sections
MORE

മണിച്ചിത്രത്താഴിന്റെ നിഗൂഢതകൾ തേടി

alummoottil-meda5
SHARE

ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങരയില്‍നിന്നു മാവേലിക്കരയിലേക്കു പോകുമ്പോൾ മുട്ടം എന്ന സ്ഥലത്ത്, കാടുകയറിയെങ്കിലും പ്രൗഢിയോടെ നിൽക്കുന്ന ഒരു പഴയ തറവാട് കാണാം.  അതാണ് "ആലുമ്മൂട്ടിൽ മേട" ഈ മേടയെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത്  സുഹൃത്ത് രാഖിയിൽ പറയുമ്പോഴാണ്. ഇവിടെയാണ് വർഷങ്ങൾക്കു മുമ്പ് "ആലുമ്മൂട്ടിൽ ചാന്നാൻ" എന്ന മേടയിലെ കാരണവരും അവിടുത്തെ വേലക്കാരി പെൺകുട്ടിയും ക്രൂരമായി കൊല ചെയ്യപ്പെട്ടത്.  ഈ അരുംകൊലയുടെ കഥ കേട്ടിട്ടാണ് മധുമുട്ടം എന്ന എഴുത്തുകാരൻ മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലറായ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു തൂലിക ചലിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം കേട്ടതു മുതൽ ആലുമ്മൂട്ടിൽ മേട നേരിൽ കാണുവാനും അതിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതലറിയുവാനും ആകാംക്ഷ തോന്നി. അതിനായി സുഹൃത്ത് മണികണ്ഠനൊപ്പം കൂടി ആറ്റിങ്ങലിൽനിന്നു മുട്ടത്തേക്കു യാത്ര തിരിച്ചു.

alummoottil-meda

പുരാതനകാലത്ത് എപ്പോഴോ നടന്ന ദുരൂഹമായ ആ കൊലപാതകങ്ങളുടെ കേട്ടറിഞ്ഞ കഥകൾ ഇപ്രകാരമായിരുന്നു.

അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചാന്നാൻ സ്ഥാനം നൽകി ആദരിച്ച ഈഴവജന്മിത്തറവാടായിരുന്നു ആലുമ്മൂട്ടിൽ മേട. മരുമക്കത്തായ സമ്പ്രദായമായിരുന്നു അവിടെ. തിരുവിതാംകൂറിൽ അക്കാലത്ത് മഹാരാജാവിനുൾപ്പെടെ മൂന്നോ നാലോ പേർക്കു മാത്രമേ കാർ ഉണ്ടായിരുന്നുള്ളൂ. അതിലൊരാളായിരുന്നു ഇവിടുത്തെ കാരണവർ. നൂറുകണക്കിനു ജോലിക്കാർ ഈ തറവാട്ടിലുണ്ടായിരുന്നു. അന്ന് ഈ തറവാട്ടിലെത്തുന്ന എല്ലാവർക്കും ഏതു സമയത്തും ഭക്ഷണം നൽകിയിരുന്നു. മേടയിൽ പുരുഷന്മാരും എട്ടുകെട്ടിൽ സ്ത്രീകളുമായിരുന്നു താമസിച്ചിരുന്നത്.  ജോലിക്കാർക്ക് താമസിക്കാനായി പ്രത്യേകം  സൗകര്യമൊരുക്കിയിരുന്നു.  അങ്ങനെയിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം ഈ തറവാട്ടിൽ സംഭവിക്കുന്നത്. 

മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് മരുമക്കൾക്കു ലഭിക്കേണ്ട സ്വത്തുക്കൾ കാരണവർ മക്കൾക്ക് എഴുതി നൽകി എന്നൊരു വാർത്ത പരന്നു. ഇതറിഞ്ഞ മരുമക്കൾ അതിനെതിരെ ഗൂഢാലോചന നടത്തുകയും സംഘം ചേർന്ന് മേടയിലെത്തി ചാന്നാനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. മേടയുടെ താക്കോൽക്കൂട്ടം കാരണവരിൽനിന്ന് കൈവശപ്പെടുത്തി നിലവറ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന പണ്ടവും പണവുമെല്ലാം കൈക്കലാക്കി. ഈ സമയത്താണ് ഇതൊന്നുമറിയാതെ വേലക്കാരി പെൺകുട്ടി മേടയിലേക്കു കടന്നുവന്നത്. ഈ കൊലപാതകത്തിന് യാദൃച്ഛികമായി ദൃക്സാക്ഷിയാകേണ്ടിവന്ന അവളെയും തെളിവുകളില്ലാതാക്കാനായി ആ മേടയിലിട്ടുതന്നെ ക്രൂരമായി വെട്ടിക്കൊന്നു.

alummoottil-meda1

പ്രതാപത്തിൽ തിളങ്ങി നിന്ന ആലുമ്മൂട്ടിൽ മേട ഈ കൊലപാതകങ്ങൾക്കു ശേഷം ക്രമേണ ഭയപ്പെടുത്തുന്ന പ്രേതഭവനമായി. പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ അനന്തരവനെ തൂക്കിക്കൊല്ലുകയും ചെയ്തു. തുടർന്ന് തറവാട്ടിൽ സ്ഥിരമായി ദുർനിമിത്തങ്ങൾ ഉണ്ടായി. പിന്നീടവിടെ ആരും താമസിക്കാതായി. ഇതാണ് ആലുമ്മൂട്ടിൽ മേടയെ ചുറ്റിപ്പറ്റിയുള്ള ചരിത്രം. ദുരൂഹത തുളുമ്പുന്ന ആ അന്തരീക്ഷം ഉണർത്തി വിട്ട സങ്കൽപങ്ങളാണ് മധുമുട്ടത്തിന് മണിച്ചിത്രത്താഴ് എന്ന മനോഹരമായ തിരക്കഥ എഴുതാൻ പ്രേരണയായത്.

ഞങ്ങൾ ഉച്ചയോടെ ആലുമ്മൂട്ടിൽ മേടയ്ക്കു സമീപമെത്തി. നിഗൂഢതകൾ നിറഞ്ഞ്, പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ് ഞങ്ങൾക്കു തൊട്ടു മുന്നിലായി ആ പഴയ മേട. തുറന്നു കിടന്ന ഗേറ്റിനുള്ളിലൂടെ ഞങ്ങൾ മേടയിലേക്കു കയറി. കാടും കരിയിലയും നിറഞ്ഞ വിശാലമായ മുറ്റം. ഇടതൂർന്നു വളർന്നു നിൽക്കുന്ന രണ്ട് കൂറ്റൻ മാവുകൾക്കിടയിൽ പഴയ തലയെടുപ്പോടെ നിൽക്കുകയാണ് ഇന്നും ഈ തറവാട്.

തറവാടിന്റെ രണ്ടു വശങ്ങളിലായി കേരളത്തിന്റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും ധാന്യപ്പുരയും. എട്ടുകെട്ടിന്റെ വരാന്തയിലേക്കു കയറിയാൽ കേരളീയ തച്ചുശാസ്ത്രത്തിന്റെ കരവിരുത് പ്രകടമാണ്. ചുവരിൽ ഒരു സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. ആരാണീ സ്ത്രീയെന്നറിയില്ലെങ്കിലും കാലപ്പഴക്കം കൊണ്ടു മങ്ങലേറ്റ ആ ഫോട്ടോയിലേക്കു കുറേനേരം ഞങ്ങൾ നോക്കിനിന്നു. അതിനു സമീപത്ത് അടഞ്ഞു കിടക്കുന്ന പഴയ പൂജാമുറി.

alummoottil-meda2

കാലം വിള്ളൽ വീഴ്ത്തിയ ജനാലപ്പഴുതിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഉള്ളിലെ വരാന്തയിൽ വിലപിടിപ്പുള്ള പഴക്കം ചെന്ന ചില ഗൃഹോപകരണങ്ങൾ. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും. അതിന്റെ വശങ്ങളിലായി നിലവറയിലേക്കുള്ള രഹസ്യവഴിയും കാണാം.  വഴി അടച്ചിരിക്കുകയാണ്. കൊലചെയ്യപ്പെട്ട കാരണവരുടെ കാൽപ്പെരുമാറ്റം അകത്തെവിടെയോ കേൾക്കുന്നതായൊരു തോന്നൽ.  പെട്ടെന്നാണ് മറ്റൊരു കാഴ്ച കണ്ടത്. ഒരു സത്രീ.  അവർ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്. ആളനക്കമില്ലാത്ത ദുരൂഹത നിറഞ്ഞ മേടയിൽ പെട്ടെന്നൊരു സ്ത്രീരൂപത്തെ കണ്ടപ്പോൾ തെല്ലൊന്നു ഭയപ്പെട്ടു. മേടയെ ചുറ്റിപ്പറ്റി കേട്ട കഥകളൊക്കെ അത്തരത്തിലുള്ളതായിരുന്നല്ലോ.

ഞാൻ ആദ്യം നോക്കിയത് ആ സ്ത്രീയുടെ പാദം നിലത്തു മുട്ടുന്നുണ്ടോ എന്നായിരുന്നു. ഓഹ്..ഭാഗ്യം.. പാദവും പാദരക്ഷയുമെല്ലാം നിലത്തു തന്നെയുണ്ട്.  ആരാണ് എന്ന അവരുടെ ചോദ്യത്തിനുത്തരമായി തിരുവനന്തപുരത്തുനിന്ന് ഈ മേട കാണുവാനായി വന്നതാണെന്നു പറഞ്ഞു. അപ്പോൾ അവരൊന്നു ചിരിച്ചു.

നിങ്ങൾ ഈ മേടയിലുള്ളയാളാണോ എന്നു തിരിച്ചു ചോദിച്ചപ്പോൾ, ഈ തറവാടിന്റെ മേൽനോട്ടമായി ഇവിടെ നിൽക്കുന്നവരാണെന്നും ഞാനും ഭർത്താവും മേടയ്ക്ക് അടുത്താണ് താമസിക്കുന്നതെന്നും പറഞ്ഞു.

ഒടുവിൽ അവരുടെ അനുവാദത്തോടെ അവിടം മുഴുവൻ ചുറ്റിക്കാണാനും മേടയുടെയുള്ളിൽ കയറുവാനും കഴിഞ്ഞു. എവിടെ നോക്കിയാലും പഴമയുടെ വിസ്മയങ്ങൾ. വ്യാളീമുഖം കൊത്തിയ തടിപ്പണികൾക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. ഒടുവിൽ ആ അപമൃത്യു നടന്ന മുറിക്കു സമീപമെത്തി. യഥാർഥ ജീവിതത്തിലെ മണിച്ചിത്രത്താഴിന്റെ നേർക്കാഴ്ച ഞങ്ങളെ അദ്ഭുതപ്പെടുത്തി. ചിലന്തിവലകളും മാറാലയും നിറഞ്ഞ മുറിക്കു സമീപം വവ്വാലുകളും നരിച്ചീറുകളും ചിറകടിച്ചു പറക്കുന്നു. മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടിയ ആ വാതിലിൽ ഞാൻ വെറുതെയൊന്നു കാതോർത്തു. അകത്തു നിന്ന് എവിടെയോ ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ? ഏയ് ഇല്ല.

alummoottil-meda3

ഞാൻ ഒന്നുകൂടി കാതോർത്തു.. "ഒരു മുറൈ വന്ത് പാറായോ....... എന്ന ഗാനം പതിയെ ചെവിയിൽ മുഴങ്ങുന്ന പോലെയൊരു തോന്നൽ..? ഏയ് ഇല്ല... അതും വെറുമൊരു തോന്നൽ മാത്രമാണ്. അല്ലെങ്കിലും ഇതുപോലുള്ള ചില വേണ്ടാത്ത ചിന്തകളാണല്ലോ ഇല്ലാത്ത പലതും കണ്ടുവെന്നും കേട്ടുവെന്നും നമ്മളെക്കൊണ്ടു വെറുതെ തോന്നിപ്പിക്കുന്നത്.  ഈ തോന്നലുകൾ എനിക്കു മുമ്പേ തോന്നിയ വേറൊരാൾ ഈ നാട്ടിലുണ്ടല്ലോ. മണിച്ചിത്രത്താഴിന്റെ സ്രഷ്ടാവായ മധു മുട്ടം. ഈ നാട്ടിൽ വന്നിട്ട് അദ്ദേഹത്തെ കാണാതെ എങ്ങനെയാ തിരിച്ചു പോകുക? അദ്ദേഹത്തിന്റെ വീട് അന്വേഷിച്ചപ്പോൾ അവിടുന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമേയുള്ളൂവെന്നറിഞ്ഞു. ഒടുവിൽ ഞങ്ങൾ അങ്ങോട്ടു പോകാൻ തീരുമാനിച്ചു. യാത്ര പറയാനായി ആ സ്ത്രീയെ നോക്കിയെങ്കിലും അവിടെങ്ങും കണ്ടില്ല. ഒടുവിൽ ഞങ്ങൾ ആലുമ്മൂട്ടിൽ മേടയോടു വിടപറഞ്ഞു.

ഒരു ആശ്രമത്തിനു സമാനമാണ് മധു മുട്ടത്തിന്റെ വീട്. വിശാലമായ നടുമുറ്റത്ത് ഒരു വയണമരം പൂത്തുലഞ്ഞു സുഗന്ധം പരത്തി നിൽക്കുന്നു. അമ്മ മരിച്ചതിനു ശേഷം അദ്ദേഹമിവിടെ തനിച്ചാണ്. സഹോദരങ്ങളില്ല, വിവാഹം കഴിക്കാത്തതിനാൽ ബന്ധങ്ങളുടെ ഭാരവുമില്ല. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ചാരുകസേരയിൽ ഏകാന്തനായി വിശ്രമിക്കുന്നു. ഞങ്ങൾ തിരുവനന്തപുരത്തു നിന്നു വന്നതാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം അകത്തേക്കു ക്ഷണിച്ചു. പരസ്പരം പരിചയപ്പെട്ടു. നുണയാൻ പനങ്കൽക്കണ്ടം തന്നു. ആഹാരമെല്ലാം അദ്ദേഹം തന്നെയാണ് പാചകം ചെയ്യുന്നത്. സിനിമയുടെ പ്രലോഭനങ്ങളിൽ നിന്നൊക്കെ എപ്പോഴും അകലം പാലിച്ചു നിൽക്കുവാനാണ് അദ്ദേഹത്തിനിഷ്ടം.

alummoottil-meda4

മധുമുട്ടം എന്ന മനുഷ്യനെ കാണുമ്പോൾ എല്ലാവർക്കും ആദ്യമറിയേണ്ടത് മണിച്ചിത്രത്താഴിനെക്കുറിച്ചു തന്നെയാവും. ഞാനും അതിനെക്കുറിച്ച് തന്നെയാണ് ആദ്യം ചോദിച്ചത്. അതിന്റെ എഴുത്തു പിറന്ന വഴിയെക്കുറിച്ച് ചോദിച്ചു. ‘ഞാനത്ര വലിയ എഴുത്തുകാരനൊന്നുമല്ല,  എന്റെ ഏകാന്തതയിലെ സന്തോഷത്തിനായി എന്തെല്ലാമോ എഴുതുന്നു. നിങ്ങൾ ചിത്രം വരയ്ക്കുന്നതു പോലെ തന്നെയാണ് ഇതും. പിന്നെ ഞാനെഴുതിയതിൽ ചിലത് സിനിമയ്ക്ക് സ്കോപ്പുണ്ടെന്നു തോന്നിയപ്പോൾ പലരും അവരുടെയുള്ളിലെ കഴിവുകൾ പ്രകടിപ്പിക്കുവാനായി ആ കഥകളുപയോഗിച്ചു. അത് സിനിമയായി പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ നിങ്ങളെപ്പോലുള്ള യുവതലമുറ പോലും ഇന്നും അതൊന്നു ചർച്ചാവിഷയമാക്കുന്നുവെന്നു മാത്രം. അത്രേയുള്ളൂ’  അദ്ദേഹത്തിന്റെ ആ എളിമ നിറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി.

"വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും.. പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ.. സാർ എഴുതിയ ഈ വരികൾ എന്തൊക്കെയോ പറയാതെ പറയുന്നുണ്ടല്ലോ. ഈ ഒറ്റയ്ക്കുള്ള ജീവിതം മടുപ്പ് തോന്നുന്നുണ്ടോ?

അദ്ദേഹം ചിരിച്ചിട്ടു പറഞ്ഞു. ‘നമ്മളെല്ലാവരും ഒറ്റയ്ക്കു തന്നെയല്ലേ. എനിക്കു കൂട്ടായി ഞാൻ പോലും എന്നോടൊപ്പമില്ല. എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ വീട്, എന്റെ വണ്ടി, എന്നൊക്കെ നമ്മൾ പറയാറില്ലേ. പക്ഷേ "എന്റെ ഞാൻ" എന്ന് എപ്പോഴെങ്കിലും പറയാറുണ്ടോ? ഇല്ലല്ലോ. അപ്പോൾ അതിനർഥം ഞാൻ എനിക്ക് സ്വന്തമല്ല എന്നല്ലേ? പിന്നെ എന്റെ മുഖം, എന്റെ ശരീരം, എന്റെ കണ്ണുകൾ, എന്നൊക്കെ നമ്മൾ വിശേഷിപ്പിച്ചാലും അതും നമ്മുടെ സ്വന്തമല്ലായെന്നതാണ് സത്യം! അതു കൊണ്ടല്ലേ ശരീരം ഉപേക്ഷിക്കുന്നതിനെ മരണം എന്നു വിളിക്കുന്നത്.’ അദ്ദേഹത്തിന്റെ ഈ മറുപടി ഞങ്ങളെ പലതും ചിന്തിപ്പിച്ചു. 

യാത്രാപ്രേമികളേ, നിങ്ങൾ തീർച്ചയായും പഴമയുടെ പ്രൗഢി പേറുന്ന ആലുമ്മൂട്ടിൽ മേട  ഒരിക്കലെങ്കിലും കണ്ടിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA