ADVERTISEMENT

നോർത്ത് പറവൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുംവഴി ചൂണ്ടുപലകകൾ  എന്നെയെത്തിച്ച സ്ഥലമാണ് ചേന്ദമംഗലം. പ്രളയകാലത്തു ചേന്ദമംഗലത്തെ ഗ്രാമങ്ങൾ വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് ഈ ഗ്രാമവും അതിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷവും കണ്ണിലുടക്കിയത്. ഒരു വരവ്കൂടി വരേണ്ടിവരുമെന്ന് അന്നേ മനസ്സിൽ കരുതിയിരുന്നു. അതുവരെയും ചേന്ദമംഗലം എന്ന പേര് എക്സിബിഷനിലെ കൈത്തറി പവിലിയനിൽ കേൾക്കുന്ന പേര് മാത്രമായിരുന്നു. 

Chendamangalam-Synagogue3-gif

മൂന്നു നദികളും ഏഴു വഴികളും സംഗമിക്കുന്ന പ്രശാന്ത സുന്ദരമായ സ്ഥലം. പച്ചപ്പും വൃത്തിയും പൗരാണികതയും സമകാലിക മാറ്റങ്ങളും ഇടകലർന്ന ഒരിടം. പഴയ വാണിജ്യ തുറമുഖമായിരുന്ന മുസിരിസിന്റെ ഭാഗം കൂടിയാണിവിടം.

പച്ച നിറഞ്ഞ വഴികളിൽകൂടി കാർ ഒഴുകിയൊഴുകി എത്തിയത് കോട്ടയിൽ കോവിലകം എന്ന കുന്നിന്മുകളിലേക്കാണ്. അവിടെ ചെറു വഴിയോരത്താണ് ചേന്ദമംഗലം സിനഗോഗ്. സ്വജീവനു വേണ്ടി ലോകമാകെ ചിതറിപ്പോയ ആ ജനതയുടെ  സ്പന്ദനങ്ങൾ എന്നുമെനിക്ക്  പ്രിയമേറിയ  കാഴ്ചയാണ്. മട്ടഞ്ചേരിയിലെ പരദേശി  സിനഗോഗും ജൂതത്തെരുവും സ്ഥിരം കാഴ്ചകളാണ്. പരദേശി സിനഗോഗ് വെളുത്ത ജൂതന്മാരുടേതെങ്കിൽ ചേന്ദമംഗലം ജൂതപ്പള്ളി കറുത്ത ജൂതരുടേതെന്നു കരുതിപ്പോകുന്നു. (പ്രാണൻ കയ്യിൽ പിടിച്ചു പായുമ്പോഴും മായാത്ത വർണ വിവേചനം. )

Chendamangalam-Synagogue1-gif

1420 ൽ ഇവിടെയെത്തിയ മലബാറി ജൂതന്മാർ ജറുസലേം മാതൃകയിൽ നിർമിച്ച സിനഗോഗ് ഒരു അഗ്നിബാധയെത്തുടർന്നു നശിച്ചുപോയെന്നു ചരിത്രം പറയുന്നു.   ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം അത് പുനർനിർമിക്കപ്പെട്ടു.  ചെറു സ്ഥലമെങ്കിലും അലങ്കാര വേലകളാൽ സമൃദ്ധമായ, പ്രൗഢമായ അൾത്താരയും  തടിത്തൂണുകളും നിറഞ്ഞ അകത്തളവുമാണ് ഒരുക്കിയിരിക്കുന്നത്. സിനഗോഗിനുള്ളിൽ ഇരുവശവുമുള്ള ഗോവണികളിൽ കൂടി മുകളിലേക്കു കയറിയാൽ സ്ത്രീകൾക്കു ഇരിക്കാനുള്ളയിടമായി. വിശുദ്ധ പുസ്തകമായ  തോറ വായിക്കാം.  ബേ വിൻഡോകളും മച്ചിൽനിന്നു താഴേക്കു തൂങ്ങുന്ന ചില്ലുവിളക്കുകളും ഒക്കെയായി കാഴ്ചകളുടെ ഉത്സവമാണ്. പ്രകാശം പൊഴിക്കുന്ന ജൂത ആഘോഷങ്ങൾ പണ്ടേ പ്രശസ്തമാണല്ലോ.

ഉയിർപ്പ് ദിവസം കാത്തു വിശ്രമിക്കുന്ന ശ്മശാനസ്തംഭങ്ങൾ  ചെടിപ്പടർപ്പുകളിൽനിന്നു തല നീട്ടുന്ന ജൂത സെമിത്തേരി അടുത്ത് തന്നെയുണ്ട്. ‌മറ്റൊരു കോണിൽ പുരാതനമായ കിണർ. കോർട്ട് യാർഡിൽ ഒരു ശിലാലിഖിതമുണ്ട്. 1269- ൽ ഹീബ്രുഭാഷയിലെഴുതിയത്, "സാറ ബത്ത് ഇസ്രായേൽ".. ഇസ്രയേലിന്റെ പുത്രിയായ സാറ ഇവിടെ കുടി കൊള്ളുന്നുവെന്നത്രെ പരിഭാഷ. വാഗ്ദത്ത ഭൂമിയിലേക്ക് തിരികെപ്പോയ ആരുടെയോ പ്രിയപ്പെട്ട ഓർമയാവണം ഇത്... 

വൈദേശിക മതങ്ങൾ എത്രകണ്ട് ഇന്നാട്ടിലേക്കു സ്വീകരിക്കപ്പെട്ടുവെന്നതിന്റെ ഉത്തമ ഉദാഹരണമത്രേ ഈ നിർമിതികൾ. ഒരു കിലോമീറ്റർ ചുറ്റളവിൽ സിനഗോഗും പാലിയം ക്ഷേത്രവും മാലിക് ദിനാർ സ്ഥാപിച്ച പത്തു പള്ളികളിൽ അവസാനത്തേത് എന്നു അറിയപ്പെടുന്ന ജുമാ മസ്ജിദും ക്രിസ്തീയ ദേവാലയവുമെല്ലാം സൗഹാർദ്ദത്തോടെ നിലനിൽക്കുന്നു. പാലിയം കുടുംബം ദാനം ചെയ്‌ത സ്ഥലത്താണ് സിനഗോഗും സ്ഥിതി ചെയ്യുന്നത്.  പെരിയാറും ചാലക്കുടി പുഴയും സംയോജിച്ചു കൊടുങ്ങല്ലൂർ കായലിൽ ലയിക്കുന്ന മനോഹരയിടം കൂടിയാണിത്. ജലനിബദ്ധമായ കുറെ പൗരാണിക സ്മൃതികൾ...

മൂന്നു നൂറ്റാണ്ടോളം കൊച്ചി കോവിലകത്തിന്റെ വിശ്വസ്ത സേവകരായിരുന്ന പാലിയം കുടുംബത്തിന്റെ വാസസ്ഥലമായിരുന്നു അടുത്ത ലക്ഷ്യം. പറവൂരിൽനിന്നു നാലു കിലോമീറ്റർ യാത്ര. ഏതാണ്ട് മൂന്നര ഏക്കറിൽ സൗന്ദര്യത്തികവിൽ നിറഞ്ഞു കിടക്കുന്ന പാലിയം കൊട്ടാര സമുച്ചയം. എട്ടു ഇരുനിലമാളികകൾ, നിരവധി ക്ഷേത്രങ്ങൾ, കുളങ്ങൾ, 100 മുറി മാളിക,  മഠങ്ങൾ തുടങ്ങി കണ്ണ് നിറയുവോളം കാഴ്ചകൾ. കൊച്ചി രാജാക്കന്മാരുടെ പ്രാധാന മന്ത്രിമാരായിരുന്നു പാലിയത്തച്ചന്മാർ. കൊച്ചി രാജാവ് കഴിഞ്ഞാൽ അടുത്ത പ്രതാപികൾ. ബ്രിട്ടീഷ് റസിഡന്റ് മെക്കാളെയെ പോലും വിറപ്പിച്ച ധൈര്യശാലികൾ. 

Chendamangalam-Synagogue-gif

പാലിയം കൊട്ടാരം ഡച്ചു വാസ്തുകലയാൽ സമ്പന്നമാണ്. വീതിയേറിയ  കോണിപ്പടികളും കനമുള്ള ചുമരുകളും  ഡച്ച് നിർമാണ ശൈലിയുടെ പ്രാഗത്ഭ്യം  വെളിവാക്കുന്നു. മുകൾ നിലയിൽ പാലിയത്തച്ചന്മാരുടെ വിശ്രമമുറി. അറുപതിലേറെ ഔഷധഗുണമുള്ള തടികൾകൊണ്ട് നിർമിച്ച സപ്രമഞ്ചക്കട്ടിൽ. (നന്ദനം സിനിമയിൽ കവിയൂർ പൊന്നമ്മ മുത്തശ്ശി വിശ്രമിക്കുന്ന അതേയിടം) . കുഞ്ചൻ നമ്പ്യാരുപയോഗിച്ച മിഴാവ്, മാടമ്പി വിളക്കുകൾ, ആനച്ചമയങ്ങൾ തുടങ്ങി പഴയകാലം തെളിഞ്ഞു വരുന്ന പ്രതീതിയുളവാക്കുന്ന കാഴ്ചകൾ. 

അതിഥികൾ  കൂടുന്നതനുസരിച്ചു മുറികളുടെ  എണ്ണം വർധിപ്പിക്കാൻ തടികൾകൊണ്ടുള്ള സുസജ്ജമായ പാർട്ടീഷൻ ചുവരുകൾ. കുറ്റവാളികളെ ശിക്ഷിക്കുന്നയിടം കാണുമ്പോൾ ഹൃദയം നിശ്ചലമാകുന്നു.  കാഴ്ചകൾ നിരവധിയാണ്. വീതിയേറിയ  ചുവരുകൾക്കിടയിൽ രണ്ടു വാതിൽ. കഷ്ടിച്ച് ഒരാൾക്ക്‌ ഞെരുങ്ങിനിൽക്കാൻ മാത്രം സാധിക്കും. വായു സഞ്ചാരവുമില്ല.  രണ്ടു വാതിലുകളും അടയ്ക്കുന്നതോടെ ഉള്ളിൽപെട്ടയാളുടെ അവസ്ഥ അതിദയനീയം. രാജശാസനം  തന്നെ. മുകളിലെ മുറിയിൽനിന്നു തടിയഴികളുള്ള ജാലകത്തിലൂടെ നോക്കുമ്പോൾ പഴയ കളരി കാണാം, ഇന്നത് പച്ച നിറമുള്ള ഒരു മൈതാനമാണ്.

Chendamangalam-Synagogue4-gif

തൊട്ടടുത്തു തന്നെയുള്ള  പാലിയം നാലുകെട്ട് ഒരു പെണ്ണരശ്ശ്‌ നാട് തന്നെയാണ്. ഏതാണ്ട് നാലര നൂറ്റാണ്ടുകളെ അതിജീവിച്ചയിടം. തളത്തിൽ ഒരുക്കിയിട്ടുള്ള ടിവി സ്‌ക്രീനിൽ കൊട്ടാരത്തിന്റെ പ്രതാപത്തിന്റെ വിഷ്വലുകൾ കാണാം. മിടുക്കിയായ ഗൈഡ് ഞങ്ങളെ അകത്തളങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയി. മുറികളിൽ തിരശ്ചീനമായ വായു പ്രവാഹം ഉറപ്പു വരുത്താനായി ചുവരിൽ കർണ്ണസൂത്രങ്ങൾ. സ്ത്രീകളുടെ കൊട്ടാരമായതിനാൽ പ്രസവമുറിയുൾപ്പടെയുള്ള സ്വകാര്യയിടങ്ങൾ അനവധിയുണ്ട്. കൂട്ടത്തിലെ പ്രധാനിയായ വലിയമ്മയുടെ മുകൾനിലയിലെ മുറിയിലെ ആട്ടുകട്ടിലിൽ  ഇരുന്നാൽ നടുത്തളത്തിലും ചുറ്റിനും ഉമ്മറക്കോലായിലും എന്ത് നടക്കുന്നുവെന്ന  ബേർഡ്‌സ് ഐ വ്യൂ കിട്ടും. പുള്ളിക്കാരിതന്നെ ആയിരുന്നു അറയിലെ ആഭരണങ്ങളുടെയും കസ്റ്റോഡിയൻ. 

അടുക്കളയിലെ ഉപകരണങ്ങൾ കണ്ടാലറിയാം ഊരിന്റെ പ്രാധാന്യം. ആയിരം പേർക്ക് ഭക്ഷണമൊരുക്കിയ ഇടമെന്നു പറയപ്പെടും. വമ്പൻ ഉരുളികൾ, ചട്ടുകങ്ങൾ, ചോറ് വയ്ക്കുന്ന ചെമ്പുകൾ, മോരൊഴിച്ചു വയ്ക്കുന്ന ഗോമുഖി തുടങ്ങി പ്രതാപമാർന്ന ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചകൾ. അകത്തളങ്ങളിലെങ്ങും ഫോട്ടോഗ്രാഫി അനുവദനീയമല്ല. 

പാലിയം ട്രസ്റ്റിന്റെ അധീനതയിലാണ് ഇന്നിവിടം. മനോഹരമായ മോഡിഫിക്കേഷൻ ഗവണ്മെന്റ് ഇതിനു നൽകിയിട്ടുണ്ട്. ചിത്രപ്പണികളുള്ള മേലോടുകളും ഹിഡൻ ലൈറ്റിങ്ങും ചുറ്റുമുള്ള പുൽത്തകിടിയുമെല്ലാം ഇതിന്റെ അഴകേറ്റുന്നു. പഴയ സ്‌പൈസ് റൂട്ട് അനുസ്മരിപ്പിക്കുന്ന കൊച്ചി മുസിരിസ് യാത്ര പാക്കേജിന്റെ പ്രധാന ആകർഷണവും ഇതു തന്നെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈതൃകസംരക്ഷണ പദ്ധതി. 

(ചേന്ദമംഗലത്തെപ്പറ്റി കൂടുതലറിയാൻ മനോജ്‌ രവീന്ദ്രൻ നിരക്ഷരന്റെ Manoj Ravindran Niraksharan 'മുസിരിസിലൂടെ' എന്ന ബുക്കും സേതുവിന്റെ 'മറുപിറവിയും' വായിക്കാവുന്നതാണ്.)

NB  പറവൂര്‍, പള്ളിപ്പുറം, കോട്ടപ്പുറം, ഗോതുരുത്ത് കായലിലൂടെ ഹോപ് ഓണ്‍ ഹോപ്പ് ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

എ ക്രൂയിസ് ത്രൂ ദ് ഗോള്‍ഡന്‍ ഏയ്ജ് ഓഫ് സ്‌പൈസ് ട്രേഡ് എന്നാണ് മുസിരിസ് പൈതൃകങ്ങളിലൂടെയുള്ള ബോട്ട് സവാരിയുടെ പേര്. പറവൂരിലെ ജൂതപള്ളി ബോട്ട് യാത്രയ്ക്ക് മുന്‍പ് സന്ദര്‍ശിക്കാം. പറവൂർ  പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.ജലയാത്ര ഒരുക്കുന്നത് കേരള ടൂറിസം വകുപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020864649

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com