ADVERTISEMENT

ഒരു നാടിന്റെ മനസ്സറിയാൻ ഒരു നേരത്തെ ഭക്ഷണം മതിയെന്നൊരു ചൊല്ലുണ്ട്. അങ്ങനെയെങ്കിൽ, ആലപ്പുഴയുടെ ഹൃദയം തൊട്ടറിയാൻ ബ്രദേഴ്സ് റസ്റ്ററന്റിൽ കയറിയാൽ മതി. വിരുന്നുകാരുടെ മനസ്സിനെ വീട്ടുകാരാക്കി മാറ്റുന്ന രുചിയുടെ മാജിക്കാണ് ബ്രദേഴ്സിന്റെ കൈപ്പുണ്യം. മലയാള സിനിമ കുഞ്ചാക്കോയുടെ കൈപിടിച്ച് കോടമ്പാക്കത്തു നിന്നു കുട്ടനാട്ടിലേക്കു ചേക്കറിയ കാലം മുതൽ സിനിമാ പ്രവർത്തകരുടെ പ്രിയപ്പെട്ട ഭക്ഷണശാലയാണ് ബ്രദേഴ്സ്. ‘ആലപ്പുഴയിലെ എന്റെ വീട്’ എന്നാണ് ബ്രദേഴ്സിന്റെ രുചിപ്പെരുമയ്ക്കു സിനിമാക്കാർ മാർക്കിടുന്നത്. മട്ടൻ കറിയെ തോൽപ്പിച്ച് താറാവ് റോസ്റ്റ് നായകനായ സംഭവം ഉൾപ്പെടെ ബ്രദേഴ്സിലെ വിഭവങ്ങൾക്കെല്ലാമൊരു സിനിമാ ൈസ്റ്റൽ ഫ്ളാഷ് ബാക്കുണ്ട്. അഭ്രപാളിയും ബ്രദേഴ്സും തമ്മിലുള്ള ബന്ധത്തിന്റെ ബാക്കി കഥയിലേക്കു പോകുന്നതിനു മുൻപ് ഇന്നത്തെ സ്പെഷൽ നോക്കാം.

 

Brothers-hotel--Alapuzha8

 

താറാവ് റോസ്റ്റ്, മട്ടൻകറി, നെന്മീൻ മസാല, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, മുട്ടക്കറി, കടലക്കറി, ചിരട്ടപ്പുട്ട്, അപ്പം, ഇടിയപ്പം, ദോശ... ‘‘ആദ്യം മട്ടൻ കഴിക്ക്. അഭിപ്രായം പറഞ്ഞിട്ട് ബാക്കിയെടുക്കാം.’’ മുഴുത്തൊരു കഷണം മട്ടനും ചിരട്ടപ്പുട്ടും ബാലചന്ദ്രൻ മേശപ്പുറത്തു വച്ചു.

 

Brothers-hotel--Alapuzha7

രണ്ടാം രംഗത്തിൽ അവതരിപ്പിക്കാനായി ഇൻട്രൊയിൽ നിന്നു മനപ്പൂർവം മാറ്റി നിർത്തിയ കഥാപാത്രമാണ് ബ്രദേഴ്സ് ബാലു എന്ന ബാചന്ദ്രൻ. താരമ എന്ന പേരിൽ ആലപ്പുഴയിൽ റസ്റ്ററന്റ് ആരംഭിച്ച അയ്യപ്പൻപിള്ള, രാമചന്ദ്രൻപിള്ള സഹോദരന്മാരിൽ ഇളയ ആളുടെ മകൻ; സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥി. തകഴിയുടെ ചെമ്മീൻ സിനിമയായ കാലം മുതൽ സിനിമാക്കാരുടെ ചങ്ങാതിയാണ് ബാലു. എന്നു വച്ചാൽ, നടന്മാരെന്തു കഴിക്കും, നടിയെന്തു കഴിക്കില്ല, സംവധായകന് എന്തു വേണം തുടങ്ങി വെള്ളിത്തിരയുടെ താത്പര്യങ്ങൾ മനപ്പാഠമാക്കിയ ഹോട്ടലുകാരൻ. അതിനുമപ്പുറം, സിനിമയുടെ രുചിവൈവിധ്യങ്ങളെ തൊട്ടുകൂട്ടി പറയാൻ കഴിവുള്ളയാൾ. മട്ടൻ കറി കൊള്ളാം. മെഴുക്കോടു കൂടിയ എരിവുള്ള കറി. ചിരട്ടപ്പുട്ടിനു പറ്റിയ കോമ്പിനേഷൻ. കുറുകിയ ഗ്രേവിയിൽ പുട്ടിന്റെ തരിയലിഞ്ഞു. ഇമ വെട്ടാതെ അതു നോക്കി നിന്ന ബാലചന്ദ്രൻ സംതൃപ്തിയോടെ പുഞ്ചിരിച്ചു. അടുത്ത നിമിഷം അടുക്കളയിൽ നിന്ന് വിഭവങ്ങൾ വരി വരിയായി പുറത്തു വന്നു.

 

ഒരു കഥ സൊല്ലട്ടുമാ

വിക്രം വേദാ എന്ന സിനിമയിൽ വിജയ് സേതുപതി ചോദിക്കുന്നതു പോലെ ബാലുവിന്റെ ചോദ്യം, ‘‘ഒരു കഥ പറയട്ടെ?’’നാവിൽ കപ്പലോടിക്കാൻ പാകത്തിനു നിൽക്കുമ്പോൾ കഥയോ! അതെ, ഫ്ളാഷ് ബാക്കാണ്. താമരയിൽ നിന്നു ബ്രദേഴ്സുണ്ടായ കഥ.

Brothers-hotel--Alapuzha5

 

1974. മധ്യകേരളത്തിലെ വലിയ കച്ചവടകേന്ദ്രമായിരുന്നു ആലപ്പുഴ. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ബീച്ചിലേക്കു പോകുന്ന വഴിയിൽ അയ്യപ്പൻപിള്ളയും അനുജൻ മാധവൻപിള്ളയും ചേർന്നൊരു ഹോട്ടൽ തുറന്നു. പേര്, താമര. വീട്ടിലുണ്ടാക്കുന്ന രുചിയോടെ ചോറും കറികളും വിളമ്പിയപ്പോൾ താമര ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാൻ ആളുകൾ തിക്കിത്തിരക്കി.

 

Brothers-hotel--Alapuzha4

 

Brothers-hotel--Alapuzha3

ആലപ്പുഴക്കാരുടെ രുചിക്കയത്തിൽ താമരയങ്ങനെ പൂത്തുലഞ്ഞു നിൽക്കുമ്പോഴാണ് കുഞ്ചാക്കോ മുതലാളി മലയാള സിനിമയെ മദ്രാസിൽ നിന്ന് കുട്ടനാട്ടിലേക്കു പറിച്ചു നട്ടത്. തികച്ചും യാദൃച്ഛികമെന്നു പറയട്ടെ, ഈ കാലത്താണ് അയ്യപ്പൻപിള്ളയും മാധവൻപിള്ളയും കടയുടെ പേരൊന്നു പരിഷ്കരിച്ച് ‘ബ്രദേഴ്സ് റസ്റ്ററന്റ്’ എന്നാക്കിയത്.

 

ഉദയാ സ്റ്റുഡിയോയിൽ എത്തിയ സിനിമാക്കാർ ആലപ്പുഴയുടെ തനതു സ്വാദു തിരഞ്ഞു ബ്രദേഴ്സിലെത്തി. റസ്റ്ററന്റിനോടു ചേർന്നു മുറികളും ഒരുങ്ങിയതോടെ ബ്രദേഴ്സ് ഹോട്ടൽ സിനിമാക്കാരുടെ ഇടത്താവളമായി..

