ADVERTISEMENT

 കോഴിക്കോട്∙ ഇരുവഞ്ഞിയുടെയും ചാലിപ്പുഴയുടെയും ഓളക്കരുത്തറിയാൻ രാജ്യാന്തര കയാക്കിങ് താരങ്ങൾ കോഴിക്കോട്ടേക്ക്. മലബാർ വേൾഡ് കയാക്ക് ചാംപ്യൻഷിപ്പിന്റെ ഏഴാംപതിപ്പിനായി തുഷാരഗിരി ഒരുങ്ങുകയാണ്. 26 മുതൽ 28 വരെ നടക്കുന്ന ചാംപ്യൻഷിപ്പിലും റിവർ ഫെസ്റ്റിലുമായി നൂറിലേറെ താരങ്ങൾ പങ്കെടുക്കും. ഇതോടൊപ്പം ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ ദേശീയ ചാംപ്യൻഷിപ്പും ഇന്റർനാഷനൽ കനോയിങ് അസോസിയേഷന്റെ (ഐസിഎഫ്) അംഗീകാരവും ഇത്തവണ എത്തുന്നതോടെ രാജ്യാന്തര കായിക ഭൂപടത്തിലേക്ക് കോഴിക്കോടിന്റെ മലയോര മേഖലയ്ക്ക് ഔദ്യോഗിക പ്രവേശനമാകുന്നു. 

 

 

കേരളത്തിനു പുറമേ കർണാടക, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ടീമുകളാണു നാളെ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുക.  കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിലെ ട്രാക്കിൽ സ്പ്രിന്റ് ഇനം ‘സ്ലാലോ’മിലാണു മത്സരം. പുഴയിൽ പലയിടത്തായി സ്ഥാപിച്ച ഗേറ്റുകളിലൂടെ തുഴഞ്ഞെത്തി പോയിന്റ് നേടുന്ന ഇനമാണിത്.

 

 

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ, വനിതാ മത്സരങ്ങളുണ്ടാകും. മത്സരം നിയന്ത്രിക്കുന്ന ഐകെസിഎഫ് സംഘം ഇന്നെത്തും.  26ന് തുടങ്ങുന്ന വേൾഡ് ചാംപ്യൻഷിപ്പിനായി 10 രാജ്യങ്ങളിൽനിന്ന് താരങ്ങളെത്തുന്നുണ്ട്. സ്ലാലോം, ഡൗൺ റിവർ, ബോട്ടർ ക്രോസ്, ഇന്റർമീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണു മത്സരം. വിവിധ ഇനങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരിൽനിന്നു വ്യക്തിഗത ചാംപ്യന്മാരെ കണ്ടെത്താനുള്ള സൂപ്പർ ഫൈനൽ സമാപന ദിവസം നടക്കും.  കേരള ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ, മദ്രാസ് ഫൺ ടൂൾസ് എന്നിവ ചേർന്നാണ് മലബാർ വേൾഡ് കയാക്ക് ചാംപ്യൻഷിപ്പ് ഒരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com