sections
MORE

ആസ്വദിക്കാം ഇൗ കിടുക്കൻ റൂട്ടുകൾ

road6
SHARE

മനസ്സിനെ ശാന്തമാക്കാനാണ് പൊതുവെ യാത്രകൾ ‌ തിരഞ്ഞെടുക്കുന്നത്  കേരളത്തിലെ കുഴി നിറഞ്ഞ റോഡുകളും എതിരെ വരുന്ന വാഹനങ്ങളുടെ മര്യാദകേടും മനസ്സിന്റെ ഉള്ള സമാധാനം കൂടി കളയും. അപ്പോൾ പിന്നെ എന്തു ചെയ്യും?  ഡ്രൈവ് ചെയ്യാൻ പറ്റിയ നല്ല  ഇടമല്ലെങ്കിൽ ഉദ്ദേശിച്ച ലക്‌ഷ്യം നേരെ തകിടം മറിയുന്ന അവസ്ഥയാവും ഉണ്ടാവുക. ഇതാ കേരളത്തിൽ ഡ്രൈവിങ് ആസ്വദിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ.

വല്ലാർപ്പാടം ടെർമിനൽ റോഡ് 

വല്ലാർപ്പാടം പദ്ധതിയുടെ ഭാഗമായി കൊച്ചിയ്ക്ക് സ്വന്തമായ ഈ റോഡിലൂടെയുള്ള യാത്ര രസകരമാണ്.  എറണാകുളം സിറ്റിയിൽ നിന്ന് കൊടുങ്ങലൂർ-പറവൂർ ഭാഗത്തേക്കുള്ള ബൈപാസ് റോഡായി ഇത് മാറിയിരിക്കുന്നു. പ്രധാന റോഡല്ലാത്തതു കൊണ്ട് ഈ റോഡിൽ പൊതുവെ തിരക്കും കുറവാണ്. 

road-kerala_tourism_road_pixabay-compressed

വെറുതെയൊരു യാത്ര മാത്രമാവില്ല ഈ റോഡിൽ ഡ്രൈവ് ചെയ്യാൻ വരുന്നവരെ കാത്തിരിക്കുന്നത്. കൊച്ചിയുടെ തനതു കാഴ്ചയായ ചൈനീസ് വലയും കായലുമൊക്കെ ഈ യാത്രയിൽ മനസ്സിന് ഊർജ്ജം പകരും. അസ്തമയ സൂര്യനെ നോക്കി ഇതുവഴിയൊരു യാത്ര ഉറപ്പായും മനോഹരമായ അനുഭവമായിരിക്കും. ഒന്ന് വണ്ടി നിർത്തി അസ്തമയം ആസ്വദിച്ചിട്ടു പോകാമെന്നു മനസ്സ് ഉറപ്പായും പറയും.

ചാലക്കുടി-വാൽപ്പാറ വഴി

ഇരുവശവും കാടിന്റെ പച്ചപ്പ്, കാടിന്റെ ഗന്ധം, തിരക്ക് പിടിച്ച ദിവസങ്ങളിൽ നിന്ന് ‌ രക്ഷ നേടാൻ പച്ചപ്പ്‌ മണത്തു കൊണ്ട് ഒരു ഡ്രൈവ് നന്നാവില്ലേ? ഈ റോഡിൽ ഇടയ്ക്ക് ഡാമുകളും ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാനുണ്ട്. ഒരു മുഴുവൻ ദൂര യാത്രയല്ല ആഗ്രഹമെങ്കിൽ പോലും ഉള്ള സമയം കൊണ്ട് പറ്റാവുന്നിടത്തോളം ദൂരം ഡ്രൈവ് ചെയ്ത തിരികെ പൊന്നാലും അതൊരു നഷ്ടമാവില്ല. 

road-Aathirappally_Valparai_Sholayar_road_views_1346

വീതിയുള്ള റോഡാണ്,ഇടയ്ക്കിടയ്ക്ക് കല്ലുകളും ചരലും പതിച്ച വഴികളെയും താണ്ടേണ്ടതായി വന്നേക്കാം, പക്ഷെ കാടിന്റെ നടുവിലൂടെയുള്ള യാത്രയ്ക്ക് മുന്നിൽ റോഡിന്റെ മനോഹാരിതയ്‌ക്കൊക്കെ എന്ത് പ്രശ്നം? ഇത്തരം വഴികളിലൂടെ ഒരുപക്ഷെ കാർ കൊണ്ട് നടത്തുന്ന യാത്രയേക്കാൾ കൂടുതൽ കൗതുകവും സാഹസികതയും ബൈക്ക് യാത്രകൾക്ക് തന്നെയാകും.

മൂന്നാർ- മറയൂർ റോഡ്

തമിഴ്‌നാട് ബോർഡറിലേയ്ക്ക് കയറുന്ന റോഡ്. മഴക്കാടുകളുടെ ആർജ്ജവമുള്ള തളിർത്തു പച്ച നിറത്തിൽ നിൽക്കുന്ന കാടുകളുടെ ഭംഗി, മൂന്നാറിന്റെ തണുപ്പും തേയില തോട്ടങ്ങളുടെ മനോഹാരിതയും.  ആഞ്ഞടിക്കുന്ന കാറ്റിലൂടെ പരക്കുന്ന ചന്ദന മരങ്ങളുടെ ഗന്ധം. കരിമ്പിൻ തോട്ടങ്ങളുടെ ദൃശ്യം, ശർക്കര കളത്തിന്റെ ഗന്ധം,.. മൂന്നാർ മറയൂർ റോഡിന്റെ ഭംഗിയെ എത്ര വർണിച്ചാലും മതിയാവില്ല. മൂന്നാറും മറയൂരും തമ്മിൽ നാൽപ്പതു കിലോമീറ്റർ ദൂരമുണ്ട്. 

687648786

കാറിലാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ ഡ്രൈവ്.  മൂന്നാറിൽ വരുന്നവർക്ക് കാണാൻ പറ്റിയ ഒരു ഡസ്റ്റിനേഷന്‍കൂടിയാണ് മറയൂർ. ഈ വഴിയിലാണ് ഇരവികുളം ദേശീയ ഉദ്യാനമുള്ളത്, അനുവാദം വാങ്ങിയാൽ ഈ യാത്രയിൽ ഇരവികുളത്തെ കാഴ്ചകളും കാണാം.   എന്തായാലും ഇതുവഴിയുള്ള യാത്ര പകൽ സമയത്തിലാക്കുക. രാത്രിയിൽ യാത്രാവഴിയുടെ മനോഹാരിത ഒട്ടും ലഭിക്കില്ല എന്നതാണ് കാരണം. ഇരുവശവുമുള്ള പലവിധ കാഴ്ചകൾ മറക്കാനാവില്ല.

ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്

ആലപ്പുഴയെയും ചങ്ങനാശ്ശേരിയെയും ബന്ധിപ്പിക്കുന്ന ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരമുള്ള സംസ്ഥാനപാതയാണിത്. കുട്ടനാടിന്റെ മനോഹാരിത അപ്പാടെ പകർത്താൻ കഴിയുന്ന റോഡ്. പാടങ്ങളും കനാലുകളും നീർപ്പാടങ്ങളും കുഞ്ഞു വീടുകളും റോഡിന്റെ ഇരുവശത്തുമായി നിറയുന്ന കാഴ്ച. ചിലയിടങ്ങളിൽ താറാവുകളെയും കൊണ്ട് നടക്കുന്ന കർഷകരെയും  ജീവിക്കാൻ വേണ്ടി പട വെട്ടുന്ന മനുഷ്യരെയും കാണാം.

road7

ദീർഘ ദൂരം നേരെയുള്ള റോഡാണിത്. അതുകൊണ്ടു തന്നെ ഡ്രൈവിങ് ഒരിക്കലും ബോറടിക്കില്ല. റോഡിനു ഇരുവശങ്ങളിലും കൊയ്ത്തുക്കാലമായാൽ പച്ചവിരിച്ച പാടശേഖരങ്ങളും കനാലുകളുമൊക്കെ കാണാം. വലിയ തിരക്ക് എപ്പോഴുമൊന്നും ഇല്ലാത്ത റോഡുമായതുകൊണ്ടു യാത്ര മടുപ്പില്ലാതെ ആസ്വദിക്കാം.

മുഴുപ്പിലങ്ങാട് ബീച്ച്

111Muzhappilangad_Drive-in_Beach_2

ഒരു കടൽ ഡ്രൈവ് ഇൻ നടത്തിയാലോ എന്ന ആലോചനയുണ്ടോ? എങ്കിൽ നേരെ കണ്ണൂരിലുള്ള മുഴുപ്പിലങ്ങാടേക്ക് വിട്ടോളൂ.  കടലിന്റെ ഒരത്തിലൂടെ മനോഹരമായ കടൽ കാറ്റും കൊണ്ട് കാറിൽ ഒരു സവാരി. പലപ്പോഴും ചില ചിത്രങ്ങളിൽ കണ്ടിട്ടില്ലേ, കാറിന്റെ ടയറിനടിയിൽ കൂടി അടിച്ചുലച്ചു കയറി വരുന്ന തിരമാലകൾ... അതെ മനോഹാരിതയും അനുഭൂതിയും ഇവിടെ ലഭിക്കും. നാല് കിലോമീറ്ററാണ് ഇവിടെ ബീച്ചിൽ കൂടി ഡ്രൈവ് ചെയ്യാൻ കഴിയുക.ഏറ്റവും പ്രിയപ്പെട്ടൊരാളെയും കൊണ്ട് കടലിലേയ്ക്ക് താഴുന്ന സൂര്യനെയും ആസ്വദിച്ചു ചുവന്ന നിറം സ്വയം പ്രതിഫലിച്ചു മുന്നോട്ടു പോകുന്നത് എത്ര മാത്രം പ്രണയാതുരമായിരിക്കും!

ഡ്രൈവ് നടത്താൻ പറ്റിയ റോഡുകൾ കേരളത്തിൽ ധാരാളമുണ്ട്. പ്രത്യേകിച്ച് ഹിൽ സ്റ്റെഷനുകളിലേക്കുള്ള യാത്രകൾ എപ്പോഴും മനോഹരമാണ്. ഇടയ്ക്കിടെ നിർത്താൻ പറ്റിയ ഇടങ്ങളും ആസ്വദിക്കാൻ വെള്ള ചട്ടങ്ങളും ഒക്കെ ഈ യാത്രകൾ വാഗ്ദാനം ചെയ്യും. വഴിയരുകിൽ നല്ല ഭക്ഷണം ലഭിക്കുന്ന നാടൻ കടകൾ നോക്കി കയറിയാൽ അതും സുഖകരമാകും. അപ്പോൾ ആലോചിച്ചു നിൽക്കണ്ട, പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ലാതെ തന്നെ രാവിലെ പോയി രാത്രി തിരിച്ചു വരൻ പാകത്തിൽ കാറുമെടുത്തു ഇറങ്ങിക്കോളൂ... എല്ലാ ടെൻഷനുകൾക്കും ഇന്ന് വിട പറയൂ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA