ADVERTISEMENT

 പാടവരമ്പത്ത് ഓലയും ഓടും മേഞ്ഞ, പഴമയുടെ ശൈലി ഉണർത്തുന്ന കള്ള് ഷാപ്പിനെ മറികടന്ന് കോൺക്രീറ്റ് മേൽക്കൂരയ്ക്കു കീഴിൽ പണിതുയർത്തിയ ഷാപ്പ്. കള്ള് ഷാപ്പിൽ കള്ള് മാത്രമല്ല നല്ലൊന്നാന്തരം വിഭവങ്ങളുടെ സ്വാദും അറിയാം. മറ്റു ഷാപ്പുകളിൽ നിന്നും വേറിട്ട് കള്ളിന് കൂട്ടായി ചെറിയ ഉള്ളിയും കറിവേപ്പിലയും ചതച്ച മുളകും ചേർത്ത കടലക്കറി വിളമ്പുന്ന ഷാപ്പ്.

pullu-4-image-784-410

 

എതിരെ കതിരവനുയരും മുമ്പേ

ഊറിയ മരനീരകമേ ചെന്നാൽ

pullu-3-image-784-410

എരിയാ പൊരിയാ കുളിരാ തളരാ...  എന്നുറക്കെ പാടി... രുചി നുണയുന്നവരുടെ ഷാപ്പ്. ഇത് പുള്ള് കള്ളുഷാപ്പ്. രുചിയുടെ ഭൂപടത്തിൽ കള്ളിനു കൂട്ടായ കറിയാൽ പ്രശസ്തനായവൻ.

pullu-5-image-784-410

 

തൃശൂർ ജില്ലയിലാണ് പുള്ള് എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നിറയെ കോൾ പാടങ്ങളും പക്ഷികളും മീനും നിറഞ്ഞ സുന്ദരഭൂമി. ഈ ഭൂമികയെ രുചി പ്രേമികളുടെ പ്രിയതാവളമാക്കി മാറ്റുന്നതിൽ ഈ കള്ളുഷാപ്പിന് ചെറുതല്ലാത്ത പങ്കുണ്ട്. കള്ളും കടലയും കപ്പയും കക്കയും കാന്താരിയും വിളമ്പിയാണ് പുള്ള് ഷാപ്പ് രുചി തേടിയെത്തുന്നവരെ സ്വീകരിക്കുന്നത്. കോൾ പാടങ്ങളിൽ നിന്നും പിടിക്കുന്ന മീനുകളാണ് ഇവിടുത്തെ പ്രധാന രുചി വാഹകർ. അവ വറുത്തും കറിയായും ആവശ്യക്കാര്‍ക്ക് നൽകും. അപ്പപ്പോൾ പിടിക്കുന്ന മീനുകൾ കറി വെച്ചും വറുത്തും കിട്ടുമ്പോൾ സ്വാദേറെയെന്ന് പറയാതെ വയ്യ.

 

കക്കയും ഞണ്ടും തോരനായും റോസ്റ്റായും കള്ളിനു കൂട്ടായ് ഇവിടെയുണ്ട്. ഈ വിഭവങ്ങൾക്കെല്ലാം പുറമെ പുള്ള് കള്ളുഷാപ്പിന്റെ സ്പെഷൽ ഐറ്റമാണ് കടലറോസ്റ്റ്. കപ്പയ്ക്കൊപ്പം ഇത് ഇവിടൊരു ആരംഭ വിഭവമാണ്. ചുവന്നുള്ളിയും വെളുത്തുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചതച്ചത് എണ്ണയിൽ മൂത്തു വരുമ്പോൾ വേവിച്ച കടല ചേർത്ത് തയാറാക്കുന്ന കടലറോസ്റ്റിന് പ്രിയമേറെയാണ്. തേങ്ങാപ്പീരയിൽ ചതച്ചൊതുക്കിയ കക്കതോരന്റെയും ഞണ്ടു റോസ്റ്റിന്റയും രുചി കള്ളുഷാപ്പിനെ ഭക്ഷണപ്രിയരോട് അടുപ്പിക്കുന്നു. എരിവും മസാലയുമേറിയ നാടൻ വിഭവങ്ങൾ രുചിക്കുന്നതിനൊപ്പം നല്ല തണുത്ത മധുരക്കള്ളും കൂടിയാകുമ്പോൾ സംഗതി കുശാലാണ്.

 

കൊയ്ത്തുകാത്ത് വിളഞ്ഞു നിൽക്കുന്ന നെൽകതിരുകളെ ചേർത്ത് വീശിപ്പോകുന്ന പുള്ളിലെ കാറ്റും കിളികളും പാടവരമ്പിലെ ചെറിയ മൺപാതയും അസ്തമിക്കുന്ന സൂര്യനുമെല്ലാം, വിഭവങ്ങളുടെ രുചിക്കൊപ്പം മനസ് നിറയ്ക്കുന്ന കാഴ്ചകളും സമ്മാനിക്കും. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പാടങ്ങൾക്കപ്പുറം സൂര്യൻ മറഞ്ഞുതുടങ്ങുമ്പോൾ രുചിയാസ്വദിച്ച് വയറുനിറച്ചു മടങ്ങുന്നവർ ഗ്രാമഭംഗി കണ്ട് മനസും നിറച്ചിരിക്കുമെന്നതിന് സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com