കായൽ തീരത്തുണ്ട് കിടിലൻ ഷാപ്പ് , രാജപുരം

shapp%201
SHARE

ചൂടോടെ  പുഴുങ്ങിയ  ചേമ്പും കാച്ചിലും  കപ്പയും കൂട്ടായിയെത്തുന്ന മുളകരച്ച മീൻകറിയും ഹോ ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. കാന്താരിയും ഇഞ്ചിയും ചതച്ചുചേർത്ത് മുളംകുറ്റിയിൽ നിറക്കുന്ന കള്ളുകൂടി ആയാലോ? വിഭവങ്ങളുടെ രുചിയറിയാൻ നാവിന്റെ മുകുളങ്ങൾ പോരാതെ വരും.  മുളംകള്ളും മുന്തിരി കള്ളും മധുര കള്ളും ഇവയ്ക്ക് കൂട്ടായി എത്തുന്ന കരിമീൻ വാട്ടി വറ്റിച്ചതും. കക്കയിറച്ചി റോസ്റ്റും. കള്ളു ഷാപ്പിലെ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്നത് എരിവും പുളിയും ഒരുമിക്കുന്ന മീൻക്കറിയും പള്ളത്തി മുതൽ കൊഞ്ചു വരെയുള്ള കായൽ സമ്പത്തിന്റ രുചിമേളവും ഒപ്പം നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന മധുരകള്ളുമൊക്കെയാണ്. ഫാമിലി റെസ്റ്ററന്റായി മുഖം മിനുക്കിയ കളളു ഷാപ്പുകളുടെ രുചി തേടിയെത്തുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല.

rajapuram-shapp3

പച്ചപ്പും  കാഴ്ചയും

നഗരജീവിതത്തിന്റ തിരക്കിൽ നിന്നും മാറി ഗ്രാമത്തിന്റ പച്ചപ്പും സൗന്ദര്യവും ആവോളം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കാവാലം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിന്റ മനോഹാരിത പതിന്മടങ്ങാകുന്നു. മണ്ണിന്റ മണമുള്ള കാവാലത്തെ ആകർഷണം ഗ്രാമഭംഗി തുളുമ്പുന്ന വർണ്ണ കാഴ്ചകളാണ്. ആറ്റിലൂടെ നീന്തിത്തുടിക്കുന്ന താറാകൂട്ടങ്ങളും ഒാളം തല്ലി തുഴഞ്ഞുവരുന്ന ചെറുവഞ്ചികളും പാടശേഖരത്തിന്റ നടുക്ക് കൊക്കിയൊരുമ്മിരിക്കുന്ന കൊറ്റികളുമൊക്കെ കാഴ്ചയ്ക്ക് പകിട്ടേകുന്ന തനി നാട്ടിൻപുറം. കാവാലത്ത് എത്തിയാൽ കാഴ്ചകൾകൊണ്ടും രുചികരമായ വിഭവങ്ങൾ കൊണ്ടും  മനസ്സും വയറും നിറയ്ക്കാം.

rajapuram-shapp8

കാവാലം രാജപുരം കായൽ ഷാപ്പിലെത്തിയാൽ, തനിനാടൻ രുചി ചേമ്പു പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതും കൂട്ടായി കാന്താരി പൊട്ടിച്ചതും മുളകരച്ച മീൻകറിയും ഒാര്‍‍ഡർ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം  ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്.

rajapuram-shapp12

പമ്പയാറിന്റ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്. പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള വഞ്ചി സവാരിയും കണ്ണുകളില്‍ നിറയുന്ന കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും.

rajapuram-shapp5

ഇരുപതു കൊല്ലത്തെ പാരമ്പര്യം ഉറങ്ങുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി. നാടന്‍ രുചികൂട്ടും പാചകപുരയിലെ രമേശൻ ചേട്ടന്റ കൈപുണ്യവുമാണ് ഷാപ്പിന്റ വിജയരഹസ്യം. വിഭവങ്ങളുടെ പാചകവും ചുമതലയും രമേശൻ ചേട്ടനാണ് കൂട്ടിന് സഹായിയുമുണ്ട്. കലർപ്പില്ലാത്ത തനിനാടൻ രുചിയിൽ തന്നെ വിഭവങ്ങൾ ഒരുക്കണമെന്നത് രമേശൻ ചേട്ടന് നിർബന്ധമാണ്. ഗുണമേന്മയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തായാറാല്ലയെന്ന് ഷാപ്പുടമ ജയപ്രകാശ് പറയുന്നു.

rajapuram-shapp7

ഷാപ്പ് വിഭവങ്ങൾ

ചേമ്പ് പുഴുങ്ങിയത്, കാച്ചിൽ പുഴുങ്ങിയത്, കപ്പ വേവിച്ചത്, ചപ്പാത്തി, അപ്പം, താറാവ് റോസ്റ്റ്, മുയലിറച്ചി, ബീഫ് റോസ്റ്റും ഫ്രൈയും, കക്കായിറച്ചി, പന്നിയിറച്ചി, മഞ്ഞക്കൂരി കറി, വാള കറി, മീൻതല, ചെമ്മീൻ റോസ്റ്റും ഫ്രൈയും, കൊഞ്ച് റോസ്റ്റും ഫ്രൈയും, കരിമീൻ  ഫ്രൈയും പൊള്ളിച്ചതും, വരാൽ  ഫ്രൈയും പൊള്ളിച്ചതും, പള്ളത്തി ഫ്രൈ കൊഴുവ  ഫ്രൈ, മുരശ് ഫ്രൈ, നങ്ക് ഫ്രൈ, കാരീ ഫ്രൈ, ഞണ്ട് കറി, മുരശ് പീര, കരിമീൻ വാട്ടി വറ്റിച്ചത്, കല്ലുമേക്കായ എന്നിവ രാജപുരം കായൽ ഷാപ്പിലെ സ്പെഷൽ വിഭവങ്ങളാണ്. മീൻകറിയോ താറാവ് റോസ്റ്റോ കരിമീൻ വാട്ടി വറ്റിച്ചതോ കൂട്ടികുഴച്ച് കപ്പയോ ചേമ്പോ ചേർത്ത് രുചികരമായി ഭക്ഷിക്കാം.

rajapuram-shapp9

ഷാപ്പിലെ ഒാരോ വിഭവങ്ങൾക്കും ന്യായവിലയാണ് ഇൗടാക്കുന്നതെന്ന് ഷാപ്പുടമ പറയുന്നു. ചില വിഭവങ്ങൾക്ക് വലുപ്പവും തൂക്കവും കണക്കാക്കിയാണ് വിലയിടുന്നത്. രുചിയും ഗുണവും ഒരുമിക്കുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ സ്വാദറിയാം ഒപ്പം കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും ആസ്വദിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA