sections
MORE

നഗരമാലിന്യം മണ്ണിലും മനസിലും എത്തിയിട്ടില്ലാത്ത ഈ ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കാം

vegetables-in-vattavada
വട്ടവട ഗ്രാമത്തിന്റെ ദൃശ്യം. ഫോട്ടോ: സരിൻ രാംദാസ്
SHARE

എത്രതരം പച്ച നിറം കണ്ടിട്ടുണ്ട്? വട്ടവട ഗ്രാമത്തിലേക്കു പോകും വഴി മൂന്നാറുകാരൻ പ്രസാദിന്റെ ചോദ്യം. അവിടെ വണ്ടി നിർത്തി, ചുറ്റുമൊന്ന് കണ്ണോടിച്ചു. ഉള്ളിച്ചെടിയുെട പച്ച, കോ ളിഫ്ലവറിന്റെ പച്ച, കാരറ്റു ചെടിയുടെ പച്ച... കൃഷിയിടം ഇത്ര ഭംഗിയാക്കുന്നത് വൈവിധ്യമായ ഈ ‘പച്ചകളാ’ണ്. പശ്ചിമഘട്ട മലനിരകളുടെ നിഴല്‍ ചേർന്ന് മൂന്നാറിന്റെ തണുപ്പേറ്റ് കേരളത്തിനകത്ത് നിലകൊള്ളുന്ന തമിഴ് പറയുന്ന ഗ്രാമം. നാവിൽ കൊതിയുണർത്തുന്ന പലഹാരത്തിന്റേതെന്ന പോലെയൊരു പേര്, വട്ടവട. നഗരത്തിന്റെ മാലിന്യം മണ്ണിലും മനസ്സിലുമെത്തിയിട്ടില്ലാത്ത വട്ടവടയുടെ ഗ്രാമീണതയിലേക്കാണ് യാത്ര. കാബേജും കാരറ്റും ബീൻസും ഗോതമ്പും വാഴയും ഉരുളക്കിഴങ്ങും സമൃദ്ധമായി വിളയുന്ന വട്ടവട അഥവാ ‘കേരളത്തിന്റെ പച്ചക്കറിച്ചന്ത’ യുടെ മണ്ണുമണക്കുന്ന കഥകളിലേക്ക്...

vattavada-travel3
വട്ടവട ഗ്രാമത്തിലെ ദൃശ്യം

കേരളത്തിനപ്പുറമുണ്ടൊരു കേരളം

മൂന്നാറിൽ നിന്ന് അടിമാലി, കുണ്ടല, ടോപ്പ് സ്റ്റേഷൻ വഴി 45 കിലോമീറ്ററുണ്ട് വട്ടവടയ്ക്ക്. പോകും വഴി ടോപ്പ് സ്റ്റേഷൻ പിന്നിട്ടാൽ ചെറിയൊരു ഭാഗം തമിഴ്നാടിന്റേതാണ്. ശേഷം വീണ്ടും കേരളം. റോഡിനിരുവശത്തും പരവതാനി വിരിച്ചിട്ട പോലെ തേയിലത്തോട്ടങ്ങൾ. മാട്ടുപ്പെട്ടി ഡാമാണ് ആദ്യകാഴ്ച. തണുപ്പു കാരണം റിസർവോയറിലെ വെള്ളത്തിനു മുകളിലൂടെ നീരാവി ഉയരുന്നുണ്ട്. 1940 ലാണ് ഈ ഡാം നിർമിച്ചത്. അരക്കിലോമീറ്റർ പിന്നിട്ടാൽ എക്കോ പോയന്റ്. മാട്ടുപ്പെട്ടി ഡാമിന്റെ ഭാഗമായതിനാൽ ഇവിടെബോട്ട് സർവീസുണ്ട്. മീശപ്പുലി മലയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നതിവിടെ നിന്നാണ്. കുണ്ടല ഡാം കഴിഞ്ഞ് പുതുക്കിടി വഴി ടോപ്പ് സ്റ്റേഷനിലേക്ക്... തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ് സ്റ്റേഷൻ. പോകും വഴി പൊട്ടിപൊളിഞ്ഞ ചെറിയൊരു കൽക്കെട്ടിനു മുന്നിലെത്തി.

‘ഗതാഗത സൗകര്യത്തിന്റെ കുറവു മൂലം ബ്രിട്ടീഷുകാരുടെ കാലത്ത് കുരങ്ങിണിയിൽ നിന്നും മൂന്നാറിലേക്ക് റോപ്പ് വേ വഴിയായിരുന്നു സാധനങ്ങൾ കൊണ്ടുവന്നിരുന്നത്. അതിന്റെ ഭാഗമായ സ്റ്റേഷന്റെ ശേഷിപ്പുകളാണീ കാണുന്നത്. അക്കാലത്ത് മൂന്നാറിലേക്കെത്തിയിരുന്ന റെയിൽവേ പാതയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷനായിരുന്നു ടോപ്പ് സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് നമ്മളിപ്പോൾ നിൽക്കുന്നത്.’ പ്രസാദ് ടോപ്പ് സ്റ്റേഷന്റെ ചരിത്രകാരനായി.

vattavada-travel4
മൂന്നാറിൽ നിന്നു വട്ടവടയിലേക്കുള്ള വഴിയിലെ തേയിലത്തോട്ടം

മേഘക്കെട്ടുകള്‍ ചന്തം ചാർത്തുന്ന ടോപ്പ് സ്റ്റേഷനിൽ നിന്നു താഴെ നോക്കിയാൽ തമിഴ്നാടിന്റെ കുറേ ഭാഗം കാണാം. ഇവിടെ നിന്ന് ഒരു കിലോമീറ്റർ പിന്നിട്ടാൽ പാമ്പാടും ചോല വനാതിർത്തി. ചെക്ക്പോസ്റ്റിൽ നിന്ന് അനുമതി വാങ്ങി വേ ണം മുന്നോട്ടുള്ള യാത്ര. ആ ന, കാട്ടുപോത്ത് എന്നിവയുടെ വിഹാരകേന്ദ്രത്തിലേക്കാണ് കടക്കാൻ പോകുന്നത്, ശ്രദ്ധിക്കുക. വനപാലകർ മുന്നറിയിപ്പ് തന്നു.

വട്ടവടയുടെ വഴിയേ...

ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ആക്രമണത്തിൽ നിന്നു രക്ഷ തേടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ. ഒൗദ്യോഗികമായി വട്ടവട കേരളത്തിന്റെ ഭാഗമാണെങ്കിലും മനസ്സുകൊണ്ടിവർ ഇന്നും തമിഴ് മക്കളാണ്. പിന്തുടരുന്നതും തമിഴ് സംസ്കാരമാണ്. തമിഴും മലയാളവും ചേർന്ന ഭാഷയാണ് ഉപയോഗിക്കുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയിൽ. മൂന്നാറിൽ നാലു ഡിഗ്രി സെലിഷ്യസാണ് താപനിലയെങ്കിൽ വട്ടവടയിൽ പൂജ്യമായിരിക്കും. ചിലപ്പോൾ അതിലും താഴെ...ശീതകാല പച്ചക്കറികളുടെ കേന്ദ്രമാണ് ഈ ഗ്രാമം. കാബേജും കാരറ്റും ഉരുളക്കിഴങ്ങും ബീൻസുമെല്ലാം വിളവെടുപ്പിന് പാകമായി നി ൽക്കുകയാവുമിപ്പോൾ.

vattavada-travel
വട്ടവട ഗ്രാമത്തിലെ ദൃശ്യം

പക്ഷേ, എടുത്തു പറയേണ്ടത് വട്ടവടയിലെ വെളുത്തുള്ളിയും ഗോതമ്പും കൃഷിയുമാണ്. ചെറുതെങ്കിലും ന ല്ല എരിവുള്ളതാണ് വട്ടവട വെളുത്തുള്ളി. മലഞ്ചെരുവുകളിൽ തട്ടുതട്ടായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങൾക്കപ്പുറം കണ്ണിനു കുളിരണിയിക്കുന്ന കാഴ്ച വട്ടവടയിൽ പ്രതീക്ഷിക്കരുത്. തണുപ്പ് കൂടുതലായതിനാൽ വട്ടവടയിൽ നെല്ല് കൃഷി ചെയ്യാറില്ല. കൃഷിചെയ്താൽ കതിരിടാൻ എടുക്കുമത്രേ പത്തു മാസത്തിലേറെ. ഇപ്പോൾ വെള്ളത്തിനും ബുദ്ധിമുട്ടായി. ജാതി വ്യവസ്ഥ ഇന്നും ശക്തമായി നിലനിൽക്കുന്ന സ്ഥലമാണിത്’. ചോല വനാതിർത്തി കടന്നതു മുതൽ പ്രസാദ് വാക്കുകളിലൂടെ വട്ടവടയുടെ ചിത്രം വരച്ചു.

വട്ടവട ‘കേരളത്തിലെ തമിഴ് ഗ്രാമം’...

കോവിലൂർ എന്നെഴുതിയ ബോർഡിനപ്പുറമാണ് വട്ടവടയുടെ ലോകം. കമ്പുപാകി, മണ്ണുപൊത്തി , ചാണകം മെഴുകിയെടുക്കുന്ന വീടുകൾ. പൊതുവേ, വീടുകളെല്ലാം ഒരിടത്ത് കേന്ദ്രീകരിച്ച് ബാക്കിയുള്ള ഭൂമിയിൽ കൃഷി ചെയ്യുകയാണ് വട്ടവടക്കാർ. രാവിലെ തുടങ്ങുന്ന ‘കൃഷിത്തിരക്കി’ ലാണ് കോവിലൂർ ചന്ത. ഓരോരുത്തർക്കും ഏക്കറുകണക്കിന് ഭൂമിയുണ്ട്. അല്ലാത്തവർ പാട്ടത്തിനെടുക്കുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ കോവർ കഴുതകളുടെ പുറത്ത് വച്ച് കോവിലൂർ ചന്തയിൽ എത്തിക്കും. ഇവിടെ നിന്ന് മൊത്തമായി വിലയ്ക്കെടുക്കാൻ തമിഴ്‌നാട്ടിൽ നിന്നും മൂന്നാറിൽ നിന്നും ഇടനിലക്കാരെത്തും. കുതിരയെന്നാണ് കോവർ കഴുതയെ വട്ടവടക്കാർ വിശേഷിപ്പിക്കുന്നത്.

vattavada-travel1
വട്ടവടയിലേക്കുള്ള വഴിയിലെ കട

‘വട്ടവട നിവാസികൾക്ക് അവരുടേതായ നിയമവും ഭരണാധികാരിയുമുണ്ട്. നാട്ടുപ്രമാണിയും മന്ത്രിമാരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വഴക്കും പരാതികളും തീർക്കുന്നത്. ഈ നാട്ടുകൂട്ടത്തെ ഇവിടുത്തുകാർ ‘മന്ത’ എന്നു വിളിക്കുന്നു. വാദം കേട്ട് ചെറിയ ശിക്ഷ നടപ്പാക്കാനും ശാസിക്കാനും പൂർണ അധികാരം ‘മന്ത’യിലെ അംഗങ്ങൾക്കുണ്ട്. മന്നാടിയാർ സമുദായത്തിലെ ഏ തെങ്കിലും മുതിർന്ന അംഗമാകും മന്തയുടെ നേതാവ്. ഇതേ സമുദായത്തിൽ നിന്നു തന്നെയാണ് മന്ത്രിമാരും. കണക്കുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ചെട്ടിയാർ സമുദായത്തിലെ ആളായിരിക്കും. കോവിലൂരിലെ മുൻ പ്രസിഡന്റായിരുന്ന മോഹൻദാസ് നാട് പരിചയപ്പെടുത്തി.

കമ്പിളിയെടുത്തോ! എങ്കിൽ വാ

പെണ്ണു ചോദിക്കാം...

അറിയും തോറും കോവിലൂർ ഊര് നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും.ഇവിടുത്തെ ആചാരങ്ങളും സംസ്കാരവും തീർത്തും വ്യത്യസ്തം. കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്തൊരു കേരള ഗ്രാമം. കോവിലൂർകാരുടെ വിവാഹമാണ് ഏറെ വിശേഷപ്പെട്ട ഒന്ന്.

ഒരേ സമുദായത്തിൽ നിന്നു മാത്രമേ ഇവർ വിവാഹം കഴിക്കൂ. ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാൽ നേരെ അവളുടെ വീട്ടിൽ കയറി ചെന്ന് പെണ്ണു ചോദിക്കുന്ന പരിപാടി ഇവിടെ നടക്കില്ല. ആദ്യം, ഒരു കമ്പിളിത്തുണി കമ്പിൽ കെട്ടി അവളുടെ വീടിനു മുന്നിൽ വയ്ക്കുന്നു. ആ വീട്ടുകാർക്ക് കല്യാണം നടത്താൻ സമ്മതമാണെങ്കിൽ കമ്പിളി സ്വീകരിക്കും.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA