ADVERTISEMENT

കാറ്റിന്റെ താളത്തിൽ പാട്ടുമൂളുന്ന വേമ്പനാട്ടുകായലും, കായലിനോടു പിണങ്ങി മാറിയൊഴുകുന്ന കൊച്ചു കൈത്തോടുകളും ചന്തം ചാർത്തുന്ന നാടാണ് കുട്ടനാട്. പക്ഷേ, ഈ യാത്ര കുട്ടനാടിന്റെ ഗ്രാമീണതയിലേക്കല്ല. ‘ആലപ്പുഴയുടെ ആ സ്വകാര്യ അഹങ്കാര’ത്തെ വെട്ടിയെടുത്ത് മാറ്റി ഒട്ടിച്ച പോലെ നമ്മുടെ തലസ്ഥാന നഗരിയുടെ കിഴക്കേ അറ്റത്തുമുണ്ടൊരു ഗ്രാമം, പൂവാർ. നെയ്യാറിന്റെ ഓളങ്ങളും കടലും കണ്ടൽ നിറഞ്ഞ ഇടത്തോടുകളും സുന്ദരിയാക്കുന്ന നാട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 28 കിലോമീറ്റർ മാറി നെയ്യാറിന്റെ കൈവഴിയായ പൂവാർ ഒഴുകുന്നു. ആറിന്റെ ഇരുകരകളിലെയും ചതുപ്പിൽ വേരാഴ്ത്തി വളർന്ന കാടുകൾ സൂര്യപ്രകാശത്തെ പോലും കടത്തിവിടാത്ത വിധം തണലൊരുക്കുന്നു. ആ തണലിലൂടെയാണ് ഇനി രണ്ടു മണിക്കൂർ നീളുന്ന ബോട്ട് യാത്ര. 

ആറ്റുപുറം പാലം കടന്ന് നെയ്യാറിലേക്ക്

അവധിക്കാലം തുടങ്ങിയതിൽ പിന്നെ നെയ്യാറിന്റെ നെഞ്ചിലൂടെ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് ബോട്ടുകൾ. ആറ്റുപുറം പാലത്തിനു സമീപം കെട്ടിയിട്ട ചെറിയൊരു ബോട്ടിൽ ജോസേട്ടൻ കാത്തിരിക്കുന്നുണ്ട്. എത്താൻ വൈകിയതിൽ പരാതിയില്ലാതെ നിറഞ്ഞൊരു ചിരി സമ്മാനിച്ച് യാത്രയ്ക്ക് സ്വാഗതമരുളി. കെട്ടഴിച്ചതും നെയ്യാറിന്റെ ഓളങ്ങളെ കീറി ബോട്ട് കുതിച്ചു പാഞ്ഞു. പൂവാർ സ്വദേശിയായ ഷൈജു യാത്രയ്ക്കിടെ നാടിനെ പരിചയപ്പെടുത്തി. ‘പുഴയും ഇടത്തോടുകളും അഴിമുഖവും കടലും ഒറ്റയാത്രയിൽ ആസ്വദിക്കാം എന്നത് പൂവാറിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ധാരാളം സഞ്ചാരികൾ ഇവിടം തേടി എത്താറുണ്ട്. ഈ പേരിനു പിന്നിൽ പോലും ഒരു കഥയുണ്ട്.

poovar-trip3

പണ്ട് ഇവിടെ പോക്കു മൂസാപുരം എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. എട്ടു വീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർഥം ഓടിയ മാർത്താണ്ഡവർമ ഇളയരാജാവിന്റെ പ്രയാണം അവസാനിച്ചത് ഇവിടെയായിരുന്നു. അന്ന് കല്ലറയ്ക്കൽ വീട്ടിലെ ഉമ്മച്ചിയമ്മ രാജാവിന് അഭയം നൽകി. ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട രാജാവ് പിറ്റേന്ന് രാവിലെ കുളിക്കാനായി ആറിലെത്തി. ജലോപരിതലത്തിൽ നിറയെ കൂവളത്തിന്റെ പൂക്കൾ കണ്ട അദ്ദേഹം വിസ്മയഭരിതനായി പറഞ്ഞു, പുഷ്പനദി. ഒരുപാടു കാലം കഴിഞ്ഞപ്പോൾ ‘പൂക്കൾ നിറഞ്ഞ നദിയുള്ള നാട്’, പൂവാർ എന്ന് അറിയപ്പെട്ടു’. േകട്ടറിഞ്ഞ കഥയാണ്, എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയില്ല. കഥയെ ചോദ്യം ചെയ്താലോ എന്നു കരുതിയാവണം എന്താ യാലും ഒറ്റ ഡയലോഗിൽ ഷൈജു മുൻകൂർ ജാമ്യമെടുത്തു. 

അത്രനേരം വിശാലമായി കിടന്ന നെയ്യാറിലൂടെയുള്ള യാത്ര പകുതിയിലെവിടെയോ വച്ച് വീതി കുറഞ്ഞ ഇടത്തോടിലൂടെയായി. ബോട്ടിന്റെ സ്പീഡ് കുറഞ്ഞു വന്നു. ഇരുകരകളിലും തിങ്ങി നിൽക്കുന്ന കാട്. കാടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. വെള്ളത്തിൽ കാടിന്റെ കരിമ്പിച്ച നിഴലുവിരിച്ചു. 

ഇലത്തോടിനപ്പുറം പുഴ, പിന്നെയും പോയാൽ കടൽ

ഇടത്തോടുകളെ ഇക്കിളിപ്പെടുത്തി ഒന്നിനു പിറകെ ഒന്നായി ബോട്ട് നീങ്ങി. വലുതും ചെറുതുമായ അനേകം പക്ഷികളുടെ പറുദീസയാണ് ചതുപ്പിലെ കാടുകൾ. ഇതിനെ കണ്ടൽക്കാടുകൾ എന്ന് പൂർണമായി വിളിക്കാൻ കഴിയില്ല. ചതുപ്പുകളിലും പുഴയോരങ്ങളിലും സാധാരണ വളരുന്ന കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞതാണ് കാട്. നട്ടുച്ചയ്ക്ക് പോലും സന്ധ്യാസമയത്തിന്റെ പ്രതീതി. ജോസേട്ടന്റെ മൂളിപ്പാട്ടിന് താളം പിടിച്ച് ബോട്ട് മുന്നോട്ട് നീങ്ങി. പെട്ടെന്ന്, പച്ചപ്പിനെ വകഞ്ഞുമാറ്റി സൂര്യൻ പ്രത്യക്ഷപ്പെട്ടു. ഇടത്തോടുകളിൽ നിന്ന് വീണ്ടും ആറിന്റെ വിശാലതയിൽ കുറച്ചു ദൂരം കൊക്കുകളും കൃഷ്ണപ്പരുന്തും പൊന്മാനും മരങ്ങൾക്കു മേൽ വസന്തം തീർത്തിട്ടുണ്ട്. ബോട്ടിന്റെ ശബ്ദം കേട്ട മാത്രയിൽ ആ ‘കിളിവസന്തം’ പാടെ കൊഴിഞ്ഞു പോയി.

poovar-trip5

തീരത്തോടു ചേർന്ന് അങ്ങുദൂരെ മനോഹരമായ റിസോർട്ടുകളും; വെള്ളത്തിനു മേൽനിരന്നു നിൽക്കുന്ന മൂന്ന് ഫ്ലോട്ടിങ് റസ്റ്ററന്റും കണ്ടു തുടങ്ങി. പൊഴിമുഖം എത്താറായതിന്റെ സൂചന. പൂവാർ ഗോൾഡ് സാൻഡ് ബീച്ചാണ് പ്രധാന കാഴ്ച. വെള്ള മണൽത്തിട്ട കടലിനെയും ആറിനെയും അകറ്റി നിർത്തുന്നു. വേലിയേറ്റവും വേലിയിറക്കവും ആറിന്റെയും കടലിന്റെയും ഇണക്കവും പിണക്കവുമാണ്. ഇണങ്ങുമ്പോൾ മൺതിട്ടയെ മറന്ന് അവർ ഒന്നു ചേരും. തീരത്തെ കുടത്തണലിലിരുന്ന് കടലിനെ ആസ്വദിക്കുന്ന വിദേശ സഞ്ചാരികൾ. സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന കുതിര സവാരി. വിദൂര ദൃശ്യത്തിൽ പൊഴിമുഖത്തിന് പ്രകൃതി വരച്ചുവച്ചൊരു ചിത്രത്തിന്റെ സൗന്ദര്യം. എലഫന്റ് റോക്ക് അഥവാ ആനപ്പാറയാണ് മറ്റൊരു കാഴ്ച. മണൽതിട്ടയ്ക്ക് തൊട്ടടുത്ത് വെള്ളത്തിൽ പാതി മുങ്ങി നിൽക്കുന്ന ആനയുടെ ആകൃതിയിലുള്ള പാറ. ശരിക്കും ആനയെ കൊത്തിവച്ച പോലെ.

വെള്ളത്തിനു മുകളിൽ ഉച്ചയൂണ്

മണൽതിട്ടയിലിരുന്ന് കടലും പുഴയും ആസ്വദിച്ചു. വിശപ്പിന്റെ വിളി വന്നപ്പോൾ ബോട്ട് ഫ്ലോട്ടിങ് റസ്റ്ററന്റിലേക്കടുപ്പിച്ചു. നെയ്യാറിൽ നിന്ന് പൊഴിമുഖത്തിലേക്കെത്തുന്ന ബോട്ടുകൾ ആദ്യം ഏതെങ്കിലുമൊരു ഫ്ലോട്ടിങ് റസ്റ്ററന്റിൽ ഹാജർ വയ്ക്കും. ശേഷം തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം മുൻകൂട്ടി ഓർഡർ നൽകുന്നു. ബീച്ചിലെ കാഴ്ചകൾ ആസ്വദിച്ച് മടങ്ങിയെത്തുമ്പോഴേക്കും ഭക്ഷണം റെഡി. ബോട്ടിലെ സഹയാത്രികൻ കം ഗൈഡ് ഷൈജുവിന്റെ ഉടമസ്ഥതയുള്ള ‘സമുദ്ര’ എന്ന ഫ്ലോട്ടിങ് റസ്റ്ററന്റിൽ കയറി. മനോഹരമായി അലങ്കരിച്ച പ്ലേറ്റിൽ സ്പെഷൽ ‘വെറൈറ്റി സീ ഫൂഡ്’ മേശയിലെത്തി. കൊഞ്ചും ഞണ്ടും കരിമീനും ഫ്രൈഡ് റൈസും ഉച്ചഭക്ഷണം കൊഴുപ്പിച്ചു.

poovar-trip-food

യാത്ര തുടർന്നു. പട്ടണക്കാട് എന്നു വിളിക്കുന്ന കണ്ടൽ നിറഞ്ഞ ഇടത്തോടുകളാണ് അടുത്ത ലക്ഷ്യം. ഫ്ലോട്ടിങ് റസ്റ്ററന്റിൽ നിന്ന് അല്പദൂരം മുന്നോട്ടു പോയാൽ മേരിമാതാ പ്രതിമ. സഹനത്തിന്റെ സ്നേഹത്തിന്റെ പ്രതീകം. ‘ആ വഴി നേരെ പോയാൽ ഒരു പാലം കാണാം, അതിനപ്പുറം തമിഴ്നാടാണ്. അതായത് പൂവാറിനടുത്തുള്ള പൊഴിയൂർ ഗ്രാമം. കേരളത്തിന്റെ അവസാന ഗ്രാമമാണ്. തൽക്കാലം നമുക്ക് കേരളം ചുറ്റിക്കണ്ട് വരാം.’ ഷൈജുവിന്റെ തമാശ കലർന്ന പരിചയപ്പെടുത്തൽ ശരി വച്ച് ജോസേട്ടന്റെ ബോട്ട് വലതുഭാഗത്തേക്ക് തിരിഞ്ഞു. 

ബോട്ട് മുന്നോട്ടു നീങ്ങുന്നതനുസരിച്ച് തെങ്ങിൻതോപ്പുകൾ അതിരിടുന്ന ഇരുകരകളിൽ നിന്ന് പിന്നെയും ‘കിളി വസന്തം’ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ആദ്യം പിന്നിട്ട കാടിനേക്കാൾ വലുതാണ് പട്ടണക്കാട്.

ഇത്രയും നിറമുള്ള പച്ചയോ!

ചതുപ്പിൽ വളരുന്നതു കൊണ്ടോ എന്തോ പൂവാറിന്റെ ഇടത്തോടുകളിലെ കാടിന് കണ്ണിൽ കുത്തുന്ന പച്ചപ്പാണ്. അതിന്റെ നിഴൽ വെള്ളത്തിനും ചന്തം ചാർത്തുന്നു. പുഴയോരത്തോട് ചേർന്ന് എണ്ണിതീർക്കാവുന്നതിലുമധികം റിസോർട്ടുകളുണ്ട്. സ്വകാര്യ വ്യക്തികളുടെ കീഴിലാണ് ഇവിടുത്തെ ബോട്ടിങ് സവാരി. ആയതിനാൽ ബോട്ട് യാത്ര തിരഞ്ഞെടുക്കും മുമ്പേ സഞ്ചാരികൾ സുരക്ഷിതത്ത്വത്തിന്റെ കാര്യം ഉറപ്പു വരുത്തണം. ജലയാത്രയുടെ വഴിയേ പലയിടങ്ങളിലായി തോണിയിൽ ഇളനീര് വിൽക്കുന്ന കച്ചവടക്കാരെ കാണാം. കാട് നിഴൽ വിരിച്ച പച്ചയെ കീറിമുറിച്ച് മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന ബോട്ട് പെട്ടെന്ന് സ്പീഡ് കുറച്ചു. എതിരെ ഒരു വലിയ വള്ളം വരുന്നുണ്ട്. അമ്പിചേച്ചിയും ഭർത്താവും ചന്തയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന പോക്കാണ്. ഷൈജു വിന്റെ കുശലാന്വേഷണത്തിന് അമ്പിചേച്ചികൊടുത്ത മറുപടി ശബ്ദം വ്യക്തതയില്ലാതെ ഓളങ്ങളിൽ കലങ്ങി. 

കാടിന്റെ ഇരുട്ട് കുറഞ്ഞു. സൂര്യൻ അതിന്റെ പൂർണ മുഖം കാട്ടി പുറത്തു വന്നു. ‘ദേ, നമ്മൾ തിരിച്ച് നെയ്യാറിന്റെ ആഴങ്ങളിലേക്കെത്തിയിരിക്കുന്നു. ഇനിയൊരു പത്തുമിനിറ്റ് കൊണ്ട് ആറ്റുപുറം പാലത്തിനടുത്തെത്തുന്നതോടെ ഈ യാത്ര അവസാനിക്കും. ഷൈജു ഒറ്റവാക്കിൽ യാത്രയ്ക്ക് നിഗമനം കുറിച്ചു. ബോട്ട് ആറ്റുപുറം പാലത്തോടടുക്കുമ്പോഴും മനസ്സ് കണ്ടലിന്റെ തണലിലായിരുന്നു. നെയ്യാറ് കടന്ന് ഇടത്തോടിനപ്പുറം തുഴഞ്ഞ് കടലു കണ്ട് പിന്നെയും ഇടത്തോട് കടന്ന് പുഴയിലവസാനിക്കുന്ന സുന്ദരമായൊരു യാത്ര. 

അറിയാം

തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാർ. കോവളം– വിഴിഞ്ഞം വഴി 35 കിലോമീറ്ററുണ്ട് പൂവാറിലേക്ക്. കോവളം ബീച്ചില്‍ നിന്ന് 17 കിലോമീറ്റർ അകലെയാണ് പൂവാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ് തൊട്ടടു ത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ (22 കിലോമീറ്റർ അകലെ). നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷനാണ് തൊട്ടടു ത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഫോട്ടോ: റ്റിബിൻ അഗസ്റ്റിൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com