ADVERTISEMENT

ചൂളംവിളിച്ചെത്തുന്ന കാറ്റിനോടു കൊതിതീരെ കിന്നാരം പറയാം...മലമുകളിലെ സൂര്യോദയവും സൂര്യാസ്തമയവും കാണാം. കോടമഞ്ഞ് പുകമറ തീർക്കുന്ന പ്രകൃതിയുടെ കാഴ്ചപ്പൂരം ആവോളം ആസ്വദിച്ചു മെല്ലെ മലയിറങ്ങാം...

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലാണു കാറ്റാടിക്കടവ്. അധികം പേർക്കുമറിയാത്ത അതിമനോഹര വിനോദസഞ്ചാരകേന്ദ്രം. തൊടുപുഴയിൽനിന്നു 30 കിലോമീറ്റർ. വണ്ണപ്പുറം കള്ളിപ്പാറ ജംക്‌ഷനിൽ നിന്ന്  2 കിലോമീറ്റർ നടന്നാൽ കാറ്റാടിക്കടവിലെത്താം. അടുത്തകാലം വരെ മലമുകളിൽ വരെ വണ്ടിയെത്തുന്ന വഴിയുണ്ടായിരുന്നു. കഴിഞ്ഞവർഷം പ്രളയത്തിൽ റോഡ് തകർന്നു; വാഹനയാത്ര നിലച്ചു. 

പക്ഷേ, നടക്കുന്നതിൽ നിരാശ വേണ്ട. രണ്ടു മലകളാണു കാറ്റാടിക്കടവിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്– കാറ്റാടിക്കടവും, മരതകമലയും. ആദ്യമെത്തുന്നത് കാറ്റാടിക്കടവിൽ. ചരിച്ചു വെട്ടിയെടുത്ത പാറത്തുണ്ടു പോലെയാണു കാറ്റാടിക്കടവിന്റെ ശരീരഭാഷ.  മുനിയറയും അതിനുള്ളിലെ പുരാതന ലിപികളുമാണ് ഇവിടുത്തെ പ്രധാന കാഴ്ചവിസ്മയങ്ങൾ. വൻകൊക്ക സന്ദർശകരുടെ സുരക്ഷാർഥം വേലികെട്ടിത്തിരിച്ചിട്ടുണ്ട്. ഇവിടെനിന്ന് 800 മീറ്റർ നടന്നാൽ മരതകമലയിലെത്താം. മലയുടെ മുനമ്പിൽനിന്ന് ചുറ്റുംനോക്കിയാൽ പ്രകൃതിയുടെ ചിത്രശാല തെളിയും. എറണാകുളം ജില്ലയിലെ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ ഒരുഭാഗം, ഒരുവശത്ത്. ഇലവീഴാപ്പൂഞ്ചിറ, തൊമ്മൻകുത്ത് പ്രദേശങ്ങളുടെ ഹരിതഭംഗി മറുവശത്ത്. അകമ്പടിയായി സദാനേരവും കാറ്റു വീശുന്ന ഇവിടെ വിവിധയിനം ചിത്രശലഭങ്ങളുമുണ്ട്.

സമുദ്രനിരപ്പിൽനിന്നു 2864 അടി ഉയരമാണ് ഈ മലകൾക്കുള്ളത്.  വണ്ണപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ നിയന്ത്രണത്തിലാണു കാറ്റാടിക്കടവ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. ട്രെക്കിങ്ങിൽ കമ്പമുള്ളവർക്കു പറ്റിയ ഇടമാണ് കാറ്റാടിക്കടവ്.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

കാറ്റാടിക്കടവിൽ പ്ലാസ്റ്റിക്  പൂർണമായി നിരോധിച്ചിട്ടുണ്ട്. കള്ളിപ്പാറ ജംക്‌ഷനിലെ കടകളിൽ ലഘുഭക്ഷണം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com