ADVERTISEMENT

നോക്കെത്താദൂരത്തോളം പുൽമേടുകൾ. തണുത്ത കാറ്റ്. മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണുപൊത്തുന്ന കോടമഞ്ഞ്. ഏതു സഞ്ചാരിയുടെയും സ്വപ്നലക്ഷ്യങ്ങളിലൊന്ന്. അതിനൊപ്പം നനുത്ത മഴ കൂടി പെയ്താലോ? തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഒരുക്കുന്നത് പൊന്നിനെക്കാൾ മൂല്യമുള്ള അനുഭവങ്ങളാണ്. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. പോകുന്ന വഴിയാകട്ടെ വശ്യസുന്ദരം. ഏതു റൈഡറെയും കൊതിപ്പിക്കുന്ന റോഡ്. പൂത്തുനി‍ൽക്കുന്ന കാട്ടുമരങ്ങൾ തണലൊരുക്കുന്നു. ഇരുവശവും കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ. 

ponmudi

ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം. ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും. ഫൊട്ടോഗ്രഫിയിൽ താൽപര്യമുണ്ടെങ്കിൽ നോക്കുന്നിടത്തെല്ലാം ഫ്രെയിം തെളിയും. അപ്പർ സാനിറ്റോറിയം വരെ വാഹനം കടത്തിവിടും. 

കുന്നിൻ മുകളിൽ വാച്ച് ടവർ ഉണ്ടെങ്കിലും ഇപ്പോൾ പ്രവേശനമില്ല. താഴെ ഗോൾഡൻ വാലിയിലും മുകളിലും വനംവകുപ്പിന്റെ ചെക് പോസ്റ്റുകളുണ്ട്. പ്ലാസ്റ്റിക്കും കുപ്പികളൊമൊന്നും അനുവദനീയമല്ല. അപ്പർ സാനിറ്റോറിയത്തിലേക്കു പോകാൻ ഒരാൾക്ക് 30 രൂപയാണ് പ്രവേശനഫീസ്. 

പൊന്മുടിയുടെ മുകളിൽ കെടിഡിസിയുടെ ഗോൾഡൻ പീക്ക് റിസോർട്ടുണ്ട്. ഒരുപക്ഷേ, കെടിഡിസിയുടെ ഏറ്റവും ഭംഗിയുള്ള അതിഥിമന്ദിരം. റിസോർട്ടിലെ മുറികളിലിരുന്നാൽ പോലും തെളിഞ്ഞ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാം. പുല്ലുവിരിച്ച മുറ്റത്തിരുന്ന് ഒരു കാപ്പി കുടിക്കണമെന്നു തോന്നിയാൽ കോടമഞ്ഞ് കൂട്ടുവരും. സർക്കാരിന്റെ ഗെസ്റ്റ് ഹൗസും  തൊട്ടടുത്തുണ്ട്. പുതിയ 2 ഗസ്റ്റ് ഹൗസുകൾ കൂടി നിർമിക്കുന്നുമുണ്ട്.

ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്. പക്ഷി, പൂമ്പാറ്റ നിരീക്ഷണത്തിൽ കമ്പമുണ്ടെങ്കിൽ പൊന്മുടി കയറാൻ മടിക്കേണ്ട. തിരിച്ചിറങ്ങുമ്പോൾ പഴയ തേയിലത്തോട്ടങ്ങൾ കാണാം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ കാട്ടുപഴങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു. പൊന്മുടിയിലേക്കു പോകുമ്പോൾ താഴെ കല്ലാറിന്റെ കുളിരിലൊരു കുളി ഒഴിവാക്കരുത്. സ്ത്രീകൾക്കു കുളിക്കാനും വസ്ത്രം മാറാനും ഇവിടെ പ്രത്യേകം സൗകര്യമുണ്ട്. 

കല്ലാറിൽ നിന്ന് ഒരു കിലോമീറ്റർ കാട്ടുപാതയിലൂടെ നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടം. ചെറിയൊരു ട്രെക്കിങ് നടത്തിയ സുഖമുണ്ട് ഈ കാട്ടുനടപ്പിന്. പാറമേൽ ഇരുന്ന് എത്രനേരം വേണമെങ്കിലും വെള്ളത്തിന്റെ ഭംഗിയാസ്വദിക്കാം. കല്ലാറിൽ കുളിക്കാനിറങ്ങുമ്പോൾ സൂക്ഷിക്കണം. ഏതു സമയത്തും മലവെള്ളമിറങ്ങാം. അപകടസാധ്യത കൂടുതൽ. പൊന്മുടി യാത്രയിൽ വിതുരയിൽ നിന്ന് അൽപം വഴിമാറി വണ്ടിയോടിച്ചാൽ പേപ്പാറ ഡാമിന്റെയും വാഴ്‌വാംതോൽ വെള്ളച്ചാട്ടത്തിന്റെയും ഭംഗി നുകരാം. ബോണോക്കാട്ടെ ബോണോഫാൾസ് വെള്ളച്ചാട്ടവും അടുത്തുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com