sections
MORE

കാനന കൗതുകങ്ങൾ ആസ്വദിച്ച് മൺവീട്ടില്‍ താമസിക്കണോ?

vashyapara-trip1
SHARE

അതിരാവിലെ ഉറക്കമുണർന്ന് വാതിൽ തുറക്കുമ്പോൾ അങ്ങകലെ അതിരു കാക്കുന്ന മലകൾക്കിടയിൽ കാണാം. സുവര്‍ണ ശോഭയോടെ പ്രകാശിക്കുന്ന സൂര്യകിരണങ്ങളും അലസമായി പാറിക്കളിക്കുന്ന മഞ്ഞുപാളികളും തൊട്ടു മുന്നിലെ താഴ്‍വാരങ്ങളിൽ മൂടി പുതച്ചു നിൽക്കുന്ന പച്ച പരവതാനി കണക്കുള്ള വൻമര ശിഖരങ്ങളും അവയ്ക്കിടയിലൂടെ പീലി വിടർത്തി നൃത്തമാടുന്ന മയിലുകളും കാഴ്ചകളൊക്കെയും  ആസ്വദിച്ച് കാടിനെ വലം വയ്ക്കുന്ന കാട്ട് പോത്തുകളും, ഞാനാണ് ഈ കാട്ടിലെ അധിപൻ എന്ന് ചിന്നം വിളിച്ചു മുന്നോട്ടു പോകുന്ന കൊമ്പൻമാരും അവരെ നോക്കി തനിക്കും മുകളിലാണ് ഞങ്ങളെന്ന് കളിയാക്കി ചിരിച്ച് മരച്ചില്ലകളിൽ ചാടി കളിക്കുന്ന ഹനുമാൻ കുരങ്ങുകളും ഒക്കെയാണ് ആ ബാൽക്കണിയിൽ നിന്നുമുള്ള രസകരമായ പുലർകാല കാഴ്ചകൾ. അങ്ങനെയൊരു ബാൽക്കണിയോ എന്നാകും എല്ലാവരുടെയും ചിന്ത? അങ്ങനെ ഒരു ബാൽക്കണി ഉണ്ട്.  പ്രകൃതി തീർത്ത ചിന്നാറിന്റെ ബാൽക്കണി എന്നറിയപ്പെടുന്ന വശ്യപാറ.

കാനന കൗതുകങ്ങൾ

vashyapara-trip13

വനവും വന്യതയും അങ്ങേയറ്റം ആസ്വദിക്കാൻ വശ്യപാറ പോലെ വേറൊരു സ്ഥലം കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. മഴകാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയാണ് വശ്യപ്പാറയിലെ ആ കൊച്ചു മൺവീടിന്. കാരണം മഴ പെയ്താൽ മാത്രമേ അവിടെ സുഖകരമായി ഒരു ദിവസം താമസിക്കാൻ കഴിയൂ അല്ലെങ്കിൽ കൊണ്ടു പോകുന്ന ഒരു കുപ്പി വെള്ളത്തിൽ തന്നെ ജപവും കുളിയുമൊക്കെ നടത്തണം. എല്ലാവർഷവും ഇങ്ങേയറ്റം മൂന്നാറിൽ കാറിതുപ്പി മഴ പെയ്യുമ്പോഴും ചിന്നാറിലെ വശ്യപാറ ഒരു മഴ നിഴൽ പ്രദേശമായി തുടരുകയായിരുന്നു. ഈ വര്‍ഷം ചിന്നാറിന്റെ ഹൃദയതുടുപ്പറിയാവുന്ന ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചറായ ഹരിദാസ് സാറിന്റെ ഫോൺ വിളി വന്നപ്പോൾ എന്റെ മനസ്സിൽ ആയിരം നീലക്കുറിഞ്ഞികൾ ഒരുമിച്ചു പൂത്തു. ‘‘ഇത്തവണത്തെ മഴ വശ്യപാറയ്ക്ക് കിട്ടിയിരിക്കുന്നു’’ അതായിരുന്നു എനിക്ക് ഫോണിലൂടെ കിട്ടിയ സന്ദേശം.

vashyapara-trip5

വർഷങ്ങളായി മനസ്സിൽ സ്വരുകൂട്ടിവച്ചിരുന്ന യാത്ര ഇവിടെ സഫലീകരിക്കാൻ പോകുന്ന സന്തോഷത്തിൽ അന്നു രാത്രി തന്നെ ഞങ്ങൾ നാലുപേരടങ്ങുന്ന സംഘം കെഎസ്ആർടിസിയുടെ മിന്നലിൽ മിന്നൽ വേഗത്തിൽ തിരുവനന്തപുരത്തു നിന്നു മൂന്നാറും അവിടന്നു അടുത്ത ബസിൽ ഉച്ചയോടുകൂടി ചിന്നാർ ചെക്പോസ്റ്റിനരികിലായുള്ള ഫോറസ്റ്റ് ഓഫീസിൽ ബസിറങ്ങി. ചിന്നാർ വനവുമായി ബന്ധപ്പെട്ടുള്ള പ്രധാന യാത്രകളെല്ലാം ക്രമീകരിക്കുന്നത് ഈ ഓഫിസിൽ നിന്നാണ്. മൂന്നാർ വൈൽഡ് ലൈഫ് വാർഡനായി ലക്ഷ്മി മാഡം അവിടെ ഞങ്ങൾക്കു വേണ്ട എല്ലാ ഏർപ്പാടുകളും നേരത്തെ തന്നെ തയാറാക്കി. ഡിപ്പാർട്മെന്റിലെ ജീവനക്കാർ ഭൂരിഭാഗവും മലയാളികളാണെങ്കിലും എക്കോ ടൂറിസം ഓഫിസിലെ ജീവനക്കാരും വാച്ചര്‍മാരും സമീപപ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ നിന്നുള്ള തമിഴ് വംശജരാണ്. വ്യത്യസ്തതകളാണ് ആരെയും എന്നിലേക്ക് ആകർഷിക്കുന്നത്, ഇവിടെയും അത് തന്നെ സംഭവിച്ചു.

ധനുഷ്കോടി എന്ന ഉദ്യോഗസ്ഥനാണ് ഞങ്ങളെ വരവേറ്റത്. പേരു കേട്ടപ്പോൾ രാമേശ്വരത്തെ ധനുഷ്കോടി എന്ന ഗ്രാമമാണ് ഓർമയിലെത്തിയത്. ആദ്യ കാഴ്ചയിൽ കടലെടുത്ത ആ ഒരൊറ്റ ഗ്രാമം മുഴുവൻ അദ്ദേഹത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നു തോന്നിപ്പോയി, എന്തു തന്നെയായാലും ഞങ്ങൾക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുന്നതിൽ ധനുഷ്കോടി മുന്നിൽ തന്നെ ഉണ്ടായിരുന്നു. സകല തയാറെടുപ്പുകളോടും കൂടി 2.30 ന് ഞങ്ങൾ കാത്തിരിപ്പിന്റെ മഴയേറ്റ മഴനിഴൽ കാടുകളിലേക്ക് നടന്നു. ഷിജു, സെൽവകുമാർ, കണ്ണൻ എന്നീ മൂന്ന് ഗൈഡുകളുടെ അകമ്പടിയോടെ നിഗൂഢമായ ദൃശ്യഭംഗി ഒളിപ്പിച്ച ചിന്നാറിന്റെ കാടിനുള്ളിലേക്ക് കാലെടുത്തു വെച്ചതും കാതടപ്പിക്കുന്ന കാട്ടുകൊമ്പന്റെ ചിഹ്നം വിളിയായിരുന്നു സ്വാഗതമരുളിയത്! ആദ്യമൊന്ന് നെഞ്ചിടിച്ചെങ്കിലും കാടിന്റെ പെരുമയാർന്ന വരവേൽപ്പായി ഞങ്ങളതു സ്വീകരിച്ചു യാത്ര തുടർന്നു.

vashyapara-trip12

അടുത്തതായി വ്യത്യസ്തത കൊണ്ട് പരിചയപ്പെട്ടത് കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിൽ ഒന്നായ പാമ്പാറിന്റെ തീരത്ത് തട്ടുകട നടത്തുന്ന 80 – കഴിഞ്ഞ മയിലമ്മയെ ആയിരുന്നു. ആറിന്റെ തീരത്ത് ടർപ്പായ വലിച്ചു കെട്ടിയൊരുക്കിയ തട്ടുകടയിൽ തനിയെ കച്ചവടം നടത്തുന്ന മയിലമ്മയ്ക്ക് കാഴ്ചയ്ക്കും കേൾവിക്കും അത്യാവശ്യം പരിക്ക് പറ്റിയിട്ടുണ്ട്. കാട്ടിൽ നിന്നു നാടുകയറുന്ന കാനനവാസികൾക്കും വശ്യപ്പാറ തേടിവരുന്നവർക്കും ഒരു വലിയ ആശ്രയമാണ് ഇവിടം.

അതിശയമായി മയിലമ്മ

പുതുതായി കാടു കാണാൻ വരുന്ന ഏതൊരു സഞ്ചാരിക്കും മയിലമ്മയുടെ ജീവിതം വളരെ വ്യത്യസ്തമായേതോന്നൂ. രാത്രി നേരങ്ങളില്‍ അവിടെ തന്നെ ഒരു പഴയ കട്ടിലിലാണ് അന്തിയുറക്കവും അതുകൊണ്ട് തന്നെ കുറച്ചു നാൾ മുന്നെ തകർത്ത് പെയ്ത മഴയുടെ ആധിക്യത്താൽ പാമ്പാറിലെ വെള്ളം നിറഞ്ഞ് കവിഞ്ഞപ്പോൾ കിടന്ന കട്ടിലിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറഞ്ഞിട്ടും പുള്ളിക്കാരി അറിഞ്ഞിരുന്നതേ ഇല്ല. രാവിലെ അതുവഴി പോകുന്ന യാത്രക്കാർ പാമ്പാറിന്റെ ജലനിരപ്പിൽ ‘കട്ടിലിട്ട്’ ഉറങ്ങുന്ന മയിലമ്മയെയാണ് കണി കണ്ടത്.

vashyapara-trip11

ഉടൻ തന്നെ ആ കട്ടിലോട ചുമന്ന് കരയിലേക്ക് എത്തിച്ചില്ലായിരുന്നെങ്കിൽ കട്ടിലും  മയിലമ്മയും ജലപാദത്തിൽ മുങ്ങിപ്പോകുമായിരുന്നു. ഇനിയുമുണ്ട് മയിലമ്മ കഥകൾ, തനിക്ക് കൂട്ടിനുള്ള ആട്ടിൻകുട്ടികളെ രാത്രി കട്ടിലിനു താഴെ കെട്ടിയിട്ടാണ് അവരുടെ ഉറക്കം. ഒരു ദിവസം രാത്രി യുടെ കൂരിരുട്ടിൽ കാടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ പുലി തന്റെ കാലിനരികിൽ നിന്നും ഒരു ആട്ടിൻകുട്ടിയെ കടിച്ചു കൊണ്ടു പോവുകയുണ്ടായി ആ ആട്ടിൻ കുട്ടിയുടെ ദാരുണമായ നിലവിളിക്കു പോലും മയിലമ്മയുടെ  കാതുകളിലെ നിശ്ശബ്ദതയെ തുളച്ചു കയറാനായില്ല. എന്തായാലും കൊടുംകാടിനെയും വന്യമൃഗങ്ങളെയും ഒരു തരിപോലും ഭയമില്ലാത്ത ആ ധീരവനിതയുടെ ചിത്രങ്ങൾ നാളത്തെ ചരിത്രമാക്കി മാറ്റാൻ എന്റെ ക്യാമറകൾ ഒപ്പിയെടുത്തു.ശേഷം പാമ്പാറിനു കുറുകെയുള്ള പാലം മുറിച്ച് കടന്ന് ഞങ്ങൾ ചമ്പക്കാട് ആദിവാസി കോളനിയിലേക്ക് പ്രവേശിച്ചു.

vashyapara-trip10

വനത്തിനുള്ളിൽ വെച്ച് കാട്ട് പോത്തിനെയോ ആനയെയോ മാനുകളെയോ കാണുമ്പോൾ അവയുടെ ഒരു വല്ലാത്ത നോട്ടുണ്ട്. ഇതാരാണ് അനുവാദമില്ലാതെ തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കടന്നു വന്നതെന്ന് അങ്ങനെയുള്ള തീക്ഷ്ണമായ നോട്ടമായിരുന്നു. അവിടെ ആദ്യം കണ്ട സ്ത്രീയുടേത്. പെട്ടെന്നാണ് അതിനു ഉത്തരം നൽകുന്ന രീതിയിൽ കഴിഞ്ഞ സുരുളിപ്പെട്ടി യാത്രയിൽ ഞങ്ങളെ നയിച്ച R കണ്ണന്റെ കടന്നു വരവ്. ചമ്പക്കാട് ആദിവാസി ഊരിൽ താമസിക്കുന്ന കണ്ണൻ ഇത്തവണ ഞങ്ങളെ നയിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിച്ചു. ‘‘ഇന്ന് തനിക്ക് താടിയും മുടിയും എടുക്കുന്ന ദിവസമാണ് അതിനാൽ അവധി എടുത്തിരിക്കുകയാണ്’’. രണ്ട് ദിവസം മുമ്പ് തനിക്ക് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. അവിടുത്തെ ആചാരം അനുസരിച്ച് ഭാര്യ ഗർഭിണിയാണെന്ന് അറിയുന്നത് മുതൽ കുട്ടി ജനിക്കുന്നതുവരെ കുഞ്ഞിന്റെ അച്ഛൻ മുടിയോ താടിയോ എടുക്കാൻ പാടുള്ളതല്ല. എന്നാലെ കുട്ടിക്ക് തലനിറയെ മുടിയും മറ്റും ഉണ്ടാകൂ എന്നാണ് വിശ്വാസം. ആ വിശ്വാസം ശരിയാണെന്ന് അവിടെയുള്ള ഓരോ പ്രദേശവാസിയേയും കാണുമ്പോൾ നമുക്ക് മനസ്സിലാകും.

vashyapara-trip8

അവിടെ ആർക്കും തന്നെ കഷണ്ടി കണ്ടില്ല. എന്നെ സംബന്ധി ച്ച് യാത്രകൾ അർത്ഥവത്താകുന്നതും വീണ്ടും പോകാൻ പ്രേരിപ്പിക്കുന്നതും ഭൂപ്രദേശങ്ങളേക്കാൾ അവിടെ കണ്ടു മുട്ടുന്ന മനുഷ്യരുടെ സവിശേഷതകളാണ്. എന്തായാലും സമതലങ്ങളിൽ നിന്ന് കാലകലങ്ങൾ ഉയരങ്ങളിലേക്ക് നീങ്ങി തുടങ്ങി. വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളും, കൂറ്റൻ കള്ളിമുൾ ചെടികളും. പടർന്നു വളരുന്ന കുറ്റിക്കാടുകളും, കരിഞ്ഞുണങ്ങി നിൽക്കുന്ന വൃക്ഷങ്ങളുമാണ് എല്ലാ യാത്രയിലും ഇന്നു വരെ ചിന്നാർ സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണ തമിഴ്നാട്ടിൽ നിന്നും പാഞ്ഞെത്തിയ മഴതുള്ളികൾ ചിന്നാറിന്റെ നെറുകയിൽ തലോടിയിരിക്കുന്നു. വർഷങ്ങളായി മരുഭൂമിയുടെ പിൻമുറക്കാരനാകാൻ തുനിയുന്ന മൺതടങ്ങൾ വരൾച്ചയിൽ നിന്നും പച്ചപ്പിലേക്ക് തെളിഞ്ഞിരിക്കുന്നു. ആ പച്ചപ്പാസ്വദിച്ചുള്ള ഞങ്ങളുടെ യാത്ര 6 മണിയോടുകൂടി മലയുടെ നെറുകയിലെ കൊച്ചു മൺവീട്ടിനുള്ളിൽ എത്തി നിന്നു. സന്ധ്യാ സമയം ആഗതമായിരിക്കുന്നു. സായം സൂര്യന്റെ അരുണിമ പരന്ന ആ വേളയില്‍ മലമടക്കുകളിലെ ഉയർച്ചയും, താഴ്ച്ചയും, ചരിവും, താഴ്‍വാരങ്ങളിൽ വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ ഭംഗിയും ആസ്വദിച്ച് സൂര്യൻ പിൻ വാങ്ങുന്നതു  ബാൽക്കണയിലെ കാണാകാഴ്ചകളായി മാറി.  ഉയരങ്ങൾ എനിക്കൊരിക്കലും പഥ്യമായിരുന്നില്ല.

vashyapara-trip9

മൺവീട്ടിലെ താമസം

vashyapara-trip16

വശ്യപാറയിലെ ആ മൺവീട് പ്രകൃതിയുടെ ഒരു ശീതീകരണ ശാലയാണ്. മണ്ണിനെ പോലും വിയർത്തൊലിപ്പിക്കുന്ന ചൂടിനെ എതിരിടാൻ പ്രകൃതി പറഞ്ഞു തന്ന വിദ്യയാണ് മണ്ണിനോട് ചേർത്ത് മണ്ണിനാൽ തീർത്ത വീട്. മണ്ണും മഴയും പ്രകൃതിയും മറന്ന് കോൺക്രീറ്റ് വസതിയിലെ ഫാനിന്റെ ചൂടുകാറ്റിൽ  കിടന്നുറങ്ങാൻ, അല്ലെങ്കിൽ ആ‍ഡംബരമായി ഒരുക്കിയ കൃത്രിമ A.C കൾക്കും പിന്നാലെയുള്ള മനുഷ്യ ജീവിതങ്ങളാണ് ഇന്ന് ചുറ്റും കാണുന്നത്. പ്രകൃതിയുടെ വരദാനങ്ങളെ തട്ടി തെറിപ്പിച്ചും നശിപ്പിച്ചും മുന്നേറുന്ന ഓരോ ജീവനു മുൻപിലും തന്റെ പൂർണ്ണ ഭാവം പ്രകടമാക്കുന്ന പ്രകൃതിയെ ചുറ്റിപ്പിണഞ്ഞു കൊണ്ട് മൺവീടിനുള്ളിലെ ആ രാത്രി മുന്നോട്ട് പോയി. അതിരു കാക്കുന്ന അതിഘോരമായ മലനിരകൾക്കു മുമ്പിൽ സുവർണണ ശോഭയോടെ പ്രസന്നവദനായി ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ കണികണ്ടാണ് ഞങ്ങളുണർന്നത്. വർണ്ണ ശബളമാർന്ന മഞ്ഞപ്പരപ്പിൽ കാനന കാഴ്ചകളെ എതിരേൽക്കാൻ പ്രകൃതി തീർത്ത ആ ബാൽക്കണിയിൽ കസേരകൾ ചേർത്തിട്ട് ഇരുന്നു. സ്കൂൾ വിട്ട് കുട്ടികൾ പോകുന്നതു പോലെ രാവിലെ തന്നെ കുറെ കാട്ട് പോത്തുകൾ വരിവരി യായി എവിടെയൊക്കെ പോകുന്നുണ്ട്. 

vashyapara-trip2

ഇടയ്ക്ക് ചിലയിടങ്ങളിൽ തലങ്ങും വിലങ്ങുമായി ഒളിഞ്ഞും, തെളിഞ്ഞും കളി ക്കുന്ന മ്ലാവും മാനും കാട്ടുപന്നിയും, വൻ മരങ്ങൾക്കിടയിലൂടെ പകിട്ടേറി ചിറകടിച്ചു ഉയരുന്ന പക്ഷികളുടെ കളകൂജനങ്ങൾ, അകലങ്ങളിലെവിടെയോ മുഴങ്ങി കേൾക്കുന്ന ആനക്കൂട്ടങ്ങളുടെ ആർപ്പു വിളികളും പ്രശാന്തമായ പ്രകൃതിയുടെ മോടിയേറിയ കാനന കൗതുകങ്ങളും എല്ലാം തന്നെ ഒരു മൃഗശാല കണക്കെ ഞങ്ങൾക്ക് മുന്നിൽ അരങ്ങേറുകയാ യിരുന്നു. വലിച്ചു നീട്ടിയാൽ നീളാത്ത ലെൻസ് ഇല്ലാത്തതു കാരണം നഗ്നനേത്രങ്ങൾ എത്താവുന്നിടത്തോളം വലിച്ചു നീട്ടി ആ സുന്ദരകാഴ്ചകൾ ഞാൻ എന്റെ ഹൃദയത്തിന്റെ മെമ്മറി കാർഡിലോട്ട് പതിപ്പിക്കുന്ന സമയത്താണ് ആവി പറക്കുന്ന കട്ടനിൽ നാരങ്ങ നീരിന്റെ പുളി കലർന്ന മാധുര്യത്തോടെ  തയാറാക്കിയ  ലെമൺ റ്റീയുമായി സഹയാത്രികൻ ഘോഷലിന്റെ ആഗമനം. 

vashyapara-trip14

ഉദിച്ചുയർന്ന സൂര്യന്റെ ചൂടിനു പിൻഗാമിയായി ഉള്ളറിഞ്ഞു ലെമൺടീ. കാറ്റിലൂടെ അതിശക്തമായി ഗന്ധം മൂക്കിലേക്കെത്തിയപ്പോഴാണ് അവിടേയ്ക്ക് ശ്രദ്ധ തിരിച്ചത്.   ഗൈഡുമാരായ ശെൽവകുമാറും കണ്ണനും ഷിജുവും ചേർന്ന് ഞങ്ങൾക്ക് പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു.  ക്യാമറക്കണ്ണുകൾക്ക് പകർത്തിയെടുക്കാൻ മാത്രം രസം കൊള്ളിക്കുന്ന ഒരു ചിത്ര പകർപ്പായിരുന്നുവത്. മേഘങ്ങൾക്കിടയിലൂടെ കത്തി ജ്വലിക്കുന്ന സൂര്യനാണ് മുകളിലെങ്കിൽ താഴെ ഉപ്പുമാവിനായി കത്തി തീരുന്ന  അഗ്നി ജ്വാലകൾ ക്ക് നടുവിലായി വലിയൊരു ഉരുളിയും ചൂടിന്റെ ആഘാതം സഹിക്കാൻ വയ്യാതെയുള്ള ഉരുളിയുടെ നെടുവീർപ്പുകളിൽ നിന്നുയരുന്ന പുകപടലങ്ങള്‍ തന്നിലേക്കെന്ന പോലെ സൂര്യൻ കൈയേന്തി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ രുചിയോടെ പാകം ചെയ്തെടുത്ത കാടിന്റെ മണമുള്ള ഉപ്പുമാവും കഴിച്ച് ഇനിയെന്നെങ്കിലും ഒരിക്കൽ നല്ല നീളമുള്ള അത്യാവശ്യം വലിച്ചാൽ നീളുന്ന ലെൻസുമായി കാനന സൗന്ദര്യ ദൃശ്യങ്ങൾക്കു വേണ്ടി എത്തിച്ചേരുമെന്ന പ്രതീക്ഷ യുടെ ചില കുറിപ്പുകൾ ബാക്കി നിർത്തി ഏകദേശം 10.30 ഓടു കൂടി ഞങ്ങൾ വശ്യപാറയിലെ പ്രദർശന ശാല വിട്ടു പുറത്തിറങ്ങി.

കൂടുതൽ വിവരങ്ങൾക്കും ഹട്ട് ബുക്കിംഗിനും=

Munnar Wild Life Office – 0486 5231587

Munnar Wild Life Warden – 9447979093

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA