sections
MORE

ബെംഗളൂരുവില്‍ നിന്ന് വയനാട്ടിലേക്കൊരു തകർപ്പൻ റോഡ് ട്രിപ്പ്

wayanad
Image from Wayanad Tourism Official site
SHARE

വയനാട്, ആരേയും മോഹിപ്പിക്കുന്ന വശ്യമായ പ്രകൃതിയുടെ മറ്റൊരു പേര്. കുന്നുകളും മലകളും, മഞ്ഞും, തേലിയത്തോട്ടങ്ങളും അങ്ങനെ ഏതൊരു സഞ്ചാരിയുടേയും മനസുനിറയ്ക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പന്നമാണ് വയനാട്. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് വയനാട് ഒരു പറുദീസയാണ്. ആ പറുദീസയിലേക്ക് റോഡ് മാര്‍ഗ്ഗം ബെംഗളൂരുവില്‍  നിന്നും ഒരു യാത്ര നടത്തിയാല്‍ എങ്ങനെയിരിക്കും, മെട്രോപോളിറ്റന്‍ നഗരമായ ബംഗളുരുവിന്റെ തിരക്കില്‍ നിന്നും ഒരു രക്ഷപ്പെടല്‍, ആ യാത്ര ശരിക്കും തകര്‍പ്പന്‍ തന്നെയാകും. കാരണം ബെംഗളൂരുവില്‍ നിന്നും വയനാട്ടിലേയ്ക്ക് എത്തുമ്പോള്‍ നിങ്ങള്‍ കാഴ്ച്ചാപൂരത്തിന്റെ കൊടിയേറ്റം തന്നെ കണ്ടിട്ടുണ്ടാകും. അതെന്താണെന്നല്ലേ പറയാം. 

നഗരബഹളത്തില്‍ നിന്ന് പ്രകൃതിയുടെ ശാന്തതയിലേയ്ക്ക്

ബെംഗളൂരും  വയനാടും തമ്മില്‍ ഏകദേശം 282  കിലോമീറ്റര്‍ ദൂരമുണ്ട്. വയനാട്ടില്‍ മിക്കവാറും വാരാന്ത്യങ്ങളില്‍ തിരക്കുകൂടും. അതില്‍ 60 ശതമാനവും വരുന്നത് ബെംഗളൂരുവില്‍ നിന്നും. ഒരാഴ്ച്ചയുടെ ഓട്ടപ്പാച്ചിലൊക്കെ കഴിഞ്ഞ് വെള്ളിയാഴ്ച്ച രാത്രി യാത്ര തിരിച്ചാല്‍ ശനിയാഴ്ച്ച വൈകുന്നേരത്തോടെ വയനാട്ടില്‍ എത്താം. 280 കിലോമീറ്റര്‍ പിന്നിടാന്‍ ഇത്ര സമയമോ എന്നു ചിന്തിക്കാന്‍ വരട്ടെ, വയനാട് എത്തുന്നതുവരെ വഴിനീളെ നിങ്ങളെ കാത്തിരിക്കുന്നത് അനേകം കാഴ്ച്ചകളാണ്. മൂന്ന് പ്രധാന റൂട്ടുകളാണ് വയനാട്ടിലേയ്ക്ക് ഉള്ളത്. എങ്കിലും ബന്ദിപ്പൂര്‍ വഴിയുള്ള യാത്ര തിരഞ്ഞെടുത്താല്‍ ഒട്ടും നിരാശപ്പേടേണ്ടിവരില്ല. അതിന് കാരണമുണ്ട്. വഴിയെ പറയാം.  രാത്രിയിലോ അതിരാവിലയോ ആണ്  യാത്രയെങ്കില്‍ ബെംഗളൂരു- മൈസൂര്‍ റൂട്ടിലെ ട്രാഫിക് തിരക്കില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാനാകും.

ഇവിടെയാണ് ഈ യാത്രയിലെ ആദ്യത്തെ സമ്മാനം ഒരുക്കിയിരിക്കുന്നത്.  മൈസൂര്‍ റിംഗ് റോഡില്‍ നിന്ന് നേരെ ബന്ദിപ്പൂരിലേയ്ക്ക് വാഹനം തിരിക്കുക. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാത, അതും കാടിന് നടുവിലൂടെ. ഭാഗ്യമുണ്ടെങ്കില്‍ യാത്രക്കിടയില്‍  കാട്ടാന മുതല്‍ കടുവ വരെ നിങ്ങളുടെ മുമ്പില്‍ ദര്‍ശനം നല്‍കും. ബന്ദിപ്പൂര്‍- ഗുണ്ടല്‍പേട്ട്-സുല്‍ത്താന്‍ ബത്തേരി,- വയനാട് ഈ റോഡിലൂടെയുള്ള യാത്ര സ്വപ്‌നം പോലെ തോന്നിപ്പിക്കുമെന്ന് ഉറപ്പ്.വയനാട് എത്തിയാല്‍ പിന്നെ പൂരമാണ്, പ്രകൃതിയൊരുക്കിയിരിക്കുന്ന പൂരം. 

ബെംഗളൂരുവില്‍ നിന്ന് വയനാട് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്‌റ്റേബര്‍ മുതല്‍ മെയ് വരെയാണെങ്കിലും ഏതുസമയത്തും വയനാട് സന്ദര്‍ശിക്കാം. മലയാളികള്‍ ഒരു 40 ശതമാനം പേരെങ്കിലും കാണും പഠിക്കാനും ജോലി ആവശ്യത്തിനുമായെല്ലാം ബെംഗളൂരുവില്‍.  തിരക്കൊക്കെ ഒഴിയുമ്പോള്‍ ഒരു ചെറുയാത്ര നടത്താന്‍ പ്ലാനിടുമ്പോള്‍ മുന്നും പിന്നും നോക്കാതെ നേരെ വയനാട്ടിലേയ്ക്ക് വച്ച് പിടിച്ചോ. ശാന്തമായൊരു പ്രകൃതിയില്‍ സമയം ചെലവിടാന്‍ കിട്ടുന്ന അവസരത്തെ എന്തിനു വേണ്ടെന്നുവയ്ക്കണം, 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA