sections
MORE

കായൽ ഞണ്ടിന്റെ രുചിനിറച്ച കള്ളുഷാപ്പ്

478769164
Representative Image
SHARE

നാടൻ രുചികളുടെ ഈറ്റില്ലമാണ് കള്ളുഷാപ്പുകൾ. രുചിയുടെ മേളപ്പെരുക്കങ്ങളും താളക്കൊഴുപ്പുകളും കണ്ടും രുചിച്ചുമറിയണമെങ്കിൽ ഷാപ്പുകൾ മാത്രമാണ് ഇന്ന് ശരണം. നല്ല എരിവുള്ള മീൻകറിയും മീൻ വറുത്തതും പൊള്ളിച്ചതും തുടങ്ങി പലതരം മീനുകൾ കൊണ്ട് തയറാക്കുന്ന പലരുചികളിലുള്ള വിഭവങ്ങൾ. മാംസാഹാര പ്രിയർക്കു ബീഫും പോർക്കും താറാവും തുടങ്ങി അവിടെയും പലസ്വാദുകളുടെ സമ്മേളനം. നാടൻ  വിഭവങ്ങളുടെ രുചിനിറച്ച ഒരു രുചിപ്പുരയാണ് കറ്റാനം കള്ളുഷാപ്പ്.

കായംകുളം- അടൂർ ദേശീയപാതയിൽ കറ്റാനം എന്ന സ്ഥലത്താണ് രുചിപ്പെരുമ വിളിച്ചോതുന്ന കറ്റാനം കള്ളുഷാപ്പ് സ്ഥിതി ചെയ്യുന്നത്. റോഡരികിനോട് ചേർന്ന് തന്നെയായതുകൊണ്ടു ഈ ഷാപ്പ് അന്വേഷിച്ചു അധികം അലയേണ്ടതില്ല. ഊണും കപ്പയും അപ്പവുമാണ് ഇവിടുത്തെ നായകന്മാർ. കൂടെ വിവിധ രുചികൾ വിളമ്പുന്ന നിരവധി കറികളും. കൂട്ടത്തിൽ കുടിക്കാൻ നല്ല തണുത്ത മധുര കള്ളും മുന്തിരി കള്ളും. കറ്റാനം ഷാപ്പിലെ പ്രധാന വിഭവമെന്നത് കായൽ ഞണ്ട് റോസ്റ്റും മഞ്ഞൾ പൊടിയും കുരുമുളകും ഉപ്പും ചേർത്ത് മുഴുവനെ പുഴുങ്ങിയ കൂന്തലുമാണ്.

Beaf fry
Representative Image

നല്ല വിറകടുപ്പിൽ ഉണക്ക വിറകിന്റെ ചൂടിൽ വേവുന്ന മീനിനും മാംസാഹാരങ്ങൾക്കുമൊക്കെ രുചിയേറെയാണ്. ബീഫും മീനുമൊക്കെ ചെറു തീയിൽ വെന്തുവരുമ്പോൾ ഉയർന്നു പൊങ്ങുന്ന മൂക്കുതുളക്കുന്ന വാസന അടിക്കുമ്പോഴേ ആളുകൾ ഷാപ്പിൽ സ്ഥാനം പിടിക്കും. രുചിയറിയാൻ വരുന്നവരിൽ കുടുംബങ്ങളാണ് കൂടുതൽ. ഇരുപതു വര്‍ഷങ്ങളുടെ രുചി പാരമ്പര്യമുണ്ട് ഇവിടുത്തെ അമരക്കാരന്.

ആ രുചിക്കൂട്ടിന്റെ മാഹാത്മ്യം മനസിലാക്കി കറ്റാനം ഷാപ്പിലേക്കിപ്പോൾ പലദേശങ്ങളിൽ നിന്നും രുചിപ്രേമികൾ എത്തുന്നുണ്ട്. നല്ല പെരുംജീരകത്തിന്റെയും കുരുമുളകിന്റെയും മണവും രുചിയുമുള്ള കായൽ ഞണ്ടു റോസ്റ്റാണ് കറ്റാനം ഷാപ്പിലെത്തുന്ന അതിഥികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവം. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളക് അരിഞ്ഞതും എണ്ണയിൽ മൂപ്പിച്ചതിലേക്കു സവാള ചേർത്ത് വഴറ്റിയതിനു ശേഷം മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും കുരുമുളകും പെരുംജീരക പൊടിയും ഉലുവാപ്പൊടിയും ചേർത്ത് മൂപ്പിച്ച്,  വെള്ളമൊഴിച്ചു തിളപ്പിക്കുന്നു. അതിലേക്കു പുഴുങ്ങിയ ഞണ്ട് ഇട്ടു വറ്റിച്ചെടുക്കുന്നു. കുറുക്കി വരുന്ന കറിയിലേക്കു കുറച്ചുകൂടി പെരുംജീരകപൊടിയും കുരുമുളക് പൊടിയും ചേർത്ത് കൂടെ  മേമ്പൊടിക്ക് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി പിന്നെയും ചെറുതീയിൽ അല്പസമയം കൂടി വെക്കുന്നു. കൂട്ടുകളും മസാലയും കുറവെങ്കിലും രുചിയിൽ ഏറെ മുമ്പിലാണ് ഈ ഞണ്ട് റോസ്റ്റ്.

5Spicy_Red_Fish_Curry
Representative Image

കക്കയിറച്ചി തോരനും കല്ലുമ്മക്കായ റോസ്റ്റും വറുത്തരച്ച മുരിങ്ങാക്കോലിട്ട കൊഞ്ച്  തീയലും  താറാവ് കറിയും ബീഫ് റോസ്റ്റും തേങ്ങാക്കൊത്തിട്ട ബീഫ് കറിയും മസാലനിറച്ച കൂന്തൽ പുഴുങ്ങിയതും വറുത്ത പൂമീനും കരിമീനും തുടങ്ങി പകലന്തിയോളം നിരവധി വിഭവങ്ങൾ ഈ ഷാപ്പിൽ വിളമ്പുന്നുണ്ട്. ആ വിഭവങ്ങളുടെ രുചിയാണ് ഭക്ഷണപ്രേമികളെ കുടുംബത്തോടെ കറ്റാനം ഷാപ്പിലേക്കു ആകർഷിക്കുന്നത്.  നാടൻ വിഭവങ്ങളുടെ രുചിയറിയാൻ ആഗ്രഹിക്കുന്നവരെങ്കിൽ കറ്റാനം ഷാപ്പിലേക്കുള്ള യാത്ര ഒരിക്കലും നിരാശപെടുത്തുകയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA