ADVERTISEMENT

ചില കാഴ്ചകൾ ഹ‍ൃദയത്തിൽ പതിയുന്നപോലെ അതിമനോഹരമാണ് ക്യാമറ കണ്ണുകളിലൂടെ ലെൻസിൽ പതിയുന്നത്. ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടങ്കിൽ തീർച്ചയായും കോഴിക്കോടിന്റ കൗതുക കാഴ്ചകള്‍ ഒപ്പിയെടുക്കാം. ചരിത്രം പറയുന്ന കഥകളിലൂടെ സംസ്കാരം തുളുമ്പുന്ന  കോഴിക്കോടിന്റ മനോഹര സായാഹ്നങ്ങളും നഗരക്കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. കണ്ണിനു കുളിരേകുന്ന കാഴ്ചകൾ മാത്രമല്ല നാവിനു രുചി പകരുന്ന കോഴിക്കോട്ടുകാരുടെ സ്വാദൂറും വിഭവങ്ങളും റെഡിയാണ്. കലർപ്പില്ലാത്ത രൂചിയൂറും ഭക്ഷണം പോലെ മധുരം നിറഞ്ഞ മനസ്സാണ് കോഴിക്കോട്ടുകാർക്ക്. കോഴിക്കോടിന്റ കൗതുക കാഴ്ചകളില്‍ തീർച്ചയായും കണ്ടിരിേക്കണ്ട സ്ഥലങ്ങൾ.

Calicutbeach11

വയലട

സമൂഹമാധ്യമങ്ങളിലൂടെ സഞ്ചാരികൾ കൂടുതൽ അറിഞ്ഞെത്തിയ വിനോദ സഞ്ചാരകേന്ദ്രമാണ് വയലട. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നു 40 കിലോ മീറ്റർ ദൂരം താണ്ടിയാൽ വയലടയിൽ എത്തിചേരാം. വയലടയുടെ ദ‍ൃശൃ ചാതുര്യം ആസ്വദിക്കണമെങ്കിൽ മുള്ളൻപ്പാറ വ്യൂ പോയിന്റിൽ എത്തണം. ബാലിശ്ശേരിയിൽ എത്തിയാൽ മുള്ളൻപ്പാറയിലേക്കുള്ള യാത്ര കാട്ടു വഴികളുടെ ഉയരങ്ങൾ പിന്നിട്ട് ജീപ്പ് സവാരിയാണ്. സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് മലബാറിന്റ ഗവി എന്ന ചെല്ലപേരിലറിയപ്പെടുന്ന വയലട നിലകൊള്ളുന്നത്. മുള്ളൻപ്പാറയിൽ എത്തിയാൽ വയലടയുടെ സൗന്ദര്യക്കാഴ്ച പൂർണമായും കാണാം.

വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.   എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വചിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക. ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും വയലടയിലെ ദ‍ൃശൃ വിസ്മയം ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. പിന്നീട് വയലടയുടെ സൗന്ദര്യം മൊബൈലിൽ പകർത്തുന്നതിനുള്ള ധൃതിയാണ് സഞ്ചാരികൾക്ക് കൂടാതെ വശത്തായി ഒറ്റയ്ക്കും കൂട്ടമായും സെൽഫി എടുക്കുന്നവരെയും കാണാം. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് വയലടയിലേക്കുള്ള യാത്ര.

മനം നിറച്ച് കോഴിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കക്കാടംപൊയിലിന് മൂന്ന് കിലോമീറ്റര്‍ ദൂരെ വാളംതോടിനും, തോട്ടപ്പള്ളിക്കും ഇടയിലാണ് ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം. പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. കോ‍ട വിരിച്ച മലനിരകളാലും മനോഹരമായ പ്രകൃതി ദ‍ൃശ‍‍ൃങ്ങളാലും സമ്പന്നമാണ് കോഴിപ്പാറ. പച്ചപ്പ് നിറഞ്ഞ മലനിരകള്‍ ആരെയും ‌ആകർഷിക്കുന്ന കാഴ്ച തന്നെ. മഴക്കാലത്താണ് കോഴിപ്പാറ ഏറെ സുന്ദരിയാകുന്നത്. കാഴ്ചയ്ക്ക് മാത്രമല്ല മറിച്ച് ശരീരം തുളയ്ക്കുന്ന വെള്ളച്ചാട്ടത്തിന്റെ തണുപ്പ് നുകരാൻ കൂടിയാണ് സഞ്ചാരികൾ എത്തുന്നത്. കാടിന്റെ വന്യസൗന്ദര്യത്തോടൊപ്പം വെള്ളച്ചാട്ടത്തിന്‍റെ കുളിര്‍മ്മ കൂടി ഇവിടെ അനുഭവിക്കാം.

തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട്ടു നിന്നും 53 കി ലോ മീറ്റർ പിന്നിട്ടാൽ പ്രകൃതി ഒരുക്കിയ അത്ഭുത വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. കാതുകളിൽ തുളഞ്ഞു കയറുന്ന ചീവിടിന്റ ശബ്ദവും കിളികളുടെ കളകളാരവും കൊണ്ടും മുഖരിതമായ നിത്യ ഹരിതവനം. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം.

thusharagiri

വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിനു ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ സാധിക്കുക. കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്, മഴവില്ല‌്‌ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലുള്ളത്.  തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികളിൽ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ് അഞ്ഞൂറു വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി എന്ന വൃക്ഷം. മലകൾ കയറിയിറങ്ങി കാട്ടിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഹരം പകരുന്ന ഉല്ലാ‌സകേന്ദ്രമാണിവിടമെന്ന് തുഷാരഗിരി ഒരിക്കലെങ്കിലും സന്ദർശിച്ചവർ പറയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com