ADVERTISEMENT

കേരളത്തിന്റെ മഴനിഴൽകാട്ടിലൂടെ വേറിട്ടൊരു സഞ്ചാരം നിങ്ങളെ അതിശയിപ്പിക്കും. മൂന്നാർ കഴിഞ്ഞ് മലകയറി അപ്പുറത്തെത്തിയാൽ മറയൂരായി. ചന്ദനക്കാടുകളും കരിമ്പിൻതോട്ടങ്ങളും കണ്ടു മുന്നോട്ടുപോകുക. നാം ഒരു കാട്ടിലേക്കു കയറുന്നു. ഫോണിനു റേഞ്ചില്ലാത്ത, ആഹാരമൊന്നും ലഭിക്കാത്ത തനി കാട്. അതാണു ചിന്നാർ. കേരളത്തിന്റെ മഴനിഴൽക്കാട്. വരണ്ടിരിക്കുന്നുവെങ്കിലും ഈ കാട് കാഴ്ചകൾ നൽകാൻ മടിക്കാറില്ല.  അതുകൊണ്ടുതന്നെ സകുടുംബം ഒരു കാനനയാത്ര സ്വന്തം വാഹനത്തിൽ വേണം എന്നാഗ്രഹിക്കുന്നവർക്കു ചിന്നാറിലേക്കു പോകാം.

മറയൂരിലെത്തുംമുൻപേ ലക്കം ജലപാതം കാണാം. ചെറിയ വെള്ളച്ചാട്ടം.സുരക്ഷിതം. ഇറങ്ങിക്കുളിക്കാൻ സാധാരണ അനുമതി ലഭിക്കാറുണ്ട്. ടിക്കറ്റെടുത്തു കുറച്ചുമുകളിലോട്ടു ചെല്ലണം. കുളികഴിഞ്ഞാൽ ചെറുകടകളിൽനിന്നു കാടമുട്ട പുഴുങ്ങി മസാല ചേർത്തതു വാങ്ങികഴിക്കുക. ശേഷം ചിന്നാറിലേക്കു പുറപ്പെടാം. 

ലക്കം-വെള്ളച്ചാട്ടം

മൂന്നാർ ട്രിപ്പു കഴിഞ്ഞ് പാലക്കാട്ടേക്കു വേറിട്ടൊരു യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ചിന്നാറിലൂടെ സഞ്ചരിക്കാം. തമിഴ്നാടിന്റെ ആനമലൈ കടുവാസങ്കേതത്തോടു ചേർന്ന കാടാണ് ചിന്നാർ.  കാടുകൾക്കപ്പുറം ഉഡുമൽപേട്ട്.

മറയൂരിൽനിന്ന് ഒൻപതു കിലോമീറ്റർ ദൂരമേ ചിന്നാറിലേക്കുള്ളൂ. പക്ഷേ, യാത്ര രസകരമാണ്. മലയിടുക്കുകൾക്കിടയിലൂടെയും താഴ് വാരത്തിൽ വരപോലെ ഒഴുകുന്ന പാമ്പാറിനു മുകളിലൂടെയുള്ള മലകളിലൂടെയും ആണ് റോഡ്. വേഗം കുറച്ചു പോകുക. വീതിയില്ലാത്ത റോഡിൽ പലയിടത്തും കമലിയോണിനെ കാണാം. വലതുവശത്താണ് കാഴ്ചകളെല്ലാം. വരണ്ട കാടുകളെ നെഞ്ചിലേറ്റുന്ന മലനിരകൾ. അങ്ങുദൂരെ താഴെ തൂവാനം വെള്ളച്ചാട്ടം.മരത്തലപ്പുകളിലൂടെ ചാടി മറയുന്ന ഹനുമാൻ കുരങ്ങുകൾ. ചെഞ്ചായം വാരിപ്പൂശിയ ചെറുകിളികൾ. ഭാഗ്യമുള്ളവർക്കു മാത്രം ദർശനം നടത്തുന്ന ചാമ്പൽ മലയണ്ണാൻമാർ. ഇതൊക്കെയാണ് ചിന്നാറിലൂടെയുള്ള യാത്ര നൽകുന്ന കാഴ്ചകൾ

ചരിത്രപ്രേമികൾക്ക് ആലാംപെട്ടിയിൽ മുനിയറകളും കൽലിഖിതങ്ങളും കാണാം. 

തൂവാനം-വെള്ളച്ചാട്ടം

ചിന്നാറിലെ മരവീടുകളിൽ താമസവും ആകാം. ലക്കം വെള്ളച്ചാട്ടത്തിനടുത്തും തൂവാനം വെള്ളച്ചാട്ടത്തിനടുത്തും മരവീടുകൾ ഒരുക്കിയിട്ടുണ്ട്. ചിന്നാറിലും മരവീടുകളുണ്ട്. 

കൂടുതൽ വിവരങ്ങൾക്കു വിളിക്കുക- 8301024187

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com