sections
MORE

ശ്രീ പത്മനാഭസ്വാമിയുടെ മൂലസ്ഥാനം

kasargod-anandpadmanabha-temple
SHARE

അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആദി മൂല സ്ഥാനമാണെന്നാണ് ഐതിഹ്യം. കടുത്ത വേനലിലും വെള്ളം വറ്റാത്ത തടാകത്തിന്റെ നടുവിലാണ് ക്ഷേത്രം. പൂജ കഴിഞ്ഞു പൂജാരി നിവേദ്യ ചോറുമായി വിളിച്ചാൽ തടാകത്തിൽ നിന്നു ഊളിയിട്ടു വരുന്ന മുതല ബബിയ ഭക്തർക്കു ഇപ്പോഴും അപൂർവ കാഴ്ചയാണ്. അഗസ്ത്യമുനി നിർമിച്ചു പ്രതിഷ്ഠിച്ച കടുശർക്കര യോഗത്തിലുള്ള ദേവനു വില്വമംഗല സ്വാമി ആരാധന നടത്തിയതായാണ് പറയപ്പെടുന്നത്. 

അദ്ദേഹം ആരാധന നടത്തുന്നതിനിടെ പൂജയ്ക്കു സഹായിക്കാനെന്ന പോലെ വന്ന ഒരു കുട്ടി നിരന്തരം കുസൃതികൾ കാട്ടി ശല്യപ്പെടുത്തിയതായും  ഒരു ദിവസം ശല്യം സഹിക്കാതെ  തള്ളിയപ്പോൾ സമീപത്തെ ഗുഹ വഴി അപ്രത്യക്ഷമാകുകയും ഇനി എന്നേത്തേടി അനന്തൻ കാട്ടിലേക്കു വരൂ എന്ന അശരീരിയുണ്ടായിയെന്നുമാണ് പുരാണ കഥ. ഇവിടെയുള്ള ഗുഹയിൽ നിന്നു 5 കി.മീറ്റർ അകലെ നാങ്കി കടപ്പുറത്തേക്കുള്ള വഴിയിൽ ഒരു ഗുഹാദ്വാരമുള്ളതായി പറയപ്പെടുന്നു.  പുരാതന വാസ്തുവിദ്യയുടെ സമോഹനമായ കാഴ്ചകൾ ഈ ക്ഷേത്രത്തിന്റെ നിർമാണത്തിൽ കാണുവാൻ കഴിയുന്നതാണ്.

തടാകത്തിനു നടുവിൽ നിർമിച്ച ക്ഷേത്രമായതു കൊണ്ട് തന്നെ കടുത്ത മഴയിൽ ജലനിരപ്പുയരുമോ എന്ന സംശയം സ്വാഭാവികമായും ഉണർന്നേക്കാം. പക്ഷേ, ആ കാര്യത്തിലും ഈ ക്ഷേത്രം ഒരു അത്ഭുതമാണ്. എത്ര കടുത്ത മഴയിലും ഈ ക്ഷേത്രത്തിലെ ജലനിരപ്പ്  ഉയരാറില്ല. തടാകത്തിന്റെ വലതുവശത്ത് ഒരു ഗുഹയുടെ പ്രവേശന കവാടം ഉണ്ടെന്നും ആ ഗുഹ തിരുവനന്തപുരം വരെ നീളുന്നതാണെന്നും അതിലൂടെയാണ് അനന്തപത്മനാഭൻ തിരുവനന്തപുരത്തേക്ക് പോയതെന്നുമാണ് വിശ്വാസം.

1946ൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണത്തിൽ പ്രതിഷ്ഠയിൽ അംഗഭംഗമുണ്ടാകുകയും ഈ തീർഥ തടാകത്തിൽ അന്നുണ്ടായിരുന്ന ബബിയ എന്ന പേരുള്ള മുതലയെ വെടിവച്ചു കൊന്നതായും പറയപ്പെടുന്നു. 1972ൽ കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി ഇവിടം സന്ദർശിച്ചതോടെയാണ് ക്ഷേത്രം നവീകരിക്കുന്നതിനു തുടക്കമായത്. 1976 ൽ അദ്ദേഹം എത്തിച്ച പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.  2001 ൽ ക്ഷേത്ര പുനർനിർമാണം ആരംഭിച്ചു . 

2008ൽ കടുശർക്കര യോഗത്തിൽ നിർമിതി പൂർത്തിയാക്കി ദേവന്റെ പുന:പ്രതിഷ്ഠാ ബഹ്മകലശോത്സവം നടത്തി. അനന്ത പത്മനാഭൻ, ശ്രീദേവി, ഭൂദേവി, ഹനുമാൻ, ഗരുഢൻ, നാഗകന്യക എന്നീ ആരാധനാ മൂർത്തികളെയാണ് പ്രതിഷ്ഠിച്ചത്.തടാകത്തിനു ചുറ്റം ഗണപതി, കൃഷ്ണൻ, വേദാവതി,രക്തേശ്വരി, വനശാസ്താവ്, മഹിഷമർദിനി ഉപദേവതമാരുമുണ്ട്. കുംഭം 14 നാണ് വാർഷികോത്സവം.

ദിവസവും മൂന്നു നേരവും പൂജ, ഉച്ചയ്ക്കു അന്നദാനം, എല്ലാ സംക്രമ നാളുകളിലും  ദുർഗാ നമസ്കാര പൂജ,പൗർണമി നാളിൽ ഭജന, തുലാം ഒന്നിനു നിറ പുത്തരി, കർക്കടക മാസത്തിൽ ദിവസവും വൈകിട്ടു രാമരക്ഷാ സ്ത്രോത്രാർച്ചന എന്നിവയുണ്ട്. കുമ്പളയിൽ നിന്നു 5 കി.മീറ്ററും കാസർകോട് നിന്നു 15 കി.മീറ്ററും  അകലെയാണ് ക്ഷേത്രം. എം. മഹാലിംഗേശ്വര ഭട്ട് (ചെയർ), ഉദയകുമാർ കുമ്പള, ജയപ്രകാശ് നാരായണമംഗലം, പി.ഗോപാലകൃഷ്ണ പെർണെ (ട്രസ്റ്റി), പി.ലക്ഷ്മണ ഹെബ്ബാ‍ർ (മാനേജർ), കെ.വി.ബാബുരാജൻ (എക്സി. ഓഫിസർ ), പി.എസ്. സുബ്രഹ്മണ്യ ഭട്ട് (മേൽശാന്തി ) എന്നിവരാണ് ക്ഷേത്ര നിർവഹണം നടത്തുന്നത്.

കാസർകോട്, ബേക്കലിൽ നിന്നും 25 കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA