ADVERTISEMENT

ചിത്രങ്ങള്‍: സജീഷ് ആളുപറമ്പിൽ

ദുരിതമകറ്റുന്ന കർക്കടകത്തെയ്യങ്ങൾ

പച്ച വിരിപ്പിട്ട് ഇരിക്കുന്ന നെൽപ്പാടങ്ങൾ, അതിനിടയിലൂടെ പാടവരമ്പിലൂടെ ചെമ്പട്ട് ഉടയാടകൾ അണിഞ്ഞ് നിഷ്കളങ്കത്വം പേറുന്ന കുരുന്നു മുഖവുമായി ആടിയും വേടനും ഉത്തര മലബാറിലെ കാർഷിക ഗ്രാമ വഴികളിൽ നടക്കാൻ ഇറങ്ങുകയാണ്. കാലമെത്രകഴിഞ്ഞാലും അന്യം നിന്നുപോകാതെ ചില ഗ്രാമങ്ങളിൽ എങ്കിലും ഇന്നും മുടങ്ങാതെ രോഗപീഡകളും കള്ള കർക്കടകത്തിലെ മഹാമാരിയും ദൂരീകരിക്കാൻ ആടിയും വേടനും പ്രത്യക്ഷമാകുന്നു.

കർക്കടകത്തെയ്യങ്ങൾ

ആടിവേടൻമാരെ കൂടാതെ കോതാമൂരി ,ഉച്ചാർ പൊട്ടൻ, മാരിത്തെയ്യങ്ങൾ തുടങ്ങിയ രൂപങ്ങളും കർക്കടകത്തിലെ വറുതി അകറ്റാൻ എഴുന്നള്ളും. എന്നാലും ഇന്ന് കൂടുതലായി ആടിയും വേടനും ആണ് ഉത്തര മലബാറിലെ ഗ്രാമങ്ങളിൽ കെട്ടിയാടുന്നത്. പലപ്പോഴും ആടിവേടൻ എന്ന് ഒന്നിച്ചു പറയാറുണ്ടെങ്കിലും ആടിയും വേടനും വ്യത്യസ്തരാണ്.

theyyam2-gif

ആടി എന്നു പറയുന്നത് പാർവതീ ദേവിയും വേടൻ എന്നു പറയുന്നത് പരമശിവനും ആണ്. ഇതിനു പിന്നിലെ ഐതിഹ്യം ഉടലെടുക്കുന്നത് മഹാഭാരതവുമായി ബന്ധപ്പെട്ടാണ്. വനപർവ്വത്തിൽ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ച ഒരു കഥയുടെ അടിസ്ഥാനമാണ് ആടിവേടൻ കഥയുടെ സൂചിക. 

theyyam1-gif

വനവാസകാലത്ത് ശക്തമായ തപസ്സ് അനുഷ്ഠിക്കുക ആയിരുന്നു അർജുനൻ. അർജുനന്റെ തപസിനെ പരീക്ഷിക്കുവാൻ വേണ്ടി ശ്രീപരമേശ്വരനും പാർവതി ദേവിയും വേടനും വേടത്തിയുമായി ഭൂതഗണങ്ങളോടൊത്ത് വേഷം മാറി കാട്ടിലെത്തി.ഈ സമയത്താണ് മൂകൻ എന്ന അസുരൻ കാട്ടുപന്നിയുടെ രൂപം ധരിച്ച് അർജുനനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. അതേ സമയം അവിടെയെത്തിയ പരമശിവനും അർജ്ജുനനും ഒരേ സമയം അമ്പെയ്തതോടെ ബാണമേറ്റ കാട്ടുപന്നി വീഴുന്നു.

theyyam4-gif

കാട്ടുപന്നിയുടെ രൂപം ധരിച്ച മൂകൻ മരിച്ച് അസുരരൂപത്തിലാവുന്നു. ഇതേ തുടർന്ന് അർജുനനും ശിവനും അവകാശ തർക്കമാവുകയും പോരടിക്കുകയും ചെയ്യുന്നു.. എന്നാൽ എത്ര ശ്രമിച്ചിട്ടും വില്ലാളിവീരനായ അർജുനന് വേടനെ തോൽപ്പിക്കാൻ ആവുന്നില്ല. അവസാനം അർജുനൻ അവിടെയുണ്ടായിരുന്ന ശിവലിംഗത്തിൽ പുഷ്പാർച്ചന നടത്തി പ്രാർഥിക്കാൻ തുടങ്ങി. അദ്ഭുതമെന്നു പറയട്ടേ അർപ്പിക്കുന്ന പുഷ്പങ്ങൾ മുഴുവൻ വേടന്റെ കാൽക്കൽ വന്ന് വീണുകൊണ്ടിരുന്നു. ഇത് കണ്ട് സ്തംബിച്ച അർജുനന് തന്റെ മുന്നിൽ വന്നു നിൽക്കുന്നത് സാക്ഷാൽ പരമേശ്വരൻ ആണെന്ന് മനസ്സിലാവുകയും അദ്ദേഹത്തോട് ക്ഷമയാചിച്ച് സ്തുതിക്കുകയും ചെയ്യുന്നു. അർജുനനിൽ പ്രസീതനായ ഭഗവാൻ പാശുപാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുന്നു... ഇങ്ങനെ അവതരിച്ച ശിവനും പാർവ്വതിയുമാണ് ആടിയും വേടനുമായി ദുരിതമകറ്റാൻ എഴുന്നള്ളുന്നത്..

theyyam5-gif

രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ് കോലം ധരിക്കുന്നത്. ആടിയായി വണ്ണാൻ സമുദായത്തിലെ കൊച്ചു കുട്ടികളും വേടനായി മലയ സമുദായത്തിലെ കൊച്ചു കുട്ടികളും. ഇതിൽ മലയ സമുദായത്തിലെ വേടൻ കർക്കടകം ഏഴു മുതൽ ഗ്രാമത്തിലെ വീടുകളിൽ സന്ദർശനം നടത്തി പീഢകൾ ഒഴിവാക്കുമ്പോൾ വണ്ണാൻ സമുദായത്തിന്റെ ആടി കർക്കടകം പതിനേഴ് മുതൽ മാത്രമാണ് നാട്ടുവഴികളിൽ സജീവമാകുന്നത്... ഓരോ ദേശത്തിന്റെയും അധികാരം ചാർത്തി കിട്ടിയിട്ടുള്ള ജന്മാരിമാരാണ് കോലം ധരിക്കുന്നവരെ നിശ്ചയിക്കുന്നത്.

കോലം ധരിക്കാൻ പുതുതലമുറയിലെ കുട്ടികൾ പലരും രംഗത്തിറങ്ങാൻ മടിക്കുന്നതിനാൽ പല ഗ്രാമങ്ങളിലെ ഒറ്റയടിപാഥകളിലും വേടന്റെ കാൽപാടുകൾ മാഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു...

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com