sections
MORE

നാട്ടുരുചികള്‍ വിളമ്പുന്ന 'വാസുവേട്ടന്റെ കട'

494120133
SHARE

  തേങ്ങ വറുത്തരച്ച സാമ്പാറും തേങ്ങാപാൽ ചേർത്ത  മാങ്ങാക്കറിയും കൂട്ടി നല്ല ഉഗ്രൻ  ഉൗണ് കഴിക്കാം. തനി നാടൻ രുചിയുമായി വാസുവേട്ടന്റെ കട. നാട്ടുരുചികള്‍ വിളമ്പുന്ന ഊട്ടുപുരകള്‍ നിരവധി ഉണ്ടെങ്കിലും വാസുവേട്ടന്റെ കടയിലെ വിഭവങ്ങള്‍ക്കെല്ലാം പ്രത്യേക സ്വാദാണ്. രുചി വൈഭവം കൊണ്ട് പ്രശസ്തമാണ് ചാലക്കുടി എലിഞ്ഞിപ്ര ജംഗ്ഷനിലെ വാസുവേട്ടന്റെ കട. കാലം മുന്നോട്ട് കടന്നാലും പഴമയുടെയും പാരമ്പര്യത്തിന്റയും രുചി നുണയാനാണ് മിക്കവർക്കും ഇഷ്ടം.

അതിന് ഉത്തമ ഉദാഹരണമാണ് ഈ കട. നാടൻ രൂചികൂട്ടിൽ തയാറാക്കുന്ന ഉൗണിന്റയും മറ്റു വിഭവങ്ങളുടെയും സ്വാദറിയാൻ എത്തുന്നവർക്ക് കണക്കില്ല. വാഴയിലയിൽ വിളമ്പുന്ന  ഉൗണിനും കറികൾക്കുമൊപ്പം സ്പെഷ്യൽ െഎറ്റംസും തയാറാണ്. മീൻ പൊരിച്ചത്, ചിക്കന്‍ കറി, ബീഫ് റോസ്റ്റ്, മട്ടൺ റോസ്റ്റ്, താറാവ് റോസ്റ്റ്, പൊടിമീൻ വറുത്തത്, മുളകിട്ട മീൻകറി, മീൻ പീര പന്നിയിറച്ചി വരട്ടിയത്.  അങ്ങനെ വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിര. ഭക്ഷണ പ്രിയരായ പല പ്രശസ്തരുടേയും പ്രിയപ്പെട്ട ഒരിടം കൂടിയാണിവിടം.

നാൽപത്തിയാറു വയസ്സു തികഞ്ഞ രുചിയിടം

ഹോട്ടലിന്റ പുറംമോടിയിൽ ചില്ലറ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രം ഇതുവരെ മാറ്റങ്ങളില്ലാതെ തുടരുകയാണ്, അല്ലെങ്കില്‍ അതിന് ശ്രമിച്ചിട്ടില്ല. അത് വാസുവേട്ടന്റെ കടയിലെ വിഭവങ്ങളുടെ രുചിയാണ്. രണ്ടു വർഷം മുമ്പ് വരെ ഹോട്ടലിന്റ ചുമതല വാസുവേട്ടനും  അടുക്കളയിലെ മേല്‍നോട്ടം ഭാര്യയ്ക്കുമായിരുന്നു. വാസുവേട്ടന്റെ മരണശേഷം മകൻ ശിവനും ഭാര്യയും ഹോട്ടലിന്റ ചുമതല ഏറ്റെടുത്തു. അച്ഛന്റെ സ്വപ്‌നത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള മകന്റെ തീരുമാനം ഉറച്ചതായിരുന്നു. രുചിക്കൂട്ടിനും പെരുമയ്ക്കും കോട്ടം വരുത്താതെ ഹോട്ടൽ നല്ല രീതിയിൽ നടത്തിവരുന്നു. രുചിയൊരുക്കുന്ന അടുക്കളയിൽ ഇപ്പോഴും എഴുപത്തെട്ടുകാരി അമ്മയുടെ കൈപുണ്യം തന്നെ. കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ ഭക്ഷണശാല. കൊതിയൂറും നാടന്‍ വിഭവങ്ങള്‍ മനസ്സറിഞ്ഞ് വിളമ്പുന്നതാണ്  ഈ ഹോട്ടലിന്റെ വിജയത്തിനു പിന്നില്‍.

Beaf fry

രുചിപ്പെരുമ

മലയാളിയുടെ രുചിപ്പെരുമ തൊട്ടുണര്‍ത്തുന്ന ഈ ഭക്ഷണശാലയിലെ സ്പെഷ്യൽ െഎറ്റം കായ ഇട്ടു കറി വച്ച ബീഫും പോർക്കുമാണ്. കുരുമുളകിന്റെ രുചിയില്‍ വെന്തു വേവുന്ന ബീഫിലും പോർക്കിലും കായയുടെ സ്വാദ് കൂടി ഒരുമിക്കുന്നു. ബീഫിന്റ രുചിയറിയാനായി എത്തുന്ന ഭക്ഷണപ്രിയരുമുണ്ടെന്ന് ശിവൻ പറയുന്നു. കൂർക്കാ സീസണിൽ കായ്ക്ക് പകരം ബീഫിലും പോർക്കിലും കൂർക്ക ചേർത്തും തയാറാക്കും. മീൻ പൊരിച്ചതായാലും നാടന്‍ മീന്‍കറി വിഭവങ്ങളായാലും കൈപുണ്യത്തിലും രുചിയിലും ചാലക്കുടിയിൽ പ്രസിദ്ധമാണ് വാസുവേട്ടന്റെ കട.

പഴയ ശൈലികൾക്ക് മാറ്റം വരുത്താതെ വാഴയിലയിലാണ് ഉൗണ് വിളമ്പുന്നത്. തുമ്പപൂ നിറമുള്ള ചോറും തേങ്ങ വറുത്തരച്ച സാമ്പാറും തേങ്ങാപാൽ പിഴിഞ്ഞൊഴിച്ച മാങ്ങാക്കറിയും ചമ്മന്തിയും തോരനും പപ്പടവും മോരും അടങ്ങുന്ന ഉൗണിന് അന്‍പതു രൂപയാണ്. പൊടിമീൻ വറുത്തതിന് നാൽപതു രൂപയും മറ്റു മീൻ വറുത്തതിനു അറുപതു രൂപയും ആവോലി വറുത്തതിന് നൂറ്റിഇരുപതു രൂപയും മട്ടൻ കറിക്ക് തൊണ്ണൂറും താറാവുകറിക്ക് എൺപതു രൂപയും പോർക്ക് കായിട്ടത് അറുപതു രൂപയും ബീഫ് കായിട്ടത് എഴുപതു രൂപ എന്ന നിരക്കിലുമാണ് ഇൗടാക്കുന്നത്.

ഈ കറികളും കൂട്ടി ഒരു ഉച്ചയൂണ് ആലോചിക്കുമ്പോഴേ അത് രുചിച്ചിട്ടുള്ളവരുടെ നാവില്‍ കപ്പലോടും. ഉച്ചഭക്ഷണം മാത്രം ലഭിക്കുന്ന ഇവിടെ 12 മണി മുതൽ കറികൾ തീരുന്നത് വരെയാണ് കണക്ക്. പക്ഷെ അത് മൂന്ന് മണിക്ക് അപ്പുറം പോകില്ലായെന്ന് അനുഭവസ്ഥർ പറയുന്നു. ആഹാരത്തിന്റെ ഗുണമേന്മയില്‍ ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയില്ല. തനി നാടന്‍ രുചികൂട്ടാണ് ഇവിടെ ഉപയോഗിക്കുന്നത്. ന്യായമായ വിലയും ഉന്നത ഗുണനിലവാരവുമുള്ള ഉല്‍പന്നങ്ങളും മികച്ച സേവനവും ഇതാണ് വാസുവേട്ടന്റ കടയുടെ വിജയരഹസ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA