്കരെയെത്താം. വൈകിട്ട് ഏഴര വരെയേ കടത്തുള്ളൂ. നിങ്ങളുടെ നാട്ടിലെ കെ. എസ്. ആർ. ടി. സി ബസില്ലേ, അതിനു പകരം ഞങ്ങൾ കൈനകരിക്കാർക്ക് ഗവൺമെന്റ് ഏർപ്പാടാക്കി തന്നതാണ് KSWTD. സംഗതി സർക്കാർ ബോട്ട് സർവീസാണ്. വലിയ ദൂരത്തേക്കുള്ള യാത്രയ്ക്ക് നാട്ടുകാർ ഈ ബോട്ട് സർവീസാണ് ആശ്രയിക്കുന്നത്. കുട്ടനാട് കാണാനെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇപ്പോൾ കൈനകരി. അതിനാൽ കെട്ടുവള്ളങ്ങളും ചെറിയതോണികളും ശിക്കാരവള്ളങ്ങളും പമ്പയാറിൽ എപ്പോഴും സജീവമാണ്.

ബണ്ട് നിർമിച്ച് വെള്ളം തേവിക്കളഞ്ഞ് കൃഷിചെയ്യുന്ന കുട്ടനാടൻ കൃഷി രീതിയാണ് ഇവിടെയും തുടരുന്നത്. പണ്ടിവിടെ, ഞാറ്റുവേല നോക്കി വിത്തിറക്കാനും ചക്രം കൊണ്ട് വെള്ളം തേവിക്കളയാനും കളപറിക്കാനും കൊയ്യാനുമെല്ലാം മേൽത്തോട്ടം കൊടുത്തിരുന്ന കൃഷിത്തലവന്മാരുണ്ടായിരുന്നു. അവർ കൈകാര്യം ചെയ്ത പ്രദേശം പിന്നീട് അവരുടെ പേരിൽ അറിയപ്പെട്ടുതുടങ്ങി. ഈ പ്രദേശത്തെ നേതാവ് കനകൻ എന്നൊരാളായിരുന്നത്രേ. ‘കനകന്റെ കരി (പ്രദേശം)’യാണ് പിന്നീട് കൈനകരിയായതെന്നാണ് പേരിന്റെ ചരിത്രം. കൈനകരിക്കാരുടെ കയ്യും മെയ്യും മനസ്സും ഒന്നാവുന്ന ദിനമാണ് നെഹ്റു ട്രോഫി വള്ളംകളി. തുഴക്കാരുടെയും നാട്ടുകാരുടെയും ഉള്ളിൽ വള്ളംകളിയുടെ ആവേശം ഒരേ പോലെ നുരഞ്ഞുപൊങ്ങും.

ഏറ്റവും കൂടുതൽ തവണ പങ്കെടുത്തതും സമ്മാനം നേടിയതും ഞങ്ങളുടെ ക്ലബാണ്. വ ള്ളംകളിയെക്കുറിച്ച് പറഞ്ഞപ്പോൾ വക്കച്ചായന്റെ വാക്കുകൾക്കു പോലും ‘ആർപ്പോ...റോ...’ ആവേശം.

ശിക്കാരവള്ളത്തിൽ ചാവറയിലേക്ക്

Kuttanad-Budget--Trip4

പമ്പയാറും കൈത്തോടുകളും വേമ്പനാട്ടുകായലും ചുറ്റി കാഴ്ചയുടെ രസമുള്ള തീരങ്ങൾ തേടുന്ന ഈ യാത്രയ്ക്ക് നാടറിയുന്നൊരു പരിചയക്കാരനെ കൂടെ കൂട്ടി. വഴികാട്ടി കം ബോട്ട് ഡ്രൈവർ, കൈനകരിക്കാരൻ സജയൻ ചേട്ടൻ. നാടൻ പാട്ടിന്റെ താളത്തിൽ ഓളങ്ങളോട് മിണ്ടിയും പറഞ്ഞും ശിക്കാരവള്ളം മുന്നോട്ടു കുതിച്ചു.

വിശുദ്ധനായി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജന്മഗൃഹം കാണുകയാണ് ആദ്യലക്ഷ്യം. കൈനകരി ബോട്ട് ജെട്ടിയിൽ നിന്ന് ചാവറ ബോട്ട് ജെട്ടിയിലേക്ക് പത്തുമിനിറ്റ് യാത്ര. ചാവറ ജെട്ടിയിലിറങ്ങി ചെളിമണം നിറയുന്ന നാട്ടുവഴികളിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കണം. വഴിയുടെ ഇരുഭാഗത്തും ഉഴുതുമറിച്ച നെൽപ്പാടങ്ങൾ. കൈനകരിയുടെ ചരിത്രത്തിൽ സി. എം. െഎ സന്യാസ സഭയുെട സ്ഥാപകരിൽ ഒരാളായ ചാവറയച്ചൻ തുന്നിച്ചേർത്ത ഒരുപാട് ഏടുകളുണ്ട്. 225 വർഷത്തെ പഴക്കമുള്ളതും പൂർണമായും മരംകൊണ്ട് നിർമിച്ചതുമായ ചാവറയച്ചന്റെ ജന്മഗൃഹം 18 ാം നൂറ്റാണ്ടിലെ കേരള വാസ്തുശില‌്പകലയുടെ ഉത്തമ ഉദാഹരണമാണ്. ആ വീട് അതേ പോലെ നിലനിർത്തിയാണ് ചാപ്പൽ പണിതിരിക്കുന്നത്.

നിലനിരപ്പിനടിയിലുള്ള നെല്ലറയും, മുകളിലത്തെ മുറിയിലെ അരിപ്പത്തായവും ഈ വീടിന്റെ പ്രത്യേകതകളാണ്. ചാവറയച്ചൻ ജനിച്ചതായി കരുതപ്പെടുന്ന മുറിയാണ് ഇപ്പോഴത്തെ പ്രാർഥനാലയം. കൈനകരിയിലെത്തുന്ന സഞ്ചാരികൾക്കും വിശ്വാസികൾക്കും ഒരേപോലെ പ്രിയപ്പെട്ട ഇടം. ഇളനീരിന്റെ തണുപ്പ് നുകർന്ന് നാട്ടുവിശേഷങ്ങളിൽ പങ്കുചേർന്ന് ചാവറഭവനിൽ നിന്ന് മടങ്ങി.

തോണീല് പെട പെടയ്ക്കണ കരിമീൻ

ചാവറ ജെട്ടിയിൽ നിന്ന് ബോട്ട് നീങ്ങിത്തുടങ്ങി. ബോട്ടിൽ തട്ടിത്തെറിക്കുന്ന ഓളങ്ങൾ സജയൻ ചേട്ടന്റെ മൂളിപ്പാട്ടിന് താളം പിടിച്ചു . അതോടെ, നീർവാഴകളും പായലും ബോട്ടിനോട് പിണങ്ങിയകന്നു. സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് കൈനകരി. തമിഴ് സംവിധായകൻ ചേരന്റെ ഹിറ്റ് സിനിമ ഓട്ടോഗ്രാഫും, സൗണ്ട് തോമ, മൈ ബോസ്, ആമേൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി നിരവധി മലയാള സിനിമകളും കൈനകരിയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകളിലൂടെയുള്ള കറക്കം കഴിഞ്ഞുള്ള മടക്കത്തിനിടെയാണ് ഹൗസ് ബോട്ടിന്റെ വലിയതിരയിളക്കങ്ങളിൽപെട്ട് ആടിയുലയുന്നൊരു ചെറുതോണി കണ്ടത്.

കായൽവെയിലേറ്റ് തളർന്ന മുഖവും മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമുള്ള പ്രായം ചെന്നൊരാളാണ് തോണിയുടെ തുഴച്ചിലുകാരൻ. കൂയ്‌യ്്...എന്താ ഇന്നത്തെ കോള്? കരിമീനോ പള്ളത്തിയോ? സജയൻ ചേട്ടൻ വിളിച്ചു ചോദിച്ചു. ഒരു നോട്ടത്തിന്റെ മറുപടിയെറിഞ്ഞ് അയാൾ വള്ളം ബോട്ടിനോട് അടുപ്പിച്ച് നിർത്തി. ആ കൊച്ചുവള്ളത്തിൽ പത്തിരുപത്തഞ്ച് ‘പെടയ്ക്കണ കരിമീൻ’. എന്തു തരണം? കുറച്ചു നേരം മറുപടിയില്ലാതെ ശ്വാസം കിട്ടാതെ പിടയ്ക്കുന്ന മീനിലേക്ക് അയാൾ നോക്കി നിന്നു. ശേഷം വിരലിൽ അഞ്ചെന്നു കാണിച്ചു. കിലോയ്ക്ക് 500 രൂപ. അതിൽ കുറച്ചൊരു വിലയ്ക്ക് തന്റെ ഒരു ദിവസത്തെ അധ്വാനം വിൽക്കാൻ അയാൾ തയ്യാറാവാത്തതിനാൽ വെള്ളത്തിനു നടുവിലെ കച്ചവടം പെട്ടെന്നു തന്നെ അവസാനിച്ചു.

കൈത്തോടുകളിലൂടെ കായലിലേക്ക്

ഇനി മുന്നോട്ടു പോകാനുള്ള റൂട്ട് കൃത്യമായി പ്ലാൻ ചെയ്ത ശേഷം സജയൻ ചേട്ടനൊരു പ്രസ്താവനയിറക്കി. വല്ലതും കഴിച്ചിട്ട് യാത്ര തുടരാം. അതാകും നല്ലത്. കായലിലേക്ക് കടന്നാൽ പിന്നെ കഴിക്കാൻ ഒന്നും കിട്ടില്ല. എന്നാൽ പിന്നെ അങ്ങനെ! കായലരികിലെ ഓലയിട്ട് മേഞ്ഞൊരു ചെറിയകടയിൽ നിന്ന് കുത്തരിച്ചോറും താറാവുകറിയും പൊള്ളിച്ചെടുത്ത കരിമീനും, വറുത്തു പൊടിച്ച ഉണക്കമീൻപൊടിയും, മുളകിട്ട് വറ്റിച്ചെടുത്ത ചെമ്മീനും ചേർന്ന കുട്ടനാടിന്റെ തനതുരുചി ആസ്വദിച്ച് കഴിച്ചു.

ഒരു തുരുത്തും അതിനു ചുറ്റുമുള്ള കുറേ കൈത്തോടുകളും ഇതാണ് കൈനകരി. ഈ കൈത്തോടുകളിലൂടെ തോണി യാത്ര നടത്തിയാൽ കൈനകരിയെ ഒരു തവണ ചുറ്റിവരാം. നീർവാഴകളും പായലുകളും തിങ്ങിനിറഞ്ഞിരിക്കുന്ന കൈത്തോടുകളിലൂടെ വേമ്പനാട്ടുകായലിലേക്കുള്ള യാത്രയാണ് ഏറ്റവും രസകരം. കൃത്യമായി പറഞ്ഞാൽ കൈനകരിയിൽ നിന്ന് ആറു പങ്ക് പിന്നിട്ട് പാലം കടന്ന് ആർ ബ്ലോക്ക്. അവിടെ നിന്ന് പമ്പയാറും വേമ്പനാട്ടുകായലും ഒന്നാകുന്നിടത്തേക്ക്... പമ്പയാറിൽ നിന്ന് മാറി ഒഴുകുന്ന ചെറിയ ഇടത്തോടുകളുടെ രണ്ടു കരയിലും വീടുകളുണ്ട്.

മുറ്റത്ത് നിന്ന് ആറ്റിലേക്ക് ചൂണ്ടയിട്ട് ഉച്ചത്തേയ്ക്കുള്ള മീൻ പിടിക്കുന്ന പെണ്ണുങ്ങൾ. ആഴങ്ങളിലേക്ക് ഊളിയിട്ട് പോയി കക്കവാരുന്നവർ, തോട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന മാവിൽ കയറി മാങ്ങ പൊട്ടിച്ച് ഉപ്പുകൂടി കടിച്ച് ആ പുളിയോടുകൂടി കുട്ടിക്കാലം ആസ്വദിച്ചിറക്കുന്ന കളിക്കൂട്ടങ്ങൾ, നാടും നാട്ടുകാരെയും ശാന്തമായ അന്തരീക്ഷവും തേടിയെത്തിയ വിദേശികൾ... കൈനകരിയുടെ കാഴ്ചകൾ സിനിമ കാണും പോലെ മുന്നിൽ നിറഞ്ഞു.

ഇടത്തോടുകൾ പിന്നിട്ടതോടെ മുന്നിൽ ഹൗസ് ബോട്ടുകളുടെ നീണ്ട നിര. മിക്കതും ഉച്ചമയക്കത്തിലാണ്. സമുദ്രനിരപ്പിനു താഴെ 1500 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ് ആർ ബ്ലോക്ക്. കായൽ രാജാവെന്ന് വിശേഷിപ്പിക്കുന്ന ജോസഫ് മുരിക്കൻ വർഷങ്ങൾക്കു മുമ്പ് കായൽ നികത്തി കൃഷിചെയ്യാനൊരുക്കിയ ഇടം. കുറേ നേരം ഇടതടവില്ലാതെ ഓടിത്തീർത്തെങ്കിലും ക്ഷീണം തെല്ലും കാണിക്കാതെ ശിക്കാരവള്ളം വേമ്പനാട്ടുകായലിലേക്ക് നീങ്ങിത്തുടങ്ങി.

നിലാവ് ചേർത്ത അന്തിക്കള്ളും കൂട്ടിനൊരു നാടൻ പാട്ടും കൂടിയുണ്ടെങ്കിൽ സംഗതി കിടുക്കിയല്ലേ സഹോ! ഫൊട്ടോഗ്രഫറുടെ ഈ ഡയലോഗാണ് സുഭാഷിന്റെ കള്ളുഷാപ്പിലേക്ക് വ ള്ളത്തെ നയിച്ചത്. കുട്ടനാട്ടുകാരുടെ സ്നേഹം മുഴുവൻ ചേർത്ത നിലാവുപോലുള്ള അന്തിക്കള്ള് കുടത്തിൽ നിന്ന് പകർന്നു തരുമ്പോൾ സുഭാഷ് ഒരു നിബന്ധന വച്ചു. കച്ചവടം കള്ളായതുകൊണ്ട് നാട്ടുകാരൊക്കെ ഞങ്ങളെ സാമൂഹികദ്രോഹികളായാണ് കാണുന്നത്. അതുകൊണ്ട് പടം പിടിക്കരുത്! വേണ്ട, പടം വേണ്ട. പാട്ടുപാടാലോ അല്ലേ? അതേറ്റു. ഷാപ്പിനകത്ത് നിന്ന് പത്തിരുപത്തഞ്ച് വിരലുകൾ ഒരേ പോലെ മേശയിൽ താളം പിടിച്ച് പാടിത്തുടങ്ങി, ‘അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്..

എങ്ങനെ എത്താം

ആലപ്പുഴയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് കൈനകരി. കോട്ടയത്ത് നിന്ന് ചങ്ങനാശേരി, നെടുമുടി വഴി 20 കിലോമീറ്റർ ദൂരം. ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും കൈനകരിയിലേക്ക് ബോട്ട് സർവീസ് ഉണ്ട്. കൈനകരിയിലെ പഞ്ചായത്ത് ജംക്‌ഷൻ വരെയേ വാഹനങ്ങൾ പോകൂ. അതിനപ്പുറം കടക്കാൻ വൈകിട്ട് ഏഴര വരെ കടത്തുവള്ളം ഉണ്ട്. കൈനകരിയിൽ നിന്ന് ആലപ്പുഴയ്ക്ക് സർക്കാർ ബോട്ട് സർവീസുണ്ട്. കുട്ടനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ് കൈനകരി. അതിനാൽ താമസത്തിന് ഹോം സ്റ്റേകളും റിസോർട്ടുകളും ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com