sections
MORE

കള്ളിമാലി- ഇത് ഇടുക്കിയുടെ അറിയാമുഖങ്ങളിലൊന്ന്

kallimali1
SHARE

 ഇടുക്കി മിടുക്കിയാണെന്നല്ല മിടുമിടുക്കിയാണെന്നു പറയാൻ തോന്നും ഓരോ യാത്രയും കഴിയുമ്പോൾ. ഇത്തവണ കണ്ടത് കള്ളിമാലി വ്യൂപോയിന്റ്.  ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശമായ കാൽവരിമൗണ്ട് കണ്ടവർക്ക് കള്ളിമാലിയെ ജൂനിയർ കാൽവരിമൗണ്ട് എന്നു വിളിക്കാൻ തോന്നും.  നാം ഒരു കുന്നിന്റെ മുകളിൽ നിൽക്കുന്നു. വാഹനം നിർത്തി ഒന്നിറങ്ങി നോക്കിയാൽ ജലാശയമിങ്ങനെ കുട്ടികൾ കളം വരയ്ക്കുന്നതുപോലെ കയറിയും ഇറങ്ങിയും പരന്നു കിടപ്പുണ്ട്. ചെറുദ്വീപുകളിൽ പച്ചപ്പിന്റെ സമൃദ്ധി. മുളങ്കാടുകൾ തലയാട്ടുന്നതു  നമ്മുടെ സന്തോഷം കണ്ടതുകൊണ്ടാണോ എന്നു സംശയം തോന്നാം. മനസ്സു കുളിർപ്പിക്കുന്ന ഒരു കാഴ്ചയാണ്  പൊൻമുടി ഡാമിന്റെ ക്യാച്മെന്റ് ഏരിയ ആയ കള്ളിമാലി തരുന്നത്.   

kallimali

സിനിമാ പ്രേമിയാണെങ്കിൽ  പൊൻമുടി ഡാം നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓർഡിനറി സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രം  ഒരു ഡാമിനു മുകളിൽനിന്നു ചാടുന്നില്ലേ… ആ ഡാമാണു പൊൻമുടി. മലമുകളിലെ സുന്ദരമായ മറ്റൊരു കാഴ്ച.പൊൻമുടി ഡാം എന്ന സുന്ദരി  മുടിയഴിച്ചിട്ടാലെന്നപോലെ ജലം പരന്നുകിടക്കുന്നതു കാണാൻ സഞ്ചാരികളേറെ എത്തുന്നുണ്ട് കള്ളിമാലി വ്യൂപോയിന്റിലേക്ക്. 

പൊൻമുടി ഡാമിനുമുകളിലൂടെ വണ്ടിയോടിക്കാം. വാഹനം പാർക്ക് ചെയ്തശേഷം ഒന്നു നടന്നുവരാം. ഡാമിനു മുകളിൽനിന്നുള്ള സായാഹ്നക്കാഴ്ച അവിസ്മരണീയമാണ്.  ഡാം കണ്ടാൽപിന്നെ കള്ളിമാലിയിലേക്കു വച്ചുപിടിക്കാം. റോഡരുകിൽനിന്നാൽത്തന്നെ ജലാശയത്തിന്റെ കാഴ്ചയുണ്ട്. സാഹസികത ഇഷ്ടമാണെങ്കിൽ ഒന്നു ശ്രദ്ധിച്ച് താഴെയിറങ്ങാം. സൂക്ഷിക്കേണ്ട ഒരു കാര്യം- കാൽവരി മൗണ്ട് പോലെ കള്ളിമാലി ഒരു ടൂറിസം സ്പോട്ട്ആയി വികസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ  വ്യൂപോയിന്റിൽ കൈവരികളോ മുന്നറിയിപ്പു ബോർഡുകളോ, സഹായത്തിനായി ടൂറിസം പോലീസോ ഇല്ല. നമ്മുടെ സുരക്ഷ നാം തന്നെ നോക്കണം. 

കള്ളിമാലി വ്യൂ പോയിന്റ്  മാത്രമല്ല ഈ വഴിയിലുള്ളത്. കുത്തുങ്കൽ വെള്ളച്ചാട്ടം, വെള്ളത്തൂവലിലെ പവർഹൗസുകൾ, തട്ടുതട്ടായി പതിക്കുന്ന ശ്രീനാരായണപുരം വെള്ളച്ചാട്ടം, മരക്കാനത്തുനിന്ന് ഡാമിന്റെ മറ്റൊരു വ്യൂപോയിന്റ്  എന്നിവ കാണാം. 

kallimali2

എല്ലാറ്റിനും ഉപരിയായി ഏലക്കാടുകൾക്കിടയിലൂടെ ആസ്വദിച്ചു വണ്ടിയോടിക്കാം. 

റൂട്ട്

എറണാകുളം- മൂവാറ്റുപുഴ-വണ്ണപ്പുറം-  വെൺമണി-കല്ലാർകുട്ടി- പന്നിയാർകുട്ടി പൊൻമുടി ഡാം- 116 Km

നെടുങ്കണ്ടം-രാജാക്കാട് (കുത്തുങ്കൽ വെള്ളച്ചാട്ടം- മഴയുള്ളപ്പോൾ കാണാം)- കള്ളിമാലി  25 km

kallimali3

മൂന്നാറിനു പോകുന്ന വഴിയിൽനിന്നും കള്ളിമാലി കാണാൻ തിരിയാം.

അടിമാലി- കല്ലാർകുട്ടി-വെള്ളത്തൂവൽ (രണ്ടു പവർഹൗസ്)- പന്നിയാർകുട്ടിയിൽ നിന്നു  ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലേക്കു പോകാം- പൊൻമുടി ഡാം-  കള്ളിമാലി വ്യൂപോയിന്റ്-  26 km

ശ്രദ്ധിക്കേണ്ടത്

ചെറിയ റോഡുകളാണ്. വേഗമെടുക്കരുത്. 

ടൂറിസം അധികം വികസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാഹസികതയരുത്. യാത്രികരുടെ സുരക്ഷ സ്വയം ഉറപ്പാക്കണം.

കാടല്ലെങ്കിലും നിറഞ്ഞ പച്ചപ്പുള്ള പുണ്യമായ സ്ഥലങ്ങളാണ് ഇവിടെ. ഒരു തുണ്ടു മാലിന്യം പോലും നിങ്ങളുടെ സംഭാവനയായി അവിടെ നിക്ഷേപിച്ചു പോരരുത്. ഭക്ഷണം പൊതിഞ്ഞു കൊണ്ടുപോയി ഭംഗിയുള്ള സ്ഥലത്തുവച്ചു കഴിച്ച്  അവശിഷ്ടങ്ങൾ ഇഷ്ടമുള്ളിടത്തു നിക്ഷേപിച്ചുപോരുന്ന രീതിയുണ്ട് സംഘം ചേർന്നു യാത്ര ചെയ്യുന്നവർക്ക്.  നമ്മുടെ നാടാണിതെന്ന് ഓർത്ത് മലിനപ്പെടുത്താതിരിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA