പ്രളയമെടുത്ത പാതകൾ, കരുതലോടെയാകാം സഞ്ചാരം

alappuzha-road-water
SHARE

കേരളം കണ്ട മഹാപ്രളയത്തിന്റെ വാർഷികത്തിൽ നാടിനെ നടുക്കി മറ്റൊരു പ്രളയം കൂടി. ശക്തമായ കുത്തൊഴുക്കിലും മണ്ണിടിഞ്ഞു വിണും വിണ്ടു കീറിയും ഒട്ടുമിക്ക റോഡുകളും താറുമാറായി. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെയുള്ള യാത്രകൾ ദുഷ്കരമായിരിക്കുകയാണിപ്പോൾ. ചിലയിടങ്ങൾ സഞ്ചാരയോഗ്യമല്ലാത്ത വിധം നശിച്ചിരിക്കുന്നു.

സഞ്ചാരികൾ ഇനിയുള്ള യാത്രകൾ ഒക്കെയും ശ്രദ്ധിച്ച് നടത്തേണ്ടിയിരിക്കുന്നു. ദുരിതമൊഴിഞ്ഞ് അതിരപ്പിള്ളി- വാഴച്ചാൽ അടക്കമുള്ള മിക്കവാറും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും യാത്ര യോഗ്യമായ വഴികൾ തെരഞ്ഞെടുക്കാം. ഇത്തവണത്തെ പ്രളയത്തിന്റെ കണ്ണീർ ചാലായി മാറിയ വയനാടിനെ ദുരന്തം ശരിക്കും ഒറ്റപ്പെടുത്തിക്കളഞ്ഞു. വഴികളൊക്കെയും നാമാവശേഷമായെങ്കിലും ഒഴിവാക്കാനാകാത്ത  ഇവിടേക്കുള്ള യാത്രയ്ക്ക് ഇനി പറയുന്ന വഴികൾ തെരഞ്ഞെടുക്കാം.

kumarakam-road

പൊൻകുഴി പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വാഹനഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ ദേശീയപാതയിലെ വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. മാനന്തവാടി - തലശ്ശേരി റോഡ് ഇടിഞ്ഞുതാഴുന്നുണ്ട്. ബോയ്സ് ടൗൺ 42-ാം മൈലിലാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. ഒരുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾ വളരെ സൂക്ഷിച്ചുമാത്രമേ കടന്നുപോകാൻ പാടുള്ളൂ. താമരശ്ശേരി ചുരംവഴിയുള്ള ബത്തേരി-കോഴിക്കോട് ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്.

കോഴിക്കോട് റൂട്ടിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ പെരിന്തൽമണ്ണ - മഞ്ചേരി- വള്ളുവമ്പ്രം വഴി സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ട്രെയിൻ ഗതാഗതം ശരിയായ നിലയിലേക്ക് എത്തുന്നേയുള്ളൂ. പട്ടാമ്പി പാലത്തിലെ വെള്ളം ഇറങ്ങിയതിനാൽ പാലം തുറന്ന് കൊടുത്തിട്ടുണ്ട്. ഇതിലൂടെയുള്ള പാലക്കാട്- ഗുരുവായൂർ റൂട്ടിലേക്കുള്ള  സർവീസുകൾ സാധാരണ നിലയിൽ ആയിട്ടുണ്ട്. പാലക്കാട് -കോയമ്പത്തൂർ, പാലക്കാട് -നെല്ലിയാമ്പതി പാതയും പുനർ സ്ഥാപിച്ചു.

കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക്

kottayam-alp-road

കോട്ടയം - ചങ്ങനാശ്ശേരി- ആലപ്പുഴ, കോട്ടയം-കുമരകം-ചേർത്തല എന്നീ റൂട്ടുകൾക്ക് പകരം കോട്ടയം-മാവേലിക്കര-അമ്പലപ്പുഴ-ആലപ്പുഴ

കോട്ടയം-മെഡിക്കൽ കോളേജ്, കല്ലറ, ഇടയാഴം, തണ്ണീർമുക്കം ബണ്ട് വഴി ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും പോകാം. കോട്ടയം- വൈക്കം റൂട്ടിലും വാഹനങ്ങൾ ഓടുന്നുണ്ട്. എന്നാൽ കുമരകം ഭാഗത്ത് വെള്ളം കയറിയിരിക്കുന്നതിനാൽ കോട്ടയം- കുമരകം റൂട്ടിൽ ബസുകൾ ഓടുന്നില്ല. ബദൽ വഴിയില്ലാത്തതിനാൽ ഈ ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കാം.

ഇടുക്കി യാത്ര

മൂന്നാറിലേയ്ക്കും സമീപ പ്രദേശങ്ങളിലേക്കും പോവുക എന്നത് കുറച്ചു നാളത്തേക്ക് ദുഷ്കരമായിരിക്കും. മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിന് സമീപം റോഡ് അടർന്നുപോയിട്ടുണ്ട്. ഒരു വശത്തുകൂടി ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. കേരളത്തിന്റെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട ജില്ലകളിലാണ് ഇത്തവണ ശക്തമായ പേമാരിയും ഉരുൾപൊട്ടലും അനുഭവപ്പെട്ടിരിക്കുന്നത്. ഇത് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴ മാറി നിന്നാൽ ഓണാവധിയാകുന്നതോടെ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടെന്നാണ് വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷ.

idukki-periyabarai-bridge

തെന്മല

കഴിഞ്ഞ പ്രളയത്തിൽ തെന്മല മൂന്നുകണ്ണറയ്ക്ക് സമീപത്തും ഒരു മല പൂർണമായും റെയിൽപാതയിലേക്ക് ഇടിഞ്ഞിറങ്ങിയിരുന്നു. 4 ദിവസം കൊണ്ടാണ് മണ്ണും കല്ലും പാതയിൽ നിന്നും നീക്കിയത്. അന്നു സ്ഥലം സന്ദർശിച്ച മധുര ഡിവിഷനൽ റെയിൽവേ മാനേജർ മലയിടിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നും ബാക്കിയുളള ഭാഗം ലോഹ വേലി ഇടണമെന്നും നിർദേശിച്ചു. എന്നാൽ മഴ മാറി ട്രെയിൻ പഴയപോലെ ഓടിത്തുടങ്ങിയതോടെ എൻജിനീയറിങ് വിഭാഗം ഇതെല്ലാം മറന്നു. അടുത്ത പ്രളയകാലം വന്നപ്പോൾ മണ്ണിടിച്ചിൽ ഭയന്ന് ട്രെയിൻ സർവീസ് നിർത്തി വച്ചാണ് റെയിൽവേ സുരക്ഷ ഒരുക്കുന്നത്.

ഗവിയും പൊൻമുടിയും

തോരാതെ പെയ്തമഴയിൽ ശനിയാഴ്ചവരെ പത്തനംതിട്ട ജില്ലയിലും ഉണ്ടായിട്ടുണ്ട്. കൃഷി ഉൾപ്പടെ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല. ഗവിയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പിന്റെ നിർദ്ദേശവും ഉണ്ട്.

തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള യാത്രയും ഒഴിവാക്കുന്നതാണ് നല്ലത്.  മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്നതിനാൽ മലയോരമേഖലയിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA