ADVERTISEMENT

പരുവത്തിന് നനച്ചെടുത്ത അരിപ്പൊടിയും തേങ്ങാപീരയും ചേർത്ത് ആവിയിൽ പുഴുങ്ങിയെടുക്കുന്ന പുട്ട്. കടലക്കറിയോ ചെറുപയറോ പപ്പടമോ പഴവുമൊക്കെയാണ് പുട്ടിന്റെ സ്ഥിരം കോമ്പിനേഷനുകൾ. എന്നാൽ പുട്ടും ഇപ്പോൾ ന്യൂജനറേഷനായി വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമടക്കം നിരവധി വെറൈറ്റി കറികളാണിപ്പോൾ പുട്ടിന് കൂട്ടായള്ളത്. പുട്ടിന് അരിപ്പൊടി മാത്രമല്ല  ഗോതമ്പ്‌, റവ, റാഗി, ചോളം, മരച്ചീനിപ്പൊടി, എന്നിവ ഉപയോഗിച്ചും പുട്ടുണ്ടാക്കാം വെറൈറ്റി പുട്ടും ഇന്ന് മിക്ക ഹോട്ടലുകളിലും കിട്ടും. പുട്ടുകുറ്റിയിൽ തിങ്ങിനിറഞ്ഞ് വേവുന്ന പുട്ട് കഴിച്ച് മടുത്തവർക്കായി ചിരട്ടപുട്ടോ മുളങ്കുറ്റിയിൽ തയാറാകുന്ന പുട്ടോ ചില പുട്ടുകടയിൽ റെഡിയാണ്.

നാവിൽ കൊതിയൂറുന്ന രുചിമേളങ്ങളുമായി എറണാകുളം വടുതലയിലെ പുട്ടുകട. പുട്ടിന് കോമ്പിനേഷനായി ബീഫ് സ്റ്റ്യൂവും പോട്ടിയും. വിഭവങ്ങള്‍ ഒരുപാട് ഇല്ലെങ്കിലും നാടന്‍ പുട്ടും ബീഫ് സ്റ്റ്യൂവും പോട്ടിയും കിട്ടുന്ന ഈ കടയിലെ തിരക്കു കണ്ടാല്‍ ആരായാലും അന്ധാളിക്കും. കടയുടെ നടത്തിപ്പുക്കാരനായ ജോർജ് ചേട്ടൻ തന്നെയാണ് പുട്ടുകടയിലെ പ്രധാന ഷെഫും.

പുട്ടും ബീഫും സ്റ്റ്യൂവും പോട്ടിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രത്യേക സൈന്‍ ബോര്‍ഡോ അല്ലെങ്കില്‍ പുട്ടുകട എന്ന് എഴുതി വച്ചൊരു ബോര്‍ഡോ ഈ ചെറിയ ഹോട്ടലിനു ഇല്ല എന്നുള്ളതാണ് കൗതുകം. വിഭവങ്ങളുടെ രുചിയറിഞ്ഞ ഭക്ഷണപ്രിയർ പുട്ടുകടയ്ക്ക് പേരിട്ടു ' ജോർജേജട്ടന്റ കട'  ജോർജേജട്ടന്റ കൈപുണ്യത്തിൽ തയാറാക്കുന്ന ഉരുളന്‍കിഴങ്ങും തേങ്ങാപാലും മസാലകളും ചേർത്ത ബീഫ് സ്റ്റ്യൂവാണ് താരം. ഒപ്പം തേങ്ങാ വറുത്തരച്ച് അതിൽ കുരുമുളകും കറുകപട്ടയും മസാലകൂട്ടുകളും ചേർത്ത് അരച്ചെടുത്ത കൂട്ടിൽ വെന്തു വേവുന്ന പോട്ടിയും വായിൽ കപ്പലോടുന്ന രുചിയെന്നു പറയാതെ വയ്യ.

എറണാകുളം ചിറ്റൂർ റോഡിൽ വടുതല കെ.ആർ ബേക്കറിക്ക് എതിർവശമാണ് ' ജോർജേജട്ടന്റ കട' കാഴ്ചയിൽ വലുപ്പം കുറവാണെങ്കിലും പുട്ടും ബീഫും സ്റ്റ്യൂവും പോട്ടിയും രുചിച്ചറിയാൻ സ്വദേശീയരടക്കം മറ്റു പലരും സ്ഥിരം സന്ദർശകരാണ്. ജോർജേജട്ടന്റ വീടിനോട് ചേർന്നിരിക്കുന്ന പുട്ടുകടയിൽ ജോർജേജട്ടനു സഹായിയായി ഭാര്യ ലിസി എപ്പോഴും കൂടെയുണ്ട്. 1989 ൽ ആരംഭിച്ച പുട്ടുകടയ്ക്ക് ഏകദേശം 27 വർഷത്തെ പഴക്കവും പാരമ്പര്യമുണ്ട്.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയെന്തെന്നാൽ കട തുടങ്ങിയ നാൾ എന്താണോ വിളമ്പിയിരുന്നത് അതേ വിഭവങ്ങൾ രുചിയിലും കൈപുണ്യത്തിലും കോട്ടം വരുത്താതെ ഇന്നും ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. വൈകുന്നേരം  അഞ്ചു മണിമുതൽ രാത്രി എട്ടര വരെയാണ് കടയുടെ പ്രവർത്തനം. വിഭവങ്ങൾ എപ്പോ തീരുന്നോ അപ്പോൾ കടയുടെ ഷട്ടറും താഴും. വീണ്ടും വിഭവങ്ങൾ പാകപ്പെടുത്തുന്ന രീതിയില്ല. പാഴ്സലിനും നല്ല ചിലവാണെന്നു ജോർജേജട്ടൻ പറയുന്നു. പുട്ടും പോട്ടിക്കും  എഴുപതു രൂപയും പുട്ടും ബീഫും സ്റ്റ്യൂവിന് എൺപതു രൂപയുമാണ് ഇൗടാക്കുന്നത്. കൂടാതെ പാഴ്സൽ വാങ്ങുമ്പോൾ പത്തുരൂപ കൂടും ഒപ്പം വിഭവങ്ങളു‍ടെ അളവും കൂടുമെന്നു കടയുടമ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com