ADVERTISEMENT

ആദ്യമീ വിഡിയോ കാണുക. പച്ചപ്പണിഞ്ഞ, വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറു ഗ്രാമമാണിത്. പതിനാല് ചെറു ദ്വീപുകളുടെ കൂട്ടം, അതാണ് കടമക്കുടി ഗ്രാമം. കടമക്കുടിയിലെ ഗ്രാമകാഴ്ചകള്‍ ഉൾപ്പെടുത്തിയ മുഴുനീള വിഡിയോയാണ് ഹൈലൈറ്റ്. കടമക്കുടി ഗ്രാമത്തിൽ എത്തിച്ചേരുന്നതു മുതൽ അവിടുത്തെ വശ്യകാഴ്ചകളുടെ ടൈംലാപ്സ് ആവിഷ്കാരം. ഗോ പ്രോ ക്യാമറയിലും മൊബൈൽ ഫോണിലുമായി പകർത്തിയ വിഡിയോയിലെ ദൃശ്യങ്ങൾ ആരെയും ആകർഷിക്കും. ഈ വിഡിയോ കാണുന്നവർ തീർച്ചയായും കടമക്കുടിയുടെ ദൃശ്യഭംഗി നേരിട്ട് അനുഭവിച്ചറിയാൻ കുടുംബത്തോടെ യാത്ര തിരിക്കുമെങ്കിൽ ഒരിക്കലും കുറ്റം പറയാനൊക്കില്ല.

kadamakudi1-gif

വെള്ളപ്പൊക്കം സമ്മാനിച്ച ദ്വീപ്

kadamakudi-gif

1341ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കൊച്ചി അഴിമുഖം രൂപപ്പെട്ടിരുന്നു. ആ സമയത്ത് ഉടലെടുത്ത ദ്വീപുകളിൽ ഒന്നാണ് കടമക്കുടി എന്നു കരുതപ്പെടുന്നു. പതിനാല് ചെറു ദ്വീപുകളുടെ കൂട്ടം. എറണാകുളം ഇടപ്പള്ളിയിൽനിന്ന് 12 കിലോമീറ്റർ മാറി പച്ചപ്പണിഞ്ഞ, വെള്ളത്താൽ ചുറ്റപ്പെട്ട ചെറു ഗ്രാമം. കണ്ടെയ്നർ റോഡിന് അടുത്തുള്ള മൂലമ്പിള്ളിയിൽനിന്നു ഫെറി കയറി വേണം ഇവിടെ എത്താൻ. വരാപ്പുഴ റോഡ് മാർഗവും ഈ ഗ്രാമത്തിൽ എത്തിച്ചേരാം. പുഴകളും പൊക്കാളി പാടങ്ങളും ചെമ്മീൻകെട്ടുകളും ചേർന്ന പ്രകൃതിരമണീയമായ ഗ്രാമം ആദ്യകാഴ്ചയില്‍ തന്നെ അതിസുന്ദരം.

kadamakudi6-gif

കടന്നാൽകുടുങ്ങി എന്ന കടമക്കുടി

വർഷങ്ങൾക്കു മുൻപ് കടമകുടിയെപ്പറ്റി പറഞ്ഞിരുന്നത് ‘കടന്നാൽകുടുങ്ങി’ എന്നാണ്. അങ്ങോട്ടേക്കുള്ള യാത്ര ദുഷ്ക്കരമായിരുന്നതാണ് അതിനു കാരണം. ഫെറി മാർഗം ഒരു ദ്വീപിൽ നിന്നു മറ്റൊരു ദ്വീപിലേക്കു സഞ്ചരിക്കാം. ഉപജീവനത്തിനും വിനോദത്തിനുമായി മീന്‍പിടിക്കുന്നവരെ യാത്രാമദ്ധ്യേ കാണാം. മീൻപിടിക്കാൻ ഒപ്പം കൂടാം.

kadamakudi4-gif

പുഴഞണ്ടുകൾ ധാരാളം ഇവിടെ നിന്നു ലഭിക്കും. സഞ്ചാരികളുടെ മാത്രമല്ല ഫൊട്ടോഗ്രഫർമാരുടെും  സൈക്ലിസ്റ്റുകളുടെയും  ഇഷ്ട സ്ഥലം കൂടിയാണ് ക‍ടമക്കുടി. സൂര്യന്റെ ഉദയാസ്തമയ സമയത്താണ് കടമക്കുടി കൂടുതൽ സുന്ദരിയാകുന്നത്. ആ കാഴ്ച ആസ്വദിക്കാനായി ധാരാളം സഞ്ചാരികൾ എത്താറുണ്ട്. വർഷത്തിൽ 6 മാസം പൊക്കാളി കൃഷിയും ബാക്കി 6 മാസം ചെമ്മീൻ കൃഷിയുമാണ്  ഇവിടെ ചെയ്തുവരുന്നത്.

kadamakudi7-gif

പക്ഷികളും ഷാപ്പും

kadamakudi8-gif

പക്ഷിനിരീക്ഷകരുടെ പറുദീസയാണ് കടമക്കുടി. 75 ൽ പരം ഇനത്തിലുള്ള ദേശാടനക്കിളികളുടെ സങ്കേതമാണ് ഇവിടം. ഫെബ്രുവരി മുതൽ മേയ് വരെയാണ് പക്ഷിനിരീക്ഷണത്തിന് അനുയോജ്യമായ സമയം. കടമക്കുടിയിൽ ഭക്ഷണശാലകൾ പരിമിതമാണ്. എന്നാൽ കള്ളുഷാപ്പിൽ നല്ല നാടൻ ഭക്ഷണം ലഭിക്കും. നാടൻ ചെത്തുകള്ളും ഷാപ്പിലെ ഞണ്ട്, കണവ, ചെമ്മീൻ, മുയൽ കറികളും കപ്പ, കള്ളപ്പം തുടങ്ങിയവയും സഞ്ചാരികളുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കും.

kadamakudi3-gif

 

kadamakudi2-gif

തിരക്കിൽ നിന്നൊക്കെ വിട്ട് ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യത്തിൽ മുഴുകി ശാന്തമായി പ്രകൃതിയോടൊപ്പം ഇരിക്കാൻ പറ്റിയ ഇടം അന്വേഷിക്കുന്നവർക്കു നല്ലൊരു ഉത്തരമാണ് കടമക്കുടി എന്ന ഈ വശ്യസുന്ദരി.

kadamakudi5-gif
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com