കഥയുടെ ആദ്യഭാഗം ബാലു ഈ വിധം പറഞ്ഞു നിർത്തി. അപ്പോഴേക്കും താറാവ് റോസ്റ്റ് തയാറായിരുന്നു. ചിരട്ടപ്പുട്ടും താറാവ് റോസ്റ്റുമാണ് ബ്രദേഴ്സിൽ ഇപ്പോഴത്തെ മെയിൻ ഐറ്റം. പണ്ടു താരമായിരുന്ന മീൻകറിയെ കീഴ്പ്പെടുത്തി താറാവ് റോസ്റ്റ് നായകനായതിനു പിന്നിലുമുണ്ടൊരു കഥ.</p>

 

 

‘‘കുട്ടനാട്ടിൽ ഷൂട്ടിങ് കഴിഞ്ഞ് വിശന്നു വരുകയായിരുന്ന ക്യാമറാമാൻ സുകുമാർ വഴിയരികിൽ വിൽക്കാൻ വച്ച താറാവുകളെ കണ്ടപ്പോൾ അതിലൊന്നിനെ വാങ്ങി. താറാവുമായി റസ്റ്ററന്റിലെത്തിയ സുകുമാറിനെ കണ്ട് ഞാൻ അന്തം വിട്ടു. മുൻപൊരിക്കലും ഈ അടുക്കളയിൽ താറാവിറച്ചി പാചകം ചെയ്തിട്ടില്ല. ഒടുവിൽ, സുകുമാറിന്റെ നിർബന്ധത്തിനു വഴങ്ങി അതിനെ കീറി മുറിച്ചു മസാല പുരട്ടി. പ്രായം മൂത്ത് കൊപ്ര പോലെയായ ഇറച്ചി കുക്കറിൽ പുഴുങ്ങിയെടുത്തു കറിയാക്കി. ഇറച്ചിക്ക് അൽപ്പം മുറുക്കമുണ്ടായിരുന്നെങ്കിലും സ്വാദ് എല്ലാവർക്കും ഇഷ്ടമായി. അന്നു മുതൽ സ്ഥിരം മെനുവിൽ താറാവ് ഉൾപ്പെടുത്തി. രുചിച്ചവർ പറഞ്ഞു പറഞ്ഞ് താറാവ് റോസ്റ്റ് ഫെയ്മസായി’’ ബ്രദേഴ്സിന്റെ സ്പെഷൽ ബ്രാൻഡായി താറാവു കറി മാറിയതിന്റെ ചരിത്രം ബാലു പറഞ്ഞതിങ്ങനെ.

 

താരങ്ങളുടെ ഫേവറിറ്റ്

‘‘My stay in this Brothers Tourist home was very comfortable and the service quality satisfactory’’ സഞ്ചാര സാഹിത്യത്തിന്റെ തലതൊട്ടപ്പനായ എസ്.കെ. പൊറ്റെക്കാട്ട് 1981ൽ ബ്രദേഴ്സിനെക്കുറിച്ച് എഴുതിയ കുറിപ്പാണിത്.ഇതുപോലെ ലോക പ്രശസ്തരായ ഒരുപിടിയാളുകൾ അഭിപ്രായം രേഖപ്പെടുത്തിയ പുസ്തകം ബ്രദേഴ്സിന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. സത്യൻ, പ്രേംനസീർ, ഉമ്മർ, അടൂർഭാസി, എം.എൻ. നമ്പ്യാർ, വയലാർ, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങി വലിയ സെലിബ്രിറ്റികളുടെ കയ്യക്ഷരങ്ങൾ ഈ പുസ്തകത്തിൽ പതിഞ്ഞിരിക്കുന്നു.

 

സന്ദർശക പുസ്തകം വായിച്ചിരുന്നപ്പോഴാണ് ബിരിയാണി കഴിക്കാൻ ഒരു കുടുംബം കയറി വന്നത്. ‘‘അവധി കിട്ടുമ്പോഴെല്ലാം ഭാര്യയേയും മകനെയും കൂട്ടി ഇവിടെ വരാറുണ്ട്. ബിരിയാണി എന്റെ ഫേവറിറ്റാണ്.’’ ബ്രദേഴ്സിന്റെ സ്ഥിരം കസ്റ്റമറായ ആലപ്പുഴക്കാരൻ ചന്തു. ഭാര്യ അഞ്ജുവിനും മകൻ ധാർമിക്കിനുമൊപ്പം ബിരിയാണി കഴിക്കാൻ വന്നതാണ് കക്ഷി. നാലു പതിറ്റാണ്ടുകളായി ഇതുപോലെ പലരും പറഞ്ഞു പ്രചരിച്ച വിശ്വാസ്യതയാണ് ബ്രദേഴ്സിന്റെ പ്രശസ്തി.

 

‘‘രാവിലെ ഏഴു മണിയാകുമ്പോഴേക്കും ചിരട്ടപ്പുട്ട്, ഇഡ്ഡലി, ദോശ, ഇടിയപ്പം, അപ്പം തുടങ്ങി പ്രഭാത ഭക്ഷണം റെഡിയാകും. ഒൻപതോടെ ഇറച്ചിയും മീൻ കറിയും വിളമ്പും.’’ കോഴിക്കറി ഒരു പ്ലെയ്റ്റിലേക്ക് ഒഴിച്ചുകൊണ്ട് ബാലു പറഞ്ഞു. മേശയിൽ നിരത്തി വച്ചിട്ടുള്ള നെന്മീനും പൊടിമീൻ വറുത്തതും ബീഫ് ഫ്രൈയും ഓരോ കഷണമെടുത്തു രുചിച്ചു നോക്കി. തേങ്ങാക്കൊത്തും വറുത്തരച്ച മസാലയും പെരുംജീരകത്തിന്റെ സുഗന്ധവും മീൻകറിയുടെ എരിവുമെല്ലാം കൂടി ജഗപൊഗ... സ്വാദിന്റെ സുഖത്തിലൊരു മൂളിപ്പാട്ടു പാടാൻ തോന്നി.

 

‘‘പത്തൊമ്പതാം നമ്പർ മുറിയിലിരുന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ‘ദേവദുന്ദുബി സാന്ദ്രലയം’ എഴുതിയത്.’’ ബാലുവിന്റെ കമന്റ്. നിരവധി ഹിറ്റുകൾക്കു ജന്മം നൽകിയ ‘വേദി’യാണ് ബ്രദേഴ്സിലെ റൂം നമ്പർ 19. സിനിമാക്കാരുടെ ഭാഷയിൽ Lucky Room. മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, പപ്പയുടെ സ്വന്തം അപ്പൂസ്, ഹരികൃഷ്ണൻ തുടങ്ങിയ മെഗാഹിറ്റുകൾ പിറന്നത് ഇവിടെയാണ്. സിദ്ദിഖ്, ലാൽ തുടങ്ങി പല സംവിധായകരുടേയും സിനിമകളുടെ ചർച്ചകൾ നടന്നത് ഈ മുറിയിലാണ്. പത്തൊമ്പതിന്റെ ഭാഗ്യവും രുചികരമായ വിഭവങ്ങളും തേടി ഇന്നും സിനിമാക്കാർ ബ്രദേഴ്സിന്റെ പൂമുഖത്തേക്ക് എത്തിക്കൊണ്ടേയിരിക്കുന്നു.

 

രുചിയുടെ പഴമയും കാലപ്പഴക്കത്തിന്റെ സൗന്ദര്യവുമാണ് ബ്രദേഴ്സുമായുള്ള ബന്ധത്തിന്റെ ആഴം കൂട്ടുന്നതെന്ന് സംവിധായകൻ കമൽ പറയുന്നു. ആലപ്പുഴയിലെ എന്റെ വീടെന്ന് ലാൽ ജോസ്... കാലാകാരന്മാരുടെ രുചികേന്ദ്രത്തിലെ വിഭവങ്ങളുടെ കൗതുകം അന്നും ഇന്നും കൊതിയുടെ ലോകത്ത് ആകാംക്ഷ കൂട്ടിക്കൊണ്ടിരിക്കുന്നു. അതു തന്നെയാണ് കേരളത്തിന്റെ തെക്കു നിന്നും വടക്കു നിന്നുമുള്ള യാത്രികരെ ബ്രദേഴ്സിലെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com