sections
MORE

വെറും എട്ടുരൂപയ്ക്ക് വാട്ടർബസിലൂടെ കിടിലന്‍ യാത്ര നടത്താം

WATER-BUS-TRAVEL0
SHARE

കേരളത്തിലെ ഏറ്റവും ഗതാഗതത്തിരക്കുള്ള വൈറ്റില ജംഗ്ഷൻ. മെട്രോ ജോലികൾ നടക്കുന്നതിനാൽ പൊടിപടലങ്ങൾ ബോണസ്. പിന്നെ ശബ്ദമലീനീകരണം, പുകശല്യം എന്നിങ്ങനെ ഒരു സഞ്ചാരിയെ അസ്വസ്ഥപ്പെടുത്താനുള്ളഎല്ലാം നഗരത്തിലുണ്ടെന്നറിയാമല്ലോ.

നിങ്ങളിൽ പലരും വൈറ്റില വഴി സഞ്ചരിച്ചിട്ടുണ്ടാകും. കൂടുതൽ പറയേണ്ടതില്ല. എന്നാൽ വൈറ്റില ഹബ്ബിനു പിന്നിലേക്ക് വെറുതെ നടന്നാലോ… ? മേൽപ്പറഞ്ഞ അസ്വസ്ഥകളൊക്കെ മറക്കാൻ ഒരു യാത്ര നടത്തിയാലോ…?

WATER-BUS-TRAVEL8

കണിയായി കണിയാംപുഴ

വൈറ്റില ബസ് ടെർമിനലിലേക്കു നടക്കുക. അവിടെ പത്താംനമ്പർ രേഖപ്പെടുത്തിയിടത്തുനിന്ന് ബോട്ടുജെട്ടിയിലേക്കു തിരിയാം. ആദ്യമെത്തുന്നത് ഒരു ചെറുകാട്ടിലേക്ക്. കാടെന്നു വച്ചാൽ മരങ്ങളും പുല്ലുകളുംവളർന്നുനിൽക്കുന്ന നിറഞ്ഞ പച്ചപ്പുള്ളിടം എന്നാലോചിച്ചാൽ മതി.

WATER-BUS-TRAVEL6

നടപ്പാതയ്ക്കിരുവശവും ആ പച്ചപ്പു നിങ്ങളുടെ മനസ്സു നിറയ്ക്കും. കുറച്ചുനേരം നിന്നാൽ പൂമ്പാറ്റകളെയും മറ്റു ജീവികളെയും കാണാം.  ഇനി നിങ്ങളുടെ കണ്ണുപൊത്തിയാണു കൊണ്ടുപോകുന്നത് എന്നു കരുതുക. നാം ചെന്നുനിൽക്കുക ഒരുഗ്രൻ കണിയുടെ മുന്നിലാണ്.  കണിയാംപുഴ നദിയോരത്ത്. 

WATER-BUS-TRAVEL7

കണ്ണുതുറന്നു നോക്കുക. നീലാകാശം. കൈവഴികളായി പിരിയുന്ന നദി. അക്കരെ തലയുയർത്തിനിൽക്കുന്ന ഫ്ലാറ്റുകൾ. താലതാഴ്ത്തിനിന്ന് ഇരതേടുന്ന ചീനവലകൾ. ഭക്ഷണം തേടി രാകി പറക്കുന്ന കൃഷ്ണപ്പരുന്തുകൾ, മീൻകീട്ടാത്തതിനാൽ നാണം കൊണ്ടു മുങ്ങാംകുഴിയിട്ടുനിവരുന്നനീർക്കാക്കകൾ…. എസ് വളവുള്ള കഴുത്തും ഭീമൻ ചിറകുകളുമായി ഞാറകൾ… എന്റമ്മേ എന്തൊരു കാഴ്ചകൾ.

WATER-BUS-TRAVEL9

നാമേതോ ഉൾനാട്ടിലെത്തിയതുപോലെയുണ്ട്. കൊച്ചിയുടെ നഗരഹൃദയത്തിന്റെ അതിർത്തിയാണിതെന്നോർമ വേണം.  വാട്ടർബസ് കാത്തുനിൽപ്പുപുരയുടെ ജീർണതയിൽ അധികാരികളുടെ കണ്ണു പതിയണം എന്നൊരു നിർദേശം മാത്രം യാത്രക്കാരിൽനിന്നുണ്ട്. കൈവരികളെല്ലാം ഇളകിയാടുന്നവയാണ്.

WATER-BUS-TRAVEL3

വാട്ടർബസ് എത്തുന്നു

ഒന്നരയ്ക്കാണു കാക്കനാട്ടേക്കുള്ള വാട്ടർബസ്. ഞങ്ങൾ ഇക്കാഴ്ചകളെല്ലാം കണ്ടുനിൽക്കുന്നതിനിടയിൽ ചീനവലയ്ക്കപ്പുറത്തുകൂടി ആ ജലയാനം അടുത്തെത്തി.  ലക്ഷ്യ 4 എന്നാണ് വാട്ടർബസിന്റെ പേര്. ഉള്ളിലേക്കു കയറി. വീതികൂടിയ ബസ്സിനുൾവശം എന്നാണാദ്യം തോന്നിയത്.

WATER-BUS-TRAVEL5

ലോഫ്ലോർ ബസ്സുകളിലേതു പോലെയുളള കുഷൻ ഉള്ള സീറ്റുകൾ. അധികം തിരക്കില്ല ഈ സമയത്ത്. ഇഷ്ടമുള്ള സ്ഥലത്ത് ഇരിപ്പിടം തേടിയപ്പോൾ കണ്ടക്ടർ വന്നു. കാക്കനാട്ടേക്ക്എട്ടുരൂപയാണു ടിക്കറ്റ് നിരക്ക്. അരമണിക്കൂർ ശാന്തസൂന്ദരമായ കണിയാമ്പുഴ നദിയിലൂടെ പുകയില്ലാതെ, പൊടിയില്ലാതെ, ശബ്ദകോലാഹലമില്ലാതെ ധ്യാനം പോലൊരു ബസ് യാത്ര….

WATER-BUS-TRAVEL

ദേശീയജലപാത

കണിയാംപുഴ നദിയാണെങ്കിലും ചമ്പക്കര കനാൽ എന്നാണു ഔദ്യോഗികമായ പേര്. കടന്നുപോകുന്ന പാലങ്ങൾക്കുമുകളിൽ ഇവ രേഖപ്പെടുത്തിയിട്ടുണ്ട്.

WATER-BUS-TRAVEL4

എന്തൊരു ശാന്തതയാണ് യാത്രയ്ക്ക്… ഇരുവശത്തും കുളിർമയേകുന്ന പച്ചപ്പും നീലനിറവും മാത്രം. അലാവുദീന്റെ ഭൂതം വന്നു സീൻ മാറ്റിക്കൊടുക്കുന്ന അതേ മാന്ത്രികതയാണു നിങ്ങൾക്ക് അനുഭവപ്പെടുക. 

സീറ്റിനടിയിൽ സുരക്ഷാജാക്കറ്റുകൾ വച്ചിട്ടുണ്ട്. ഡോറുകൾക്കു വാതിലുമുണ്ട്. സുരക്ഷയിൽ ലക്ഷ്യയ്ക്കു കോംപ്രമൈസ് ഇല്ലെന്നർഥം. വൈറ്റിലയിൽനിന്നു കാക്കനാട് എത്തുംവരെ ഏഴു ജെട്ടികളുണ്ട്.  വൈറ്റില, ചളിക്കവട്ടം, ഏരൂർ, തുതിയൂർ, ഇരുമ്പനം, ആറാട്ടുകടവ് എന്നിടങ്ങളിൽനിന്ന് ആളുകൾ കയറി.  ആളു കയറാനുണ്ടെങ്കിൽ മാത്രമേ  അവിടെ നിർത്തൂ.  ഇല്ലെങ്കിൽ കണിയാംപുഴയുടെ മാറിലൂടെ ലക്ഷ്യ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കും. ഏതാണ്ട് എട്ടുകിലോമീറ്റർ ദൂരമുണ്ടാകും കാക്കനാട് വരെ എന്ന് ഒരു ബോട്ട് ജീവനക്കാരൻ പറഞ്ഞു. അപ്പോൾ നോക്കൂ, ഒരു മണിക്കൂർബോട്ട് യാത്ര.

WATER-BUS-TRAVEL2

പതിനാറു കിലോമീറ്റർ ദൂരം. ചെലവ് വെറും എട്ടുരൂപ. അതും സുരക്ഷിതമായ, വൃത്തിയുള്ള, ആധുനികമായ ജലയാനത്തിൽ. ഇനി വൈറ്റിലയിൽ എത്തുന്നവർക്ക്  കുറച്ചുനേരം സമയം ചെലവിടാൻ ഈ വാട്ടർബസ്സിലൊന്നു കയറാം. ഒരു സംഘത്തിനുള്ള ഒത്തുചേരലിനും ചെലവുകുറഞ്ഞ, സൗകര്യപ്രദമായ യാത്രാമാർഗമാണു വാട്ടർബസ്. അതേ ബസ്സിൽ ഇരുന്നാൽ തിരികെ യാത്രയുമാകാം.   ഒരു നഗരഹൃദയത്തിലെ അതിസുന്ദരമായ ജലയാത്ര ആസ്വദിക്കാനിനി വാട്ടർബസ്സിലേറാം. 

ശ്രദ്ധിക്കേണ്ടത്

WATER-BUS-TRAVEL1

കുടിവെള്ളം കരുതുക. ഭക്ഷണം വൈറ്റില ഹബ്ബിലെ ഹോട്ടലുകളിൽനിന്നോ, ഏരൂർ റോഡിലെ ചെറു കടകളിൽനിന്നോ കഴിക്കാം. 

വാട്ടർ ബസ് ജെട്ടിയിലെ ഇരുമ്പു കൈവരികളിൽനിന്ന് അകലം പാലിക്കുക. ഇളകിയാടുന്നവയാണ് കൈവരികൾ. 

വൈറ്റിലയിൽ പേ ആൻഡ് പാർക്കിൽ വാഹനം നിർത്തിയിടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA