sections
MORE

365 ദിവസവും സദ്യ വിളമ്പുന്ന ഹോട്ടൽ

838927480
Representative Image
SHARE

ആദ്യം അച്ചാറ്  വന്നു.. ഇഞ്ചി കറി വന്നു..പപ്പടം വന്നു..പിന്നെ തോരൻ വന്നു..ഓലൻ വന്നു..കാളൻ വന്നു..എരിശ്ശേരി വന്നു..അവിയൽ വന്നു..പിന്നെ ചോറും വന്നു..സാമ്പാറും വന്നു..രണ്ടു കൂട്ടം പായസവും വന്നു..വയറും നിറഞ്ഞു.. കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ ചിരിസദ്യ വിളമ്പിയ ക്ലൈമാക്സ്  രംഗം എന്ന് കാണുമ്പോഴും ഒരു സദ്യ കഴിക്കണമെന്നു ആഗ്രഹിക്കാത്ത ഭക്ഷണപ്രേമികൾ ഉണ്ടാകില്ല. പെട്ടെന്നൊരു സദ്യ കഴിക്കണമെന്നു അതിയായി മോഹിക്കുന്നവരുണ്ടെങ്കിൽ കൈയും കഴുകി നേരെ മദേഴ്സ് വെജ് പ്ലാസയിലേക്കു ചെന്നാൽ മതി.  തൂശനില മുറിച്ചുവെച്ചു.

കായ വറുത്തതും ശർക്കരപുരട്ടിയും പപ്പടവും പഴവും പരിപ്പുവടയും ഇഞ്ചിയും നാരങ്ങയും മാങ്ങയും നെല്ലിക്കയും കിച്ചടിയും തോരനും അവിയലും കൂട്ടുകറിയും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും മോരും അടപ്രഥമനും പാൽപ്പായസവും...കൂട്ടി  ഉഗ്രൻ ഉൗണ്. വർഷത്തിലെ 365 ദിവസങ്ങളിലും സദ്യ വിളമ്പുന്ന, ലാലേട്ടന്റെ പരസ്യ വാചകം പോലെ,  ഒരായിരം അമ്മമാരുടെ കൈപുണ്യമുള്ള ഒരു ഹോട്ടൽ, മദേഴ്സ് വെജ് പ്ലാസ. ആഘോഷ വേളകളിലല്ലാതെ നല്ല സദ്യ കഴിക്കണമെന്നാഗ്രഹിക്കുന്നവർക്കു  ശങ്കിക്കാതെ ഉച്ച നേരത്തു കടന്നു ചെല്ലാവുന്ന ഒരിടം. 

ഉച്ചനേരത്തെ സദ്യ തന്നെയാണ് ഈ ഹോട്ടലിലെ പ്രധാനാകർഷണം. ഇത്രയധികം കറികൾ കൂട്ടിയുള്ള കേരളത്തിന്റെ സദ്യ കഴിക്കാൻ ഈ ഹോട്ടൽ അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്. വാഴയിലയിൽ വിളമ്പുന്ന ചൂട്ചോറിൽ സാമ്പാറും പുളിശ്ശേരിയും ഒഴിച്ച്, അവിയലും തോരനും കൂട്ട്കറിയും ചേർത്ത്, അച്ചാറിന്റെ മേമ്പൊടിയോടെ, ഒരു ഉരുള വായിലേക്ക് വെക്കുമ്പോൾ തന്നെ ഏതൊരു ഭക്ഷണപ്രേമിയുടെയും മനസുനിറയും. ഇല കാലിയാക്കി..ഒടുവിൽ അടപ്രഥമനിൽ പപ്പടവും പഴവും ചേർത്ത് കുഴച്ചു..അവസാന തുള്ളിയും തുടച്ചെടുത്തു നാക്കിൽ വെക്കുമ്പോൾ വയറു നിറയും..ഏറ്റവും സംതൃപ്തിയോടെ.

തിരുവന്തപുരം ജില്ലയിലെ  ബേക്കറി ജംഗ്ഷനിൽ, റഷ്യൻ കൾച്ചറൽ സെന്ററിനടുത്തായാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പൂർണമായും സസ്യാഹാരപ്രിയരെ ഉദ്ദേശിച്ചുള്ള ഈ ഭക്ഷണശാലയിൽ ഏറ്റവും പ്രധാനപ്പെട്ടതു ഉച്ചനേരത്തെ സദ്യ തന്നെയാണ്. കാലത്തു 7 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടൽ രാത്രി 11 മണി വരെ ഭക്ഷണം വിളമ്പുന്നുണ്ട്. ഉച്ചക്ക് മൂന്നു മണി വരെ മാത്രമേ സ്പെഷ്യൽ സദ്യ ലഭിക്കുകയുള്ളു. ചപ്പാത്തിയും സൂപ്പും ഗോബി മഞ്ചൂരിയനും പനീർ മസാലയും വിളമ്പിയതിനു ശേഷമാണ് ഇവിടെ സ്പെഷ്യൽ സദ്യ വിളമ്പുന്നത്. രുചിയറിഞ്ഞു എത്തുന്നവരുടെ തിരക്ക് കാരണം ഉച്ചക്ക് ആദ്യം സ്ഥാനം പിടിക്കുന്നവന്റെ പുറകിൽ ചെന്ന് കസേര ഉറപ്പിച്ചാലെ സദ്യ ഉണ്ണാൻ കഴിയുകയുള്ളു.  വ്യത്യസ്ത രുചികളിലുള്ള നൂറോളം ദോശകളും ഇവിടെ ലഭ്യമാണ്. 

മിതമായ നിരക്കിൽ ലഭ്യമാകുന്ന, രുചിയേറിയ  ഭക്ഷണം കഴിക്കാൻ ഇവിടെ എല്ലാ സമയത്തും നല്ല തിരക്കാണ്. വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ പരിസരവും ആഥിത്യമര്യാദകളനുസരിച്ചു പെരുമാറുന്ന ജീവനക്കാരും ഈ ഭക്ഷണശാലയുടെ മുതൽക്കൂട്ടാണ്. കേരളത്തിന്റെ തനതു വിഭവങ്ങൾ  രുചി ഒട്ടും ചോരാതെ വിശക്കുന്നവർക്ക് മുമ്പിൽ വിളമ്പുന്നതിൽ വിജയംവരിച്ച ഒരു ഹോട്ടനാണിത്. ഉച്ചനേരത്തു തിരുവന്തപുരത്തു കൂടി ഒരു യാത്ര പോകുന്നുണ്ടെങ്കിൽ, ഒരു സദ്യ കഴിക്കണമെന്നു മോഹം തോന്നുണ്ടെങ്കിൽ ഒട്ടും മടിക്കാതെ കേറി ചെല്ലാവുന്ന ഒരിടമാണ് മദേഴ്സ് വെജ് പ്ലാസ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA