ADVERTISEMENT

സിനിമകളിലൂടെ ഈ സ്ഥലം പ്രശസ്തമാണ് അഞ്ചുരുളി. ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ്, അമൽ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലൂടെയുമാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമാ‌യും ദ‍ൃശ്യവത്കരിച്ചത്. അതോടെ അഞ്ചുരുളിയുടെ മനോഹാരിതയിലേക്ക് സഞ്ചാരികളുടെ തിരക്കും കൂടി.

Idukki---nAnchuruli

 

Idukki-Anchuruli

കട്ടപ്പന ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. തടാകത്തിനു നടുവിൽ ഉരുളികമഴ്ത്തിയ പോലെ അഞ്ച് കുന്നുകളുണ്ട്. വർഷകാലം കടുക്കുമ്പോൾ ഇവയിൽ പല കുന്നുകളും വെള്ളത്തിനടിയിലാകും. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അഞ്ചുരുളി ഇടുക്കിഡാമിന്റെ പിന്നാമ്പുറത്തായാണ് നിലകൊള്ളുന്നത്. മനുഷ്യർ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിലേക്ക് വെള്ളം എത്തിക്കാനായി മലതുരന്നുണ്ടാക്കിയതാണ് ഇൗ തുരങ്കം. മഴക്കാലത്ത് ഇടുക്കി റിസർവോയർ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണൽ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്.

 

 

കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയുള്ള അഞ്ചു മലകൾക്കു നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ഈ ക്യാച്ച് ഡാം. ഇരട്ടയാർ റിസർവോയറിന്റെ ടണൽ തുറക്കുമ്പോൾ ക്യാച്ച് ‍ഡാം നിറയും. പച്ച പുല്ലുമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകളാണ്. ഫിഷിങ്ങും ടണലില്‍ കൂടിയുള്ള സഞ്ചാരവമാണ് മറ്റൊരു ആകര്‍ഷണം. പച്ചപ്പിന്റെ നിറ സൗന്ദര്യവും മൂടൽമഞ്ഞിന്റെ തണുപ്പും കൂടിചേർന്ന് സഞ്ചാരികളെ കൊതിപ്പിക്കുന്നയിടം. സിനിമകളിലൂടെ അഞ്ചുരുളിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർ തീർച്ചയായും പോകാൻ കൊതിക്കുന്ന സ്വർഗ്ഗമാണിവിടം.

 

സഞ്ചാരികൾക്കായി മറ്റൊരു കാഴ്ചയും അഞ്ചുരുളി സമ്മാനിക്കുന്നുണ്ട്. വർണചാതുര്യത്തിൽ പാറി പറക്കുന്ന ചിത്രശലഭങ്ങളുടെ കാഴ്ച. ശലഭ സർവേയിൽ ദേശാടന ശലഭങ്ങളുൾപ്പടെ ഇരുന്നുറ്റിഎഴുപതിൽ പരം ശലഭങ്ങളെ കണ്ടെത്തിയ ജൈവഭൂമികൂടിയാണ്. ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേക്ക് മാടിവിളിയ്ക്കുന്നത്. യാത്രപോകുമ്പോൾ മൂന്നാറും ഇടുക്കിയും തെരഞ്ഞെടുക്കുമ്പോൾ ദൃശ്യവിസ്മയമായ അഞ്ചുരുളിയിലെ കാഴ്ചയും മറക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com