ADVERTISEMENT

ഒറ്റയ്‌ക്കോ കൂട്ടുകൂടിയോ യാത്ര ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല കുട്ടികളോടൊപ്പമുള്ള ഒരു ഫാമിലി ട്രിപ്പ്. യാത്രാചെലവ് റോക്കറ്റ് പോലെ മുകളിലേയ്ക്ക് പോകുമെന്ന പേടികാരണം ഫാമിലിയുമൊത്തുള്ള യാത്ര സ്വതവേ കുറയ്ക്കുന്നവരാകും നമുക്കിടയില്‍. എന്നാല്‍ ചില നുറുങ്ങുവഴികളിലൂടെ കുടുംബവും കുട്ടികളും ഒത്തുള്ള യാത്രകള്‍ എളുപ്പമാക്കാം. 

എപ്പോഴും ഒരു ദീര്‍ഘദൂരയാത്രയേക്കാള്‍ പെട്ടെന്ന് നടത്തുന്ന ചെറുയാത്രകളാണ് മനോഹരം. ആഴ്ച്ചയിലെ ആറ് ദിവസവും തിരക്കുകളില്‍ മുങ്ങി, കിട്ടുന്ന ഒരു അവധി ദിവസം  വീട്ടിലിരുന്ന് വിശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ കുട്ടികളുടെ കാര്യം അങ്ങനെയല്ല,  അവരുടെ അവധിനോക്കി ട്രിപ്പ് പ്ലാന്‍ ചെയ്യാം. ഇടയ്‌ക്കൊക്കെ അവരെ ഒരു ചെറിയ യാത്രയ്ക്ക് കൊണ്ടുപോകാം. പഠനത്തിന്റെ ചൂടില്‍ നിന്നും രക്ഷപ്പെടുത്തുന്ന ആ ചെറു യാത്രകളും അവര്‍ ആവോളം ആസ്വദിക്കും. ഇടയ്ക്കിടെയുളള ഇത്തരം യാത്രകള്‍ അവരുടെ മനസ്സിനും ബുദ്ധിക്കും ഉന്‍മേഷമുളവാക്കും. 

യാത്ര പോകേണ്ടയിടം തീരുമാനിച്ചതിനുശേഷം സുഹൃത്തുക്കളോടും മറ്റും യാത്രയെക്കുറിച്ച് സംസാരിക്കുക. അവരില്‍ നിന്നും പ്രയോജനകരമായ പല കാര്യങ്ങളും ലഭിക്കും. എങ്ങനെയൊക്കെ ചെലവ് ചുരുക്കാമെന്നു കുട്ടികളുമൊത്ത് യാത്ര ചെയ്തവര്‍ പറഞ്ഞുതരാതിരിക്കില്ല. 

സ്ഥിരം ടൂറിസ്‌ററ് കേന്ദ്രങ്ങളെ ഒഴിവാക്കി തിരക്കൊഴിഞ്ഞതും എന്നാല്‍ കാണാന്‍ ഏറെയുള്ളതുമായ ഇടങ്ങള്‍ തെരഞ്ഞെടുക്കുക. ക്യാമ്പിങ്ങ്നും മറ്റുമുള്ള സ്ഥലങ്ങളാണെങ്കില്‍ നന്ന്. കാരണം ബഹളങ്ങളില്‍ നിന്നും മാറി ഓപ്പണ്‍ എയറില്‍ സമയം ചെലവിടാനാണ് കുട്ടികള്‍ക്ക്  ഇഷ്ടം. ഭക്ഷണവും മറ്റും സ്വയമുണ്ടാക്കി ചെറിയ കളികളിലൊക്ക ഏര്‍പ്പെട്ടാല്‍ ആ യാത്ര ബഹുരസമാകും ഉറപ്പ്. മാത്രമല്ല ഇങ്ങനെയുള്ളപ്പോള്‍ ചെലവും കുറേ കുറഞ്ഞുകിട്ടും. ഷോപ്പിങ് എന്ന പേടിയും വേണ്ട. 

ട്രെയിന്‍, ബസ് പോലുള്ളവയിലെ യാത്രകളും കുട്ടികള്‍ ശരിക്കും എഞ്ചോയ് ചെയ്യും. ഇത്തരത്തിലുള്ള യാത്ര പണം ലാഭിക്കുന്നതിനൊടൊപ്പം മികച്ച അനുഭവവും പ്രധാനം ചെയ്യും.ഇനി യാത്ര സ്വന്തം വാഹനത്തിലാണെങ്കില്‍ ടാക്‌സിചാര്‍ജ്ജിനെക്കുറിച്ചുള്ള പേടിവേണ്ട. ഇഷ്ടമുള്ളിടത്ത് നിര്‍ത്തി കാഴ്ചകള്‍ കണ്ട് യാത്ര തുടരാം. തിരക്കൊഴിഞ്ഞ ഒരു ദിവസം കാറെടുത്ത് കുട്ടികളുമായി ഒന്നു പുറത്തിറങ്ങിനോക്കു, അവര്‍ ആസ്വദിക്കുന്നതുപോലെ ആ യാത്ര മറ്റാരും ആസ്വദിക്കില്ല.

വിദേശയാത്രയാണ് പദ്ധതിയെങ്കില്‍ ചില കാര്യങ്ങള്‍ നേരത്തെ ശ്രദ്ധിക്കണം. വിമാനകമ്പനികളുടെ ഓഫറുകളാണ ഒന്ന് മാസങ്ങള്‍ക്ക് മുമ്പേ ചിലപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും. ഓഫ് സീസണുകളില്‍ യാത്ര നടത്തിയാല്‍ കുറേ ചെലവ് അവിടേയും മാറിക്കിട്ടും.  വിദേശത്തെത്തിയാലും ഉണ്ട് ചിലകാര്യങ്ങള്‍. കുട്ടികള്‍ക്കായി ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കുന്ന മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി റസ്റ്ററന്റുകള്‍ വരെയുണ്ട്. അങ്ങനെയുള്ളത് തിരഞ്ഞെടുത്താല്‍ കുറേ പണം പോക്കറ്റിലിരിക്കും. താമസത്തിന്റെ കാര്യവും ഇങ്ങനെതന്നെ. ആഡംബര ഹോട്ടലുകളേക്കാള്‍ ബീച്ച് സൈഡിലുള്ള ചെറിയ കോട്ടേജോ, ഹോംസ്‌റ്റേയോ തെരഞ്ഞെടുക്കുക. 

മ്യൂസിയം, വന്യജീവിസങ്കേതം, ബീച്ച് തുടങ്ങിയ ഇടങ്ങളിലേയ്ക്കുള്ള യാത്രകള്‍ ചെലവുചുരുക്കുന്നതിനോടൊപ്പം കുട്ടികള്‍ക്ക് പ്രയോജനകരവുമാവുകയും ചെയ്യും. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാനും കാണുവാനും ഇതിലൂടെ സാധിക്കും. ഒപ്പം സമയവും ചെലവും ലാഭിക്കാം. ചെറിയ ട്രക്കിങ്ങോ, ബോട്ട് സവാരിയോ ഉണ്ടെങ്കില്‍ എറ്റവും നല്ലത്.  

അവധികിട്ടുമ്പോള്‍ കുട്ടികളെ പാര്‍ക്കില്‍ കൊണ്ടുപോയിവിട്ട് മൊബൈലിലേയ്ക്ക് ചുരുങ്ങാതെ ചെറിയൊരു ഡ്രൈവ് നടത്തിനോക്കു. തിരക്കൊഴിഞ്ഞ വഴിയിലൂടെ വെറുതെ വണ്ടിയോടിക്കുക,  സ്ഥിരം കാണുന്നവയെങ്കിലും ചില കാഴ്ച്ചകള്‍ നിങ്ങളുടെയും ഒപ്പം മക്കളുടേയും  കണ്ണുകളില്‍ പുതുമ നിറയ്ക്കും.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com